Vatican News
ഫ്രാന്‍സീസ് പാപ്പാ സിസിലിയില്‍, ഫോറൊ ഇത്താലിക്കൊ മൈതാനിയില്‍ ദിവ്യബലി അര്‍പ്പിക്കുന്നു 15-09-18 ഫ്രാന്‍സീസ് പാപ്പാ സിസിലിയില്‍, ഫോറൊ ഇത്താലിക്കൊ മൈതാനിയില്‍ ദിവ്യബലി അര്‍പ്പിക്കുന്നു 15-09-18  (ANSA)

മനുഷ്യനെ അടിമായക്കുന്ന സമ്പത്തും അധികാരവും!

ആത്മദാനമാകുന്നവന്‍ ജീവിതത്തിന്‍റെ പൊരുള്‍ കണ്ടെത്തുകയും യഥാര്‍ത്ഥ വിജയം നേടുകയും ചെയ്യുന്നു-ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ധനവും അധികാരവും മനുഷ്യനെ സ്വതന്ത്രനാക്കുന്നില്ല, പ്രത്യുത, അടിമയാക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയുടെ തെക്കുഭാഗത്തുള്ള പലേര്‍മൊയില്‍ 25 വര്‍ഷം മുമ്പ് മാഫിയ വധിച്ച, വാഴ്ത്തപ്പെട്ട ജുസേപ്പെ പുള്ളീസി (GIUSEPDPE PUGLISI) എന്ന വൈദികന്‍റെ  രക്തസാക്ഷിത്വത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സിസിലിയിലെ  “പ്യാത്സ അര്‍മെരീന” രൂപത ശനിയാഴ്ച(15/09/18) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ ഫോറൊ ഇത്താലിക്കൊ മൈതാനിയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനസന്ദേശം ഏകുകയായിരുന്നു.

56-Ↄ○ ജന്മദിനത്തില്‍, അതായത്, 1993 സെപ്റ്റംബര്‍ 15 ന് വെടിയേറ്റു മരിച്ച വൈദികന്‍ ജുസേപ്പെ പുള്ളീസി 2013 മെയ് 15ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ഫോറൊ ഇത്താലിക്കൊ മൈതാനിയില്‍ വച്ചായിരുന്നു.

“സ്വന്തം ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു” യോഹന്നാന്‍റെ   സുവിശേഷത്തിലെ ഈ വാക്യത്തെ അവലംബമാക്കി നടത്തിയ തന്‍റെ വിചിന്തനത്തില്‍ പാപ്പാ ഈ വാക്യത്തിന്‍റെ അര്‍ത്ഥം ജീവനെ വെറുക്കണമെന്നല്ല എന്ന് വ്യക്തമാക്കി.

മറിച്ച് ദൈവത്തിന്‍റെ പ്രഥമ ദാനമായ ജീവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

അവനവനുവേണ്ടി മാത്രം ജീവിക്കുകയും, ധനം സമ്പാദിച്ചുകൂട്ടുകയും  സ്വന്തം ആവശ്യങ്ങളെല്ലാം നിറവേറ്റുകയും ചെയ്യുന്നവന്‍ ലോകത്തിന്‍റെ ദൃഷ്ടിയില്‍ ജേതാവായിരിക്കും എന്നാല്‍ അവന്‍ ജീവിതം മുഴുവന്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

നേരെമറിച്ച്, ആത്മദാനമാകുന്നവനാകട്ടെ ജീവന്‍റെ പൊരുള്‍ കണ്ടെത്തുകയും യഥാര്‍ത്ഥ വിജയം നേടുകയും ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു.

ആകയാല്‍ തിരഞ്ഞെടുപ്പു നടത്തേണ്ടത്  സ്നേഹത്തെയും സ്വാര്‍ത്ഥതയെയും സംന്ധിച്ചാണെന്നും സ്വാര്‍ത്ഥന്‍ തന്‍കാര്യം മാത്രം നോക്കുകയും വസ്തുക്കളെയും ധനത്തെയും അധികാരത്തെയും സുഖാനുഭൂതികളെയും മുറുകെപ്പിടിക്കുകയും അങ്ങനെ സാത്താന് വാതില്‍ തുറന്നിടുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

എന്നാല്‍ വാഴ്ത്തപ്പെട്ട വൈദികന്‍ ജുസേപ്പെ പുള്ളിസിയെപോലെ മറ്റുളളവരെ സ്നേഹിക്കുന്നവന്‍ സഹായിക്കുകയും സേവനം ചെയ്യുകയും ചെയ്യുകയെന്നതിന്‍റെ  മനോഹാരിത കണ്ടെത്തുകയും ആന്തരികാനന്ദമനുഭവിക്കുകയും ചെയ്യുമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

മാഫിയയക്ക് ശക്തമായ താക്കീതു നല്കിയ  പാപ്പാ ഇപ്രകാരം പറഞ്ഞു: സ്നേഹമാകുന്ന ദൈവം അതിക്രമത്തെ നിരാകരിക്കുകയും ചെയ്യുന്നു. ആകയാല്‍ വിദ്വേഷം എന്ന പദം ജീവിതംകൊണ്ട് മായിച്ചുകളയേണ്ടിയിരിക്കുന്നു.  ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുകയും സഹോദരന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക സാധ്യമല്ല. ദൈവത്തില്‍ വിശ്വസിക്കുകയും അതേസമയം മാഫിയ ആയിരിക്കുകയും ചെയ്യാനാകില്ല. മാഫിയ ആയിരിക്കുന്നവന് ക്രിസ്തീയജീവിതം നയിക്കാനാകില്ല. കാരണം മാഫിയ  ദൈവത്തിന്‍റെ നാമത്തെ ജീവിതംകൊണ്ട് നിന്ദിക്കുകയാണ്... ആകയാല്‍ മാഫിയക്കാരേ, ഞാന്‍ നിങ്ങളോടു പറയുന്നു: പരിവര്‍ത്തനം ചെയ്യുവിന്‍... നിങ്ങളെക്കുറിച്ചും പണത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്നത് അവസാനിപ്പിക്കുവിന്‍. നിനക്കറിയാമോ, നിങ്ങള്‍ക്കറിയാമോ ശവക്കച്ചയ്ക്ക് കീശയില്ല, നിങ്ങള്‍ക്കൊന്നും നിങ്ങളോടൊപ്പം കൊണ്ടുപോകാനാകില്ല. മാനസാന്തരപ്പെടുവിന്‍,  യേശുക്രിസ്തുവിന്‍റെ സത്യദൈവത്തിലേക്കു തിരിയുവിന്‍. ഞാന്‍ നിങ്ങള്‍ മാഫിയക്കാരോടു പറയുന്നു ഇതു നിങ്ങള്‍ ചെയ്യാത്തപക്ഷം നിങ്ങളുടെ ജീവിതം നഷ്ടമാകും, ഏറ്റം വലിയ പരാജയമായിരിക്കും അത്. 

വത്തിക്കാനില്‍ നിന്ന് 400 ലേറെ കിലോമീറ്റര്‍ വ്യോമ ദൂരവും 900 ത്തിലേറെ കരദൂരവുമുണ്ട് തെക്കെ ഇറ്റലിയിലെ സിസിലിയിലേക്ക്. ഇവിടെ പാപ്പാ നടത്തിയത് ഏകദിന ഇടയസന്ദര്‍ശനമായിരുന്നു.

15 September 2018, 13:11