തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ  ലാത്വിയായില്‍- ദിവ്യപൂജാര്‍പ്പണ വേദിയായ അഗ്ലോണയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിനു മുന്നില്‍ സമ്മേളിച്ചിരിക്കുന്ന  വിശ്വാസികള്‍ 24-09-18 ഫ്രാന്‍സീസ് പാപ്പാ ലാത്വിയായില്‍- ദിവ്യപൂജാര്‍പ്പണ വേദിയായ അഗ്ലോണയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിനു മുന്നില്‍ സമ്മേളിച്ചിരിക്കുന്ന വിശ്വാസികള്‍ 24-09-18  (ANSA)

ബാള്‍ട്ടിക്ക് നാടുകളില്‍ പാപ്പായുടെ മൂന്നാം ദിനം

ഫ്രാന്‍സീസ് പാപ്പാ ലാത്വിയായില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (22/09/18) രാവിലെ ബാള്‍ട്ടിക് നാടുകളില്‍ ആരംഭിച്ച തന്‍റെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിനം, അതായത്, ഇരുപത്തിനാലാം തിയതി തിങ്കളാഴ്ച പൂര്‍ണ്ണമായും ലാത്വിയയ്ക്ക് വേണ്ടി നീക്കിവച്ചു.

മൂന്നു ബാള്‍ട്ടിക് നാടുകളില്‍ ലിത്വാനിയയിലായിരുന്നു പാപ്പ ഈ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യ രണ്ടു ദിനങ്ങളില്‍, അതായത്, ശനിയും ഞായറും. തങ്കളാഴ്ച രാവിലെ പാപ്പാ ലിത്വാനിയയുടെ തലസ്ഥാനമായ വിള്‍നിയൂസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലാത്വിയായുടെ തലസ്ഥാനമായ റീഗയിലേക്ക് യാത്രയായി. ഏതാണ്ട് ഒരു മണിക്കൂര്‍ ദീര്‍ഘിച്ചു ഈ വിമാനയാത്ര. വിള്‍നിയൂസും റീഗയും തമ്മിലുള്ള വ്യോമദൂരം 260 ലേറെ കിലോമീറ്ററാണ്.

ലാത്വിവിയായുടെ തലസ്ഥാന പട്ടണം റീഗ

ലാത്വിയയുടെ തലസ്ഥാന നഗരിയായ റീഗ വ്യവസായിക-സാംസ്കാരിക പട്ടണമാണ്. ദൗഗവ നദീമുഖത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്‍റെ സ്ഥാപകന്‍ ജര്‍മ്മന്‍ കത്തോലിക്കാമെത്രാന്‍ ആള്‍ബ്രെക്ട് ഫോണ്‍ ബുക്സ്തൊവെന്‍ ആണ്. 1201 ല്‍ സ്ഥാപിതമായ ഈ നഗരം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ ജര്‍മ്മന്‍ പട്ടണമായിരുന്നു. സ്ഥാപനത്തിന്‍റെ 800-Ↄ○ വാര്‍ഷികം 2001 ല്‍ ആഘോഷിച്ച ഈ നഗരം 2014 ല്‍ യൂറോപ്പിന്‍റെ സാസ്കാരിക തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

റീഗ  അതിരൂപത

1937 മെയ് 8 ന് അതിരൂപതയായി ഉയര്‍ത്തപ്പെട്ട റീഗരൂപതയുടെ ചരിത്രം പതിമൂന്നാം നൂറ്റാണ്ടുവരെ പിന്നോട്ടു പോകുന്നു. 23587 ചതുരശ്ര കിലോമീറ്ററാണ് ഈ അതിരൂപതയുടെ വിസ്തൃതി. ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 12 ലക്ഷത്തിലേറെ ജനങ്ങളില്‍ കത്തോലിക്കര്‍ രണ്ടു ലക്ഷത്തി 25000 ത്തോളം മാത്രമാണ്. ഈ അതിരൂപതയില്‍ 64 ഇടവകകളുണ്ട്. നാല്പതിലേറെ രൂപതാവൈദികരും പതിനഞ്ചോളം സന്ന്യസ്ത വൈദികരും അത്രയും തന്നെ സന്ന്യസ്ത സഹോദരരും അറുപതോളം സന്ന്യാസിനികളും ഈ അതിരൂപതയില്‍ സേവനം ചെയ്യുന്നു. ഈ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ 4 ഉം ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങള്‍ 2 ഉം ആണ്.

