Cerca

Vatican News
ലിത്വാനിയ യുവജന സംഗമം ലിത്വാനിയ യുവജന സംഗമം  (AFP or licensors)

മനുഷ്യബന്ധിയായ ജീവിതത്തിന് അര്‍ത്ഥമുണ്ടാകും

സെപ്തംബര്‍ 22, ശനിയാഴ്ച - വിലിനിയൂസ് നഗരമദ്ധ്യത്തിലുള്ള സ്റ്റാനിസ്ലാവൂസ്, വെനിസ്ലാവൂസ് വിശുദ്ധന്മാരുടെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തിന്‍റെ ഉമ്മറത്തുള്ള വിശാലമായ ചത്വരത്തിലായിരുന്നു ശനിയാഴ്ച പ്രാദേശിക സമയം 6.40-ന് യുവജനങ്ങളും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച നടന്നത്. യുവജനങ്ങളുടെ ചോദ്യങ്ങള്‍ ശ്രവിച്ചശേഷം അവയ്ക്ക് ഉത്തരമായിട്ടാണ് പാപ്പാ തത്സമയ പ്രഭാഷണം നടത്തിയത് :

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ബാള്‍ടിക് രാജ്യമായ ലിത്വാനിയ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ ഇനമായിരുന്നു യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച. കത്തോലിക്കരെക്കൂടാതെ, ധാരാളം ഇതര ക്രൈസ്തവസഭകളുടെ സാന്നിദ്ധ്യമുള്ള ലിത്വാനിയയിലെ യുവജനസംഗമത്തില്‍ എല്ലാവിഭാഗക്കാരും പങ്കെടുത്ത് ഒരു സഭൈക്യയുവജന സംഗമമായിരുന്നു. പാപ്പായെ ശ്രവിക്കാന്‍ ലിത്വനിയയുടെ നാനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് യുവജനങ്ങള്‍ എത്തിയിരുന്നു.

തകര്‍ച്ചകളില്‍ താണുപോകരുത്!
പ്രിയ യുവതീ യുവാക്കളേ, നിങ്ങളുടെ ജീവിതം ഒരു നാടകശാലയല്ല! ജീവിതം യഥാര്‍ത്ഥവും മൂര്‍ത്തവുമാണ്. ഒരു തിയറ്ററിലോ വീഡിയോ കളിയിലോ എന്നപോലെ ഒരു ക്ലിപ്തസമയത്ത് ജീവിതം തീരുന്നില്ല. നാടകം അവസാനരംഗത്തോടെയും കളി ഒരാള്‍ ജയിക്കുന്നതോടെയും അവസാനിക്കുന്നു. എന്നാല്‍ ജീവിതകാലം ദൈവനിശ്ചയമാണ്, നമ്മുടെ ഹൃദയസ്പന്ദനം ദൈവകരങ്ങളിലാണ്. അത് നിലയ്ക്കുമ്പോള്‍ നമ്മുടെ ജീവിതവും അവസാനിക്കുന്നു.

എന്നാല്‍ നമ്മുടെ ജീവിതത്തില്‍ കെടുതികളും തകര്‍ച്ചകളും ഉണ്ടാകുന്ന സമയമുണ്ടാകും. ഉദാഹരണത്തിന് നാമിന്ന് സമ്മേളിച്ചിരിക്കുന്നത് ഇവിടത്തെ ഭദ്രാസന ദേവാലയത്തിന്‍റെ ഉമ്മറത്താണ്. ഒരു നൂറ്റാണ്ടുമുന്‍പ് സോവിയറ്റ് സ്വേച്ഛാശക്തികള്‍ വന്ന് നിലംപരിശാക്കിയതായിരുന്നു. തീകൊളുത്തി നശിപ്പിച്ചതാണ്. എന്നാല്‍ ലിത്വാനിയയിലെ ക്രൈസ്തവര്‍ അത് വീണ്ടും പൂര്‍വ്വോപരി മനോഹരമാക്കി പണിതുയര്‍ത്തി.

