പലേര്‍മോ സന്ദര്‍ശനം -ജനങ്ങളുമായുള്ള കൂടിക്കാഴ്ച പലേര്‍മോ സന്ദര്‍ശനം -ജനങ്ങളുമായുള്ള കൂടിക്കാഴ്ച 

തിന്മയെക്കാള്‍ ശക്തം നന്മയും വിദ്വേഷത്തെക്കാള്‍ നല്ലത് സ്നേഹവും

സെപ്തംബര്‍ 15-Ɔο തിയതി ശനിയാഴ്ച താന്‍ തെക്കെ ഇറ്റലിയിലെ പലേര്‍മോ, പിയാസ്സാ അര്‍മെരീന എന്നിവിടങ്ങളിലേയ്ക്കു നടത്തിയ ഏകദിന ഇടയ സന്ദര്‍ശനത്തെക്കുറിച്ച് ഞായറാഴ്ച വത്തിക്കാനില്‍ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അവിടത്തെ ശുഭമുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചു. ഏവര്‍ക്കും നന്ദിപറഞ്ഞു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

സിസിലിയിലെ ഇടയസന്ദര്‍ശനം
വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ള പോലേര്‍മോ രൂപതാംഗമായ ഇടയവക വൈദികന്‍, പീനോ പുളീസിയുടെ രക്തസാക്ഷിത്വത്തിന്‍റെ
25-Ɔο വാര്‍ഷികം അവസമരമാക്കിക്കൊണ്ടായിരുന്നു ഈ ഇടയസന്ദര്‍ശനം. അജഗണങ്ങളുടെ നന്മയ്ക്കും സാമൂഹിക നീതിക്കുംവേണ്ടി സിസിലിയിലെ അധോലോക പ്രവര്‍ത്തകരുടെ കൈകളില്‍ കൊല്ലപ്പെട്ട ധീരനായ ഈ അജപാലകനെ കയ്യടിച്ച് ഇന്നാളില്‍ സ്നേഹപൂര്‍വ്വം അനുസ്മരിക്കാം. പാപ്പാ പറഞ്ഞമാത്രയില്‍ ചത്വരത്തില്‍നിന്ന ആയിരങ്ങള്‍ കരഘോഷം മുഴക്കി.

സന്ദര്‍ശനത്തില്‍ സന്തോഷവും നന്ദിയും!

തന്നെ സ്വീകരിക്കുകയും ഇടയസന്ദര്‍ശനം വിജയപ്രദമാക്കാന്‍ സാഹയിക്കുകയും ചെയ്ത സിസിലിയിലെ പൗരാധികാരികള്‍ക്കും സഭാധികാരികള്‍ക്കും പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. വിമാനത്തിലും ഹെലിക്കോപ്റ്ററിലും ശ്രദ്ധയോടെ തന്നെ പറത്തിയ പൈലറ്റുമാര്‍ക്ക്
പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു.  സന്ദര്‍ശിച്ച രണ്ടു രൂപതകളിലെയും മെത്രാന്മാര്‍ - പലേര്‍മോയുടെ ആര്‍ച്ചുബിഷപ്പ് റൊസേരിയോ ജിസാന,
പിയാസ്സാ അര്‍മെരീനയുടെ മെത്രാന്‍ കൊറാദോ ലൊറെഫീചെ എന്നിവരുടെ അജപാലന സേവനങ്ങളെ പാപ്പാ എടുത്തുപറഞ്ഞു.

സിസിലിയിലെ ജനങ്ങള്‍ക്ക് അഭിനന്ദനം!
യുവജനങ്ങള്‍, കുടുംബങ്ങള്‍, സിസിലിയന്‍ ജനത എന്നിവര്‍ തനിക്കു നല്കിയ ഹൃദ്യമായ സ്വീകരണത്തിനു പാപ്പാ നന്ദിയര്‍പ്പിച്ചു. ഡോണ്‍ പുളീസിയുടെ ജീവിതസാക്ഷ്യം ഏവരെയും ഇനിയും പ്രകാശിപ്പിക്കട്ടെ! തിന്മയെക്കാള്‍ ശക്തമാണ് നന്മയെന്നും, വിദ്വേഷത്തെക്കാള്‍ നല്ലത് സ്നേഹമാണെന്നും മനസ്സിലാക്കാന്‍ വാഴ്ത്തപ്പെട്ട ഫാദര്‍ പുളീസിയുടെ ജീവിതസമര്‍പ്പണം പ്രചോദനമാണ്! മനോഹരമായ പ്രകൃതിയാല്‍ അലംകൃതയായ സിസിലിയെയും അവിടത്തെ ജനങ്ങളെയും ദൈവം കാത്തുപാലിക്കട്ടെ!

ആശംസകളും അഭിവാദ്യങ്ങളും

റോമിലെ മാത്രമല്ല ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും വത്തിക്കാനില്‍ എത്തിയ കുടുംബങ്ങളെയും ഇടവകക്കൂട്ടങ്ങളെയും, സംഘടനകളെയും, മറ്റു സന്ദര്‍ശകരെയും തീര്‍ത്ഥാടകരെയും തുടര്‍ന്ന് പാപ്പാ അഭിസംബോധനചെയ്തു.

പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി സംഘടിപ്പിച്ചിട്ടുള്ള “കുഞ്ഞു മിഷണിമാരുടെ സമ്മേളന”ത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ
പാപ്പാ അഭിവാദ്യംചെയ്തു. ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ സാക്ഷികളാകാന്‍ ഈ കുട്ടികളുടെ കൂട്ടായ്മയ്ക്കു സാധിക്കട്ടെ!

ഹോളണ്ടിലെ അമേര്‍സ്ഫോര്‍ത്ത് എന്ന സ്ഥലത്തെ കൊര്‍ദേരിയൂസ് കോളെജിലെ ലത്തീന്‍ ഭാഷ പഠത്തില്‍ വ്യാപൃതരായിരിക്കുന്ന ഗ്രൂപ്പുകാര്‍ക്ക് പാപ്പാ പ്രത്യേകം ലത്തീനില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു – Valete dilectissimi!  സ്നേഹത്തോടെ ആശംസകള്‍!

ഇറ്റലിയിലെ വിന്‍ചേന്‍സയില്‍നിന്നെത്തിയ സ്ഥൈര്യലേപനം സ്വീകരിച്ച യുവജങ്ങളുടെ കൂട്ടായ്മയെയും, സ്വിറ്റ്സര്‍ലണ്ടില്‍നിന്നു വന്നിട്ടുള്ള ഓറോണ്‍-ല-വീലെ ബാന്‍ഡു സംഘത്തിനും പ്രത്യേകം ആശംസകളര്‍പ്പിച്ചു. അതുപോലെ നിക്കരാഗ്വയില്‍നിന്നെത്തിയ ചെറിയകൂട്ടം ബാനറുമായി നിലക്കുന്നതു കണ്ട് പാപ്പാ അവര്‍ക്കും സ്നേഹത്തോടെ അഭിവാദ്യങ്ങള്‍ നേര്‍ന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2018, 18:17