ആര്‍ച്ച്ബിഷപ്പ് സ്ബിഗ്നേവ്സ് സ്തങ്കേവിച്സ് ആണ് റീഗ അതിരൂപതയുടെ അദ്ധ്യക്ഷന്‍.

ശ്രീമതി എര്‍ത്തെ വെറോണിക്കയാണ് ലാത്വിയ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി.

ലിത്വാനിയയെപ്പോലെതന്നെ ലാത്വിയയും സമയത്തില്‍ ഇന്ത്യയെക്കാള്‍ 2 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്.

പാപ്പാ റീഗയില്‍ 

റീഗയില്‍ വിമാനമിറങ്ങിയ പാപ്പായെ സ്വീകരിക്കാന്‍ ലാത്വിയായുടെ പ്രസിഡന്‍റ്  റെയ്മണ്ട്സ് വെയോനിസും അന്നാട് പരിശുദ്ധസിംഹാസനത്തിനുവേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതി ശ്രീമതി എര്‍ത്തെ വെറോണിക്കയും ലാത്വിയയിലെ മെത്രാന്‍ സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ യാനിസ് ബുളിസും ഇതര സര്‍ക്കാര്‍ സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു. വിമാനപ്പടവുകളിറങ്ങിയ പാപ്പായെ പ്രസിഡന്‍റ് റെയ്മണ്ട്സ് വെയോനിസ് സ്വീകരിച്ചു. പാരമ്പര്യ വേഷമണിഞ്ഞിരുന്ന രണ്ടു കുട്ടികള്‍ പാപ്പായ്ക്ക് പുഷ്പ്പ മഞ്ജരിനല്കി. തുടര്‍ന്ന് സൈനികോപചാരം സ്വീരിച്ച പാപ്പാ വിശിഷ്ട വ്യക്തികള്‍ക്കുള്ള ശാലയിലേക്കു നടന്നു നീങ്ങവേ അന്നാടിന്‍റെ തനതായ നൃത്തം അവിടെ അരങ്ങേറുന്നുണ്ടായിരുന്നു. ശാലയിലേക്കു പ്രവേശിച്ച പാപ്പായെ പാരമ്പര്യ വേഷങ്ങള്‍ അണിഞ്ഞ ബാലികാബാലന്മാര്‍, ലാത്വിയന്‍ ഹാര്‍പ്പ് എന്ന് അറിയപ്പെടുന്ന സംഗീതോപകരണം, അതായത്, ഹാര്‍പ്പിനു സമാനവും എന്നാല്‍ പ്രതലത്തില്‍ വച്ചു വായിക്കുന്നതുമായ തന്ത്രിവാദ്യോപകരണങ്ങള്‍ മീട്ടി പാട്ടുപാടി സ്വാഗതം ചെയ്തു. രണ്ടു ബാലികാബലന്മാര്‍ പാപ്പായുടെ ഇരുവശത്തുമായി സ്ഥാനം പിടിച്ചു. ഗാനം അവസാനിച്ചപ്പോള്‍ പാപ്പാ അവരുടെ അടുത്തുചെന്ന് ഒരോരുത്തര്‍ക്കും ഹസ്തദനം നല്കി

പാപ്പായും ലാത്വിയായുടെ പ്രസിഡന്‍റും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച

വിമാനത്താവളത്തില്‍ നിന്ന് പാപ്പാ പോയത് രാഷ്ട്രപതിയുടെ മന്ദിരത്തിലേക്കാണ്. 9 കിലോമീറ്റര്‍ അകലെയുള്ള ഈ മന്ദിരത്തിലേക്കുള്ള യാത്ര കാറിലായിരുന്നു.

ദൗഗവ നദിയുടെ തീരത്താണ് രാഷ്ട്രപതിമന്ദിരം. ഇതിന്‍റെ ഗോളഗോപുരങ്ങള്‍ റീഗ നഗരത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്നു. 1330 ല്‍ സ്ഥാപിതമായ ഈ കോട്ട മന്ദിരം തകര്‍ക്കപ്പെട്ടുവെങ്കിലും 1497 നും 1515 നും മദ്ധ്യേ പുനര്‍ നിര്‍മ്മിക്കപ്പെട്ടു. 2013 ല്‍ ഉണ്ടായ അഗ്നിബാധയില്‍ ഈ മന്ദിരത്തിന് ഭാഗിഗമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു.

