തിരയുക

ഫയല്‍ ചിത്രം ഫയല്‍ ചിത്രം 

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച പ്രബോധിപ്പിച്ച അനന്തമായ കാരുണ്യം... Eterna Misericordia എന്ന ഇടയ ലേഖനത്തിലൂടെയാണ് ചൈനയിലെ കത്തോലിക്കരെ അനുരഞ്ജനത്തിന്‍റെയും സ്നേഹത്തിന്‍റെയും സഭാക്കൂട്ടായ്മയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ക്ഷണിക്കുന്നത്. ചൈന-വത്തിക്കാന്‍ അനുരഞ്ജന ഉടമ്പടിയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ചൈനയിലെ വിശ്വാസികള്‍ക്ക് അയച്ച ഇടയലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണീ ചിന്തകള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചൈനയില്‍ തെളിയുന്ന ദൈവിക കാരുണ്യദീപം
ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം അനന്തമാണ്! അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേതാണ്. നാം അവിടുത്തെ ജനവും അജഗണവുമാണ് (സങ്കീര്‍ത്തനം 100, 3). ചൈനയിലെ സഭയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ നീക്കങ്ങള്‍ ആനന്ദദായകമാണ്.  ചരിത്രത്തില്‍ ഏറെ വിസ്തൃതമായൊരു രാജ്യത്ത് വിഹരിക്കുന്ന ചൈനയിലെ സഭാ സമൂഹം  ചെറിയൊരു അജഗണമാണ്. എങ്കിലും “ഭയപ്പെടേണ്ട, നിങ്ങള്‍ക്കായി ദൈവരാജ്യം നല്കണമെന്ന് ആഗ്രഹിച്ചത് സ്വര്‍ഗ്ഗീയപിതാവാണ്,” ദൈവമാണ് (ലൂക്കാ 12, 32).‌‌‌‌

അനുരജ്ഞിതരാകാം സാഹോദര്യം വളര്‍ത്താം!
അടുത്ത കാലത്ത് ചൈനയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ഭാവിയെക്കുറിച്ച് വൈവിധ്യമാര്‍ന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. സംഭ്രാന്തി ജനകമായ വാര്‍ത്തകളും അഭിപ്രായങ്ങളും തീര്‍ച്ചയായും കുറെ ആശയക്കുഴപ്പങ്ങളും, വിവിധങ്ങളായ പ്രതികരണങ്ങളും ധാരാളം പേരുടെ മനസ്സില്‍ അവ ഉയര്‍ത്തിക്കാണാം. ചിലരില്‍ പരിഭ്രാന്തിയും സംശയങ്ങളും ഉന്നയിച്ചിട്ടുണ്ടാകാം. ചിലര്‍ക്ക് വത്തിക്കാന്‍ തങ്ങളെ കൈവിട്ടെന്നു തോന്നിയേക്കാം. ക്രിസ്തുവിന്‍റെ സഭയോടും പത്രോസിന്‍റെ പിന്‍ഗാമിയോടും നിങ്ങള്‍ക്കുള്ള സ്നേഹത്തിന്‍റെ അടയാളമാണ് ഈ സമ്മിശ്ര വികാരങ്ങളുടെ പ്രതികരണങ്ങള്‍. പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള സ്നേഹത്തിനും കൂട്ടായ്മയ്ക്കുംവേണ്ടി എന്തിനാണ് ഇത്രയേറെ സഹിക്കുന്നതെന്നു ചിന്തിക്കുന്നവരുമുണ്ട്. പിന്നെയും കുറെപ്പേര്‍ ചൈനയിലെ വിശ്വാസികള്‍ക്ക് പ്രശാന്തമായൊരു ഭാവിയുണ്ടാകും എന്ന പ്രത്യാശയിലും കഴിയുന്നുണ്ട്.