ഇന്നാടിന്‍റെ രണ്ടു മഹാവിശുദ്ധന്മാരുടെ പേരില്‍, വിശുദ്ധരായ സ്റ്റാനിസ്ലാവൂസ്, വെനിസ്ലാവൂസിന്‍റെ പേരില്‍ ഇന്നുമത് തലയുയര്‍ത്തി നില്ക്കുന്നു. പ്രതിബന്ധങ്ങള്‍ നമ്മെ താല്ക്കാലികമായി കീഴടക്കാമെങ്കിലും നാം അതിന്‍റെ പിടിയിലമര്‍ന്നുപോകാതെ, പുനര്‍നിര്‍മ്മിക്കാനും ഉയിര്‍ത്തെഴുന്നേല്ക്കാനും മനസ്സുണ്ടാവണം, കരുത്തുണ്ടാവണം. ഇവിടത്തെ ജനങ്ങള്‍ പീഡനങ്ങള്‍ വിതച്ച് നാശത്തില്‍ അമര്‍ന്നുപോകാന്‍ സ്വയം അനുവദിക്കാതിരുന്നവരാണ്. അവര്‍ ഒരിക്കലും തകര്‍ച്ചകളില്‍ വിട്ടുകൊടുത്തില്ല. തകര്‍ച്ചകളില്‍നിന്നും ഉയരുകയും വളരുകയും ചെയ്തു. ഇന്ന് ജീവിതാനുഭവം പങ്കുവച്ച മോനിക്കയ്ക്കും ജോനാസിനും ദൈവത്തിലുള്ള വിശ്വാസമാണ് കുടുംബത്തിന്‍റെ പ്രതിസന്ധിയില്‍ തകര്‍ന്നുപോകാതെ ഉയരാന്‍ സഹായിച്ചത്.

ജീവിതം മനുഷ്യബന്ധിയാക്കാം!
ഇന്നത്തെ ജീവിതശൈലിയും ചുറ്റുപാടുകളും മാധ്യമലോകവും ചിലപ്പോള്‍ പറയുന്നതുപോലെ തോന്നാം, നിങ്ങള്‍ക്ക് സ്വന്തമായി എന്തും എങ്ങനെയും ചെയ്യാം ആരെയും ഗൗനിക്കേണ്ടതില്ലെന്ന്. എന്നാല്‍ ഓര്‍ക്കുക നാം ഭൂമിയില്‍ ഒറ്റയ്ക്കല്ല, നമുക്ക് സമൂഹമുണ്ട്, ഒരു കുടുംബമുണ്ട്. ആ കുടുംബത്തിലും സമൂഹത്തിലുമാണ് നാം വളരേണ്ടതും നിലനില്ക്കേണ്ടതും. മനുഷ്യബന്ധിയായ ജീവിതത്തിനാണ് അര്‍ത്ഥമുണ്ടാകുന്നത്. നാം തനിച്ചല്ല,  ‘ഇന്‍റെര്‍കണക്റ്റടാ’ണ്. ഈ ജീവിതം സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും ഒരു ശൃംഖലയാണ്. ഈ ശൃംഖലയില്‍ കണ്ണിചേര്‍ത്ത ജീവിതമാണ് സജീവമാകുന്നത്. മുന്നോട്ടു സുഗമമായി നീങ്ങുന്നത്. ഒരു വ്യക്തിയുടെ സ്വത്വവും ഏകതാനതയും എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു ‘ടെസ്റ്റ് ട്യൂബി’ലാണോ, അല്ല! ഒറ്റയ്ക്ക് ജീവിച്ചുകൊണ്ടല്ല, മറിച്ച് നമുക്കുള്ളതും നമ്മുടെ അറിവും കഴിവുമെല്ലാം മറ്റുള്ളവരുമായി സമൂഹത്തിലും കുടുംബത്തിലും പങ്കുവച്ചുകൊണ്ടാണ്. ജീവിതം നന്മ ചെയ്യാനുള്ളതാണ് തിന്മചെയ്യാനുള്ളതല്ല. ഒരാള്‍ ജീവിതവിശുദ്ധി നേടുന്നത് സഹോദരങ്ങളുടെ കൂട്ടായ്മയില്‍ അവരുമായി സംവദിച്ചും ഇടപഴകിയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് നന്മചെയ്ത് മുന്നോട്ടു പോകുമ്പോഴാണ്.