രാഷ്ട്രപതിമന്ദിരത്തിലെത്തിയ പാപ്പായെ പ്രസിഡന്‍റ് സ്വീകരിച്ചു. തുടര്‍ന്ന്   വത്തിക്കാന്‍റെയും ലാത്വിയായയുടെ ദേശീയഗാനങ്ങള്‍ സൈനികബാന്‍റ് വാദനം ചെയ്തു. തദ്ദനന്തരം ദേശീയപതാകയെ വന്ദിച്ച് സൈനികോപചാരം സ്വീകരിച്ച പാപ്പയെ പ്രസിഡന്‍റ് റയ്മണ്ട് അവിടെ സന്നിഹിതാരയിരുന്ന വിശിഷ്ട വ്യക്തികളെ  പരിചയപ്പെടുത്തി. അതിനുശേഷം ശുഭ്രശാല എന്നറിയപ്പെടുന്ന മുറിയിലേക്ക് ആനയിക്കപ്പെട്ട പാപ്പാ പ്രസിഡന്‍റുമൊത്തുള്ള ഔപചാരിക ഛായഗ്രഹണത്തിനായി നിന്നു. തുടര്‍ന്ന് വിശിഷ്ടവ്യക്തികളായ സന്ദര്‍ശകര്‍ക്കായുള്ള ഗ്രന്ഥത്തില്‍ പാപ്പാ ഒരു കുറിപ്പെഴുതി ഒപ്പുവച്ചു. “നിങ്ങളുടെ രാജ്യത്തിലേക്ക് എനിക്ക് നിങ്ങള്‍  മഹാമനസ്കതയോടേകിയ സ്വാഗതത്തിന് താങ്കളോടും താങ്കളുടെ സഹപൗരന്മാരോടും ഞാന്‍ കൃതജ്ഞതയുള്ളവനാണ്. ലാത്വിയയിലെ ജനങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കാന്‍ ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു” എന്നാണ് പാപ്പാ ആ പുസ്തകത്തില്‍ കുറിച്ചത്.

തദ്ദനന്തരം പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള സ്വകാര്യ-സൗഹൃദ സംഭാഷണമായിരുന്നു. തുടര്‍ന്ന് പാപ്പാ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലെ ഒരു ശാലയിലേക്ക് ആനയിക്കപ്പെട്ടു. അവിടെ രാഷ്ട്ര-പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമുള്‍പ്പടെ അഞ്ഞുറോളം പേര്‍ സന്നിഹിതരായിരുന്നു. അവരുമൊത്തുള്ള കൂടിക്കാഴ്ച ആയിരുന്നു ആ ശാലയില്‍ അരങ്ങേറിയത്. പ്രസിഡന്‍റ് റെയ്മണ്ട്സ് പാപ്പായെ സ്വാഗതം ചെയ്തു.

പ്രസിഡന്‍റിന്‍റെ സ്വാഗതവചസ്സുകള്‍

ലാത്വിയയുടെ സ്ഥാപനത്തിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ ഈ സന്ദര്‍ശനത്തിലൂടെ ഈ മരിയന്‍ മണ്ണിന് ആദരവര്‍പ്പിച്ചതിന് തങ്ങള്‍ക്കുള്ള കൃതജ്ഞത സ്വികരിക്കണമെന്ന് പാപ്പായോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രസിഡന്‍റ് തന്‍റെ സ്വാഗതപ്രസംഗം ആരംഭിച്ചത്. തങ്ങളുടെ ദേശീയഗാനത്തില്‍ ഉള്‍ക്കൊള്ളുന്ന ദൈവം ലാത്വിയയെ അനുഗ്രഹിക്കട്ടെ യെന്നീ വാക്കുകള്‍ ഇന്നു യാഥാര്‍ത്ഥ്യമായി ഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാപ്പായുടെ ഈ സന്ദര്‍ശനം ലാത്വിയയിലെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും അന്നാടിനും പ്രചോദനവും ശക്തിയും പകരുമെന്ന ഉറച്ചബോധ്യം പ്രസിഡന്‍റ്   റെയ്മണ്ട്സ് പ്രകടിപ്പിച്ചു. ശക്തമായ കുടുംബങ്ങളുടെ അഭാവത്തില്‍ ശക്തമായ ഒരു രാഷ്ട്രം അചിന്തനീയമാണെന്ന് അദ്ദഹം പറഞ്ഞു.

