തിരയുക

Vatican News
കണ്‍സിസ്ട്രി ഹാളില്‍ - വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ 'പെയിട്രണ്‍സു'മായി കൂടിക്കാഴ്ച കണ്‍സിസ്ട്രി ഹാളില്‍ - വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ 'പെയിട്രണ്‍സു'മായി കൂടിക്കാഴ്ച  (ANSA)

കലാസൃഷ്ടികള്‍ മനുഷ്യനെ ദൈവത്തിങ്കലേയ്ക്കു ഉയര്‍ത്തും

വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ വിവിധ വിഭാഗങ്ങളുടെയും കലാശേഖരങ്ങളുടെയും സംരക്ഷണ പദ്ധതിയിലെ ഉപകാരികളും ആശ്രയദാതാക്കളുമായ 45 പേരുമായി സെപ്തംബര്‍ 28-Ɔο തിയതി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ ആശയം പങ്കുവച്ചത്. വത്തിക്കാന്‍ മ്യൂസത്തിന്‍റെ ഉപകാരികളുടെയും സഹകാരികളുടെയും പ്രസ്ഥാനം (Patrons of Art in Vatican Museum) രൂപീകരിച്ചിട്ട് 35 വര്‍ഷം തികയുന്നതിന്‍റെ നല്ല സ്മരണകളിലാണ് പാപ്പായുമായുള്ള നേര്‍ക്കാഴ്ച വത്തിക്കാനില്‍ നടന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ദൈവികത പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികള്‍
മൂല്യമുള്ള കലാസൃഷ്ടികള്‍ ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസം പ്രതിഫലിപ്പിക്കുന്നവയാണ്. അവ യഥാര്‍ത്ഥത്തില്‍ മനുഷ്യജീവിതത്തിന്‍റെ
മൗലികവും പരമവുമായ ജീവിതലക്ഷ്യത്തെ സ്പര്‍ശിക്കുന്നു. അതിനാല്‍ നമ്മെ സൃഷ്ടിച്ച്, നമുക്ക് അസ്തിത്വംനല്കി, രക്ഷിച്ചു പരിപാലിക്കുന്ന പരമമായ സ്നേഹവും കാരുണയുമായ ദൈവത്തെക്കുറിച്ചുള്ള ചിന്തയിലേയ്ക്കു മനുഷ്യരെ ഉയര്‍ത്തുന്നവയാണ് ക്രൈസ്തവ കലയും കലാമൂല്യങ്ങളും. മാത്രമല്ല, ജീവിതത്തില്‍ തുടര്‍ന്നും മുന്നോട്ടുപോകാനുള്ള പ്രത്യാശയും ഓജസ്സും അവ നമുക്കു  നല്കുന്നു.

കലയുടെ മൂല്യം ആഗോളവ്യാപകം
അധികാരവും സ്വാര്‍ത്ഥമോഹങ്ങളും കീറിമുറിക്കുന്ന കലുഷിതമായ ഇന്നത്തെ ലോകത്ത് കലയ്ക്ക് പൂര്‍വ്വോപരി പ്രസക്തിയാണുള്ളത്. മനുഷ്യമനസ്സുകളില്‍ സമാധാനവും കൂട്ടായ്മയും വളര്‍ത്താന്‍ പോരുന്ന ശക്തി അതിനുണ്ട്. തീര്‍ച്ചയായും ഭാഷ, സംസ്ക്കാരം, വര്‍ഗ്ഗം, വര്‍ണ്ണം എന്നിവയ്ക്ക് അതീതവും ആഗോളവ്യാപകവുമായ മൂല്യം കലയ്ക്കുണ്ട്. ജീവന്‍ കഴിഞ്ഞാല്‍പ്പിന്നെ ഈ ലോക ചരിത്രത്തില്‍ കലയാണ് ദൈവികനന്മയുടെ പൂര്‍ണ്ണതയും മനോഹാരിതയും പ്രതിഫലിപ്പിക്കുന്നത്.

വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന കലയുടെ ഭാവുകത്വം
വാക്കുളെക്കാളും ആശയങ്ങളെക്കാളും ശക്തമായി വിശ്വാസജീവിതത്തെ പ്രചോദിപ്പിക്കാനും, പ്രതിഫലിപ്പിക്കാനും, അതിനെ പരിപോഷിപ്പിക്കാനും പോരുന്ന ഒരു രീതി സമൂഹത്തില്‍ തുറക്കാന്‍ കലയ്ക്കു സാധിക്കുന്നതിനു കാരണം കല, ഏതു സംസ്ക്കാരത്തിലോ മതത്തിലോ ആവട്ടെ അത് വിശ്വാസത്തിന്‍റെ മനോഹരമായ പതയിലൂടെ ചരിക്കുന്നതിനാലാണ്. ജീവിതത്തെ സമ്പന്നമാക്കുന്ന കൂട്ടായ്മ വളര്‍ത്താന്‍ കലയുടെ മനോഹാരിതയ്ക്ക് കരുത്തുണ്ട്. കാരണം അത് ദൈവത്തെയും മനുഷ്യനെയും സൃഷ്ടിയെയും സംയോജിപ്പിക്കുന്ന ഒരു ഭാവുകത്വമാണ്. ഒരേ സ്ഥലത്തും സ്ഥാനത്തും ഒററനോട്ടത്തിലും, ഭൂത ഭാവി വര്‍ത്തമാന കാലങ്ങളെ കൂട്ടിയിണക്കാന്‍ അതിനു കരുത്തുണ്ട്.

നന്ദിവാക്ക്...
വത്തിക്കാന്‍റെ കലാവിഭാഗത്തിന്, പ്രത്യേകിച്ച് അമൂല്യമായ കലാശേഖരങ്ങളുള്ള മ്യൂസിയത്തിന് പ്രസ്ഥാനം  (Patrons of Art in Vatican Museum) നല്കുന്ന പിന്‍തുണയ്ക്കും സഹായത്തിനും നന്ദിപറയുന്നു. നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ പ്രഭാഷണം ഉപസംഹരിച്ചത്.

29 September 2018, 11:16