Cerca

Vatican News
ഫ്രാന്‍സീസ് പാപ്പാ  ലിത്വാനിയായിലെ  കൗനാസ് നഗരത്തിലെ സാന്തക്കൊസ് പാര്‍ക്കില്‍ ദിവ്യപൂജാര്‍പ്പണവേളയില്‍ 23-09-18 ഫ്രാന്‍സീസ് പാപ്പാ ലിത്വാനിയായിലെ കൗനാസ് നഗരത്തിലെ സാന്തക്കൊസ് പാര്‍ക്കില്‍ ദിവ്യപൂജാര്‍പ്പണവേളയില്‍ 23-09-18  (ANSA)

പാപ്പാ ലിത്വാനിയായില്‍

ഫ്രാന്‍സീസ് പാപ്പായുടെ ഇടയസന്ദര്‍ശനം:ശനിയാഴ്ച ഉച്ചതിരിഞ്ഞും ഞായറാഴ്ച രാവിലെയും നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ ബാള്‍ട്ടിക് നാടുകള്‍ വേദികളാക്കി തന്‍റെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനം നടത്തുകയാണ്. ശനിയാഴ്ച (22/09/18) രാവിലെ ആരംഭിച്ച ഈ ഇടയസന്ദര്‍ശനം ചൊവ്വാഴ്ച (25/0918) വൈകുന്നേരം സമാപിക്കും. അന്നു രാത്രി പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും. ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക്ക് നാടുകളില്‍ പാപ്പായുടെ പ്രഥമ സന്ദര്‍ശന വേദി ലിത്വാനിയ ആണ്. തിങ്കളാഴ്ച (24/09/18) രാവിലെ പ്രാദേശിക സമയം 7.30 ഓടെ, ഇന്ത്യയിലെ സമയം രാവിലെ 10 മണിയോടെ മൂന്നു ബാള്‍ട്ടിക്ക് നാടുകളില്‍ രണ്ടാമത്തെതായ ലാത്വിയയില്‍ പാപ്പാ എത്തി.

സമയത്തില്‍ ഇന്ത്യ ബാള്‍ട്ടിക്ക് നാടുകളെക്കാള്‍ 2 മണിക്കൂറും 30 മിനിറ്റും മുന്നിലാണ് എന്നത് ഓര്‍ക്കുക.

തിങ്കളാഴ്ച രാത്രി തന്നെ പാപ്പാ ലിത്വാനിയായിലേക്കു മടങ്ങും. പാപ്പാ മൂന്നാമത്തെ ബാള്‍ട്ടിക് രാജ്യമായ എസ്തോണിയയിലേക്കു പോകുന്നതും ലിത്വാനിയയില്‍ നിന്നായിരിക്കും. ഈ ഇടയസന്ദര്‍ശനത്തിന്‍റെ സമാപനദിനമായ ചൊവ്വാഴ്ചയാണ് പാപ്പാ അന്നാടിനായി നീക്കിവച്ചിരിക്കുന്നത്.

പാപ്പായുടെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലികപര്യടനത്തിന്‍റെ രണ്ടാം ദിനമായ ഞായറാഴ്ചത്തെ (23/09/18) പരിപാടികള്‍ രാവിലെ, കൗനാസിലെ സാന്തക്കോസ് പാര്‍ക്കില്‍ ദിവ്യപൂജാര്‍പ്പണം,  വൈകുന്നേരം വൈദികരും സമര്‍പ്പിതരും  വൈദികാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, ആധിപത്യങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളുടെയും സ്മരണകള്‍ ഉണര്‍ത്തുന്ന മ്യൂസിയം സന്ദര്‍ശനം എന്നിവയായിരുന്നു.

