അഭയം തേടുന്ന  സിറിയന്‍ കുട്ടികള്‍ അഭയം തേടുന്ന സിറിയന്‍ കുട്ടികള്‍ 

യാതനകളില്‍ കഴിയുന്നവരുടെ കണ്ണീരൊപ്പാം!

അഭ്യന്തര കലാപത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഇറാക്ക്, സിറിയ, അവയുടെ സമീപരാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന കത്തോലിക്കാ സംഘടകളുടെ 150-ല്‍ അധികം പ്രതിനിധികളുമായി സെപ്തംബര്‍ 14, വെള്ളിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. മാനവികതയുടെ സമഗ്രപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം (Dicastery for Integral Human Development) സംഘടിപ്പിച്ച സമ്മേളനത്തില്‍ യുഎന്നിന്‍റെ അഭയാര്‍ത്ഥികള്‍ക്കുള്ള ഉന്നതോദ്യോഗസ്ഥന്‍, ഫിലിപ്പോ ഗ്രാന്‍ന്തിയും സന്നിഹിതനായിരുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍ താഴെ കുറിക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ യാതനകള്‍
സുദീര്‍ഘമായ രക്തച്ചൊരിച്ചിലിന്‍റെയും കാലാപങ്ങളുടെയും മണ്ണില്‍ ജോലിചെയ്യുന്നവരെ നന്ദിയോടെ ശ്ലാഘിച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. കത്തോലിക്ക സഭ സംഘടിതമായി ചെയ്യുന്ന ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി രാജ്യാന്തര സമൂഹം അധിക്രമങ്ങള്‍ക്ക് ഇരയായ സറിയ, ഇറാക്ക്, അവയുടെ സമീപരാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പീഡിതരായ ജനതകളെ വിസ്മരിക്കരുത്. പ്രത്യേകിച്ച് അവിടങ്ങളിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനര്‍സ്ഥാപിക്കാന്‍ രാജ്യാന്തരസമൂഹം അടിയന്തിരമായി പരിശ്രമിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

രാജ്യാന്തര സമൂഹം പിന്‍തുണയ്ക്കണം!
സ്വന്തം നാടും വീടും വിട്ടിറങ്ങേണ്ടി വന്നിട്ടുള്ള ആ രാജ്യങ്ങളിലെ പതിനായരങ്ങളെ മറന്നുകളയാനാവില്ല. പീഡനങ്ങള്‍മൂലം ബഹിഷ്കൃതരായ ഈ ജനതകളെ അയല്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍നിന്നും അവരുടെ ജന്മനാടുകളിലേയ്ക്ക് തിരികെ എത്തിക്കാന്‍ ആഗോളസമൂഹം പരിശ്രമിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അവരുടെ കുഞ്ഞുമക്കള്‍ മരണവും നശീകരണവും തകര്‍ച്ചയും കണ്ടു കരയുന്നവരാണ്. അവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് സാന്ത്വനംപകരാനും ലോകരാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. അഭയാര്‍ത്ഥികളായി അന്യനാടുകളിലും അയല്‍രാജ്യങ്ങളിലും കഴിയുന്ന ഇറാക്കി സിറിയന്‍ ജനതയുടെ സഹായിത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘട പ്രതിനിധികളെയും സന്നദ്ധസേവകരെയും പാപ്പാ സ്നേഹപൂര്‍വ്വം അഭിനന്ദിച്ചു. ഇറാക്കിലെ നിനീവെ താഴ്വാരത്തെ ക്രൈസ്തവരെ പുനരധിവസിപ്പിക്കാന്‍ ഇവര്‍ ചെയ്ത നല്ല പദ്ധതികളെ പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