പാപ്പായുടെ സന്ദര്‍ശനം നിരവധി ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ഒരോരുത്തരിലും ലോകം മുഴുവനിലും ഭാവാത്മകമായ ഒരു മാറ്റത്തിനുള്ള പ്രചോദനം പകരുകയും ചെയ്യുമെന്ന ബോധ്യം തനിക്കുണ്ടെന്ന് പ്രസിഡന്‍റ് റെയ്മണ്ട്സ് വെളിപ്പെടുത്തി.

പ്രസിഡന്‍റിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പാ ലാത്വിയയിലെ തന്‍റെ കന്നി പ്രഭാഷണം നടത്തി.

സ്വാതന്ത്ര്യസ്മാരക സന്ദര്‍ശനം

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ അവിടെ നിന്ന് ഒരു കിലോമീറ്ററിലേറെ അകലെയുള്ള സ്വാതന്ത്ര്യസ്മാരകം സന്ദര്‍ശിക്കുന്നതിന് കാറില്‍ യാത്രയായി.

റീഗയുടെ ഹൃദയഭാഗത്താണ് 42 മീറ്റര്‍ ഉയരമുള്ള ഈ സ്മാരകം സ്ഥിതിചെയ്യുന്നത്. ലാത്വിയക്കാരനായ ശില്പി കാര്‍ലിസ് ത്സാലെയുടെ സൃഷ്ടിയാണ് ഇത്. 1935 ലാണ് ഈ സ്മാരകം അവിടെ ഉയര്‍ത്തപ്പെട്ടത്.

ഈ സ്വാതന്ത്ര്യസ്മാരകത്തിലേക്കു നയിക്കുന്ന പാലത്തിന്‍റെ ആരംഭ ഭാഗത്തു വച്ച് കാറില്‍ നിന്നിറങ്ങിയ പാപ്പായെ പ്രസിഡന്‍റ് സ്വീകരിച്ച് സ്മാരകത്തിനടുത്തേക്കാനയിച്ചു. ഇരുവശവും നിരവധിയാളുകള്‍ നില്ക്കുന്നുണ്ടായിരുന്നു. പാപ്പായോടൊപ്പം സഭാസര്‍ക്കാര്‍ പ്രതിനിധികളും ഉണ്ടായിരുന്നു.പാപ്പായും പ്രസിഡന്‍റും സ്മാരകത്തിനു മുന്നില്‍ അല്പം അകലെ നിന്നപ്പോള്‍ രണ്ടു സൈനികര്‍ രണ്ടു പുഷ്പചക്രങ്ങള്‍ പാപ്പായുടെയും പ്രസിഡന്‍റിന്‍റെയും നാമത്തില്‍ രണ്ടു ചെറു സ്തംഭങ്ങളിലായി വച്ചു.  തുടര്‍ന്ന് പാപ്പായും പ്രസിഡന്‍റും മന്ദം മന്ദം സ്മാരകത്തിനടുത്തേക്കു നീങ്ങി. പശ്ചാത്തലത്തില്‍ സൈനിക ബാന്‍റിന്‍റെ സംഗീതം ഉയരുന്നുണ്ടായിരുന്നു.

സ്മാരകത്തിനു മുന്നില്‍ ആദരവര്‍പ്പിച്ചതിനു ശേഷം പാപ്പാ അവിടെ സന്നിഹിതരായിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തതിനു ശേഷമാണ് അവിടെ നിന്നു പോയത്.

