തിരയുക

പാപ്പായ്ക്ക് സ്വാഗതം - ബാള്‍ട്ടിക്ക് നാടുകളില്‍ ഒന്നായ ലാത്വിയ പാപ്പായ്ക്ക് സ്വാഗതം - ബാള്‍ട്ടിക്ക് നാടുകളില്‍ ഒന്നായ ലാത്വിയ 

പാപ്പാ ബാള്‍ട്ടിക്ക് നാടുകളിലേക്ക്

ഫ്രാന്‍സീസ് പാപ്പാ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക് നാടുകള്‍ സന്ദര്‍ശിക്കുന്നു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം ഈ ഇരുപത്തിരണ്ടിന്, ശനിയാഴ്ച (22/09/18) ആരംഭിക്കുന്നു. 22 മുതല്‍ 25 വരെയായിരിക്കും ഈ അജപാലന സന്ദര്‍ശനം. 3 ദിവസവും 13 മണിക്കൂറും നീളുന്ന ഈ സന്ദര്‍ശനത്തില്‍ പാപ്പാ വ്യോമകരമാര്‍ഗ്ഗങ്ങളിലായ നാലായിരത്തി തൊള്ളായിരത്തിലേറെ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും, ചെറുതും വലുതുമായ പതിനഞ്ചോളം പ്രഭാഷണങ്ങള്‍ നടത്തും. ലിത്വാനിയ, ലാത്വി, എസ്തോണിയ എന്നി ബാള്‍ട്ടിക് നാടുകളാണ് പാപ്പായുടെ ഈ സന്ദര്‍നത്തിന്‍റെ വേദികള്‍ യഥാക്രമം. ബാള്‍ട്ടിക്ക് നാടുകളില്‍ എത്തുന്ന രണ്ടാമത്തെ പാപ്പായാണ് ഫ്രാന്‍സീസ്. ഇതിനു മുമ്പ് ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ ആയിരുന്നു. കാല്‍നൂറ്റാണ്ടു മുമ്പ്, അതായത്, 1993 സെപ്റ്റംബര്‍ 4 മുതല്‍ 10 വരെ ആയിരുന്നു ഈ അപ്പസ്തോലിക പര്യടനം.

രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, സഭൈക്യകൂട്ടായ്മകള്‍, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍, സഭാപ്രതിനിധകളും വൈദികരും സന്ന്യസ്തരുമായുള്ള സംവാദം, ജനങ്ങള്‍ക്കൊപ്പം പാപ്പാ അര്‍പ്പിക്കുന്ന സമൂഹബലി എന്നിവ ഓരോ രാജ്യത്തെയും സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുന്നു.

ബാൾട്ടിക് കടലിന്‍റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലാത്‌വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് ബാൾട്ടിക്ക് രാജ്യങ്ങൾ എന്നറിയപ്പെടുന്നത്. ഉയർന്ന മാനവ വികസന സൂചികയും ഉയർന്ന മൊത്ത ആഭ്യന്തര വരുമാനവും ഉള്ള വികസിത രാജ്യങ്ങളാണ് ഈ മൂന്ന് രാജ്യങ്ങളും. യൂറോപ്യൻ യൂണിയൻ, യൂറോസോൺ, നാറ്റോ എന്നിവയിൽ അംഗങ്ങളായ ബാൾട്ടിക്ക് രാജ്യങ്ങൾ, കൂട്ടായ പ്രാദേശിക സഹകരണത്തോടെയാണ് പല അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിക്കുന്നത്.

ബാൾട്ടിക് കടലുമായി ബന്ധപ്പെടുത്തിയാണ് ഈ നാടുകളെ ബാള്‍ട്ടിക് രാജ്യങ്ങൾ എന്നു വിളിക്കുന്നത്. ഇന്തോ-യുറോപ്യൻ ഭാഷകളിൽ വെളുത്തത്, വെള്ള എന്നൊക്കെ അർഥമുള്ള "ബെൽ"(*bhel) എന്ന വാക്കിൽ നിന്നാണ് ബാള്‍ട്ടിക്ക് എന്ന പേര് വന്നതെന്നാണ് കരുതപ്പെടുന്നത്. ബാൾട്ടിക്ക് ഭാഷകളിൽ ബാൾട്ടാസ് എന്ന ലിത്വാനിയൻ വാക്കിനും ബാൾട്സ് എന്ന ലാത്വിയൻ വാക്കിനും വെള്ള എന്നാണ് അർത്ഥം. 1990കളില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടുന്നതുവരെ ഏതാണ്ട് 2 നൂറ്റാണ്ടു കാലത്തോളം റഷ്യന്‍ സാമ്രാജ്യാധിപത്യത്തിലായിരുന്നു ഈ നാടുകള്‍. 4വര്‍ഷത്തോളം ജര്‍മ്മനിയും ബാള്‍ട്ടിക് നാടുകളില്‍  ആധിപത്യമുറപ്പിച്ചിരുന്നു.

