പാപ്പായും പ്രസി‍ഡന്‍റ് ഡാലിയ ഗ്രിബൂസ്കൈറ്റിനോടൊപ്പം പാപ്പായും പ്രസി‍ഡന്‍റ് ഡാലിയ ഗ്രിബൂസ്കൈറ്റിനോടൊപ്പം 

ബാള്‍ടിക് മണ്ണില്‍ പാപ്പായുടെ ആദ്യപ്രഭാഷണം

സെപ്തംബര്‍ 22 ശനിയാഴ്ച ബാള്‍ടിക് രാജ്യമായ ലിത്വാനിയ സന്ദര്‍ശനത്തില്‍ ഭരണകര്‍ത്താക്കള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും പൗരപ്രതിനിധികള്‍ക്കും ലിത്വാനിയന്‍ ജനതയ്ക്കുമായി പാപ്പാ ഫ്രാന്‍സിസ് തലസ്ഥാന നഗരമായ വിലിനിയൂസിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍നിന്നു നല്കിയ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍
 
സ്വാതന്ത്ര്യത്തിന്‍റെ 100-Ɔο വാര്‍ഷികം 
പ്രസിഡന്‍റ് ഡാലിയ ഗ്രിബൂസ്കൈറ്റ്, മറ്റ് ഭരണകര്‍ത്താക്കള്‍, നയതന്ത്രപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിശിഷാധിതികള്‍, ലിത്വാനിയന്‍ ജനത... എന്നിവരെ അഭിസംബോധനചെയ്തുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്.  ബാള്‍ടിക് രാജ്യമായ ലിത്വാനിയ സന്ദര്‍ശനം സന്തോഷത്തിനും പ്രത്യാശയ്ക്കും വക നല്കുന്നതാണ്. തന്‍റെ മുന്‍ഗാമിയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍റെ വാക്കുകളില്‍, ഇത് മതസ്വാതന്ത്ര്യത്തോടുള്ള അര്‍ദ്രമായ സ്നേഹത്തിന്‍റെ നിശ്ശബ്ദ സാക്ഷ്യമാണ്! (Welcome Ceremony, Vilnius, 4 Sept. 1993). പാപ്പാ വിശേഷിപ്പിച്ചു. സ്വാഗതംചെയ്ത പ്രസിഡന്‍റ് ഡാലിയ ഗ്രിബൂസ്കൈറ്റിന് പ്രത്യേകം നന്ദിപറഞ്ഞു. ഇന്നാടിന്‍റെയും ഭവനങ്ങളുടെയും വാതിലുകള്‍ തനിക്കായി തുറന്നിടുന്ന ലിത്വാനിയന്‍ ജനതയെ പാപ്പാ സ്നേഹത്തോടെ അഭിവാദ്യംചെയ്തു. ഈ നാട് ഒരു സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ 100-Ɔο വാര്‍ഷികം അനുസ്മരിക്കുന്ന അവസരത്തിലാണ് ഈ യാത്ര!