 ശനിയാഴ്‍ ഉചതിരിഞ്ഞു നടന്ന പരിപാടികളിലൂടെ 

ഈ ഇടയസന്ദര്‍ശന ദിനങ്ങളില്‍ പാപ്പായുടെ താല്‍ക്കാലിക വാസസ്ഥലം,  ലിത്വാനിയായില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ ഔദ്യോഗിക നയതന്ത്രപ്രതിനിധിയായ അപ്പസ്തോലിക് നുണ്‍ഷ്യൊയുടെ ഔദ്യോഗിക വസതിയായ, അപ്പസ്തോലിക് നണ്‍ഷിയേച്ചറാണ്. ലിത്വാനിയായുടെ തലസ്ഥാനമായ വിള്‍നിയൂസില്‍ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ ശനിയാഴ്ച ഉച്ച ഭക്ഷണം കഴിച്ച പാപ്പാ അവിടെ നിന്ന് 4 കിലോമീറ്ററോളം അകലെയുള്ള കാരുണ്യമാതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രം വൈകുന്നേരം സന്ദര്‍ശിച്ചു.

വിള്‍നിയൂസ്

പുരാതനകാലത്ത് വിള്‍നിയുസ് നഗരത്തിനകത്തേക്കു കടക്കുന്നതിനുണ്ടായിരുന്ന 9 കവാടങ്ങളില്‍ ഒന്നിനോടടുത്താണ് ഈ മരിയന്‍ ദേവാലയം സ്ഥിതിചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഈ നഗരത്തെ കോട്ടകെട്ടി ബലപ്പെടുത്തിയപ്പോള്‍ പ്രവേശന കവാടങ്ങളില്‍ ഓരോന്നിലും ചെറുമാടങ്ങളുണ്ടാക്കി പരിശുദ്ധ മറിയത്തിന്‍റെയൊ യേശുവിന്‍റെയൊ രൂപങ്ങള്‍ പ്രതിഷ്ഠിച്ചു. ഈ വാതിലുകളില്‍ “അരുണോദയത്തിന്‍റെ  കവാടം” എന്നു പേരുള്ള വാതിലിനടുത്ത് പ്രതിഷ്ഠിച്ചത് കാരുണ്യമാതാവെന്ന അഭിധാനത്തിലുള്ള ശ്യാമമാതാവിന്‍റെ വര്‍ണ്ണനാചിത്രമാണ്. ഇത് 1620 നും 30 നുമിടയ്ക്ക് രചിച്ചതാണ്. ഈ നാഥയുടെ മദ്ധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 1993 ല്‍ ലിത്വാനിയ സന്ദര്‍ശിച്ചവേളയില്‍ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ “അരുണോദയത്തിന്‍റെ കാവട”ത്തില്‍ ഈ ചിത്രത്തിനു മുന്നില്‍ ജപമാല ചൊല്ലുകയുണ്ടായി.

അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് കാരുണ്യമാതാവിന്‍റെ  പവിത്രസന്നിധാനത്തിലേക്കു പുറപ്പെട്ട പാപ്പായുടെ വരവും പ്രതീക്ഷിച്ച് നിരവധിയാളുകള്‍ ദേവാലയാങ്കണത്തിലേക്കു നയിക്കുന്ന പാതയുടെ ഓരങ്ങളിലും ചത്വരത്തിലും നിലയുറപ്പിച്ചിരുന്നു. ഈ ദേവാലയത്തിനടുത്താണ് ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്തായുടെ ആസ്ഥാനവും വിശുദ്ധ ത്രേസ്യയുടെ നാമത്തിലുള്ള കത്തോലിക്കാ ദേവാലയവും. ഇവയ്ക്ക് രണ്ടിനും മദ്ധ്യേയുള്ള ഒരിടത്താണ് പാപ്പാ കാറില്‍ വന്നിറങ്ങിയത്. പാപ്പായെ സ്വീകരിക്കുന്നതിന് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയും വിശുദ്ധ ത്രേസ്യയുടെ നാമത്തിലുള്ള ഇടവകയുടെ വികാരിയും സന്നിഹിതരായിരുന്നു. അവര്‍ പാപ്പായെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. താന്‍ നടന്നു പോയ വഴിയുടെ ഇരുവശവും നിന്നിരുന്ന ജനക്കൂട്ടവുമായി സംവദിച്ചും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടു നീങ്ങിയ പാപ്പാ അവിടെ സന്നിഹിതരായിരുന്ന അനാഥക്കുട്ടികളുടെയും അവരെ ഏറ്റെടുത്ത കുടുംബങ്ങളുടെയും, അതുപോലെ തന്ന ചക്രക്കസേരയിലും മറ്റുമായി ഇരുന്നിരുന്ന രോഗികളുടെയും ചാരെയെത്തി  സ്നേഹസാന്ത്വനം പകര്‍ന്നു. തുടര്‍ന്ന് പാപ്പാ ദേവാലയത്തിലേക്കു പ്രവേശിച്ചു. കാരുണ്യമാതാവിന്‍റെ കപ്പേളയില്‍ ലിത്വാനിയായുടെ പ്രസിഡന്‍റ് ദലീയ ഗ്രിബൗസ്ക്കൈറ്റുള്‍പ്പടെയുള്ള വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. പാപ്പാ ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ മനോഹരമായ സ്തുതിഗീതം ഉയരുന്നുണ്ടായിരുന്നു.

പേപ്പല്‍ വര്‍ണ്ണങ്ങളായ മഞ്ഞയും വെള്ളയും കുസുമങ്ങളാല്‍ അലംകൃതമായിരുന്ന കാരുണ്യനാഥയുടെ വര്‍ണ്ണനാചിത്രത്തിനുമുന്നില്‍ മൗനപ്രാര്‍ത്ഥനയില്‍ ‌അല്പസമയം ചിലവഴിച്ച പാപ്പാ തുടര്‍ന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ഒരു വിചിന്തനം നടത്തി. ഈ വിചന്തനം ലിത്വാനിയന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടായിരുന്നു.

പാപ്പായുടെ പ്രഭാഷണത്തിനു ശേഷം കാരുണ്യനാഥയോടുള്ള പ്രാര്‍ത്ഥനയായിരുന്നു. തുടര്‍ന്ന് സാല്‍വേ റെജീന എന്ന കാരുണ്യ നാഥയോടുള്ള പ്രാര്‍ത്ഥനാഗീതം ആലപിക്കപ്പെട്ടു.  ഗാനം അവസാനിച്ചപ്പോള്‍ പാപ്പാ കാരുണ്യ നാഥയ്ക്ക് ലോകത്തെയും കുടുംബങ്ങളെയും സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി പാപ്പാ ഒരു സ്വര്‍ണ്ണ ജപമാലയും കിരീടവും സമ്മാനിച്ചു.

ഈ സന്ദര്‍ശനാനന്തരം പാപ്പായുടെ അടുത്ത പരിപടി യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു.

യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച

കാരുണ്യമാതാവിന്‍റെ ദേവാലയത്തില്‍ നിന്ന് 3 കിലോമീറ്ററോളം അകലെ വിള്‍നീയൂസില്‍, വിശുദ്ധരായ സ്തന്സ്ലാവൂസിന്‍റെയും ലദിസ്ലാലാവിന്‍റെയും നാമത്തിലുള്ള കത്തീദ്രലിന്‍റെ ചത്വരമായിരുന്നു സമാഗമവേദി. ലിത്വാനിയായുടെ തലസ്ഥാന നഗരിയായ വിള്‍നിയൂസിന്‍റെ സവിശേഷ അടയാളമാണ് ഈ ചത്വരം.                                   

