മെത്രാന്മാര്‍ ഫ്രാന്‍സീസ് പാപ്പായുമൊത്ത്-13-09-18 മെത്രാന്മാര്‍ ഫ്രാന്‍സീസ് പാപ്പായുമൊത്ത്-13-09-18 

അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ”

“എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” -മെത്രാന്മാരുടെ സിനഡിന്‍റെ ഘടനയെ അധികരിച്ചുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷന്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ പുതിയ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” (EPISCOPALIS COMMUNIO) അഥവാ,”മെത്രാന്മാരുടെ കൂട്ടായ്മ” പ്രകാശിതമായി.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1965 സെപ്റ്റംബര്‍ 15ന്  രൂപംകൊടുത്ത മെത്രാന്മാരുടെ സിനഡിന്‍റെ ഘടനയെ അധികരിച്ചുള്ളതാണ് ഈ അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷന്‍.

പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തില്‍, പ്രസ്സ് ഓഫീസില്‍, ചൊവ്വാഴ്ച (18/09/18) നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെത്രാന്മാരുടെ സിനഡിന്‍റെ  പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ, മെത്രാന്മാരുടെ സിനഡില്‍ ഉപദേഷ്ടാവായ പ്രൊഫസര്‍ ദാറിയൊ വിത്താലി തുടങ്ങിയവര്‍ ഈ രേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു.

എല്ലാ സഭകളോടുമുള്ള മെത്രാന്‍സംഘത്തിന്‍റെ ഔത്സുക്യത്തിന്‍റെ ഉപരി സവിശേഷ ആവിഷ്ക്കാരവും ഫലപ്രദമായ സാക്ഷാത്ക്കാരവുമായി  മെത്രാന്മാരുടെ സിനഡ് ഭവിക്കണമെന്ന ആഗ്രഹം പാപ്പാ ഇതില്‍ പ്രകടിപ്പിക്കുന്നുണ്ട്.

മെത്രാന്മാരുടെ സിനഡിന്‍റെ  പതിനഞ്ചാം സാധാരണ പൊതുയോഗം ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കാനിരിക്കെയാണ് ഈ അപ്പസ്തോലിക രേഖ പാപ്പാ പുറപ്പടുവിച്ചിരിക്കുന്നത്.

യുവജനങ്ങളെ അധികരിച്ചുള്ള ഈ സിനഡുസമ്മേളനത്തിന്‍റെ വിചിന്തനപ്രമേയം “യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 September 2018, 13:27