തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ  പ്യാത്സ അര്‍മെരീനയില്‍ 15-09-18 ഫ്രാന്‍സീസ് പാപ്പാ പ്യാത്സ അര്‍മെരീനയില്‍ 15-09-18  (AFP or licensors)

മാനവ സഹനങ്ങളില്‍ ക്രിസ്തുവിന്‍റെ ക്ഷതങ്ങളെ സ്പര്‍ശിച്ചറിയുക

മാനവജീവിത പ്രശ്നങ്ങള്‍ക്കു മദ്ധ്യേ വിശ്വാസജീവിതം മുന്നോട്ടുകൊണ്ടു പോകുക ആയാസകരം, എന്നാല്‍ ഇവയില്‍ ക്രിസ്തുവിന്‍റെ മുറിവുകള്‍ തിരിച്ചറിയാനായാല്‍ വിശ്വാസം ജീവിക്കാന്‍ സാധിക്കും-ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ വിശ്വാസം സമൂര്‍ത്തമാക്കണമെങ്കില്‍ മാനവ സഹനങ്ങളില്‍ ക്രിസ്തുവിന്‍റെ ക്ഷതങ്ങള്‍ തിരിച്ചറിയാന്‍ നാം പഠിക്കണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ നിന്ന് 400 ലേറെ കിലോമീറ്റര്‍ വ്യോമ ദൂരവും 900 ത്തിലേറെ കിലോമീറ്റര്‍ കരദൂരവുമുള്ള സിസിലിയിലെ “പ്യാത്സ അര്‍മെരീന” രൂപത ശനിയാഴ്ച(15/09/18) സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ അവിടെ “യൂറോപ്പ് ചത്വര”ത്തില്‍ സമ്മേളിച്ചിരുന്ന 40000 ത്തോളം വിശ്വാസികളെ സംബോധന ചെയ്യുകയായിരുന്നു.

മാഫിയയുടെ പിടിയില്‍ നിന്ന് യുവജനത്തെ രക്ഷിച്ച് അവരെ സുവിശേഷത്തിന്‍റെ  പാതയിലേക്കാനയിക്കാന്‍ ശ്രമിച്ചിരുന്ന, വാഴ്ത്തപ്പെട്ട ജുസേപ്പെ പുള്ളീസി (GIUSEPDPE PUGLISI) എന്ന വൈദികന്‍ വധിക്കപ്പെട്ടതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാപ്പാ അവിടെ എത്തിയത്.

1993 സെപ്റ്റംബര്‍ 15 ന് വധിക്കപ്പെട്ട അദ്ദേഹം 2013 മെയ് 15 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്.

പലേര്‍മൊ പ്രദേശത്തിന് സഹനകാരണങ്ങളായ ക്ഷതങ്ങള്‍ നിരവധിയാണെന്ന യാഥാര്‍ത്ഥ്യം പാപ്പാ അനുസ്മരിച്ചു.

സാമുഹ്യ-സാംസ്കാരികങ്ങളായ അല്പവികസനം, തൊഴിലാളികളെ ചൂഷണം ചെയ്യല്‍, യുവജനത്തിന് മാന്യമായ തൊഴില്‍ ഇല്ലാത്ത അവസ്ഥ, കുടുംബങ്ങളുടെ കുടിയേറ്റം, കൊള്ളപ്പലിശ, മദ്യാസക്തി, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം, ചൂതാട്ടം, കുടുംബബന്ധത്തകര്‍ച്ച തുടങ്ങിയവ സമൂഹത്തിനേല്ക്കുന്ന ക്ഷതങ്ങള്‍ക്ക്  ഉദാഹരണമായി പാപ്പാ ചൂണ്ടിക്കാട്ടി.

നിരവധിയായ ഇത്തരം പ്രശ്നങ്ങള്‍ക്കു മദ്ധ്യേ വിശ്വാസ ജീവിതം മുന്നോട്ടുകൊണ്ടു പോകുക എളുപ്പമല്ല എന്ന തന്‍റെ ബോധ്യവും പാപ്പാ പ്രകടിപ്പിച്ചു.

എന്നാല്‍ ഈ മുറിവുകളില്‍ കര്‍ത്താവിന്‍റെ ക്ഷതങ്ങളെ സ്പര്‍ശിക്കാനായെങ്കില്‍ മാത്രമെ നമുക്ക് വിശ്വാസം ജീവിക്കാന്‍ സാധിക്കുകയുള്ളു എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ക്രൈസ്തവ കൂട്ടായ്മയുടെ കേന്ദ്രസ്ഥാനമായ ദൈവവചനത്തിന് ഉപരിയായി മറ്റൊന്നും പ്രതിഷ്ഠിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ മുന്നോട്ടു പോകണമെങ്കില്‍ ദൈവവചനവുമായുള്ള ഉറ്റ ബന്ധം അനിവാര്യമാണെന്ന് വിശദീകരിക്കുകയും അനുദിനം സുവിശേഷം വായിക്കാന്‍ പ്രചോദനമേകുകയും ചെയ്തു.

ഉപവിപ്രവര്‍ത്തനം, ഐക്യദാര്‍ഢ്യം, സാഹോദര്യം, മുത്തശ്ശീമുത്തശ്ശന്മാരോടുള്ള ആദരവ്, യുവജനങ്ങളുടെ കാര്യത്തിലുള്ള സവിശേഷ താല്പര്യം, ദിവ്യബലിയില്‍ പങ്കുകൊള്ളേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളും പാപ്പാ ചൂണ്ടിക്കാട്ടി.

15 September 2018, 13:15