ചത്വരത്തിലെത്തിയ പാപ്പാ തുറന്ന പേപ്പല്‍ വാഹനത്തില്‍ യുവജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങി. ചെറുപതാകകളും കരങ്ങളും വീശിയും ആരവങ്ങളുയര്‍ത്തിയും അവര്‍ പാപ്പായെ പ്രത്യഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.  ഈ സമയമെല്ലാം പശ്ചാത്തലത്തില്‍ ഗാനം അലയടിക്കുന്നുണ്ടായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ വിള്‍നിയൂസ് അതിരൂപയുടെ ആര്‍ച്ച്ബിഷപ്പ് ജിന്താരാസ് ഗ്രൂസാസ് സ്വീകരിച്ച് വേദിയിലേക്കാനയിച്ചു. അവിടെയിരുന്നു യുവജനഗായകസംഘത്തിന്‍റെ മധുരഗീതം ആസ്വദിച്ച പാപ്പാ അതു കഴിഞ്ഞപ്പോള്‍ കയ്യടിച്ചു തന്‍റെ അഭിനന്ദനം അറിയിച്ചു. തുടര്‍ന്ന് ഒരു യുവതിയുടെ സാക്ഷ്യമായിരുന്നു.

മോണിക്കയുടെ സാക്ഷ്യം

വിശ്വാസമെന്ന ദാനം താന്‍ സ്വീകരിച്ചത് തന്‍റെ മുത്തശ്ശിയില്‍നിന്നാണെന്നും, തന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതും മുത്തശ്ശിയാണെന്നും മോണിക്ക മിഡ്വെരിത്തെ എന്ന യുവതി സാക്ഷ്യപ്പെടുത്തി. ദൈവത്തിന്‍റെ നിരുപാധികസ്നേഹത്തിന്‍റെ പ്രതിഫലനമായിരുന്നു തനിക്ക് മുത്തശ്ശിയെന്നും ആ യുവതി പറഞ്ഞു.

തന്‍റെ ക്ഷപ്രകോപിയായിരുന്ന പിതാവില്‍ നിന്നേറ്റ പ്രഹരങ്ങളും നിന്ദാവചനങ്ങളും തന്നെ പിതാവിന്‍റെ ശത്രുവാക്കി മാറ്റിയതും ആനന്ദം തേടി താന്‍ മദ്യത്തിലും മറ്റും അഭയം തേടിയതും അനുസ്മരിച്ച മോണിക്ക  അവയ്ക്കൊന്നിനും തനിക്ക് ആനന്ദം പ്രദാനം ചെയ്യാനായില്ലെന്ന് സാക്ഷ്യപ്പെടുത്തി.

പിന്നീട് താന്‍ ദൈവത്തിന്‍റെ രക്ഷ കണ്ടെത്തുകയും ലോകത്തെ മറ്റൊരു കണ്ണിലൂടെ വീക്ഷിക്കാന്‍ തുടങ്ങുകയും അങ്ങനെ സന്തോഷത്തിന്‍റെ  പാതകണ്ടെത്തുകയും ചെയ്തതും വിവരിച്ച മോണിക്ക, ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ജീവിത തോണിയില്‍ യേശുവുണ്ടെന്ന ബോധ്യമാണ് സുപ്രധാനം എന്നു പറഞ്ഞു.

തുര്‍ന്ന് പാരമ്പര്യ ശൈലിയിലുള്ള ഒരു ഗാനമായിരുന്നു. ഗാനാനാന്തരം വിള്‍നിയൂസ്കാരനായ യോനാസ് എന്ന വിവാഹിതനായ ഒരു യുവാവിന്‍റെ സാക്ഷ്യമായിരുന്നു.

