കാരുണ്യത്തിന്‍റെ അമ്മ കാരുണ്യത്തിന്‍റെ അമ്മ 

നാം സുരക്ഷിതരായിരിക്കാന്‍ അന്യരെ ആക്രമിക്കണമെന്നില്ല!

സെപ്തംബര്‍ 22 ശനിയാഴ്ച ലിത്വാനിയയുടെ തലസ്ഥാനമായ വിലിനിയൂസില്‍ നടന്ന ഔദ്യോഗിക സ്വീകരണത്തെ തുടര്‍ന്ന് 4 കി.മീ. അകലെയുള്ള കാരുണ്യനാഥയുടെ തീര്‍ത്ഥത്തിരുനടയിലേയ്ക്കാണ് (Mater Misericordiae) പാപ്പാ ഫ്രാന്‍സിസ് കാറില്‍ യാത്രയായത്. വിലിനിയൂസ് പുരാതന നഗരത്തിന്‍റെ കവാടമായിരുന്നു ഉദയകവാടം (The Gate of Dawn). കാരുണ്യനാഥയുടെ ഇന്നത്തെ ദേവാലയത്തിന്‍റെ ഉമ്മറത്താണ് ഉദയകവാടം. അതിലൂടെ ദേവാലയത്തില്‍ പ്രവേശിച്ച പാപ്പാ, ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ച ശേഷം, അകത്തും പുറത്ത് ചത്വരത്തിലുമായി നിന്ന ആയിരങ്ങളെ അഭിവാദ്യംചെയ്തു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിലിനിയൂസ് നഗരത്തിലെ കാരുണ്യത്തിന്‍റെ അമ്മ
ഉദയകവാടം, വിലിനിയൂസ് നഗരത്തിന്‍റെ പുരാത കോട്ടമതിലുകളിലെ ഒരു പ്രധാനകവാടമായിരുന്നു. ശത്രുക്കളില്‍നിന്നും നഗരത്തെ സംരക്ഷിക്കുന്ന വന്‍മതിലിന്‍റെ ഭാഗമായിരുന്നു അത്. സോവിയറ്റ് അധിനിവേശത്തില്‍ മിക്കവാറും നഗരമതിലുകള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ഉദയകവാടവും കാരുണ്യത്തിന്‍റെ അമ്മയുടെ പുരാതനചിത്രമുള്ള ദേവാലയവും നശിപ്പിക്കപ്പെട്ടില്ല. കാരുണ്യത്തിന്‍റെ അമ്മ എന്നും മക്കളെ തുണയ്ക്കാന്‍ തന്‍റെ ഹൃദയകവാടം തുറന്ന് കാത്തിരിക്കുന്നതുപോലെ....!

മക്കളെപ്പോലെ കാക്കുന്നവള്‍!
ഈ പുരാതന തീര്‍ത്ഥസ്ഥാനത്തുനിന്നും പരിശുദ്ധ കന്യകാനാഥ നമ്മെ പഠിപ്പിക്കുന്നത്, “സുരക്ഷിതരായിരിക്കുന്നതിന് നാം ആരെയും ആക്രമിക്കേണ്ടതില്ലെന്നാണ്.” അതിനാല്‍ നാം മറ്റുള്ളവരെ അവിശ്വസിക്കേണ്ടതുമില്ല. സ്വര്‍ണ്ണമുടി ചൂടിയ കന്യാകാനാഥയുടെ, കാരുണ്യത്തിന്‍റെ അമ്മയുടെ കയ്യില്‍ ഉണ്ണിയേശു ഇല്ല, എന്ന ഈ പുരാതന ചിത്രത്തിന്‍റെ പ്രത്യേകത ഏവര്‍ക്കും അറിയാവുന്ന അപൂര്‍വ്വതയാണ്. തന്‍റെ മുന്നില്‍ അഭയംതേടിയെത്തുന്നവരെ സ്വന്തം മക്കളെപ്പോലെ, യേശുവിനെപ്പോലെ പരിലാളിക്കുകയും കൈക്കൊള്ളുകയുംചെയ്യുന്നു. തന്‍റെ സന്നിധിയിലെത്തുന്ന ഒരോ വ്യക്തിയിലും യേശുവിനെ കാണുന്നു.

ക്രിസ്തുവില്‍നിന്നും അകറ്റുന്ന വംശീയത
ക്രിസ്തുവിന്‍റെ പ്രതിച്ഛായ പതിഞ്ഞിരിക്കുന്ന ഓരോ വ്യക്തിയും ദൈവികൈക്യത്തില്‍ ആയിരിക്കാന്‍ സാദ്ധ്യതയുള്ളവരാണ്. മറ്റുള്ളവരെ ഭയന്ന് നാം മതിലുകള്‍ കെട്ടി അകലുമ്പോള്‍, ഏവരുടെയും ചരിത്രത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഗമായിരിക്കേണ്ട യേശുവിന്‍റെ സദ്വാര്‍ത്തയില്‍നിന്നു തന്നെയാണ് നാം അകന്നുപോകുന്നത്. പണ്ടു നാം കോട്ടയും മതിലുകളും കെട്ടി ഒതുങ്ങുമായിരുന്നു. ഇന്ന്, പരസ്പരം മുഖത്തു നോക്കി അംഗീകരിച്ചും, കൂടെ നടന്നും, സന്തോഷവും സമാധാനവും സാഹോദര്യത്തിന്‍റെ മൂല്യവും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ആഗോളവത്ക്കരണമെന്ന പ്രക്രിയ അതിന്‍റെ പ്രത്യക്ഷ അടയാളമാണ് (സുവിശേഷ സന്തോഷം, 87).

ഐക്യത്തിന്‍റെ മാതൃസ്ഥാനം
ഇവിടെ ഈ തിരുനടയില്‍ ക്രൈസ്തവരും ഇതരമതസ്ഥരും രാജ്യക്കാരും കാരുണ്യത്തിന്‍റെ അമ്മയുടെ പക്കല്‍ അഭയം തേടിയെത്തുന്നു. ഇന്നിന്‍റെ സാങ്കേതികതയും ആശയവിനിമയ സംവിധാനങ്ങളും അത് കൂടുതല്‍ സാധിതമാക്കുന്നു. ഈ യാത്രയും സൗകര്യങ്ങളും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കണ്ണികളെ പൂര്‍വ്വോപരി ബലപ്പെടുത്തിയിരുന്നെങ്കില്‍ നമ്മുടെ കഴിവുകളും നമുക്കുള്ളതും പങ്കുവച്ച് സാഹോദര്യത്തില്‍ ജീവിക്കാമായിരുന്നു. നമ്മില്‍നിന്നും അപരനിലേയ്ക്ക് ഇറങ്ങുക, സാമൂഹിക സാംസ്ക്കാരിക വൈവിധ്യങ്ങള്‍ അംഗീകരിക്കുക. അതെല്ലാം ജീവിതത്തിന്‍റെ ആത്മീയ സമ്പന്നതയായി പരിഗണിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2018, 18:17