തിരയുക

Vatican News
Papa Francesco a Palermo 2018.09.15 Papa Francesco a Palermo 2018.09.15 

ഒരു രക്തസാക്ഷിയുടെ സ്മരണയുമായി പാപ്പായുടെ ഇടയസന്ദര്‍ശനം

തെക്കെ ഇറ്റലിയിലെ പിയാസ്സ അര്‍മെരീന - പലേര്‍മോ എന്നീ രൂപതകളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന ഇടയസന്ദര്‍ശനം - സെപ്തംബര്‍ 15 ശനിയാഴ്ച :

- ഫാദര്‍ വില്യം നെല്ലിക്കല്‍

രക്തസാക്ഷിയായ വൈദികന്‍റെ അനുസ്മരണം
അധോലോകപ്രവര്‍ത്തകരുടെ കൈകളില്‍ കൊല്ലപ്പെട്ട ഇടവക വൈദികന്‍, വാഴ്ത്തപ്പെട്ട രക്ഷസാക്ഷി പീനോ പുലീസിയുടെ 25-Ɔο ചരമവാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് തെക്കെ ഇറ്റലിയിലെ സിസിലി ദ്വീപിലെ രണ്ടു പുരാതന രൂപതകളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഏകദിന ഇടയസന്ദര്‍ശനം നടത്തുന്നത്.

രണ്ടു രൂപതകളി‍ലെ  പരിപാടികള്‍
സെപ്തംബര്‍ 15 ശനിയാഴ്ച, പ്രാദേശിക സമയം രാവിലെ 8 മണിയോടെ തെക്കെ ഇറ്റയിലെ കത്താനിയായില്‍ വിമാനമാര്‍ഗ്ഗം എത്തുന്ന പാപ്പാ വൈകുന്നേരം 6.30-വരെ വിവിധ പരിപാടികളിലായി ജനങ്ങള്‍ക്കൊപ്പം ചിലവൊഴിക്കും.

ആദ്യം പാപ്പാ സന്ദര്‍ശിക്കുന്നത് പിയാത്സ അരമെരീന രൂപതയാണ്. അവിടെ ‘യൂറോപ’ മൈതാനിയില്‍ വിശ്വാസികളുമായി പൊതുകൂടിക്കാഴച നടത്തും. പ്രാദേശിക സമയം രാവിലെ 10 മണിയോടെ പലേര്‍മോയിലെയ്ക്ക് ഹെലികോപ്റ്ററില്‍ പുറപ്പെടും. ഹ്രസ്വമായ സ്വീകരണ ചടങ്ങിനുശേഷം പലേര്‍മോയിലെ പുരാതനമായ “ഫോറോ ഇത്താലികോ” മൈതാനിയിലാണ് വാഴ്ത്തപ്പെട്ട രക്തസാക്ഷി പീനോ പുളിസിയുടെ 25-‍Ɔο ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സമൂഹബലിയര്‍പ്പണം, തുടര്‍ന്ന് വൈദികരും സന്ന്യസ്തരും സെമിനാരി വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, യുവജനങ്ങളുമായുള്ള നേര്‍ക്കാഴ്ച എന്നിവയോടെയാണ്  പിയാത്സാ അര്‍മെരീനാ-പലേര്‍മോ ഇടയസന്ദര്‍ശനം സമാപിക്കുന്നത്.   വൈകുന്നേരം 6.30-ന് പലേര്‍മോ എയര്‍പോര്‍ടില്‍നിന്നും റോമിലേയ്ക്ക് യാത്ര തിരിക്കും.

ശനിയാഴ്ച രാത്രി 7.30-ന് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

12 September 2018, 17:53