ബാള്‍ട്ടിക് നാടുകളും ഇന്ത്യയും തമ്മില്‍ സമയത്തില്‍ 2 മണിക്കൂറും 30 മിനിറ്റും വിത്യാസമുണ്ട്. ബാള്‍ട്ടിക് നാടുകളെക്കാള്‍ ഇത്രയും സമയം മുന്നിലാണ് ഇന്ത്യ.

ലിത്വാനിയ

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്, കൊട്ടാരങ്ങളുടെയും തടാകങ്ങളുടെയും നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ). ബാൾട്ടിക് കടലിന്‍റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം. ഏതാണ്ട് 33 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

1795 ല്‍ റഷ്യ പിടിച്ചെടുത്ത ലിത്വാനിയ 1915 മുതല്‍ 1918 വരെ ജര്‍മ്മനിയുടെ ആധിപത്യത്തിലായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിന്‍റെ തുടക്കം വരെ സ്വതന്ത്രമായിരുന്ന ഈ രാജ്യം വീണ്ടും 1940 ല്‍ സോവ്യറ്റ് യുണ്യനോടു ചേര്‍ക്കപ്പെട്ടു. 1941 മുതല്‍ 1945 വരെ ജര്‍മ്മനിയുടെ നാസിപട്ടാളം ബാള്‍ട്ടിക് രാജ്യങ്ങളില്‍ ആധിപത്യമുറപ്പിച്ചിരുന്നെങ്കിലും വീണ്ടും സോവ്യറ്റ്യൂണ്യന്‍ പിടിച്ചെടുത്തു. പിന്നീട് 1990 മാര്‍ച്ച് 11 നാണ് ലിത്വാനിയ സോവ്യറ്റ് യൂണ്യനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. സോവ്യറ്റ് യുണ്യനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഘ്യാപിച്ച പ്രഥമ രാഷ്ട്രമാണ് ലിത്വാനിയ.

ദാലിയ ഗ്രൈബൗസ്കൈറ്റ് ആണ് ലിത്വാനിയയുടെ പ്രസിഡന്‍റ്. 5 വര്‍ഷത്തിലൊരിക്കല്‍ പാര്‍ലിമെന്‍റാണ്, രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത്.

ഭരണത്തലവന്‍ പ്രധാനമന്ത്രിയാണ്. സൗലിയുസ് സ്കെവെര്‍നെലിസ് ആണ് പ്രധാനമന്ത്രി.

65200 ചതരുശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലിത്വാനിയയില്‍ ജനസംഖ്യ 33 ലക്ഷത്തിനടുത്തുവരും. ഇവരില്‍ 85 ശതമാനവും ലിത്വാനിയ വംശജരും 7 ശതമാനം പോളിഷ് വംശജരും 6 ശതമാനം റഷ്യന്‍ വംശജരുമാണ്. രണ്ടു ശതമാനം മറ്റു രാജ്യക്കാരാണ്.

ഔദ്യോഗിക ഭാഷ ലിത്വാനിയനാണെങ്കിലും റഷ്യന്‍ പോളിഷ് ഭാഷകളും ഉപയോഗിക്കപ്പെടുന്നു.

