സമര്‍പ്പിതരായ വിധവകളുടെ രാജ്യാന്തര കൂട്ടായ്മ സമര്‍പ്പിതരായ വിധവകളുടെ രാജ്യാന്തര കൂട്ടായ്മ 

തന്നെ സ്നേഹിക്കുന്നവരെ ദൈവം കൈവെടിയുകയില്ല

സമര്‍പ്പണ ജീവിതത്തിലേയ്ക്കു കടന്നുവന്ന വിധവകളുടെ കൂട്ടായ്മയ്ക്ക് സെപ്തംബര്‍ 6-‍Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നല്കിയ സന്ദേശം. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിവിധ രാജ്യക്കാരായവര്‍ 60 പേരുണ്ടായിരുന്നു. നോട്ടര്‍ഡാമിലെ പുനരുത്ഥാനത്തിന്‍റെ കൂട്ടായ്മ (Fraternity of Notre Dame), പ്രവാചിക ഹാന്നായുടെ സാമൂഹം (Community of Prophetess Hannah) എന്നിങ്ങനെ വിധവകള്‍ക്കായുള്ള രണ്ടു സംഘടനകളിലെ വിവിധ രാജ്യക്കാരായ അംഗങ്ങളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം നല്കിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമര്‍പ്പണജീവിതം വരിച്ച വിധവകള്‍
മനുഷ്യജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ദൈവം ഇടപെടുന്നുണ്ട്. ജീവിത പരാജയങ്ങളെന്നു തോന്നാവുന്ന ഘട്ടങ്ങളിലും   തങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചും, അവിടുത്തെ സ്നേഹിച്ചും അര്‍പ്പണബോധത്തോടെ ജീവിക്കുന്നവരുമായി ദൈവം ഇടപെടുകയും അവരുടെ പരാജയങ്ങളെ ഫലമണിയിക്കുകയും ജീവിതത്തെ വിജയപ്രദമാക്കുകയും ചെയ്യും. ദൈവം ഒരാളെ സ്നേഹിക്കുന്നതില്‍ നി

ന്നുണ്ടാകുന്ന ആനന്ദത്തിന്‍റെയും മനോഹാരിതയുടെയും സാക്ഷികളായി ജീവിക്കണമെന്നാണ് വിധവകളായ സമര്‍പ്പിതരില്‍നിന്നും ദൈവം ആഗ്രഹിക്കുന്നത്. കൂദാശകളിലൂടെ യേശുവുമായി ഐക്യപ്പെടുന്നവര്‍ക്ക് ലോകത്തിലും സമൂഹത്തിലും ഒരു പുളിമാവായി ജീവിക്കാന്‍ സാധിക്കും. മാത്രമല്ല ജീവിതപ്രതിസന്ധികളിലും മരണത്തിന്‍റെ നിഴലിലും നടക്കുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ ജീവിതസാക്ഷ്യംകൊണ്ട് പ്രകാശമേകാനും ഈ സമര്‍പ്പണം ഉപകരിക്കും.

വിധവകള്‍ സഭയുടെ സമ്മാനം
ദൈവത്തിനായി തങ്ങളെത്തന്നെ വൈധവ്യത്തില്‍ സമര്‍പ്പിക്കുന്നവര്‍ സഭയ്ക്ക് ഒരു സമ്മാനമാണ്. കാരണം ജീവിതസമര്‍പ്പണംവഴി അവര്‍ നേടുന്ന ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹശക്തി വിശുദ്ധിയുടെ ജീവിതത്തിലേയ്ക്കുള്ള ഒരു പ്രത്യേക വഴി അവര്‍ക്ക് തെളിയിച്ചുകൊടുക്കുന്നു. അങ്ങനെ അവര്‍ ജീവിതപ്രതിസന്ധികളെ മറികടന്ന് പ്രത്യാശയിലും സുവിശേഷ സന്തോഷത്തിലും നവമായൊരു ജീവിതം നയിക്കാനും, മറ്റുള്ളവര്‍ക്ക് പ്രചോതനമാകാനും ഇടയാകുന്നു. അതിനാല്‍ യേശുവില്‍ ദൃഷ്ടിപതിച്ച് ജീവിക്കുക. അവിടുന്നുമായി ഒരു വ്യക്തിബന്ധം അനുദിനം വളര്‍ത്തിയെടുക്കുക. എന്തെന്നാല്‍ നമ്മുടെ തിരഞ്ഞെടുപ്പിലും സമര്‍പ്പണത്തിലും ആത്മശരീരങ്ങളോടെ ഉറച്ചുനില്ക്കാനുള്ള കരുത്തു ലഭിക്കുന്നത് കണ്ണോടു കണ്ണോരവും, കാതോടു കാതോരവും അവിടുന്നില്‍ ആര്‍ജ്ജിക്കുന്ന സ്നേഹൈക്യത്തിലൂടെയുമാണ് (ആഹ്ലാദിച്ചുള്ളസിക്കുവന്‍ 25).

