തിരയുക

ചൈന-വത്തിക്കാന്‍ ഉടമ്പടിയെക്കുറിച്ച് ചൈന-വത്തിക്കാന്‍ ഉടമ്പടിയെക്കുറിച്ച് 

ചൈന-വത്തിക്കാന്‍ ഉടമ്പടിയും അനുരഞ്ജന ശ്രമങ്ങളും

സെപ്തംബര്‍ 26-‍Ɔο തിയതി ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ചൈന ഉപഭൂഖണ്ഡത്തിലെ മെത്രാന്മാരുടെ നിയമനത്തെ സംബന്ധിച്ച ഉടമ്പടിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് വിവരിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചൈന വത്തിക്കാന്‍ അനുരഞ്ജന നീക്കങ്ങള്‍
സെപ്തംബര്‍ 22-Ɔο തിയതി ശനിയാഴ്ച ബെയ്ജിങില്‍വച്ചായിരുന്നു മെത്രാന്മാരുടെ നിയമനം സംബന്ധിച്ച ചൈനയും വത്തിക്കാനും തമ്മിലുള്ള താല്ക്കാലിക ഉടമ്പടിയില്‍ ഇരുപക്ഷവും ഒപ്പുവച്ചത്. ഇത് നീണ്ടകാല സംവാദത്തിന്‍റെ ഫലമാണ്. ചൈനയിലെ സഭയ്ക്കും പൊതുവെ അവിടത്തെ മതപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് ഈ കരാറെന്ന് പാപ്പാ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ചൈനയിലെ കത്തോലിക്കര്‍ക്കും ആഗോള സഭയ്ക്കും പ്രചോദനാത്മകമാകുന്നൊരു സാഹോദര്യസന്ദേശം ഇന്നാളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും പാപ്പാ അറിയിച്ചു. പഴയ മുറിവുകള്‍ ഉണക്കാനും, ചൈനയിലെ കത്തോലിക്കര്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്താനും, അങ്ങനെ നവമായ സമര്‍പ്പണത്തോടെ സുവിശേഷ ചൈതന്യത്തില്‍ ജീവിക്കാനും ഈ ഉടമ്പടി സഹായകമാകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാര്‍ത്ഥനപൂര്‍ണ്ണമായ പിന്‍തുണ
ചൈനയിലെ ക്രൈസ്തവ സഹോദരങ്ങളുമായി പ്രാര്‍ത്ഥനയിലും സാഹോദര്യത്തിനും സൗഹൃദത്തിലും നമുക്ക് ഇനിയും ചേര്‍ന്നുനില്ക്കാം! അവിടത്തെ കത്തോലിക്കര്‍ ഒറ്റയ്ക്കല്ലെന്ന് അവര്‍ക്കറിയാം. സഭ മുഴുവും അവര്‍ക്കൊപ്പമുണ്ട്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പരിശുദ്ധ കന്യകാനാഥ, പ്രത്യാശയുടെ അമ്മ, ക്രിസ്ത്യാനികളുടെ സഹായിനി ചൈന മഹാരാജ്യത്തിലെ കത്തോലിക്കരെ കാത്തുസംരക്ഷിക്കുകയും, അവിടത്തെ ജനങ്ങളെന്നും സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കുകയും ചെയ്യട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് ചരിത്രപരമായ ഉടമ്പടിയെക്കുറിച്ചുള്ള വിവരണം പാപ്പാ ഉപസംഹരിച്ചത്.

സര്‍ക്കാര്‍ നിയന്ത്രിത സഭ പിന്‍വാങ്ങും
വര്‍ഷങ്ങളായി സഭയുടെ നിയമങ്ങള്‍ ധിക്കരിച്ച് ചൈനീസ് സര്‍ക്കാര്‍ മെത്രാന്മാരുടെ നിയമം നടത്തിപ്പോരുകയായിരുന്നു. ഇതിന്‍റെ ഫലമായി ചൈനയിലെ കത്തോലിക്ക സമൂഹം വിഭജിക്കപ്പെട്ടു. സര്‍ക്കാരിനോടു കൂറുള്ള “ദേശീയ സഭ” Patriotic Church രൂപീകൃതമായി. വത്തിക്കാനോടും പത്രോസിന്‍റെ പരമാധികാരത്തോടും ചേര്‍ന്നുനിന്ന സഭ ചൈനയിലെ രണ്ടാം തരം സഭയായി പരിഗണിക്കപ്പെടാന്‍ ഇടയായി. ഇതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നിയന്തണത്തില്‍ അല്ലാത്ത മെത്രാന്മാരെയും സഭാമക്കളെയും ചൈന പീഡിപ്പിക്കുകയും ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പിന്‍തുണയില്ലാത്ത സഭ രഹസ്യസഭയായി മാറാനും ഇടവന്നിട്ടുണ്ട്.

ചരിത്രത്തിലെ അനുരഞ്ജന ശ്രമങ്ങള്‍
ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നതിനും ചൈനയിലെ ജനങ്ങളുമായി നല്ലബന്ധം പുലര്‍ത്തുന്നതിനുമുള്ള പരിശ്രമത്തിന് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിടുകയും, മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ അത് തുടരുകയും, പാപ്പാ ഫ്രാന്‍സിസ് ആ പരിശ്രമത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.

നിരന്തരമായ സംവാദത്തിന്‍റെയും കൂടിക്കാഴ്ചകളുടെയും ഫലമായിട്ട് സെപ്തംബര്‍ 22-Ɔο  തിയതി ശനിയാഴ്ച നടന്ന ഇരുപക്ഷങ്ങളുടെയും കൂടിക്കാഴ്ചയില്‍ സഭയുടെ അധികാരം മാനിച്ചുകൊണ്ട് മെത്രാന്മാരുടെ നിയമന കാര്യങ്ങളില്‍നിന്നും ചൈനീസ് സര്‍ക്കാര്‍ പിന്‍വാങ്ങുകയും, ഇക്കാര്യത്തില്‍ വത്തിക്കാന്‍റെ നടപടിക്രങ്ങള്‍ നടത്തുനുള്ള താല്ക്കാലിക കരാറില്‍ ഇരുപക്ഷവും ഒപ്പുവയ്ക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2018, 18:32