നിയമബന്ധിതമല്ല സ്നേഹബന്ധിതമാണ് അനുരഞ്ജനം
ദൈവത്തിന്‍റെ കരുണയില്‍ സമര്‍പ്പിച്ച് ചൈനയിലെ എല്ലാ കത്തോലിക്കരും അനുരഞ്ജനത്തിന്‍റെ പാതയിലാണ് ഇനി മുന്നോട്ടു പോകേണ്ടതെന്ന്
പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ചൈനയും വത്തിക്കാനും തമ്മിലുണ്ടായ നവമായ കരാറിന്‍റെ വെളിച്ചത്തില്‍ നാം എടുക്കുന്ന നയം നിയമത്തിന്‍റേതല്ല, ക്രിസ്തുവിലുള്ള സ്നേഹത്തിന്‍റേയും അനുരഞ്ജനത്തിന്‍റേതുമാണ്. ക്രിസ്തുവില്‍ നാം അനുരഞ്ജിതരാണ്, അവിടുന്ന് അനുരജ്ഞനത്തിന്‍റെ കൂദാശയും നമുക്കായി നല്കിയിട്ടുണ്ട്. (2 കൊറി. 5, 18). ദൈവത്തിങ്കലേയ്ക്കു തിരിച്ചുവരുന്ന ഏതു മകനെയോ മകളെയോ ഒരു നിയമത്തിനോ കല്പനയ്ക്കോ തടയാനാവില്ല. പിതാവിന്‍റെ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ച്, ചൈനയിലെ ഓരോ കത്തോലിക്കനും, ഏത് അവസ്ഥയിലായിരുന്നാലും സഭയിലേയ്ക്ക് തിരിച്ചുവരണമെന്ന് പാപ്പാ ആഹ്വാനംചെയ്തു (Apostolic Letter Misericordia et Misera, 2016, pg.11).

പിതാവു കരുണയുള്ളവനായിരിക്കുന്നപോലെ...!
സഭയുടെ അസ്ഥിത്വം യേശു പഠിപ്പിച്ച ദൈവപിതാവിന്‍റെ ക്ഷമിക്കുന്നതും രക്ഷാകരവുമായ സ്നേഹത്തിനു സാക്ഷ്യംവഹിക്കുകയാണ്. അതിനാല്‍ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്, മുന്‍പൊരിക്കലും ചെയ്യാത്തതുപോലെ, പഴയ മുറിവുകള്‍ ഉണക്കി ചൈനയിലെ കത്തോലിക്കരെല്ലാവരും സമ്പൂര്‍ണ്ണകൂട്ടായ്മയില്‍ തിരിച്ചുവരണമെന്ന രീതിയിലാണ്. അങ്ങനെ പൂര്‍വ്വോപരി മെച്ചപ്പെട്ട സാഹോദര്യവും സഹകരണവും ആര്‍ജ്ജിച്ചുകൊണ്ട് സുവിശേഷത്തിന്‍റെ സന്തോഷമുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുകയും, അവിടുത്തെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാം.

ചൈനയിലെ സഭയ്ക്കൊരു  നവജീവന്‍ 
സര്‍ക്കാരുമായുള്ള പുതിയ ഉടമ്പടി മെത്രാന്മാരുടെ നിയമനം സംബന്ധിച്ചു മാത്രമാണെങ്കിലും, സഭാജീവിതത്തിന്‍റെ മറ്റുമേഖലകളും ഇതോടെ മെച്ചപ്പെടുത്തണമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു. അങ്ങനെ ചൈനയിലെ സഭാചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം തുറക്കാനാകും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചൈനീസ് സര്‍ക്കാര്‍ സഭയുമായി അനുരഞ്ജനപ്പെടുന്നത്. അതുവഴി അവിടെ സഭാഭരണത്തിന് ആവശ്യമായ നല്ലിടയന്മാരെ ഭാവിയില്‍ നല്കാനാകുമെന്നും പ്രത്യാശിക്കുന്നു. ദൈവജനത്തിന്‍റെ നന്മയ്ക്കായി ജീവന്‍ സമര്‍പ്പിക്കുന്ന നല്ല ഇടയന്മാരെ കണ്ടത്തേണ്ടത് അല്‍മായരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും ഉത്തരവാദിത്വമായി കാണുക. ചൈനയിലെ സഭാമക്കളും അതിനായി വത്തിക്കാനെ സഹായിക്കുക. “വലിയവനാകാന്‍ അഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനും സേവകനുമായിരിക്കട്ടെ,” (മര്‍ക്കോസ് 10, 43-44)  സഭ നേതൃത്വത്തിലേയ്ക്കുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നതില്‍ ഈ സുവിശേഷസൂക്തം നമുക്ക് മാര്‍ഗ്ഗദീപമാവട്ടെ!

ജീവിതാന്ത്യത്തില്‍ നാം വിധിക്കപ്പെടുന്നത് സഹോദരങ്ങളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ അജപാലന  മേഖലയില്‍ ചൈനയിലെ കത്തോലിക്കര്‍ പഴയ വിഭാഗീയതകള്‍ മറന്ന് ഒരുമിക്കേണ്ടതാണ്. ആരെയും മാറ്റിനിറുത്താതെ അനുരഞ്ജനത്തിന്‍റെയും കൂട്ടായ്മയുടെയും വ്യക്തമായ അടയാളങ്ങളില്‍ പരസ്പരം ഒന്നിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2018, 19:50