സംസ്ക്കാരങ്ങളെ ഉള്‍ക്കൊണ്ട ജനത!
ബന്ധനം, നാടുകടത്തല്‍, പിന്നെ രക്തസാക്ഷിത്വം എന്നിങ്ങനെ ഇവിടത്തെ ജനതയുടെ കഷ്ടപ്പാടിന്‍റെയും യാതനകളുടെയും നൂറുവര്‍ഷങ്ങളായിരുന്നവ. കയ്പ്പേറിയ ജീവിതാനുഭവങ്ങളെ അയവിറയ്ക്കുന്ന നാളുകളാണിത്. നിങ്ങളെ ഒരു ജനതയും രാഷ്ട്രവുമാക്കിയ എല്ലാ സംഭവങ്ങളും നിങ്ങള്‍ ഓര്‍മ്മിക്കും. ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍ അവ സഹായകമാകും. ഒപ്പം ഇവിടെ വസിക്കുന്ന എല്ലാവംശജരോടും ഐക്യത്തിന്‍റെയും സംവാദത്തിന്‍റെയും അരൂപിയില്‍, ആരെയും മാറ്റിനിറുത്താതെ മുന്നോട്ടുള്ള യാത്രതുടരുന്നതിന് നിങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ഓരോ തലമുറയും അവരുടെ കാലഘട്ടത്തിന്‍റേതായ പ്രതിസന്ധികളെ നേരിടുമ്പോള്‍ നമുക്കുമുന്നേ ജീവന്‍ സമര്‍പ്പിച്ചു കടന്നുപോയവരെക്കുറിച്ചും ഓര്‍മ്മയുള്ളവരായിരിക്കാം. നാളെ എന്തു സംഭവിക്കുമെന്ന് നമുക്ക് ഉറപ്പില്ല. എങ്കിലും ഓരോ യുഗത്തിനും അസ്തിത്വം നല്കി അന്നാളുകളുടെ ദുഃഖത്തിന്‍റെയും അനീതിയുടെയും പ്രതിസന്ധികളെ വളരാനുള്ള അവസരങ്ങളാക്കി മാറ്റുകയും, ഒന്നിന്‍റെയും വേരറ്റുപോകാതെ ജീവന്‍ കാത്തുപരിപാലിച്ച് ഫലദായകമാക്കിയ ഇന്നാടിന്‍റെ ‘ചൈതന്യത്തെ’ അനുസ്മരിക്കേണ്ടതുണ്ട്. ഇവിടത്തെ ദേശീയഗാനത്തില്‍ പ്രതിഫലിക്കുന്ന ചിന്തയുമാണിത്.

പഴമയില്‍നിന്നു കരുത്താര്‍ജ്ജിക്കാം!
“നിങ്ങളുടെ മക്കള്‍ പഴയ അനുഭവങ്ങളില്‍നിന്നും ശക്തിയും ഓജസ്സും അര്‍ജ്ജിക്കട്ടെ! അങ്ങനെ ഇന്നിന്‍റെ ജീവിതത്തെ നേരിടാനുള്ള കരുത്തു ലഭിക്കട്ടെ!!” ചരിത്രത്തില്‍ എക്കാലവും മറ്റും വംശക്കാരെയും മതക്കാരെയും സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും അഭയംനല്ക്കാനുമുള്ള തുറവ് ഈ രാജ്യത്തെ ജനത കാട്ടിയിട്ടുണ്ട്. ലിത്വാനിയക്കാര്‍ക്കൊപ്പം താര്‍ത്താറും, പോളണ്ടുകാരും, റഷ്യക്കാരും, ബെലറൂസിയക്കാരും, ഉക്രെയിന്‍കാരും, അര്‍മേനിയക്കാരും, ജര്‍മ്മന്‍കാരും, കത്തോലിക്കരും, ഓര്‍ത്തഡോക്സുകാരും, പ്രോട്ടസ്റ്റന്‍റുകാരും, മുസ്ലീങ്ങളും, യഹൂദരും, പഴയ കത്തോലിക്കരുമെല്ലാം, ഏകാധിപതികള്‍ ഈ നാടു കീഴടക്കുംവരെ ഈ മണ്ണില്‍ വസിച്ചിട്ടുണ്ട്. സ്വേച്ഛാശക്തികള്‍ ഇവിടെ അതിക്രമങ്ങള്‍ക്കൊപ്പം, പരസ്പര വിശ്വാസമില്ലായ്മയും, ഇവിടത്തെ സാംസ്ക്കാരിക മത വൈവിദ്ധ്യങ്ങളെ അംഗീകരിക്കാനുള്ള മടിയും വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും കീഴടങ്ങാതെ വേരുകള്‍ തേടിക്കണ്ടെത്തിയും, നാടിന്‍റെ സംസ്ക്കാരത്തനിമ കാത്തുസൂക്ഷിച്ചും – സഹിഷ്ണുതയോടും ആതിഥ്യമര്യാദയോടും, ആദരവോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ ഇന്നും ഈ ജനത മുന്നേറുന്നതിനെയാണ് പഴമയില്‍നിന്നും ശക്തി സംഭരിക്കുകയെന്നു പറയുന്നത്.