പുരാതന സംസ്ക്കാരങ്ങളെ പിഴുതെറിയരുത്!
മേല്പറഞ്ഞ രാജ്യങ്ങളിലെ ന്യൂപക്ഷമായ ക്രൈസ്തവരുടെ വേരുകള്‍ പിഴുതെറിയപ്പെടാന്‍ സാദ്ധ്യതയുണ്ട്.  എന്നാല്‍ അവിടങ്ങളില്‍നിന്നുമാണ് സുവിശേഷപ്രഭ ആദ്യം തെളിഞ്ഞു പ്രകാശിച്ചതും, മറ്റിടങ്ങളിലേയ്ക്ക് പ്രചരിച്ചതും. അതിനാല്‍ മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കാന്‍ വത്തിക്കാന്‍ ആവതു ചെയ്യുമെന്നും പാപ്പാ പ്രസ്താവിച്ചു.  

സഭമുഴുവനും ക്ലേശിക്കുന്ന ഈ സഹോദരസമൂഹങ്ങളെ സഹാനുഭാവത്തോടെ കാണേണ്ടതാണ്. പ്രാര്‍ത്ഥനയിലും ഉപവിയിലും അവരെ പിന്‍തുണയ്ക്കേണ്ടതുമാണ്.  അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി തങ്ങളുടെ പ്രത്യാശ കെട്ടുപോകാതിരിക്കാന്‍ നമുക്ക് അവരെ പിന്‍തുണയ്ക്കാം. സ്നേഹത്തിന്‍റെ സാക്ഷ്യംകൊണ്ട് അവരെ ശ്രവിക്കാനും തുണയ്ക്കാനും സഭചെയ്യുന്ന ഓരോ സല്‍പ്രവൃത്തിയും, പ്രത്യേകിച്ച് അവരില്‍ പാവങ്ങളും നിര്‍ദ്ധനരുമായവര്‍ക്കു ചെയ്യുന്ന സഹായങ്ങള്‍ അവരുടെ പ്രത്യാശയുടെ വിത്തു കെട്ടുപോകാതിരിക്കാന്‍ സഹായകമാകും.

ഞങ്ങളെ സമാധാന ദൂതരാക്കണമേ!
വിദ്വേഷമുള്ളിടത്ത് സ്നേഹം പകരാം. നിരാശയുള്ളിടത്ത് പ്രത്യാശയും, ദുഃഖമുള്ളിടത്ത് സന്തോഷവും പകര്‍ന്നു നല്കാം. അസീസ്സിയിലെ സിദ്ധന്‍റെ പ്രാര്‍ത്ഥന പാപ്പാ ആവര്‍ത്തിച്ചു.    ദൈവകൃപയോടു ചേര്‍ന്നു നമുക്ക് ഭാവിയെ ഉറ്റുനോക്കാം. പ്രത്യാശ കൈവെടിയാതെ അവിടങ്ങളിലെ യുവതലമുറയ്ക്കുള്ള വിദ്യാഭ്യാസത്തിന്‍റെയും തൊഴിലിന്‍റെയും പദ്ധതികള്‍ തുടരാം. വയോജനങ്ങള്‍ക്ക് താങ്ങായിരിക്കാം, മാനസികമായി മുറിപ്പെട്ടവര്‍ക്ക് സാന്ത്വനമേകാം. ദൈവമേ, ഞങ്ങളെ അങ്ങയുടെ സമാധാനത്തിന്‍റെ ദൂതരാക്കണമേ! ഇരുട്ടില്‍ ‍ഞങ്ങള്‍ അങ്ങേ സ്നേഹത്തിന്‍റെ പ്രകാശം പരത്തട്ടെ! പകയും വിദ്വേഷവുമുള്ളിടത്ത് ക്ഷമയുടെയും കാരുണ്യത്തിന്‍റെ സാക്ഷികളാകാം. ഭിന്നതയുള്ളിടത്ത് ഐക്യത്തിന്‍റെ പ്രതീകമാകാം...

ഏവരുടെയും നിസ്വാര്‍ത്ഥ സേവനത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2018, 09:38