ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, മെക്സികൊക്കാരായ തീര്‍ത്ഥാടകര്‍ക്കൊപ്പം, വത്തിക്കാന്‍ 05-09-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, മെക്സികൊക്കാരായ തീര്‍ത്ഥാടകര്‍ക്കൊപ്പം, വത്തിക്കാന്‍ 05-09-18 

വിശ്രമത്തിലെ ശരിയും തെറ്റും

നമ്മില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ് യഥാര്‍ത്ഥ വിശ്രമം- ശരിയായ വിശ്രമം എന്തെന്ന് തിരിച്ചറിയുക, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വേനല്‍ക്കാലത്തിന്‍റെതായ കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു റോമില്‍. വേനലവധിക്കാലം കഴിയാറായിരിക്കുന്നു. റോമിലേക്കുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും പ്രവാഹത്തിനും ശക്തികുറഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ഭാരത്തില്‍ നിന്നുള്‍പ്പടെ വവിവധരാജ്യങ്ങളില്‍ നിന്നായി 13000 ത്തിലേറേപ്പേര്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു  ഈ ബുധനാഴ്ച (05/09/18). മുംബെയില്‍ നിന്ന് 25 പേരടങ്ങുന്ന ഒരു സംഘം ഇതില്‍ പങ്കുകൊണ്ടു. വെളുത്ത തുറന്ന വാഹനത്തില്‍  പാപ്പാ അങ്കണത്തിലെത്തിയപ്പോള്‍ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കുംഅഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക.9 ആറുദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. 10 എന്നാല്‍ ഏഴാം ദിവസം നിന്‍റെ  ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്. അന്ന് നീയോ നിന്‍റെ മകനോ മകളോ ദാസനോ ദാസിയോ നിന്‍റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. 11 എന്തെന്നാല്‍, കര്‍ത്താവ് ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടന്ന് സാബത്തു ദിനത്തെ ആനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു”. (പുറപ്പാട് 20,08-11)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തുകല്പനകളെ അധികരിച്ച് താന്‍ ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. സാബത്താചരണത്തെക്കുറിച്ചുള്ള കല്പനയായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം. പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണ സംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

പത്തുകല്പനയിലൂടെയുള്ള പ്രയാണത്തില്‍ നാം ഇന്ന് എത്തിയിരിക്കുന്നത് വിശ്രമദിനത്തെക്കുറിച്ചുള്ള പ്രമാണത്തിലാണ്. ഇത് അനായസേന പാലിക്കാവുന്ന ഒരു കല്പനയാണെന്നു തോന്നാം. എന്നാല്‍ അത് തെറ്റാണ്. വിശ്രമിക്കുകയെന്നത് അത്ര ലളിതമല്ല. കാരണം തെറ്റായ വിശ്രമവും ശരിയായ വിശ്രമവും ഉണ്ട്. അവയെ തിരിച്ചറിയുന്നതെങ്ങിനെ?