വിഭാഗീയതയുടെ കള വിതയ്ക്കപ്പെടുന്നു!
ഇന്നിന്‍റെ ആഗോളചുറ്റുപാടുകള്‍ പരിശോധിക്കുമ്പോള്‍ അനുദിനം എവിടെയും വിഭാഗീയതയുടെയും വിഭജനത്തിന്‍റെയും കളകളാണ് വിതയ്ക്കപ്പെടുന്നത്. പലപ്പോഴും സുരക്ഷയില്ലായ്മയുടെയും, ചെറിയ സംഘട്ടനങ്ങളുടെയും സാഹചര്യങ്ങളെ ചൂഷണംചെയ്തുകൊണ്ട് നാടിന്‍റെ സംസ്ക്കാരത്തിനും സുരക്ഷയ്ക്കും ഉറപ്പുവരുത്താനുള്ള ഏകമാര്‍ഗ്ഗം മറ്റു ജാതിക്കാരെയും വംശക്കാരെയും പുറത്താക്കണമെന്ന ചിന്താഗതി പ്രചരിപ്പിച്ചുകൊണ്ടാണ് വിഭജനത്തിന്‍റെ കള വിതച്ചത്. ഇവിടെ ലിത്വേനിയന്‍ ജനതയ്ക്ക് നിങ്ങളുടേതായ ഒരു വാക്കുണ്ട്, “വൈവിധ്യങ്ങളെ സ്വാഗതംചെയ്യുക” എന്നതാണത്. സംവാദത്തിന്‍റെയും, തുറവിന്‍റെയും, പരസ്പരധാരണയുടെ വഴികളിലൂടെ കിഴക്കും പടിഞ്ഞാറും യൂറോപ്പിനെ ബന്ധിപ്പിക്കുന്ന ഒരു പാലമായിത്തീരുകയാണ് ലിത്വാനിയ. രാജ്യാന്തര സമൂഹത്തിനും, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന നിങ്ങളുടെ പക്വമാര്‍ന്ന ചരിത്രത്തിന്‍റെ ഫലപ്രാപ്തിയാണ് ഇവിടെ കാണുന്നത്. വൈവിദ്ധ്യങ്ങളില്ലാത്ത സാഹോര്യത്തിന്‍റെ ഒരു സമൂഹം വളര്‍ത്താനുള്ള പ്രകൃയയില്‍,  മറ്റുള്ളവരുടെ അന്തസ്സിനെയും പൊതുന്മയെയുംകാള്‍ കുറച്ചുപേരുടെ അവകാശങ്ങളാണ് ശരിയെന്ന വ്യാജമായ ചിന്തയാല്‍ ഇന്ന് നിങ്ങള്‍ “ശാരിരികമായും ബാഹ്യമായും…” ഏറെ സഹിക്കേണ്ടിവരുന്നുണ്ടെന്ന് മനസ്സിലാക്കുന്നു.  

