തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥന വേദിയില്‍ ത്രികാലപ്രാര്‍ത്ഥന വേദിയില്‍  (ANSA)

സിദ്ധാന്തമല്ല, ക്രിസ്തുവിനോടുള്ള വ്യക്തിബന്ധമാണ് വിശ്വാസം!

സെപ്തംബര്‍ 16 ഞായറാഴ്ച നല്ല തെളിവുള്ള ദിവസമായിരുന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും പാപ്പായെ ശ്രവിക്കാനും പ്രാ‍ര്‍ത്ഥിക്കാനുമായി ആയിരങ്ങള്‍ സമ്മേളിച്ചിരുന്നു. മദ്ധ്യാഹ്നം 12 മണിക്ക് പതിവുപോലെ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി സന്ദേശം നല്കി. ആണ്ടുവട്ടം 24-Ɔο വാരം ഞായാറാഴ്ചത്തെ സുവിശേഷഭാഗത്തെ ആധാരമാക്കിയായിരുന്നു സന്ദേശം :
ശബ്ദരേഖ - ത്രികാലപ്രാര്‍ത്ഥന 16-09-18
ത്രികാലപ്രാ‍ര്‍ത്ഥന 16-09-18

വിശ്വാസം ക്രിസ്തുവോടുള്ള വ്യക്തിബന്ധം
2. തന്നോട് ഒരു വ്യക്തിബന്ധം പുലര്‍ത്താനും നമ്മുടെ ജീവിതങ്ങളുടെ കേന്ദ്രമായി അവിടുത്തെ ഉള്‍ക്കൊള്ളാനുമാണ് ഇന്നത്തെയും ഇന്നലെകളിലെയും തന്‍റെ ശിഷ്യന്മാരോട് ക്രിസ്തു ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് “സത്യമായും താന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നതെ”ന്ന് ക്രിസ്തു അവരോടു പൊതുവായി ചോദിക്കുന്നത് (29). ഇന്നു ക്രിസ്തു നിങ്ങളോടും എന്നോടും ആ ചോദ്യം ആവര്‍ത്തിക്കുകയാണ്, താന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്? പുത്രനായ ക്രിസ്തുവിനെക്കുറിച്ചു പിതാവു തന്നിരിക്കുന്ന വിശ്വാസത്തിന്‍റെ വെളിച്ചത്തിന്മേല്‍ ഉദ്ധരിച്ച ചോദ്യത്തോട് പ്രതികരിക്കാനാണ് ക്രിസ്തു നമ്മോട് ഓരോരുത്തരോടും ആവശ്യപ്പെടുന്നുണ്ട്. 

പത്രോസിന്‍റെ മാനുഷികത
പത്രോസിനെപ്പോലെ നമ്മളും പ്രവര്‍ത്തിക്കാന്‍ ഇടയുണ്ട്. ഉടനെ ഉത്തരംപറയും, “അങ്ങ് ക്രിസ്തുവാണ്!”  എന്നാല്‍ തന്‍റെ ജീവിതപാത മാനുഷികമായ വിജയത്തിന്‍റെയല്ല, മറിച്ച് പീഡകളുടെയും പരിത്യക്തതയുടെയും അവഹേളനത്തിന്‍റെയും... ഏറ്റവും അവസാനം കുരിശുമരണത്തിന്‍റേതുമാണെന്നു പറയുകയാണെങ്കില്‍ പത്രോസിനെപ്പോലെ നാമും പ്രതികരിച്ചേനേ, യേശുവേ...! അങ്ങേയ്ക്കിത് സംഭവിക്കാതിരിക്കട്ടെയെന്ന്! കാരണം ക്രിസ്തു പറയുന്ന സഹനത്തിന്‍റെ വഴി പത്രോസിനെ സംബന്ധിച്ച് ഒരു മാനുഷികമായ പരാജയമാണ്. അങ്ങനെയെങ്കില്‍ നമുക്കും ക്രിസ്തുവിന്‍റെ ശകാരം പത്രോസിന്‍റെപോലെ ലഭിക്കാന്‍ സാധ്യതയുമുണ്ട്. “എന്‍റെ പിന്നിലേയ്ക്കു പോകൂ, സാത്താനേ...!” എന്നു ക്രിസ്തു പറയും.  കാരണം നാം ചിന്തിക്കുന്നത് ദൈവികമായിട്ടല്ല, വളരെ മാനുഷികമായിട്ടാണ്! (33).