ക്രിസ്തീയവിശ്വാസവെളിച്ചം ലിത്വാനിയായില്‍

ലിത്വാനിയായിലെ ക്രിസ്തീയവിശ്വാസത്തിന്‍റെ ചരിത്രം പതിനൊന്നാം നൂറ്റാണ്ടു വരെ പിന്നോട്ടു പോകുന്നു. ആ കാലഘട്ടത്തില്‍ ക്രൈസ്തവ പ്രേഷിതര്‍ അവിടെ എത്തിയെങ്കിലും  ലിത്വാനിയായിലെ മഹാ പ്രഭു ജൊഗായിലയും (JOGAILA) പോളണ്ടിന്‍റെ രാജ്ഞി കത്തോലിക്കയായിരുന്ന യാദ്വിഗയും (Jadwiga) തമ്മിലുള്ള വിവാഹാനന്തരം 1387 ല്‍ മാത്രമാണ് അന്നാട് കത്തോലിക്ക വിശ്വാസത്തിന്‍റെ  പാതയിലായത്. പ്രതിബന്ധങ്ങളെ തരണം ചെയ്തുതൊണ്ട് കത്തോലിക്കാവിശ്വാസം  ക്രമേണ ശക്തി പ്രാപിച്ചു. 1926 ലാണ് അന്നാട്ടില്‍ സഭയ്ക്ക് ഘടനാപരമായ ഒരസ്തിത്വം ഉണ്ടായത്. അക്കൊല്ലം ലിത്വാനിയായില്‍ സഭാ പ്രവിശ്യ സ്ഥാപിതമായി. 1927 ല്‍ ലിത്വാനിയായും പരിശുദ്ധസിംഹാസനവും തമ്മില്‍ ഒരു ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്തും സോവ്യറ്റ് യൂണ്യന്‍റെ ആധിപത്യ ഘട്ടത്തിലും സഭാഘടനകളുടെ വികസനത്തിന് തടസ്സങ്ങള്‍ നേരിട്ടു. 5 പതിറ്റാണ്ടോളം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടപ്പെട്ടു. സഭ പീഢിപ്പിക്കപ്പെടു. പിന്നീട് 1990 ല്‍ ലിത്വാനിയ റഷ്യയില്‍ നിന്ന് സ്വതന്ത്രമായതിനു ശേഷമാണ് അവിടെ കത്തോലിക്കാ സഭാ ജീവിതം നവവീര്യം ആര്‍ജ്ജിച്ചത്.

ജനസംഖ്യയില്‍ 80 ശതമാനവും കത്തോലിക്കരാണ്. റഷ്യന്‍ ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ 5ഉം ലൂതറന്‍ സഭാനുയായികള്‍ 1ഉം ശതമാനവുമാണ്.

അന്നാട്ടിലെ കത്തോലിക്കാവിശ്വാസികള്‍ 8 സഭാഭരണ പ്രവിശ്യകളിലായി തിരിക്കപ്പെട്ടിരിക്കുന്നു. ഈ അതിരൂപതാ-രൂപതകളുടെ കീഴില്‍ 712 ഇടവകളുണ്ട് ലിത്വാനിയയിലെ സഭയ്ക്ക്.

അന്നാട്ടിലെ മെത്രാന്മാരുടെ സംഖ്യ 17 ആണ്. 700 ല്‍പ്പരം രൂപതാവൈദികരും നൂറിലേറെ സന്ന്യസ്ത വൈദികരും ഇരുപതോളം സന്ന്യസ്ത സഹോദരരും 550 ലേറെ സന്ന്യാസിനികളും അജപാലന പ്രവര്‍ത്തനകളില്‍ സജീവമാണ്. 220 ലേറെ അജപാലന കേന്ദ്രങ്ങള്‍ ലിത്വാനിയയിലെ സഭയ്ക്കുണ്ട്. അന്നാട്ടിലെ കത്തോലിക്കാ മതപ്രബോധകരുടെ എണ്ണം 930 ആണ്.

ലിത്വാനിയയിലെ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ 475 ഉം സാമൂഹ്യസേവന-ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങള്‍ 5 ഉം ആണ്.

ലാത്വിയ

ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ മറ്റൊരു രാജ്യമാണ് ലാത്‌വിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലാത്‌വിയ). വടക്ക് എസ്റ്റോണിയ, തെക്ക് ലിത്വാനിയ കിഴക്ക് ബെലാറസ് റഷ്യൻ ഫെഡറേഷൻ, പടിഞ്ഞാറു വശത്ത് ബാൾട്ടിക് കടല്‍ എന്നിവയാണ് ഇതിന്‍റെ അതിർത്തികൾ. 64,600 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്‍റെ വിസ്തീർണം. ജനസംഖ്യ 20 ലക്ഷത്തിലേറെ വരും. രാജ്യത്തെ 26 ജില്ലകളായി (ഡിസ്ട്രിക്ട്) വിഭാഗിച്ചിരിക്കുന്നു. റിഗ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

ജനങ്ങളില്‍ 62 ശതമാനമാണ് അന്നാട്ടുകാര്‍. 37 ശതമാനം റഷ്യന്‍ വംശജരും.

സോവ്യറ്റ് യൂണ്യന്‍റെയും ജര്‍മ്മനിയുടെയും ആധിപത്യം, ലിത്വാനിയയെപ്പോലെതന്നെ, അനുഭവിച്ച ലാത്വിയ 1991 ആഗസ്റ്റ് 21 ന് സോവ്യറ്റ് യൂണ്യനില്‍ നിന്ന് സ്വാതന്ത്ര്യം നേടി.