നീതിയും സ്നേഹവും അമൂല്യം
“എന്നാല്‍ പൊതുനന്മ ആഗ്രഹിക്കുമ്പോഴും അതിനായി പരിശ്രമിക്കുമ്പോഴും നീതിയും സ്നേഹവും മാനിക്കപ്പെടേണ്ടതാണെന്ന്...,” ബെനഡിക്ട് 16-Ɔമന്‍ പാപ്പാ പ്രബോധിപ്പിച്ചിട്ടുള്ളതാണ്. അതിനാല്‍ “നമ്മുടെ അയല്‍ക്കാരന്‍റെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട് എത്രയധികമായി നാം പൊതുനന്മയ്ക്കായി പരിശ്രമിക്കുന്നുവോ, അത്രയേറെ ഫലവത്തായി നാം അവരെ സ്നേഹിക്കാനും ഇടയാകണം” (സത്യത്തില്‍ സ്നേഹം, 7). ഇന്ന് ഈ നാടു നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍, നമ്മുടെ പ്രതിവിധികള്‍ യഥാര്‍ത്ഥമായും വ്യക്തികളുടെ, പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും വ്രണിതാക്കളും പാവങ്ങളുമായവരുടെ മനുഷ്യാന്തസ്സ് മാനിക്കുന്നതായരിക്കണം. ഇങ്ങനെ സകലരെയും ഉള്‍ക്കൊള്ളുന്നൊരു സാമൂഹ്യപ്രകൃയുടെ  സാകല്യസംസ്കൃതി സാക്ഷാത്ക്കരിക്കുന്നതില്‍ നാമെല്ലാവരും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നുണ്ട്. അത് ആദ്യമായും നമ്മുടെ കാഴ്ചപ്പാടുകളെ വിപുലമാക്കാനും, രണ്ടാമതായി എല്ലാവര്‍ക്കും ഉപയുക്തമാകുന്ന കൂടുതല്‍ മെച്ചപ്പെട്ട നന്മ കാണാനുള്ള കാഴ്ചപ്പാടു വളര്‍ത്താനും സഹായകമാകും (സുവിശേഷ സന്തോഷം, 235).

ഭാവിയുടെയും ഇന്നിന്‍റെയും ശക്തി യുവജനങ്ങള്‍
ഈ അര്‍ത്ഥത്തില്‍ പഴമയില്‍നിന്നു ശക്തിയാര്‍ജ്ജിക്കാമെന്നു പറയുമ്പോള്‍ വരുംതലമുറയെ പ്രത്യേകം ശ്രദ്ധിക്കാം എന്നൊരു അര്‍ത്ഥമുണ്ട്. യുവജനങ്ങള്‍ നാടിന്‍റെ വേരുകളില്‍ അടിയുറച്ചവരാണെങ്കില്‍ അവര്‍ ഭാവി മാത്രമല്ല ഇന്നിന്‍റെയും ശക്തിയാണ്. അവരുടെ വളര്‍ച്ചയ്ക്കും തൊഴില്‍ സാദ്ധ്യതയ്ക്കും വഴിതെളിച്ചാല്‍ ഇന്നിന്‍റെ സാമൂഹിക സാംസ്ക്കാരിക നിര്‍മ്മിതിയില്‍ അവര്‍ക്കും പങ്കുണ്ടെന്ന ബോധ്യം അവരില്‍ ജനിക്കും. അങ്ങനെ ഒരു ജനത മുഴുവനും പ്രത്യാശയോടെ ഭാവിയിലേയ്ക്ക് ഉറ്റുനോക്കും. യുവജനങ്ങള്‍ സ്വപ്നംകാണുന്ന ലിത്വാനിയ, അവരുടെയും പങ്കാളിത്തമുള്ളൊരു നാടാക്കി വളര്‍ത്താന്‍ ആശ്രാന്തം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഈ പരിശ്രമം പ്രത്യാശയുടെ വിത്ത് അവരുടെ ഹൃദയങ്ങളില്‍ മുളപ്പിക്കും. അത് ഇനിയും ആതിഥ്യത്തിന്‍റെ – അപരിചിതരോടും യുവജനങ്ങളോടും, മുതിര്‍ന്നവരോടും, പാവങ്ങളോടും, അവസാനം സ്വന്തം ഭാവിയോടുതന്നെയും തുറവുള്ളൊരു സംസ്ക്കാരം വളര്‍ത്തുന്ന “ചൈതന്യം” ഈ നാടിനെ ഇനിയും നയിക്കുമെന്നതില്‍ സംശയമില്ല.

കത്തോലിക്കാ സഭയുടെ പിന്‍തുണ ഇക്കാര്യത്തില്‍ എന്നും ഉണ്ടാകുമെന്നത് ഉറപ്പാണ്. അതുവഴി ഈ നാട് ലോകത്ത് കൂട്ടായ്മയും പ്രത്യാശയും വളര്‍ത്തുന്നൊരു പാലമായി പരണമിക്കാനുള്ള നന്മയുടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ!  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2018, 18:42