വിശ്രമവേള- ഇന്നത്തെ വീക്ഷ​ണം

ഇന്നത്തെ സമൂഹം വിനോദങ്ങള്‍ക്കായും അവധിദിനങ്ങള്‍ക്കായും ദാഹിക്കുന്നു. ഏകാഗ്രതകെടുത്തുന്ന വ്യവസായം, നിങ്ങള്‍ ഇതു നല്ലവണ്ണം ശ്രദ്ധിക്കുക, ഏകാഗ്രതകെടുത്തുന്ന വ്യവസായം, പടര്‍ന്നു പന്തലിക്കുന്നു. പരസ്യം മാതൃകാ ലോകത്തെ  ചിത്രീകരിക്കുന്നത് എല്ലാവരും ഉല്ലാസം കണ്ടെത്തുന്ന വന്‍ വിനോദവേദി എന്ന രീതിയിലാണ്.  ഇന്നു പ്രബലമായിരിക്കുന്ന ജീവിതാദര്‍ശത്തിന്‍റെ  ഗുരുത്വാകര്‍ഷണ കേന്ദ്രം, പ്രവര്‍ത്തനത്തിലലും ദൗത്യനിര്‍വ്വഹണത്തിലുമല്ല, പ്രത്യുത ഒഴിഞ്ഞു മാറലിലാണ്. ഉല്ലസിക്കുന്നതിനായി, സ്വന്തം സുഖത്തിനായി, സമ്പാദിക്കുക എന്നതാണ് ശൈലി. സുഖാനുഭൂതികളുടെ വിശാലവും വിവിധങ്ങളുമായ ലോകത്തില്‍ വ്യാപരിക്കാന്‍ കഴിയുന്നവനാണ് വിജയിയായ വ്യക്തിയുടെ മാതൃകയായി കാണപ്പെടുന്നത്. എന്നാല്‍ ഈ മനോഭാവം വിശ്രമമല്ലാത്തതും യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള അകല്‍ച്ചയും ഒളിച്ചോട്ടവുമായ ഒരു വിനോദത്താല്‍ മയക്കത്തിലാഴ്ത്തപ്പെട്ട അസ്തിത്വത്തിന്‍റെ  അസംതൃപതിയിലേക്കു വഴുതിവീഴുന്നതിന് ഇടയാക്കും. മനുഷ്യന്‍ ഇന്നത്തെപ്പോലെ ഒരിക്കലും ഇത്രയധികം വിശ്രമിച്ചിട്ടില്ലയെന്നിരിക്കിലും ഇന്നനുഭവിക്കുന്നതു പോലെ ഇത്രമാത്രം ശൂന്യത അവന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഉല്ലസിക്കാനും, പുറത്തുപോകാനും, ഉല്ലാസനൗകയില്‍ യാത്രചെയ്യാനുമുള്ള സൗകര്യങ്ങളും മറ്റനേകം കാര്യങ്ങളും നിന്‍റെ ഹൃദയത്തിന് പൂര്‍ണ്ണത പ്രദാനം ചെയ്യുന്നില്ല. എന്തിനധികം, നിനക്ക് വിശ്രമം നല്കുന്നില്ല.

വിശ്രമത്തിന്‍റെ യുക്തി

പത്തു പ്രമാണങ്ങളിലെ വാക്കുകള്‍ വിശ്രമം എന്താണ് എന്നതിനെക്കുറിച്ച്  വ്യത്യസ്തമായ ഒരു വീക്ഷണമേകിക്കൊണ്ട് പ്രശ്നത്തിന്‍റെ മൂലകാരണം തേടുകയും അതു കണ്ടെത്തുകയും ചെയ്യുന്നു. ഈ കല്പനയില്‍ സവിശേഷമായ ഒരു ഘടകമുണ്ട്. ഒരു കാരണം അതു നല്കുന്നുണ്ട്. കര്‍ത്താവിന്‍റെ നാമത്തിലുള്ള വിശ്രമത്തിന് കൃത്യമായ ഒരു കാരണമുണ്ട്. “എന്തെന്നാല്‍, കര്‍ത്താവ് ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടന്ന് സാബത്തു ദിനത്തെ ആനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു”. (പുറപ്പാട് 20, 11).

ഈ വാക്കുകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് “താന്‍ സൃഷ്ടിച്ചവയെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു” (ഉല്‍പ്പത്തി:1.31) ഇങ്ങനെ ദൈവം കാണുന്ന ആ സൃഷ്ടികര്‍മ്മത്തിന്‍റെ  അന്ത്യവേളയിലേക്കാണ്. ആ സമയത്ത് വിശ്രമദിനം ആരംഭിക്കുന്നു. താന്‍ സൃഷ്ടിച്ചവയെക്കുറിച്ചുള്ള ആനന്ദത്തിന്‍റെ വേളയാണത്. അത് മനനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ദിനമാണ്.

എന്താണ് വിശ്രമം?

