പരീക്ഷണപ്പതിപ്പ്

Cerca

Vatican News
ഫോട്ടോ - പൊതുകൂടിക്കാഴ്ച വേദിയില്‍ ഫോട്ടോ - പൊതുകൂടിക്കാഴ്ച വേദിയില്‍  (ANSA)

വ്യവസായികളുടെ പത്രത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിമുഖം

Il Sole 24 Ore “ദിനപ്രകാശിനി” എന്നര്‍ത്ഥമാക്കാവുന്ന വ്യവസായികളുടെ ഇറ്റാലിയന്‍ ദിനപത്രത്തിന് പാപ്പാ ഫ്രാന്‍സിസ് അഭിമുഖം നല്കി. സെപ്തംബര്‍ 7 വെള്ളിയാഴ്ച പാപ്പായുടെ ചിന്തകള്‍ പത്രം പ്രസിദ്ധപ്പെടുത്തി. സാമൂഹികം, സാമ്പത്തികം, പരിസ്ഥിതി, കുടിയേറ്റം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ അഭിമുഖത്തില്‍ പൊന്തിവന്നെങ്കിലും പൊതുനന്മയായിരുന്നു പാപ്പായുടെ മുഖ്യചിന്താധാര. പ്രസക്തഭാഗങ്ങളുടെ പരിഭാഷ താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമൂഹത്തിന്‍റെ വളര്‍ച്ച
സാമൂഹിക നന്മ എന്താണ് ഇന്നിന്‍റെ പശ്ചാത്തലത്തില്‍?
യഥാര്‍ത്ഥമായ നന്മ സമൂഹത്തില്‍ വളരണമെങ്കില്‍ സമൂഹം എല്ലാവരെയും ഉള്‍ക്കൊള്ളണം. അതിന് എല്ലാവരുടെയും സഹകരണവും ആവശ്യമാണ്. സാമൂഹിക ബന്ധങ്ങള്‍ നിലനില്ക്കുന്നത് സ്നേഹം, കരുണ എന്നീ മാനുഷിക ഗുണങ്ങളുടെ പിന്‍ബലത്തിലാണ്. ലാഭവും സ്വാര്‍ത്ഥമായ നേട്ടങ്ങളും ലക്ഷ്യംവയ്ക്കുമ്പോള്‍ സമൂഹത്തില്‍ എളിയവര്‍ പുറന്തള്ളപ്പെടും. വലിച്ചെറിയല്‍ സംസ്ക്കാരം വളരും.

വ്യക്തകേന്ദ്രീകൃത ധാര്‍മ്മികത
വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്ന സമ്പദ് വ്യവസ്ഥിതി എന്താണ്?
വ്യക്തികള്‍ക്ക് ഗുണപരമായ ധാര്‍മ്മികതയാണ് ആവശ്യം. വ്യക്തികള്‍ ചെറുതായാലും വലുതായാലും അന്തസ്സു മാനിക്കപ്പെടണം. തിരിച്ചുവരാനും മാനസാന്തരപ്പെട്ട് എല്ലാം നവമായി തുടങ്ങാനുള്ള സാദ്ധ്യത വേണം. ആരും അത്ര മോശക്കാരല്ല. എങ്കില്‍ ലാഭവും ലാഭമില്ലായ്മയും തമ്മിലുള്ള അന്തരം ചെറുതായിരിക്കും. പാവങ്ങളും പണക്കാരും, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാനാകും. പണവും ലാഭവും മാത്രം ലക്ഷ്യംവയ്ക്കുന്ന സ്ഥാപനങ്ങളില്‍ വ്യക്തികള്‍ അപ്രസക്തമാകും. തൊഴില്‍ സാദ്ധ്യത കുറഞ്ഞുവരും. മനുഷ്യനു മാന്യമായ ജീവിതവും അന്തസ്സും നല്കുന്നത് തൊഴിലാണ്. ലാഭമല്ല! അതിനാല്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ കേന്ദ്രം മനുഷ്യനായിരിക്കണം, മനുഷ്യവ്യക്തിയായിരിക്കണം.

