ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 12-09-18 ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, വത്തിക്കാന്‍ 12-09-18 

വിശ്രമവും വിമോചനവും-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

യഥാര്‍ത്ഥ സ്നേഹമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം, ഇതു നാം സ്വീകരിക്കുന്നത് രക്ഷകനായ ക്രിസ്തുവില്‍ നിന്നാണ്, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ബുധനാഴ്ചയും (12/09/18) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ഭാരത്തില്‍ നിന്നുള്‍പ്പടെ വവിവധരാജ്യങ്ങളില്‍ നിന്നായി 12000 ത്തിലേറേപ്പേര്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു  വെളുത്ത തുറന്ന വാഹനത്തില്‍  പാപ്പാ അങ്കണത്തിലെത്തിയപ്പോള്‍ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു.   പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകുയം ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

നിയമാവര്‍ത്തനപ്പുസ്തകത്തില്‍ നിന്ന്:

നിന്‍റെ ദൈവമായ കര്‍ത്താവു കല്‍പ്പിച്ചതുപോലെ സാബത്ത് ആചരിക്കുക- വിശുദ്ധമായി കൊണ്ടാടുക.13 ആറുദിവസം അദ്ധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വ്വഹിക്കുകയും തെയ്തുകൊള്ളുക.14 എന്നാല്‍, ഏഴാം ദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്. അന്ന് ഒരു ജോലിയും ചെയ്യരുത്; നീയും നിന്‍റെ മകനോ മകളോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിന്‍റെ  പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്. നിന്നെപ്പോലെതന്നെ നിന്‍റെ  ദാസനും ദാസിയും വിശ്രമിക്കട്ടെ.15 നീ ഈജിപ്തില്‍ ദാസനായിരുന്നുവെന്നും നിന്‍റെ ദൈവമായ കര്‍ത്താവ് കരുത്തുറ്റ കരം നീട്ടി അവിടെനിന്ന് നിന്നെ മോചിപ്പിച്ചുകൊണ്ടുവന്നുവെന്നും ഓര്‍മ്മിക്കുക. അതുകൊണ്ട് സാബത്തുദിനം ആചരിക്കാന്‍ അവിടന്നു നിന്നോടു കല്‍പ്പിച്ചിരിക്കുന്നു”. (നിയമാവര്‍ത്തനപ്പുസ്തകം 5:12-15)  

 

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ പത്തുകല്പനകളെ അധികരിച്ച് താന്‍ ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പര തു‌ടര്‍ന്നു. സാബത്താചരണത്തെക്കുറിച്ചുള്ള കല്പനതന്നെയായിരുന്നു ഇത്തവണയും പാപ്പായുടെ വിചിന്തനവിഷയം. വിശ്രമദിനത്തെ വിമോചനത്തിന്‍റെ പ്രവചനവുമായി ബന്ധപ്പെടുത്തി പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണസംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

മൂന്നാം പ്രമാണം

ഇന്നത്തെ വിചിന്തനത്തില്‍ നാം മൂന്നാമത്തെ കല്പനയിലേക്ക്, അതായത്, വിശ്രമദിനത്തെ സംബന്ധിച്ച കല്പനയിലേക്കു വീണ്ടും തിരിയുകയാണ്. പുറപ്പാടിന്‍റെ  പുസ്തകത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പത്തു പ്രമാണങ്ങള്‍ നിയമാവര്‍ത്തനപ്പുസ്തകത്തിലും, മൂന്നാമത്തെ കല്പനയിലെ ഒരു വിത്യാസമൊഴിച്ചാല്‍, അതേപടി ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ കല്പനയിലെ വിത്യാസം ഏറെ മൂല്യമുള്ളതാണ്. പുറപ്പാടിന്‍റെ പുസ്തകം വിശ്രമത്തിനുള്ള കാരണമായി അവതരിപ്പിക്കുന്നത് ദൈവം സാബത്തു ദിനത്തെ അനുഗ്രഹിച്ചിരിക്കുന്നതാണ്. എന്നാല്‍ നിയമാവര്‍ത്തനപ്പുസ്തകത്തിലാകട്ടെ ഇത് അടിമത്തം അവസാനിച്ചതിന്‍റെ ഓര്‍മ്മയാചരണം ആണ്. വിമോചനത്തിന്‍റെ  പെസഹായുടെ ഓര്‍മ്മ കൊണ്ടാടുന്നതിന് ഈ ദിനത്തില്‍ അടിമയും യജമാനനെപ്പോലെ വിശ്രമിക്കണം.