സ്വാതന്ത്ര്യസ്മാരകസന്ദര്‍ശനനാനന്തരം പാപ്പാ റീഗയില്‍ പരിശുദ്ധ മറിയത്തിന്‍റെ  നാമത്തിലുള്ള ലൂതറന്‍ കത്തീദ്രല്‍ എന്നറിയപ്പെടുന്ന ദേവാലയം സന്ദര്‍ശിച്ചു. പതിമൂന്നാം നൂറ്റാണ്ടിന്‍റെ മദ്ധ്യ ഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ടതാണ് ഈ ദേവാലയം. മരംകൊണ്ടു തീര്‍ത്ത ഒരു ദേവാലയം 1215 ല്‍ അഗ്നിക്കിരയായിടത്താണ് ഈ ദേവാലയം പണിതുയര്‍ത്തിയത്. ഒരു കത്തോലിക്കദേവാലയമായിട്ടായിരുന്നു ഇത് പണികഴിപ്പിച്ചത്. എന്നാല്‍ 1524 ല്‍ ഇത് ലൂതറന്‍ സമൂഹത്തിന് നല്കപ്പെടുകയായിരുന്നു. 1600 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ളതാണ് ഈ ദേവാലയം. റീഗയിലെ യഥാര്‍ത്ഥ ലൂതറന്‍ കത്തീദ്രല്‍ വിശുദ്ധ യോഹന്നാന്‍റെ നാമത്തിലുള്ള ദേവാലയമാണ്.

എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷ

എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയായിരുന്നു പരിശുദ്ധ മറിയത്തിന്‍റെ   നാമത്തിലുള്ള ലൂതറന്‍ കത്തീദ്രലില്‍ പാപ്പായുടെ പരിപാടി. അവിടെ എത്തിയ പാപ്പയെ ലൂതറന്‍ ആര്‍ച്ച്ബിഷപ്പ് യാനിസ് വനാഗ്സ് സ്വീകരിച്ച് ദേവാലയത്തിനകത്തേക്കാനയിച്ചു. വിവിധ ക്രൈസ്തവസഭകളുടെ പത്തോളം നേതാക്കളുള്‍പ്പടെ ആയിരത്തോളം പേര്‍ ദേവാലയത്തില്‍ സന്നിഹിതാരായിരുന്നു.

പ്രവേശന ഗാനം ആലപിക്കപ്പെട്ടപ്പോള്‍ സഭാപ്രതിനിധികള്‍ പ്രദക്ഷിണമായി വേദിയിലെത്തി. അവര്‍ വിശുദ്ധ മെയ്നാര്‍ദിന്‍റെ പൂജ്യാവശിഷ്ടങ്ങളെ വണങ്ങിയതിനെ തുടര്‍ന്ന് റീഗയിലെ ലൂതറന്‍ ആര്‍ച്ച്ബിഷപ്പ് യാനിസ്‍ വനാഗ്സ് എല്ലാവര്‍ക്കും  സ്വാഗതമോതി.                 

ദൈവവചന വായനകള്‍ക്കു ശേഷം പാപ്പാ ഒരു വിചിന്തനം നടത്തി.

 പാപ്പായുടെ പ്രഭാഷണത്തെ തുടര്‍ന്ന് മാമ്മോദീസതൊട്ടിയിലേക്കുള്ള മെഴുകുതിരി പ്രദക്ഷിണമായിരുന്നു. കുട്ടികളായിരുന്നു മെഴുകുതിരികള്‍ ഏന്തിയിരുന്നത്

ഈ പ്രദക്ഷിണത്തെ തുടര്‍ന്ന് വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കും ശേഷം എല്ലാവരും പരസ്പരം സമാധാനം ആശംസിച്ചു. ആശീര്‍വാദത്തോടെ എക്യുമെനിക്കല്‍ കൂടിക്കാഴ്ചയ്ക്ക് സമാപനമായി.