വ്യക്തികേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥിതി
ഇന്നിന്‍റെ സമ്പദ് വ്യവസ്ഥിതി പണത്തെയും ലാഭത്തെയും ലക്ഷ്യവച്ചുള്ളതാണ്. എന്നാല്‍ സമ്പത്ത് സൂഹത്തെയും കുടുംബങ്ങളെയും പരമമായും വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതാവണം. സാമൂഹിക നന്മ ലക്ഷ്യംവച്ചുള്ള കമ്പനികളുടെ പ്രവര്‍ത്തനവും കൊടുക്കവാങ്ങലുകളും മാത്രമേ ശാശ്വതമാവുകയുള്ളൂ. ലാഭം മാത്രം നോട്ടമിട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് നിലച്ചുപോകുന്നതും, അവയിലെ പ്രവര്‍ത്തനങ്ങള്‍ നിഗൂഢവും മനുഷ്യര്‍ക്ക് ഉപകാരപ്രദമല്ലാത്തതും, ചിലപ്പോള്‍ ഉപദ്രവകാരികളുമായി മാറുന്നു. അവിടെ അഴിമതിയും, മായം ചേര്‍ക്കലും, വ്യാജച്ചരക്കും, കള്ളക്കച്ചവടവും, കള്ളക്കടത്തുമെല്ലാം വന്നുകൂടും. സമൂഹത്തോടു പ്രതിബദ്ധതയില്ലാത്തൊരു പ്രസ്ഥാനം എങ്ങനെ നിലനില്ക്കും!? അതിനാല്‍ സാമ്പികസമ്പ്രദായങ്ങള്‍ക്ക് ധാര്‍മ്മികത അനിവാര്യമാണ്! നീതിബോധം അനിവാര്യമാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ മാത്രമാണ് നീതിനിഷ്ഠമെന്ന്... തന്‍റെ മുന്‍ഗാമി പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞിട്ടുള്ളത് അനുസ്മരിക്കുകയുണ്ടായി.

തൊഴിലും വ്യക്തിയുടെ അന്തസ്സും
ഇന്ന് മനുഷ്യര്‍ക്ക് ശാരീരിക അദ്ധ്വാനത്തോടു പൊതുവെ മടുപ്പും മടിയുമുണ്ടല്ലോ...? തൊഴില്‍ പലരും ഭാരമായി കാണുന്നു.. എന്ന ചോദ്യത്തിനു മറുപടി പാപ്പാ പറഞ്ഞത്. എല്ലാവര്‍ക്കും അറിയാം പണി എടുത്തില്ലെങ്കിലും ഒരു ജോലി ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന്! എന്നാല്‍ അദ്ധ്വാനിക്കുക എന്നത്, ജോലിചെയ്യുന്നത് തന്നോടും മറ്റുള്ളവരോടുമുള്ള ഉത്തരവാദിത്ത്വമാണ്. അത് തൊഴില്‍ സ്ഥാപനത്തോടു മാത്രമല്ല, സമൂഹത്തോടും കുടുംബത്തോടും സഹപ്രവര്‍ത്തകരോടുമുള്ള ഉത്തരവാദിത്വവും സാമൂഹിക കൂട്ടായ്മയിലെ പങ്കുചേരലുമാണത്. അങ്ങനെയാണ് തൊഴില്‍ അന്തസ്സുള്ളതാകുന്നത്. അതുപോലെ ദൈവം തന്ന ഭൂമി നന്നായി നിലനിര്‍ത്താനും അതിന്‍റെ സമാധാനപൂര്‍ണ്ണമായ സുസ്ഥിതിക്കായി അദ്ധ്വാനിക്കണം എന്നൊരു ധാരണയുണ്ടെങ്കില്‍, അത് ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരുന്ന ഒരു “ആത്മീയസ്വഭാവം” മനുഷിക അദ്ധ്വാനത്തിനു നല്കുന്നതാണ്. 

പരിസ്ഥിതിയും തൊഴില്‍സ്ഥാപനങ്ങളും
പരിസ്ഥിതി സംരക്ഷണത്തില്‍ എങ്ങനെ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പങ്കുചേരാം?  
പൊതുഭവനമായ ഭൂമി സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്ത്വമാണ്, പ്രത്യേകിച്ച് തൊഴില്‍ സ്ഥാപനങ്ങളുടെ!  സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം വ്യക്തികള്‍ക്കു കമ്പനികളാണ് നല്കുന്നത്. എന്നാല്‍ അതിനു പിന്നിലെ മൂല്യങ്ങളെക്കുറിച്ചും നാം തൊഴിലാളികളെ അവബോധമുള്ളവരാക്കണം. ഭൂമിയുടെ സാദ്ധ്യതകളുടെ പരിധികള്‍ പ്രാപിച്ചതിനാല്‍ നാം മറ്റു ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കീഴടക്കാനുള്ള ഒരുമ്പാടിലാണല്ലോ?! എന്നാല്‍ മനുഷ്യകുലം ഇന്ന് ഭൂമിയുടെ സംരക്ഷകനെന്ന പങ്കിനെക്കാള്‍ ഒരു ക്രൂരനായ ഉപഭോക്താവും ചൂഷകനുമായി tyrant exploiter മാറിയിരിക്കുകയാണ്.