ആകയാല്‍ വിശ്രമമെന്നത് ഈ കല്പനയനുസരിച്ച് എന്താണ്? അത് ധ്യാന നിമിഷമാണ്, അത് സ്തുതിയുടെ വേളയാണ്, ഒഴിഞ്ഞു മാറലിന്‍റെ സമയമല്ല. യാഥാര്‍ത്ഥ്യത്തെ നോക്കി ജീവിതം എത്ര മനോഹരം എന്നു പറയുന്നതിനുള്ള സമയമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാകുമ്പോ‍ള്‍ വിശ്രമിക്കുകയെന്ന കല്പന യാഥാര്‍ത്ഥ്യത്തിന്‍റെ അനുഗ്രഹത്തിന് എതിരായി ഭവിക്കുന്നു. നമ്മെ, ക്രൈസ്തവരെ, സംബന്ധിച്ചിടത്തോളം കര്‍ത്താവിന്‍റെ ദിനത്തിന്‍റെ, ഞായറാഴ്ചയുടെ, കേന്ദ്രം വിശുദ്ധ കുര്‍ബ്ബാനയാണ്. കൃതജ്ഞതാര്‍പ്പണം എന്നാണ് ഇതിനര്‍ത്ഥം. ദൈവത്തോടു നന്ദി പറയാനുള്ള ദിനമാണ്. കര്‍ത്താവേ നന്ദി ജീവിതത്തിന്, നിന്‍റെ കാരുണ്യത്തിനും നിന്‍റെ  സകല ദാനങ്ങള്‍ക്കും നന്ദി. മറ്റു ദിവസങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ളതല്ല മറിച്ച്, അവയെ ഓര്‍ക്കുകയും അനുഗ്രഹിക്കുകയും ജീവിതംകൊണ്ടു സമാധാനം പുലര്‍ത്തുകയും ചെയ്യുന്നതിനുള്ള ദിനമാണ് ഞായര്‍. ഉല്ലസിക്കാനുള്ള അവസരമുള്ളവരും എന്നാല്‍ സമാധാനത്തില്‍ ജീവിക്കാന്‍ കഴിയാത്തവരുമായ ജനങ്ങള്‍ എത്രയോ ഏറെയാണ്, എന്നാല്‍ ജീവന്‍ അനര്‍ഘമാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് സമാധാനം ജീവിക്കാനുള്ള ദിനമാണ് ഞായര്‍. ജീവിതം അത്ര എളുപ്പമല്ല, ചിലപ്പോള്‍ വേദനാജനകമാണ്, എന്നാല്‍ വിലയേറിയതാണ്.

ഹൃത്തിന്‍റെ പക്വതയാര്‍ന്ന ചലനം

യഥര്‍ത്ഥ വിശ്രമത്തിലേക്ക് പ്രവേശിക്കുകയെന്നാല്‍ നമ്മില്‍ ദൈവത്തിന്‍റെ  പ്രവര്‍ത്തനമാണ്. എന്നാല്‍ വിശ്രമത്തിന്‍റെ നഷേധാത്മകതയിലും വശീകരണശക്തിയിലും നിന്ന് അകന്നു നില്ക്കേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍ ദുഃഖ കാരണം അടിവരയിട്ടുകാട്ടിക്കൊണ്ട് ഹൃദയത്തെ വിഷാദഭാവത്തിനു വിട്ടുകൊടുക്കുകയെന്നത് വളരെ എളുപ്പമാണ്. അനുഗ്രഹവും ആനന്ദവും നന്മയിലേക്കുള്ള തുറവ് അടങ്ങിയതാണ്. അത് ഹൃദയത്തിന്‍റെ പക്വമായ ഒരു ചലനമാണ്. നന്മ സ്നേഹമസൃണമാണ്, അത് ഒരിക്കലും അടിച്ചേല്പ്പിക്കപ്പെടുന്നതല്ല. അത് തിരഞ്ഞെടുക്കണം.

സ്വജീവിതവുമായി പൊരുത്തപ്പെടല്‍

സമാധാനം തിരഞ്ഞെടുക്കുകയാണ്, അടിച്ചേല്പ്പിക്കുകയല്ല, അത് യാദൃശ്ചികമായി കണ്ടുമുട്ടുന്നതല്ല. സ്വന്തം ഹൃദയത്തിന്‍റെ കയ്പേറിയ ഇടങ്ങളില്‍നിന്ന് അകലുന്ന മനുഷ്യന് അവന്‍ ഒളിച്ചോടുന്നത് എന്തില്‍ നിന്നാണോ അതുമായി സമാധാനത്തില്‍ ആകേണ്ടതുണ്ട്. സ്വന്തം കഥയുമായും, അസ്വീകാര്യങ്ങളായ വസ്തുതകളുമായും സ്വന്തം അസ്തിത്വത്തിന്‍റെ ദുഷ്ക്കരങ്ങളായ വശങ്ങളുമായും അവന്‍ പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്. ഞാന്‍ നിങ്ങളോടു ചോദിക്കുകയാണ്: നിങ്ങളോരോരുത്തരും സ്വന്തം ചരിത്രവുമായി അനുരഞ്ജിതരാണോ? ചിന്തിക്കാനുള്ള ഒരു ചോദ്യം: ഞാന്‍ എന്‍റെ  കഥയുമായി ഇണങ്ങിച്ചേര്‍ന്നിട്ടുണ്ടോ?. യഥാര്‍ത്ഥ സമാധാനം, വാസ്തവത്തില്‍, സ്വന്തം ചരിത്രം മാറ്റുന്നതല്ല, മറിച്ച്, അത് എങ്ങനെ ആണോ അപ്രകാരം അതിനെ സ്വീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതാണ്.

