തിരയുക

Veronica Antal Veronica Antal 

നിണസാക്ഷി അന്താല്‍ വെറോണിക്ക

“റൊമേനിയായിലെ മരിയ ഗോരേത്തി” -നിണസാക്ഷി അന്താല്‍ വെറോണിക്ക വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്ക്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

രക്തസാക്ഷി അന്താല്‍ വെറോണിക്ക ഈ മാസം 22ന് ശനിയാഴ്ച (22/09/18) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.

ബുധനാഴ്ച (19/09/18) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷാക്കാരെ സംബോധന ചെയ്യവേ ഫ്രാന്‍സീസ് പാപ്പാ ഈ നിണസാക്ഷിയെ അനുസ്മരിക്കുകയായിരുന്നു.  

റൊമേനിയയിലെ നിസിപൊറേസ്തില്‍ (Nisiporeşti) വച്ചായിരിക്കും അന്താല്‍ വെറോണിക്ക വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

1958 ല്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വെറോണിക്ക ഫ്രാന്‍സിസ്ക്കന്‍ അല്മായ സഹോദരി ആയിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, ദൈവത്തോടും സഹോദരങ്ങളോടുമുള്ള യഥാര്‍ത്ഥ സ്നേഹത്തെ പ്രതി സ്വജീവന്‍ ബലിയായി നല്കി സാക്ഷ്യമേകിയ ആ ധീരവനിതയെ ലഭിച്ചതിന് ദൈവത്തിന് നന്ദിയര്‍പ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ച എല്ലാവരെയും ക്ഷണിച്ചു.

ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ആയിരിക്കും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം നടത്തുക.

1935 ഡിസമ്പര്‍ 7ന് നിസിപൊറേസ്ത് ഗ്രാമത്തില്‍ ഒരു കര്‍ഷകകുടുംബത്തിലായിരുന്നു നിണസാക്ഷി അന്താല്‍ വെറോണിക്കയുടെ ജനനം. ഒരു സന്ന്യാസിനി ആകണമെന്ന മോഹം അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ പ്രേഷിത സഹോദരികളുടെ സമൂഹത്തില്‍ ചേരണമെന്ന തീരുമാനത്തില്‍ അവളെ എത്തിച്ചു. എന്നാല്‍ 1948 ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം എല്ലാ സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയതിനാല്‍ അവളുടെ ആ ആഗ്രഹം പൊലിഞ്ഞു. എന്നാല്‍ പതിനഞ്ചാമത്തെ വയസ്സില്‍ വെറോണിക്ക ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അമലോത്ഭവ നാഥയുടെ സേന എന്ന ഭക്തസംഘടനയിലും അവള്‍ അംഗമായി. ആ സമയത്തുതന്നെ വെറോണിക്ക വ്യക്തിപരമായി കന്യാവ്രതവാഗ്ദാനം നടത്തി.

1958 ആഗസ്റ്റ് 24 ന് സായാഹ്നത്തില്‍ ഒരു ഇടവക ദേവാലയത്തില്‍ സ്ഥൈര്യലേപനകൂദാശ നല്കല്‍ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തതിനു ശേഷം വാസസ്ഥലത്തേക്കു മടങ്ങകുകയായിരുന്ന മോണിക്കയെ പാവെല്‍ മാക്കാനു എന്ന യുവാവ് ഹലവുചേസ്തി എന്ന സ്ഥലത്തെ (Hălăuceşti)  ഒരു വയലിനടുത്തുവച്ച് ബലാല്‍ക്കാരമായി കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച അവള്‍ കുത്തേറ്റു മരിക്കുകയും ചെയ്തു. അടുത്ത ദിവസം പ്രഭാതത്തിലാണ് വയലില്‍ വെറോണിക്കയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. ഇടതു കയ്യില്‍ ജപമാലയും ഉണ്ടായിരുന്നു. അവളുടെ ജീവിതാന്ത്യം, കന്യകാത്വം സംരക്ഷിക്കുന്നതിനു ജീവന്‍ കുരുതികൊടുത്ത വിശുദ്ധ മരിയ ഗൊരേത്തിയു‌ടേതിനു സമാനമാകായാല്‍ “റൊമേനിയായിലെ മരിയ ഗോരേത്തി” എന്നും നിണസാക്ഷി അന്താല്‍ വെറോണിക്ക അറിയപ്പെടുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2018, 13:28