വാഴ്ത്തപ്പെട്ട പീനോ പുളീസി, രക്ഷസാക്ഷി വാഴ്ത്തപ്പെട്ട പീനോ പുളീസി, രക്ഷസാക്ഷി 

വാഴ്ത്തപ്പെട്ട രക്തസാക്ഷി പീനോ പുളീസി : പ്രേഷിത സമര്‍പ്പണത്തിനു മാതൃക

പാപ്പാ ഫ്രാന്‍സിസ് തെക്കെ ഇറ്റലിയിലെ പയാത്സാ അര്‍മെരീന, പലേര്‍മോ എന്നീ രൂപതകളിലേയ്ക്കാണ് 2018 സെപ്തംബര്‍ 15-Ɔο തിയതി ശനിയാഴ്ച ഇടയസന്ദര്‍ശനം നടത്തുന്നത്. പലേര്‍മോ രൂപതാംഗമായ വാഴ്ത്തപ്പെട്ട വൈദികന്‍ ജോസേപ്പെ പീനോ പുലീസിയുടെ രക്ഷസാക്ഷിത്വത്തിന്‍റെ 25-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഈ ഇടയസന്ദര്‍ശനം നടത്തുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പലേര്‍മോയിലെ നല്ല പ്രേഷിതന്‍
ഇറ്റാലിയന്‍ മാഫിയയുടെ കൈകളില്‍ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതനാണ് ജോസഫ് പീനോ പുളീസി (1937-1999). അദ്ദേഹം തെക്കെ ഇറ്റലിയിലെ സിസിലിയ ദ്വീപിലെ ബ്രങ്കാച്യോ സ്വദേശിയും പലേര്‍മോ അതിരൂപതാംഗവുമാണ്. 1937-ല്‍ സെപ്തംബര്‍ 15-നായിരുന്നു ജനനം. രൂപതയിലെ സെമിനാരിയില്‍ പഠിച്ച് വൈദികനായി. അജപാലനശുശ്രൂഷയില്‍ വ്യാപൃതനായിരിക്കവെയാണ് ഫാദര്‍ പുളീസി മാഫിയ സംഘത്തിന്‍റെ കൈകളില്‍ കൊല്ലപ്പെട്ടത്. തന്‍റെ ഇടവകയില്‍ അധോലോക സംഘം (mafia) പ്രവര്‍ത്തിച്ച് ജനങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ ഫാദര്‍ പുളീസി മഫിയ സംഘത്തെ പരസ്യമായി എതിര്‍ത്തു. മതപരമായ പരിപാടികളില്‍ പണമിറക്കിയും ജനങ്ങളെ സ്വാധീനിച്ചും തലപ്പത്തുനിന്ന കുറ്റവാളിസംഘത്തെ ഫാദര്‍ പുളീസ അംഗീകരിച്ചില്ല. ഭീതിയില്‍ കഴിഞ്ഞിരുന്ന ജനങ്ങളുടെ മനോഭാവം മാറ്റാന്‍ ഫാദര്‍ പുളീസി അവരെ നിരന്തരമായി ഉദ്ബോധിപ്പിക്കുകയും, ജനങ്ങളുടെ മനസ്ഥിതി മാറ്റാന്‍ അവരെ ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തുപോന്നു.

ഫാദര്‍ പുളീസിയുടെ രക്തസാക്ഷിത്ത്വം
56-Ɔമത്തെ ജന്മദിനത്തില്‍,1993 സെപ്തംബര്‍ 15-ന് ഫാദര്‍ പുളിസ്സി കൊല്ലപ്പെട്ടു. വളരെ അടുത്തുനിന്ന് ഫാദര്‍ പുളീസിയുടെ നെഞ്ചില്‍ ഘാതകന്‍ നിറയൊഴിച്ചു. “താന്‍ ഇതു പ്രതീക്ഷിച്ചതായിരുന്നു!” എന്നു മാത്രം ഉരുവിട്ട ഫാദര്‍ പുളീസി പ്രശാന്തമായി മരണത്തിന് കീഴടങ്ങി!

അദ്ദേഹത്തിന്‍റെ അജപാനശുശ്രൂഷയുടെ മാറ്ററിഞ്ഞ പലേര്‍മോയിലെ ജനങ്ങള്‍തന്നെയാണ് രക്തസാക്ഷിയായ ഫാദര്‍ ജോസഫ് പുളീസിയുടെ നാമകരണ ന‌‌‌ടപടിക്രമത്തിന് തുടക്കമിട്ടത്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പഠിച്ച ഫാദര്‍ പൂളീസിയുടെ ജീവിതവിശുദ്ധിയും സമര്‍പ്പണവും രക്തസാക്ഷിത്വവും 2012-ല്‍ മുന്‍പാപ്പാ ബനഡിക്ട് അംഗീകരിച്ചതോടെ വൈദികന്‍ പുലീസി വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.
2013 മെയ് 25-ന് പലേര്‍മോയിലെ “ഫോറോ ഇത്താലികോ” മൈതാനിയില്‍ നടത്തപ്പെട്ട വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തില്‍ 50,000 വിശ്വാസികള്‍ പങ്കെടുത്തു. മെയ് 26-ഞായറാഴ്ച, അടുത്ത ദിവസം വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന ശുശ്രൂഷയുടെ അന്ത്യത്തില്‍, ഫാദര്‍ പുളീസിയെ “നല്ലവൈദികനും വിശ്വാസത്തെപ്രതി മാഫിയ സംഘത്തിന്‍റെ കൈകളില്‍ ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷി”യെന്നും പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

ശനിയാഴ്ച, സെപ്തംബര്‍ 15-ന് പ്രാദേശിക സമയം മദ്ധ്യാഹ്നം 11.30ന് പാപ്പാ ഫ്രാന്‍സിസ് പലേര്‍മോയിലെ “ഫോറോ ഇത്താലികോ” മൈതാനിയില്‍ത്തന്നെയാണ് വാഴ്ത്തപ്പെട്ട രക്തസാക്ഷി പീനോ പുളീസിയുടെ അനുസ്മരണയില്‍ സമൂഹബലിയര്‍പ്പിക്കുന്നത്. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തും.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2018, 19:36