തിരയുക

വില്‍നിയൂസ് സ്മൃതിമണ്ഡപത്തില്‍ വില്‍നിയൂസ് സ്മൃതിമണ്ഡപത്തില്‍ 

അധിനിവേശത്തിന്‍റെ കൈപ്പേറിയ സ്മരണകളുമായൊരു പ്രാര്‍ത്ഥന

സെപ്തംബര്‍ 23 ഞായറാഴ്ച – പ്രാദേശിക സമയം വൈകുന്നേരും 5.30-ന് ലിത്വാനിയയില്‍നിന്നും അടുത്ത തന്‍റെ സന്ദര്‍ശനസ്ഥാനമായ ലാത്വിയയിലേയ്ക്ക് പുറപ്പെടും മുന്‍പ് വില്‍നിയൂസ് നഗരത്തിലെ അധിനിവേശത്തിന്‍റെ സ്മാരകം സന്ദര്‍ശിച്ച് പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു. അരമണിക്കൂര്‍ സമയം നിശബ്ദമായി നടന്നു കണ്ടു ചെലവഴിച്ച പാപ്പാ, അവസാനമായി രക്ഷസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍ ഉറക്കെ പ്രാര്‍ത്ഥിച്ചു .

- ഫാദര്‍ വില്യം നെല്ലിക്കല്‍

വില്‍നിയൂസിലെ രക്തസാക്ഷിമണ്ഡപത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ പ്രാര്‍ത്ഥന :

1.“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടങ്ങെന്നെ കൈവെടിഞ്ഞൂ?” (മത്തായി 27, 46).

ക്രിസ്തുവിന്‍റെ ഈ വിലാപം ഇന്നും പ്രതിധ്വനിക്കുന്നു. ഈ നാടിന്‍റെ മക്കള്‍ സഹിച്ച യാതനകളുടെ സ്മരണയില്‍ ഈ സ്മാരകമന്ദിരത്തിന്‍റെ ഭിത്തികളില്‍ തട്ടി ആ കരച്ചില്‍ പ്രതിധ്വനിക്കുന്നു. ഏകാധിപത്യത്തിന്‍റെ മേല്‍ക്കോയ്മാദാഹത്തിന് ജീവന്‍ വിലനല്കിയത് ലിത്വാനിയക്കാരും അന്യനാട്ടുകാരുമായ ആയിരങ്ങളാണ്.

2. യേശവേ, അങ്ങേ കരച്ചില്‍ നിര്‍ദ്ദോഷികളുടെ കരിച്ചിലിനോടു ചേര്‍ന്നിന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു. മനുഷ്യഹൃദയങ്ങള്‍ അന്ധമാകുന്ന മേല്‍ക്കോയ്മയുടെ അര്‍ത്ഥശൂന്യമായ ക്രൂരതയാണ് ഒരു ദുഃഖവെള്ളിയുടെ കൈപ്പേറിയ വിലാപവും, പരത്യക്തതയും നിസ്സഹായതയും പോലെ ഈ മണ്ണിന്‍റെ ചരിത്രത്തില്‍ ഉയര്‍ന്നത്.

3. കാല്‍വരിയിലെ അങ്ങേ വിലാപം ഞങ്ങളുടെ വിശ്വാസജീവിതത്തെ കൂടുതല്‍ ജാഗ്രതയുള്ളതാക്കട്ടെയെന്നാണ് ഇന്ന് ഇവിടെ ഈ സ്മാരകസ്ഥാനത്ത് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.

4. ജീവിതാനുഭവങ്ങള്‍ മറന്നും, ഞങ്ങള്‍മുന്നേ പോയവരുടെ യാതനകളെ അവഗണിച്ചും ജീവിക്കുന്ന ഞങ്ങളുടെ ആത്മീയാന്ധത ദൂരീകരിക്കാന്‍ അങ്ങേ കരച്ചില്‍ ‍‍‍ഞങ്ങളെ സഹായിക്കുകയും ഞങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യട്ടെ!

5. ദൈവമേ, പ്രത്യാശയുടെ ദീപഗോപുരമായി ലിത്വാനിയ ഉയരട്ടെ! അനീതിയെ എന്നും ചെറുക്കാന്‍ പോരുന്ന പഴമയുടെ ഓര്‍മ്മകളുമായി സമര്‍പ്പണത്തോടെ ജീവിക്കുന്ന  അദ്ധ്വാനത്തിന്‍റെ സമാധാനപൂര്‍ണ്ണമായോരു നാടാവട്ടെ ലിത്വാനിയ! വ്യക്തികളുടെ, വിശിഷ്യ വ്രണിതാക്കളും പാവങ്ങളുമായവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ നവമായ പദ്ധതികള്‍ ഇവിടെ വളരട്ടെ! ഒപ്പം ലിത്വാനിയ അനുരജ്ഞനത്തിന്‍റെയും വൈവിധ്യങ്ങളിലെ കൂട്ടായ്മയുടെയും പാതയില്‍ ലോകത്തിന് ഒരു നല്ല അദ്ധ്യാപികയുമായിരിക്കട്ടെ!

6. സ്വര്‍ഗ്ഗത്തെ നോക്കി അങ്ങേ സഹായം തേടുന്ന സകല മക്കളുടെയും കരച്ചില്‍ ‍ശ്രവിച്ച്, അവരെ പിന്‍തുണയ്ക്കാനുള്ള സന്നദ്ധയും നന്മയും അങ്ങു ഞങ്ങള്‍ക്കു നല്കണമേ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2018, 19:43