ഫ്രാന്‍സീസ് പാപ്പ പലേര്‍മൊയില്‍, യുവജനങ്ങളുമൊത്തുള്ള കൂടിക്കാഴ്ചാവേളയില്‍ 15-09-18 ഫ്രാന്‍സീസ് പാപ്പ പലേര്‍മൊയില്‍, യുവജനങ്ങളുമൊത്തുള്ള കൂടിക്കാഴ്ചാവേളയില്‍ 15-09-18 

നിഷ്ക്രിയത്വം വെടിയുക, ചലനാത്മകത പുലര്‍ത്തുക, പാപ്പാ യുവതയോട്

യുവജനം "ചാരുകസേരയുടെ" മനുഷ്യരാകരുത്, അലസത വെടിഞ്ഞ്, ചലനാത്മകതയുള്ളവരാകുക- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവവചനം ശ്രവിക്കാന്‍ കഴിയണമെങ്കില്‍ ചലനാത്മകത അനിവാര്യമെന്ന് മാര്‍പ്പാപ്പാ യുവതയെ ഓര്‍മ്മിപ്പിക്കുന്നു.

തെക്കെ ഇറ്റലിയിലെ പലേര്‍മൊയില്‍ ജുസേപ്പെ പുള്ളീസി എന്ന വൈദികന്‍ മാഫിയയുടെ വെടിയേറ്റു മരിച്ചതിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനമായിരുന്ന ഇക്കഴിഞ്ഞ ശനിയാഴ്ച (15/09/18) തെക്കെ ഇറ്റലിയിലെ സിസിലിയില്‍ പ്യാത്സ അര്‍മെരീന രൂപതയിലും പലേര്‍മൊയിലും ഏകദിന ഇടയസന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് പാപ്പാ പലേര്‍മൊയില്‍ വച്ച് യുവജനത്തെ സംബോധന ചെയ്യുകയായിരുന്നു.

നിഷ്ക്രിയനായി സുഖജീവിതം നയിക്കുന്നവന് കര്‍ത്താവിന്‍റെ സ്വരമൊഴികെ മറ്റെല്ലാം കേള്‍ക്കാന്‍ സാധിക്കുമെന്നും എന്നാല്‍ ദൈവവചനമാകട്ടെ നിശ്ചലമല്ലാത്തതിനാല്‍ നിശ്ചലനായിരിക്കുന്നവന് അത് ശ്രവിക്കാനകില്ലയെന്നും പാപ്പാ വിശദീകരിച്ചു.

ആകയാല്‍ അലസത വെടിഞ്ഞ് ക്രിയാത്മകതയെ സ്നേഹിക്കുക എന്ന് പാപ്പ യുവജനത്തെ ഉദ്ബോധിപ്പിച്ചു.

നിഷ്ക്രിയത്വത്തിന്‍റെ ഒരു ലക്ഷണം വിഷാദാത്മകതയാണെന്നും അദ്ധ്വാനിക്കാത്ത പക്ഷം ഭാവി കെട്ടിപ്പടുക്കാന്‍ യുവജനത്തിനാകില്ലായെന്നും പാപ്പാ പറഞ്ഞു.

യുവജനങ്ങള്‍ ഭാവിയുടെ നിര്‍മ്മാതാക്കളാണെന്നും ഭാവി യുവതയെ ആശ്രയിച്ചിരിക്കുന്നുവെന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

തിന്മകള്‍ക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ യുവതയ്ക്ക് പ്രചോദനം പകര്‍ന്ന പാപ്പാ അതിനു ധൈര്യമുള്ളവരാകണമെന്ന് ഓര്‍മ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2018, 12:44