വൈധവ്യത്തിന്‍റെ ആനന്ദം
വൈധവ്യം ക്ലേശകരമായ അനുഭവമാണ്. ജീവതമദ്ധ്യേ പങ്കാളിയെ പെട്ടന്നു നഷ്ടമാകുന്ന അനുഭവം! ചിലര്‍ അത് മക്കാള്‍ക്കായുള്ള സ്നേഹപൂര്‍ണ്ണമായ സമര്‍പ്പണമാക്കി മാറ്റി ജീവിതം തുടരുന്നു. അങ്ങനെ അവരുടെ സ്നേഹത്തിന് കുടുംബത്തില്‍ത്തന്നെ അര്‍ത്ഥം കണ്ടെത്തുന്നു. എന്നാല്‍  ദൈവത്തിനായി തങ്ങളെ പൂര്‍ണ്ണമായും സ്നേഹത്തില്‍ സമര്‍പ്പിക്കാനുള്ള വിളി കണ്ടെത്തുന്നവരുമുണ്ട്. അങ്ങനെ ബ്രഹ്മചര്യം ദാരിദ്ര്യം അനുസരണം എന്നീ വ്രതങ്ങള്‍ ഏറ്റെടുത്ത് മരണംവരെയും ക്രിസ്തുവിനെ അനുകരിച്ച് സഹോദരങ്ങള്‍ക്കായി സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാത കണ്ടെത്തുന്നവരാണവര്‍. വിധവകളായി മാറിയ ഇവരുടെ ഈ സ്നേഹസമര്‍പ്പണത്തിന് ദൈവത്തിന് നന്ദിപറയാം. അവരുടെ അസ്തിത്വത്തില്‍ ദൈവകൃപ തുറന്നുകൊടുത്ത ഈ പാത വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നിരുന്നാലും ഈ വെല്ലുവിളികള്‍ അവിടുത്തെ വിശുദ്ധിയില്‍ നിങ്ങളെ പങ്കുകാരാക്കാനുള്ള ഉപാധികളാണ് (ഹെബ്രായര്‍ 12, 10). അങ്ങനെ സഭയിലെ ശുശ്രൂഷകര്‍ക്കൊപ്പം ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ടും കുടുംബത്തിന്‍റെയും തൊഴിലിന്‍റെയും മറ്റു സാമൂഹിക ഉത്തരവാദിത്ത്വങ്ങളുടെയും മേഖലകളില്‍ സുവിശേഷോപദേശങ്ങള്‍ക്ക് (Evangelical Counsels) അനുസൃതമായി ജീവിക്കാനും ഇവര്‍ക്കു സാധിക്കുന്നു.

ദൈവത്തിനായി സമര്‍പ്പിക്കുകയും അവിടുത്തോടുള്ള സ്നേഹത്തെപ്രതി തങ്ങളെ തന്നെ പൂര്‍ണ്ണമായി നല്കുകയും ചെയ്തവരെ കന്യകാനാഥ അനുഗ്രഹിക്കട്ടെയെന്നു പ്രാ‍ര്‍ത്ഥിക്കുന്നു. അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 September 2018, 18:35