ആനന്ദമനുഭവിക്കുന്ന എളിയവര്‍

തിമിര്‍ത്തുല്ലസിക്കുന്നവരിലും സുഖഭോഗങ്ങളി‍ല്‍ മുഴുകിയവരിലും കാണാന്‍ കഴിയാത്ത ഒരു പ്രശാന്തതയോടുകൂടി നമ്മെ സാന്ത്വനപ്പെടുത്തുന്ന ക്രൈസ്തവരായ രോഗികളെ നാം എത്രയോ പ്രാവശ്യം കണ്ടുമുട്ടിയിരിക്കുന്നു! നത്യമായൊരാനന്ദത്താല്‍ ചെറിയ അനുഗ്രഹങ്ങളില്‍ സന്തോഷിക്കുന്ന എളിയവരും ദരിദ്രരുമായ വ്യക്തികളെ നാം കണ്ടിട്ടുണ്ട്.

നിയമാവര്‍ത്തനപ്പുസ്തകത്തില്‍ കര്‍ത്താവ് പറയുന്നു: “ജീവനും മരണവും അനുഗ്രഹവും ശാപവും ഞാന്‍ നിന്‍റെ മുന്നില്‍ വച്ചിരിക്കുന്നു.... നീയും നിന്‍റെ  സന്തതികളും ജീവിക്കേണ്ടതിന് ജീവന്‍ തിരഞ്ഞെടുക്കുക”. (30,19)  ഈ തിരഞ്ഞെടുപ്പാണ് കന്യകാമറിയത്തിന്‍റെ “സമ്മതം”, അത് ക്രിസ്തുവിന്‍റെ പാതയിലേക്ക് നമ്മെ ആനയിക്കുന്ന പരിശുദ്ധാരൂപിയോടുള്ള തുറവാണ്. ഏറ്റം നാടകീയമായ ഒരു വേളയില്‍ ക്രിസ്തുനാഥന്‍ സ്വപിതാവിന്‍റെ കരങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും ഉത്ഥാനത്തിലേക്കുള്ള പാതയില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

ജീവിതം മനോഹരം!

ജീവിതം മനോഹരമാകുന്നതെപ്പോള്‍? നമ്മുടെ ചരിത്രം എന്തുമായിക്കൊള്ളട്ടെ, ജീവിതത്തെ നന്മയായി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ആണ്.... ദൈവിക പരിപാലനയ്ക്ക്  ഹൃദയം തുറന്നുകൊടുക്കുമ്പോഴും ദൈവത്തില്‍ മാത്രമാണ് എന്‍റെ ആത്മാവ്  വിശ്രമിക്കുക എന്ന സങ്കീര്‍ത്തന വചനം സത്യമാണെന്നു കണ്ടെത്തുമ്പോഴും ജീവിതം മനോഹരമായി ഭവിക്കുന്നു. ദൈവത്തില്‍ മാത്രമാണ് എന്‍റെ ആത്മാവ്  വിശ്രമിക്കുക- ഈ സങ്കീര്‍ത്തന വാക്യം എത്ര സുന്ദരം! നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങള്‍

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ശനിയാഴ്ച (08/09/18) പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത് അനുസ്മരിച്ചു.

ദൈവം അവിടത്തെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് ഈ തിരുന്നാള്‍ നമ്മെ ഓര്‍മ്മപ്പിക്കുന്നു എന്ന്  പാപ്പാ പറഞ്ഞു. ജീവിക്കുന്ന ഒരു ആലയം ദൈവം പരിശുദ്ധയായ കന്യകാമറിയത്തില്‍ ഒരുക്കിയെന്നും അതില്‍ മാംസംധരിച്ചുകൊണ്ടു ദൈവപുത്രന്‍ നമ്മുടെ ഇടയില്‍ വസിക്കുകയും നമുക്കു രക്ഷനേടിത്തരുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2018, 06:36