ഭൂമിയുടെ ഉപായസാധ്യതകള്‍ നാം ഉപയോഗിക്കുന്നതുപോലെ തന്നെ സംരക്ഷിക്കണം. വരും തലമുറയ്ക്കും വേണ്ടതാണെന്ന ബോധത്തോടെ അവയെ ഉപയോഗിക്കണം. സുക്ഷിച്ചില്ലെങ്കില്‍ പരിസ്ഥിതി വിനാശം മാനവികയുടെ തന്നെ വിനാശമായി ഭവിക്കും. നാം പ്രകൃതി ദുരന്തങ്ങളില്‍നിന്ന് പഠിക്കേണ്ടതാണ്. അതിനാല്‍ മാനവരാശിക്ക് ഒരു പാരിസ്ഥിതിക മനസാക്ഷി ഇന്ന് അനിവാര്യമാണ്... എന്തും ആര്‍ത്തിയോടെ വെട്ടിപ്പിടിക്കുന്ന സ്വാര്‍ത്ഥമനസ്ഥിതി തെറ്റാണ്. അപരനെക്കുറിച്ചും അയല്‍ക്കാരനെക്കുറിച്ചും ചിന്തവേണം! സമഗ്രവികസനം സമത്വമുള്ളതും അസമത്വമില്ലാത്തതുമാണ്. അസമത്വം ഇല്ലാതാക്കുന്ന വികസനപദ്ധതികള്‍ നാം ഇന്നു തുടങ്ങണം.   പുനരാവിഷ്ക്കരിക്കാനും തിരച്ചെടുക്കാനും സാധിക്കാത്തവിധം നഷ്ടമാകുന്ന പ്രകൃതിയുടെ ഉപായസാധ്യതകളെയും സ്രോതസ്സുക്കളെയും ശ്രദ്ധയോടും, കരുതലോടുംകൂടെയും, പുനരുല്പാദന സാദ്ധ്യതകള്‍ കണ്ടുകൊണ്ടും കൈകാര്യം ചെയ്യാന്‍ നമുക്കു സാധിക്കണം.

ഇന്നിന്‍റെ കുടിയേറ്റ പ്രതിഭാസത്തെക്കുറിച്ച്...! 
സമ്പന്നരാഷ്ട്രങ്ങള്‍ക്ക് കുടിയേറ്റം വെല്ലുവിളിയായി തോന്നാം. എന്നാല്‍ മാനവികതയുടെ സമാധാനപൂര്‍ണ്ണമായൊരു ഭാവിക്ക് നാം ഐക്യദാര്‍ഢ്യത്തിന്‍റെയും വൈവിധ്യങ്ങളുടെയും വിപുലമായൊരു മാനവസമൂഹത്തെ കാണാനുള്ള ഹൃദയവിശാലത വളര്‍ത്തണം. വംശീയത പാടെ വെടിയണം! എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യസംസ്കൃതി ഇന്നിന്‍റെ ആവശ്യമാണ് An all inclusive culture. വിശിഷ്യ ഇന്നു ലോകത്ത് ധാരാളമായുള്ള പാവങ്ങളെ നാം ഉള്‍ക്കൊള്ളണം. മനുഷ്യകുലത്തിന്‍റെ ജീവിതയാത്ര പങ്കുവയ്ക്കപ്പെടുന്നതാകണം! നാം ഒറ്റയ്ക്കല്ല... കൈകോര്‍ത്തു ചരിക്കാം! പരസ്പരം താങ്ങും തുണയുമാകാം. അപ്പോള്‍ ജീവിതം സന്തോഷകരവും സമാധാനപൂര്‍ണ്ണവുമാകും. പ്രത്യാശ കൈവെടിയരുത്... ജനസംഖ്യയുടെ കണക്കെടുത്ത് വിഷമിക്കാതെ... ജനങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും, ജീവിതനന്മ, സാമൂഹ്യനന്മ എന്നിവയെക്കുറിച്ചു ചര്‍ച്ചചെയ്യാം പഠിക്കാം..!  സഹോദരങ്ങളുടെ ആവശ്യങ്ങളോട് നിസംഗരാവരുത്...! മനസ്സും കൈയ്യും തുറക്കാം, എല്ലാവരെയും ഉള്‍ക്കൊള്ളാം.

07 September 2018, 18:36