ഇവിടെ ചോദ്യം മറ്റു രണ്ടു പേര്‍ പങ്കുവച്ചതുപോലെ ഏകാന്തതയിലും ഒറ്റപ്പെടലിലും തകരുമായിരുന്ന അവരുടെ ജീവിതം വളരുന്നതും ഉയരുന്നതും അവര്‍ മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിത്തിരിച്ചപ്പോഴാണ്. നമ്മുടെതന്നെ മുറിവുകളില്‍ നോക്കിയിരിക്കാതെ, അപരന്‍റെയും മറ്റുള്ളവരുടെയും മുറിവുകള്‍ കാണുകയും അതു സുഖപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ ജീവതത്തോടുള്ള കാഴ്ചപ്പാട് ക്രിയാത്മകമാവുകയും, ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള നവമായ വെളിച്ചം ലഭിക്കുകയും ചെയ്യുന്നു.

പാട്ടും പ്രാര്‍ത്ഥനയും ജീവിതത്തില്‍
യുവജനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ഗാനവും അതിലെ പ്രാര്‍ത്ഥനയുടെ വരികളും നിരീക്ഷിച്ചിട്ടു പറ‍ഞ്ഞു. ജീവിതത്തില്‍ സംഗീതത്തിനും പ്രാര്‍ത്ഥനയ്ക്കും ഏറെ സ്ഥാനമുണ്ട്. രണ്ടും വ്യക്തിയുടെ അന്തരാത്മാവിന്‍റെ കണ്ണുതുറപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. പ്രാര്‍ത്ഥന ഒരു ആന്തരിക ആത്മീയ പോരാട്ടത്തിനുളള ഉരുപ്പിടിയാണ്. അവിടെ നമുക്ക് ദൈവാരൂപിയെ ശ്രവിക്കാനും ഇടയാകും.

പ്രിയ യുവജനങ്ങളേ, യേശു നമ്മെ ക്ഷണിക്കുന്ന കാരുണ്യത്തിന്‍റെ വിപ്ലവത്തില്‍ നിങ്ങള്‍ പങ്കുചേരാതിരിക്കരുത്. നമ്മുടെ ജീവിതപരിസരത്തിനുനിന്നും പുറത്തിറങ്ങി മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍, മുഖാമുഖം കാണാനും അവരോടു സംവദിക്കാനും നാം ഭയപ്പെടരുത്. അതിനാല്‍ യേശുവില്‍ പ്രത്യാശവയ്ക്കുക! അവിടുത്തെ സുവിശേഷത്തെയും ജീവിതശൈലിയെയും ആശ്ലേഷിക്കുക. അത് സുവിശേഷരീതിയാണ്. അത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വഴിയാണ്. അവിടുന്നു തന്‍റെ ശിഷ്യന്മാരുടെ തോണിയുടെ അണയത്ത് ഉണ്ടായിരുന്നതുപോലെ ജീവിതപ്രതിസന്ധികളില്‍ അവിടുന്നു നമ്മെ കൈവെടിയുകയില്ല. അവിടുന്നു നമ്മുടെ ജീവിത്തിന്‍റെ നാല്ക്കവലകളില്‍ ചാരത്തുണ്ട്, നമ്മിലേയ്ക്കു നടന്നടുക്കും എന്ന ബോധ്യം ഉണ്ടായിരിക്കുക. ഇനി ജീവിതം കത്തിയെരിഞ്ഞു നശിച്ചാലും, അവിടുന്ന് അത് പുനരുദ്ധരിക്കാന്‍ നമ്മെ സഹായിക്കുമെന്നും പ്രത്യാശിക്കുക! പരിശ്രമിക്കുക!

23 September 2018, 18:50