പാപ്പാ കത്തോലിക്കാ കത്തീദ്രലില്‍

അവിടെ നിന്ന് പാപ്പാ വിശുദ്ധ ജെയിംസിന്‍റെ നാമത്തിലുള്ള കത്തോലിക്കാ കത്തീദ്രലിലേക്കു പോയി. ഈ കത്തീദ്രലും പതിമൂന്നാം നൂറ്റണ്ടില്‍ പണികഴിപ്പിക്കപ്പെട്ടതാണ്. മതപരമായ കലാമൂല്യമുള്ള നിരവധി സൃഷ്ടികള്‍ സൂക്ഷിക്കപ്പെടുന്ന ഈ കത്തീദ്രല്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ സാംകാരികസമിതിയുടെ, അതായത്. യുനെസ്കൊയുടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കത്തിദ്രലിലെത്തിയ പാപ്പായെ അതിന്‍റെ ചുമതലയുള്ള വൈദികന്‍ കുരിശുമുത്തിച്ച് സ്വീകരിച്ചു. നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ സന്നിഹിതരായിരുന്നു. വിശുദ്ധ ജലം തളിച്ച് ദേവാലയത്തിലേക്കു പ്രവേശിച്ച പാപ്പാ  പരിശുദ്ധ കന്യകാമറിയത്തിന് പുഷ്പമഞ്ജരി സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. തദ്ദനന്തരം അള്‍ത്താരയ്ക്കു മുന്നില്‍ ഒരുക്കിയിരുന്ന വേദയില്‍ ആസനസ്ഥനായ പാപ്പായെ റീഗയുടെ ആര്‍ച്ചുബിഷപ്പ് സ്ബിഗ്നേവ്സ സത്ങ്കേവിച്സ് സ്വാഗതം ചെയ്തു.തുടര്‍ന്ന് പാപ്പാ എല്ലാവരെയും സംബോധന ചെയ്തു.

ഈ കൂടിക്കാഴ്ച്ചയുടെ അവസാനം സമ്മാനങ്ങള്‍ കൈമാറിയതിനു ശേഷം പാപ്പാ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു കൊണ്ട് ദേവാലയത്തില്‍ നിന്നിറങ്ങി.

കുടുംബങ്ങള്‍ക്കായുള്ള അതിരൂപതാഭവന സന്ദര്‍ശനം

അവിടെ നിന്ന് പാപ്പാ നേരെ പോയത് തൊട്ടടുത്ത് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ഭവനത്തിലേക്കാണ്. റീഗ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കുടുംബസസഹായ പ്രവര്‍ത്തന കേന്ദ്രം തിരുക്കുടുംബത്തിന്‍റെ അതിരൂപതാഭവനം എന്നാണ് അറിയപ്പെടുന്നത്. 2015 ഏപ്രില്‍ 7 നാണ് ഇത് ഉദ്ഘോടനം ചെയ്യപ്പെട്ടത്. കുടുംബമൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും കുടുംബശൈഥില്യങ്ങള്‍ തടയുന്നതിനും ബഹുവിധ സേവനങ്ങള്‍ നല്കുന്ന ഒരു കേന്ദ്രമാണ് ഇത്.

ഈ ഭവനത്തിലെത്തിയ പാപ്പാ, അവിടെ.  ലാത്വിയയിലെ കത്തോലിക്കാ മെത്രാന്മാരുമൊത്ത് ഉച്ചവിരുന്നു കഴിച്ചു. തദ്ദനന്തരം പാപ്പാ അവിടെനിന്ന് 3 കിലോമീറ്റര്‍ അകലെ ഹെലിക്കോപ്റ്റര്‍ തയ്യാറായി നിന്നിരുന്നിടത്ത് കാറില്‍ എത്തുകയും 190 കിലോമീറ്റര്‍ അകലെയുള്ള അഗ്ലോന എന്ന സ്ഥലത്തേക്ക് ഹെലിക്കോപ്റ്ററില്‍ പോകുകയും ചെയ്തു. അഗ്ലോനയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്ര സന്ദര്‍ശനം, ദിവ്യപൂജാര്‍പ്പണം എന്നിവയായിരുന്നു അവിടത്തെ പരിപാടികള്‍.

 ലിത്വാനിയായില്‍ പാപ്പായുടെ ഞായറാഴ്ച ഉച്ചതിരിഞ്ഞു നടന്ന ഇടയസന്ദര്‍ശന പരിപാടികള്‍

ഞായറാഴ്ച (23/04/18) പാപ്പാ ലിത്വാനിയായിലെ കൗനാസ് രൂപതയില്‍ വച്ച് വൈദികരും സമര്‍പ്പിതരും സെമിനാരിവിദ്യാര്‍ത്ഥികളുമൊത്തു കൂടിക്കാഴ്ച നടത്തി