ജീവിക്കുന്ന വിശ്വാസവും സഹനത്തിന്‍റെ വഴിയും
3. ക്രിസ്തുവിലുള്ള വിശ്വാസം വാക്കുകളില്‍ ഒതുക്കാവുന്നതല്ല. അത് ജീവിത തിരഞ്ഞെടുപ്പുകളിലും പ്രവൃത്തികളിലും പ്രകടമാക്കേണ്ടതാണ്.
അത് ദൈവസ്നേഹത്താല്‍ നിറഞ്ഞതും എന്നാല്‍ ഒപ്പം സഹോദരങ്ങള്‍ക്കു നന്മചെയ്യുന്നതുമായ വിധത്തില്‍ ജീവിതത്തില്‍  പ്രകടമാക്കേണ്ടതുമാണ്. അതുകൊണ്ടാണ് ക്രിസ്തുതന്നെ പറഞ്ഞത്, “എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിക്കണം” (34). അതായത്, ഒരുവന്‍റെ സ്വാര്‍ത്ഥതയുടെ അഹങ്കാരം വെടിഞ്ഞ്, ജീവിതക്കുരിശുകള്‍  വഹിച്ചുകൊണ്ട് തന്നെ അനുഗമിക്കണമെന്നാണ് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നത്. അതിനുശേഷമാണ് അവിടുന്ന് അവര്‍ക്കോരോരുത്തര്‍ക്കും അതിന്‍റെ അടിസ്ഥാന നിയമം വ്യാഖ്യാനിച്ചുകൊടുക്കുന്നത്. നിയമം ഇതാണ്, “സ്വന്തം ജീവന്‍ പരിരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അത് നഷ്ടമാക്കും! ആരെങ്കിലും എന്നെ അനുഗമിക്കാന്‍‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സ്വയം പരിത്യജിച്ച് തന്‍റെ കുരുശും വഹിച്ചുകൊണ്ട് തന്‍റെ പിന്നാലെ വരട്ടെ!” (35).  

“ഞാന്‍ വളര്‍ത്തുന്ന” വിശ്വാസരീതികള്‍
 വിവിധ കാരണങ്ങളാല്‍ പലപ്പോഴും നമുക്ക് ജീവിതത്തില്‍ വഴിതെറ്റിപ്പോകുന്നു. കാരണം, നാം സന്തോഷം തേടുന്നത് തെറ്റായ വഴികളിലാണ്. പലപ്പോഴും വിശ്വാസമര്‍പ്പിക്കുന്നതും തിരയുന്നതും നാം ഇഷ്ടപ്പെടുന്നവരിലും, ഇഷ്ടപ്പെട്ട വ്സതുക്കളിലുമാണ്. എന്നാല്‍ നേരില്‍ കാണുമ്പോള്‍ നമ്മെ ആശ്ചര്യപ്പെടുത്തുകയും, നമ്മെ മാറ്റിമറിക്കുയും ചെയ്യുന്ന യഥാര്‍ത്ഥമായ സ്നേഹത്തിനു മാത്രമേ നമ്മെ സന്തോഷിപ്പിക്കാനാവൂ! സ്നേഹം എല്ലാം മാറ്റിമറിക്കുന്നു! സ്നേഹത്തിന് നമ്മെ ഓരോരുത്തരെയും പരിവര്‍ത്തനംചെയ്യാന്‍ കരുത്തുണ്ട്. വിശുദ്ധാത്മാക്കളുടെ ജീവിതം നമ്മെ അത് പഠിപ്പിക്കുന്നുണ്ട്.

തന്‍റെ തിരുക്കുമാരനായ യേശുവിനെ അനുഗമിക്കാന്‍ പരിശുദ്ധ കന്യകാനാഥ നമ്മെ ഏവരെയും തുണയ്ക്കട്ടെ! അമ്മയെപ്പോലെ ഉദാരമായും വിശ്വസ്തതയോടെയും യേശുവിനെ അനുഗമിച്ചുകൊണ്ട് സഹോദരങ്ങളെ സ്നേഹിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം!

17 September 2018, 18:41