അടിമത്തവും സ്വാതന്ത്ര്യവും

വാസ്തവത്തില്‍ അടിമയ്ക്ക്, ആ പദം സൂചിപ്പിക്കുന്നതുപോലെതന്നെ, വിശ്രമമില്ല. എന്നാല്‍ പലതരത്തിലുള്ള അടിമത്തമുണ്ട്. ആന്തരികവും ബാഹ്യവുമായ അടിമത്തമുണ്ട്. അടിച്ചമര്‍ത്തലുകള്‍ പോലുള്ള ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ട്, അക്രമം, മറ്റുരൂപങ്ങളിലുള്ള അനീതികള്‍ എന്നിവയാല്‍ ബന്ധനത്തിലായ ജീവിതങ്ങളുണ്ട്. അതുപോലെ തന്നെ ആന്തരിക തടവറകളുമുണ്ട്. ഉദാഹരണമായി മാനസ്സികമായ ബന്ധനങ്ങള്‍, അപകര്‍ഷതാബോധങ്ങള്‍, സ്വഭാവത്തിന്‍റെ പരിമിതികള്‍. ഈ അവസ്ഥകളില്‍ വിശ്രമത്തിനിടയുണ്ടോ? ബന്ധനസ്ഥനോ അടിച്ചമര്‍ത്തപ്പെട്ടവനോ ആയ ഒരുവന് സ്വതന്ത്രനായിരിക്കാന്‍ കഴിയുമോ? ആന്തരികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവന്‍ സ്വാതന്ത്ര്യമുള്ളവനാണോ?

ആന്തരിക സ്വാതന്ത്ര്യം

വാസ്തവത്തില്‍, കാരാഗൃഹത്തില്‍ കഴിയുന്നവനു പോലും, വലിയ ആന്തരികസ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയും. വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ, കര്‍ദ്ദിനാള്‍ വാന്‍ തുവാന്‍ തുടങ്ങിയവരെക്കുറിച്ചു ചിന്തിച്ചു നോക്കൂ. അവര്‍ അടിച്ചമര്‍ത്തപ്പെടലിന്‍റെ അന്ധകാരത്തെ വെളിച്ചമുള്ള ഇടങ്ങളാക്കി രൂപാന്തരപ്പെടുത്തി. അതുപോലെതന്നെ കാരുണ്യത്തിന്‍റെ വിശ്രമം അനുഭവിക്കുകയും അത് സംവേദനം ചെയ്യാന്‍ അറിയുകയും ചെയ്യുന്നവരായ, വിലിയ ആന്തരികബലഹീനതകള്‍ ഉള്ളവരുമുണ്ട്. ദൈവത്തിന്‍റെ കാരുണ്യം നമ്മെ സ്വതന്ത്രരാക്കുന്നു. നീ ദൈവത്തിന്‍റെ  കാരുണ്യവുമായി കണ്ടുമുട്ടുമ്പോള്‍ നിനക്ക് വലിയൊരു ആന്തരിക സ്വാതന്ത്ര്യം ഉണ്ടാകുകയും അതു നിനക്ക് സംവേദനം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. നാം നമ്മുടെ തന്നെ അടിമകളായിത്തീരാതിരിക്കുന്നതിന് ദൈവത്തിന്‍റെ കാരുണ്യത്തിന് നാം സ്വയം തുറന്നുകൊടുക്കേണ്ടത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

യഥാര്‍ത്ഥ സ്വാതന്ത്ര്യം? 

ആകയാല്‍ എന്താണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം? ഒരു പക്ഷേ അത് അടങ്ങിയിരിക്കുന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലാണോ? തീര്‍ച്ചയായും അത് സ്വാതന്ത്ര്യത്തിന്‍റെ ഒരു ഭാഗമാണ്. അത് ഓരോ സ്ത്രീപുരുഷനും ഉറപ്പുവരുത്തപ്പെടുന്നതിനായി നാം പരിശ്രമിക്കണം. എന്നാല്‍ നാം നല്ലവണ്ണം അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്, അതായത്, നമുക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ സാധിച്ചതുകൊണ്ടു മാത്രം നാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകില്ല, സന്തോഷം അനുഭവിക്കുകയുമില്ല. യഥാര്‍ത്ഥ സ്വാതന്ത്ര്യം അവയ്ക്കെല്ലാം ഉപരിയാണ്.

പാപത്തിന്‍റെ അടിമത്തം

വാസ്തവത്തില്‍ കാരഗൃഹത്തെക്കാള്‍ വഭ്രാന്തിയേക്കാള്‍, ഏതെങ്കിലുംതരത്തിലുള്ള അടിച്ചേല്പിക്കലുകളെക്കാള്‍ ഏറ്റവും വലിയ അടിമത്തം ഞാന്‍ എന്ന ഭാവമാണ്. അഹം ഭാവം സ്വന്തം ശരീരത്തെക്കാള്‍ ഉയര്‍ന്നു നില്ക്കുമ്പോള്‍ ഒരുവന്‍ അഹത്തിന്‍റെ  അടിമയായിത്തീരുന്നു. അഹംഭാവം മനുഷ്യനെ എവിടെയും പീഢിപ്പിക്കുന്ന പീഢകനായി മാറുകയും പാപമെന്ന എറ്റവും അഗാധമായ ദ്രോഹം ഉളവാക്കുകയും ചെയ്യുന്നു. പാപം വെറും നിയമലംഘനമല്ല, പ്രത്യുത, അസ്തിത്വത്തിന്‍റെ പരാജയമാണ്, അടിമകളുടെ അവസ്ഥയാണ്. വാസ്തവത്തില്‍ പാപം തന്നിഷ്ടം പറയലും പ്രവര്‍ത്തിക്കലുമാണ്. മാനുഷിക വികാരങ്ങളായ, അത്യാര്‍ത്തി, വിഷയസുഖേച്ഛ, മുന്‍കോപം, അസൂയ, നീരസം, ഔദ്ധത്യം തുടങ്ങിയവയെല്ലാം അഹംഭാവത്തിന്‍റെ ഫലങ്ങളാണ്. ഈ ദുശ്ശീലങ്ങളുടെ അടിമകളായിത്തീരുമ്പോള്‍ അവ ശല്യംചെയ്യുകയും യാതനകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ആരാണ് അടിമ?