കൗനാസ് രൂപതയുടെ കത്തീദ്രലായിരുന്നു കൂടിക്കാഴ്ചാ വേദി. കത്തീദ്രലില്‍ പ്രവേശിച്ച പാപ്പായെ വികാരി സ്വീകരിച്ച് അകത്തേക്കാനയിച്ചു. ദിവ്യകാരുണ്യ കപ്പേള ലക്ഷ്യമാക്കി നീങ്ങിയ പാപ്പാ ദേവാലയത്തിനകത്തിരുന്നിരുന്ന പ്രായം ചെന്നവരുടെ സമീപം അല്പ സമയം നില്ക്കുയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. വീണ്ടും മുന്നോട്ടു പോയ പാപ്പായക്ക് ഒരു സമര്‍പ്പിതനും ഒരു സമര്‍പ്പിതയും ചേര്‍ന്ന്  നല്കിയ പൂച്ചെണ്ട് പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സക്രാരിയുടെ മുന്നിലെത്തിയ പാപ്പാ അവിടെയും അല്പസമയം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാ ശുശ്രൂഷയുടെ രൂപത്തിലുള്ള കൂടിക്കാഴ്ച ആയിരുന്നു.

മെത്രാന്‍സംഘത്തിന്‍റെ സമര്‍പ്പിത ജീവിതകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ ചുമതലയുള്ള പനെവെത്സിസ് രൂപതയുടെ മെത്രാന്‍ ലീനസ് വൊദൊപ്യനൊവാസ് പാപ്പായെ സ്വാഗതം ചെയ്തു.        

തുടര്‍ന്ന് പ്രാര്‍ത്ഥനയും വിശുദ്ധഗ്രന്ഥ പാരായണവും സ്തുതിഗീതവും കഴിഞ്ഞപ്പോള്‍ പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു.

പ്രഭാഷണത്തെ തുടര്‍ന്ന് വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കും ശേഷം പാപ്പാ ആശീര്‍വ്വാദം നല്കിയതോടെ കൂടിക്കാഴ്ച സമാപിച്ചു.

മ്യൂസിയം സന്ദര്‍ശനം

കൗനാസിലെ കത്തീദ്രലില്‍ നിന്ന് പാപ്പാ പോയത് അവിടെ നിന്ന് നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള, ആധിപത്യങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും സ്മരണകളുണര്‍ത്തുന്ന മ്യൂസിയത്തിലേക്കാണ്.

പോകുന്ന വഴിക്ക് പാപ്പാ കുരുതികഴിക്കപ്പെട്ട യഹൂദരുടെ സ്മാരകം സന്ദര്‍ശിക്കുകയും പൂക്കള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്തു. മ്യൂസിയത്തിലെത്തിയ പാപ്പായെ അതിന്‍റെ മേധാവി സ്വീകരിച്ച് അതിനടുത്തുള്ള ഒരു കെട്ടിടത്തിനകത്തേക്ക് ആനയിച്ചു. ലിത്വാനിയയുടെ പ്രസിഡന്‍റ് ദലിയയും വിള്‍നിയൂസ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ജിന്താരസ് ഗ്രൂസാസും പീഢനങ്ങളെ അതിജീവിച്ച ഈശോസഭാംഗമായ ഒരു മെത്രാനും പാപ്പായ്ക്കൊപ്പം ഉണ്ടായിരുന്നു. ഈ കെട്ടിടത്തിന്‍റെ  നിലവറയില്‍ പാപ്പാ ഒരു മെഴുകുതിരി തെളിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കിയിരുന്ന മുറിയിലും പാപ്പാ പ്രവേശിച്ചു. മുകളിലേക്കു കയറിയ പാപ്പാ സന്ദര്‍ശകര്‍ക്കായുള്ള പുസ്തകത്തില്‍ ഒപ്പു വച്ചതിനു ശേഷമാണ് പുറത്തേക്കിറങ്ങിയത്. വധിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തവര്‍ക്കായുള്ള  സ്മാരകത്തിനടുത്തേക്കു പോയ പാപ്പാ അല്പസമയം അവിടെ മൗനമായ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന്  പാപ്പാ ഒരു പ്രാര്‍ത്ഥന ചൊല്ലി. പ്രാര്‍ത്ഥനാനന്തരം ആശീര്‍വാദം നല്കിയ പാപ്പാ  അവിടെ നിന്ന് വിള്‍നിയൂസിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് പോകുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.

24 September 2018, 13:30