തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ പലേര്‍മൊയിലെ കത്തീദ്രലില്‍ വൈദികരും സമര്‍പ്പിതരും വൈദികാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തുന്നു 15-09-18 ഫ്രാന്‍സീസ് പാപ്പാ പലേര്‍മൊയിലെ കത്തീദ്രലില്‍ വൈദികരും സമര്‍പ്പിതരും വൈദികാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തുന്നു 15-09-18  (ANSA)

ആത്മദാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും മനുഷ്യനാകണം വൈദികന്‍

വൈദികന്‍ പിളര്‍പ്പുള്ളിടത്ത് ഐക്യവും കലഹമുള്ളിടത്ത് അനുരഞ്ജനവും വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കണം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആത്മദാനമായിത്തീരേണ്ടവനാണ് വൈദികന്‍ എന്ന് മാര്‍പ്പാപ്പാ.

തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ജുസേപ്പെ പുള്ളീസി എന്ന വൈദികന്‍ മാഫിയായുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായിരുന്ന ഇക്കഴിഞ്ഞ ശനിയാഴ്ച (15/09/18) തെക്കെ ഇറ്റലിയിലെ സിസിലിയില്‍, പ്യാത്സ അര്‍മെരീന രൂപതയിലും പലേര്‍മൊയിലും ഏകദിന ഇടയസന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് പാപ്പാ പലേര്‍മൊയിലെ കത്തീദ്രലില്‍ വച്ച് വൈദികരും സമര്‍പ്പിതരും വൈദികാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

നിങ്ങള്‍ എല്ലാവരും ഇതു എടുത്തു ഭക്ഷിക്കുവിന്‍: ഇതു നിങ്ങള്‍ക്കായി ബലിയര്‍പ്പിക്കപ്പെട്ട എന്‍റെ ശരീരമാകുന്നു” എന്ന് ദിവ്യബലിമദ്ധ്യേ വൈദികന്‍ ഉച്ചരിക്കുന്ന വാക്കുകള്‍ അള്‍ത്താരയില്‍ ഒതുങ്ങേണ്ടവയല്ല പ്രത്യുത, ജീവിതത്തിലേക്കിറങ്ങേണ്ടവയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

അനുദിനം മുടക്കംകൂടാതെ നിരന്തരം കൊടുക്കലിന്‍റെയും ആത്മദാനത്തിന്‍റെയും മനുഷ്യനാകണം വൈദികനെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തി.

വൈദികന്‍റെ ജീവിതത്തില്‍ മൗലികമായ കൗദാശിക പ്രമാണവാക്യം “ഞാന്‍ നിന്‍റെ പാപങ്ങള്‍ പൊറുക്കുന്നു” എന്നതാണെന്ന് അനുസ്മരിച്ച പാപ്പാ വൈദികന്‍ മാപ്പുനല്കലിന്‍റെ മനുഷ്യനുമാണെന്ന് വിശദീകരിച്ചു.

ക്രൈസ്തവരായ നാമെല്ലാവരും ക്ഷമയുടെ മനുഷ്യര്‍ ആയിരിക്കേണ്ടവരാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വൈദികന്‍ പാപസങ്കീര്‍ത്തന കൂദാശയില്‍, പ്രത്യേകിച്ച്, അനുരഞ്ജനത്തിന്‍റെ മനുഷ്യനാണെന്നും പിളര്‍പ്പുള്ളിടത്ത് ഐക്യവും കലഹമുള്ളിടത്ത് അനുരഞ്ജനവും വൈര്യമുള്ളിടത്ത് പ്രശാന്തതയും സംജാതമാക്കുന്നവനാണെന്നും എന്നാല്‍ ജല്‍പകന്‍ ആണെങ്കില്‍ അവന്‍ ഐക്യത്തിനു പകരം ഭിന്നിപ്പും കലഹവും ഉളവാക്കുമെന്നും ഉദ്ബോധിപ്പിച്ചു.

17 September 2018, 12:41