അന്നാടിന്‍റെ രാഷ്ട്രത്തലവന്‍ റയ്മോണ്ട്സ് വെയോനിസും പ്രധാനമന്ത്രി മാരിസ് കുചീന്‍സ്കിസും ആണ്.

ലാത്വിയ സുവിശേഷവത്ക്കരിക്കപ്പെടുന്നു

പന്ത്രണ്ടാം നൂറ്റാണ്ടില്‍ അഗസ്റ്റീനിയന്‍ പ്രേഷിതന്‍ വിശുദ്ധ മെയിനാര്‍ദൊയാണ് ലാത്വിയയില്‍ സുവിശേഷവത്കരണ ദൗത്യവുമായി എത്തിയത്. പിന്നീട് ബിഷപ്പ് അല്‍ബ്രെക്ട് ഫോണ്‍ ബുക്സ്തോവെന്‍ എന്ന മെത്രാന്‍ ആ ദൗത്യം തുടര്‍ന്നു. പതിനാറാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്‍റ്‍ നവീകരണത്തെ തുടര്‍ന്ന് അന്നാട്ടിലെ ജനങ്ങള്‍ ലൂതറന്‍ സഭയില്‍ ചേരാന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യന്‍ സാര്‍ ചക്രവര്‍ത്തി   ഭരണത്തിന്‍റെ ഫലമായി അന്നാട്ടില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും വേരുപിടിച്ചു.

മറ്റു ബാള്‍ട്ടിക്ക് രാജ്യങ്ങളിലെന്നപോലെ തന്നെ ലാത്വിയയിലെ കത്തോലിക്കാ സഭയ്ക്കും പീഢനങ്ങള്‍ അന്യമായിരുന്നില്ല. 1991 ല്‍ അന്നാട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് കത്തോലിക്കാ സഭയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം വീണ്ടും ലഭിച്ചത്. പരിശുദ്ധസിംഹാസനവും ലാത്വിയയും തമ്മില്‍ 2000 ത്തില്‍, നവംബര്‍ 8 ന് ഒപ്പു വച്ചതും 2002 ല്‍ സ്ഥിരീകരിക്കപ്പെട്ടതുമായ ഉടമ്പടിയാണ് സഭാസര്‍ക്കാര്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്നത്.

ലാത്വിയയില്‍  20 ലക്ഷത്തിലേറെ വരുന്ന മൊത്ത ജനസംഖ്യയില്‍ കത്തോലിക്കര്‍ 5ല്‍ ഒന്നു മാത്രമാണ്, ജനസംഖ്യയുടെ 20 ശതമാനം.

4 സഭാഭരണ പ്രവിശ്യകളും 260 ലേറെ ഇടവകകളും 20 ല്‍പ്പരം അജപാലന കേന്ദ്രങ്ങളും പ്രാദേശിക കത്തോലിക്കാ സഭയ്ക്കുണ്ട്. മെത്രാന്മാരുടെ സംഖ്യ 8 ആണ്. 140 നടുത്തു രൂപതാ വൈദിരും മുപ്പതോളം സന്ന്യസ്ത വൈദികരും നൂറോളം സന്ന്യാസിനിസഹോദരികളും മൂന്നൂറിനടുത്തു മതബോധകരും അജപാലന പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തം നീട്ടുന്നു.

ലാത്വിയയിലെ സഭയുടെ കീഴില്‍ 10 വിദ്യഭ്യാസ കേന്ദ്രങ്ങളും 5 ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളുമുണ്ട്.  

എസ്തോണിയ

വടക്കൻ യൂറോപ്പിലുള്ള ബാള്‍ട്ടിക് രാജ്യമായ എസ്റ്റോണിയ [ɛsˈtoʊniə] ഔദ്യോഗികമായി അറിയപ്പെടുന്നത് റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ എന്നാണ്. ഈ രാജ്യത്തിന്‍റെ വടക്ക് വശത്ത് ഫിൻലാന്‍റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും കിഴക്ക് റഷ്യയും, പ്രധാനമായി നാര്‍വ നദിയും പെയിപ്സ്, ത്യൊപ്ലോയെ, പ്സ്ക്കൊവ് തടാകങ്ങളും, അതിര്‍ത്തികള്‍ കുറിക്കുന്നു. ടാലിൻ ആണ്‌ എസ്റ്റോണിയയിലെ പ്രധാന നഗരവും അന്നാടിന്‍റെ തലസ്ഥാനവും.