പ്രിയ സഹോദരീ സഹോദരന്മാരേ, ആകയാല്‍ ആരാണ് യഥാര്‍ത്ഥ അടിമ? ആരാണ് വിശ്രമിക്കാത്തവന്‍? യഥാര്‍ത്ഥ അടിമ വിശ്രമിക്കാത്തവനാണ്, സ്നേഹിക്കാന്‍ കഴിയാത്തവനാണ്. നേരത്തെ സൂചിപ്പിച്ച ദുശ്ശീലങ്ങള്‍, ഈ പാപങ്ങള്‍, ഈ സ്വാര്‍ത്ഥത നമ്മെ സ്നേഹത്തില്‍ നിന്ന് അകറ്റുകയും സ്നേഹിക്കാന്‍ കഴിവില്ലാത്തവരാക്കി മാറ്റുകയും ചെയ്യും. നാം നമ്മുടെ തന്നെ അടിമയാകും. നാം സ്നേഹിക്കാന്‍ അപ്രാപ്തരാകും, കാരണം സ്നേഹം പരോന്മുഖമാണ്.

സ്നേഹം സ്വാതന്ത്ര്യം

വിശ്രമത്തില്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ നമ്മെ ക്ഷണിക്കുന്ന മൂന്നാമത്തെ കല്പന ക്രൈസ്തവരായ നമ്മെ സംബന്ധിച്ചി‌ടത്തോളം, സ്നേഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതിന് പാപത്തിന്‍റെ  ആന്തരിക അടിമത്തത്തെ തകര്‍ക്കുന്ന കര്‍ത്താവായ യേശുവിന്‍റെ  പ്രവചനമാണ്. യഥാര്‍ത്ഥ സ്നേഹമാണ് യഥാര്‍ത്ഥ  സ്വാതന്ത്ര്യം. സ്വന്തമാക്കി വയ്ക്കുന്നതില്‍ നിന്ന് അത് നമ്മെ വേര്‍പെടുത്തുന്നു, ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്നു, അപരനെ സ്വീകരിക്കാനും വിലമതിക്കാനും പ്രാപ്തരാക്കുന്നു, ക്ലേശങ്ങളെ സന്തോഷദായകദാനമാക്കി മാറ്റുന്നു, ഒരുമപുലര്‍ത്താനുള്ള കഴിവേകുന്നു. നാം ബലഹീനരും കുറവുകളുള്ളവരുമാണെങ്കില്‍ പോലും തടവറയിലും നമുക്ക് സ്വാതന്ത്ര്യം പകരുന്നതാണ് സ്നേഹം.

ഇതാണ് നമ്മുടെ രക്ഷകനും കര്‍ത്താവുമായ യേശുക്രിസ്തുവില്‍ നിന്ന് നാം സ്വീകരിക്കുന്ന സ്വാതന്ത്ര്യം. നന്ദി.

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ഈ ബുധനാഴ്ച (12/09/18) പരിശുദ്ധ കന്യകാമറിയത്തിന്‍റെ എറ്റം പരിശുദ്ധ നാമത്തിന്‍റെ ഓര്‍മ്മ ആചരിക്കപ്പെട്ടത് അനുസ്മരിച്ചു.

പരിശുദ്ധ മറിയത്തിന്‍റെ തിരുനാമത്തിരുന്നാള്‍

പരിശുദ്ധ കന്യകയായ ഈ ഉല്‍കൃഷ്ട സൃഷ്ടിയില്‍ ദൈവം ആസൂത്രണം ചെയ്ത മഹത്തായ പദ്ധതി ഈ നാമത്തില്‍ ഉള്‍ക്കൊള്ളാന്‍ ക്രൈസ്തവരായ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

തന്‍റെ പുത്രനായ യേശുവിന്‍റെ പരിത്രാണ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട്, അമ്മയെന്ന നിലയില്‍ അവള്‍ നല്കിയ സ്നേഹത്തിന്‍റെ   പ്രത്യുത്തരവും മറിയം എന്ന നാമത്തില്‍ നാം ഉള്‍ക്കൊള്ളണമെന്ന് പാപ്പാ പറഞ്ഞു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2018, 12:52