45100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള എസ്തോണിയയിലെ ജനങ്ങളുടെ സംഖ്യ 13 ലക്ഷത്തിലേറെ മാത്രമാണ്. ഇവരില്‍ 70 ശതമാനവും അന്നാട്ടുകാരാണ്. ശേഷിച്ചവരില്‍ 25 ശതമാനം റഷ്യന്‍ വംശജരും, 2 ശതമാനം ഉക്രയിന്‍ കാരും 1 ശതമാനം  ബെലാറുസ് കാരും 1 ശതമാനം ഫിന്‍ലാന്‍റുകാരും, 1 ശതമാനം മറ്റു രാജ്യക്കാരും ആണ്.

എസ്തോണെ ആണ് ഔദ്യോഗിക ഭാഷ. റഷ്യന്‍ ഭാഷയും അവിടെ ഉപയോഗിക്കപ്പെടുന്നു.

രാഷ്ട്രത്തലവന്‍ കെഴ്സ്തി കല്യുലായിഡും പ്രധാനമന്ത്രി യൂറി റത്താസുമാണ്.

 ക്രിസ്തുവിശ്വാസ കിരണങ്ങള്‍ എസ്തോണിയായില്‍

പതിമൂന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് എസ്തോണിയായില്‍ സുവിശേഷ വെളിച്ചം പരക്കാന്‍ തുടങ്ങിയത്. പിന്നീട്, ലാത്വിയയില്‍ സംഭവിച്ചതു പോലെ തന്നെ പ്രൊട്ടസ്റ്റന്‍റ്  നവീകരണത്തെ തുടര്‍ന്ന് അന്നാട്ടിലും ലൂതറന്‍ വിശ്വാസം പ്രചരിക്കാന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണ് ഡൊമീനിക്കന്‍ സമൂഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി കത്തോലിക്കാവിശ്വാസം അന്നാട്ടില്‍ വീണ്ടും ശക്തിപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ സഭ അടിച്ചമര്‍ത്തപ്പെട്ടു. മൂന്നൂ നൂറ്റാണ്ടുകളോളം നീണ്ട നിയന്ത്രണങ്ങള്‍ക്കും  പാഢനങ്ങള്‍ക്കും ശേഷം 1924  നവംബര്‍ 1 ന് പതിനൊന്നാം പീയൂസ് പാപ്പാ എസ്തോണിയായില്‍, എസ്തോണി അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്‍ സ്ഥാപിച്ചു.

എസ്തോണിയയിലും, ഇതര രണ്ടു ബാള്‍ട്ടിക്ക് നാടുകളെപ്പോലെതന്നെ റഷ്യയില്‍ നിന്നുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു ശേഷമാണ്, അതായത് 1991 നു ശേഷം മാത്രമാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായത്. റഷ്യയുടെ ആധിപത്യകാലത്ത് വിച്ഛേദിക്കപ്പെട്ട നയതന്ത്രബന്ധങ്ങള്‍ എസ്തോണിയയും പരിശുദ്ധസിംഹാസനവും പുനസ്ഥാപിച്ചു.

ഇപ്പോള്‍ അന്നാട്ടിലെ കത്തോലിക്കര്‍ ജനസംഖ്യയുടെ 0.5 ശതമാനം മാത്രമാണ്, അതായത്, 6500 ഓളം. ഒരു സഭാഭരണ പ്രവിശ്യയും 9 ഇടവകളും ആറ് അജപാലന കേന്ദങ്ങളും അവിടയുണ്ട്. 1 മെതാനും 15 രൂപതാ വൈദികരും 2 സന്യസ്ത വൈദികരും 30 സന്ന്യാസിനികളും സഭയില്‍ സേവനമനുഷ്ഠിക്കുന്നു. 3 വിദ്യഭ്യാസ സ്ഥപനങ്ങള്‍ സഭയ്ക്കുണ്ട്.  

ശനിയാഴ്ച (22/09/18) രാവിലെ ഈ നാടുകളിലേക്ക് റോമില്‍ നിന്നു പുറപ്പെടുന്ന ഫ്രാന്‍സീസ് പാപ്പാ ആദ്യം പാദമൂന്നുക ലിത്വാനിയയിലാണ്. തിങ്കളാഴ്ച പാപ്പാ ലാത്വിയയിലേക്കു പോകും. അന്നുതന്നെ ലിത്വാനിയിയില്‍ തിരിച്ചെത്തുന്ന പാപ്പാ അടുത്തദിവസം, അതായത്, ചൊവ്വാഴ്ച, എസ്തോണിയയിലേക്കു പോകുകയും അവിടെനിന്നു റോമിലേക്കു മടങ്ങുകയും ചെയ്യും.

പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തില്‍ നമുക്കു പ്രാര്‍ത്ഥാനപൂര്‍വ്വം പങ്കുചേരാം ആശംസകള്‍ നേരാം!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2018, 13:41