 യോനാസ് പറയുന്നു

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രം ദൈവത്തെതേടുന്ന നമ്മുടെ പൊതുവായ സ്വഭാവത്തെക്കുറിച്ചു വിവരിച്ച യോനാസ് തന്‍റെ ജീവിതവും അതില്‍ നിന്ന് വിഭിന്നമായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തി. വിവാഹാനന്തരം ആനന്ദദായകങ്ങളായിരുന്ന കാലത്ത്  ആറാം വര്‍ഷത്തില്‍ അപ്രതീക്ഷിതമായിട്ടാണ് തന്നെ ഒരു ഗുരുതര രോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്നും അവിടം മുതലാണ് പടിപടിയായി ദൈവത്തിന്‍റെ സാന്നിധ്യം താന്‍ ജീവിതത്തില്‍ മനസ്സിലാക്കിതുടങ്ങിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ന് ആഴ്ചയില്‍ 3 പ്രാവശ്യം താന്‍ മൂന്നു മണിക്കൂര്‍ വീതം നീളുന്ന ഡയാലിസിസിനു വിധേയനാകുന്നുണ്ടെന്നും ഇപ്പോള്‍ ‍താന്‍ പ്രത്യാശയോടു കൂടി ജീവിക്കുന്നതിന് കാരണം ദൈവത്തിലുള്ള ഉറച്ച വിശ്വാസവും കുടുംബത്തിന്‍റെ താങ്ങും ആണെന്നും യോനാസ് സാക്ഷ്യപ്പെടുത്തി. എല്ലാ സാഹചര്യങ്ങളിലും ദൈവം ദൃശ്യനായിരിക്കില്ല, എല്ലായ്പോഴും അവിടത്തെ തിരിച്ചറിയാനാകില്ല, എന്നാല്‍ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ഞാന്‍ വിശ്വസിക്കുന്നു, എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്, യോനാസ് പ്രഖ്യാപിച്ചു.

ഈ സാക്ഷ്യത്തിനു ശേഷം ഒരു ആധുനിക നൃത്താവിഷ്ക്കാരമായിരുന്നു. നര്‍ത്തകര്‍ വേദിവിട്ടതിനെ തുടര്‍ന്ന് പാപ്പാ തന്‍റെ സന്ദേശം നല്കി.  പാപ്പായുടെ സന്ദേശം അവസാനിച്ചതിനെ തുടര്‍ന്ന് വിള്‍നിയൂസ് ആര്‍ച്ചുബിഷപ്പ് ജിന്താരസ് ഗ്രുസാസ് നന്ദിപ്രകാശനം നടത്തി. ആര്‍ച്ചുബിഷപ്പിന്‍റെ കൃതജ്ഞതാ പ്രകാശനാനന്തരം പാപ്പാ അദ്ദേഹത്തിനു ഒരു കാസ സമ്മാനമായി നല്കി. തുടര്‍ന്ന് വിശ്വാസപ്രതിജ്ഞാഗാനം ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ആശീര്‍വാദം നല്കിയതോടെ കൂടിക്കാഴ്ചയ്ക്ക് തിരശ്ശീല വീണു.

ഗാനങ്ങളും സാക്ഷ്യങ്ങളും നൃത്തവും ഇടകലര്‍ന്ന ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ കത്തീദ്രലിനകത്തേക്കു പോയി. സന്ന്യാസിനികളും വൈദികരും പ്രായാധിക്യം ചെന്നവരുമുള്‍പ്പടെ അറുപതോളം പേര്‍ ദേവാലയത്തിനകത്തുണ്ടായിരുന്നു. കത്തീദ്രലില്‍ അല്പസമയം നിശബ്ദമായി പ്രാര്‍ത്ഥിച്ച പാപ്പാ തുടര്‍ന്നു അവിടെ സന്നിഹിതരായിരുന്നവരുടെ ചാരെ അല്പസമയം ചിലവഴിച്ചു.

തദ്ദനന്തരം പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് പോകുകയും അത്താഴം കഴിച്ച് അവിടെ രാത്രി വിശ്രമിക്കുകയും ചെയ്തു.

ലിത്വാനിയയില്‍ പാപ്പായുടെ ഞായറാഴ്ച

ഞായറാഴ്ച രാവിലെ പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന്  നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള കൗനാസിലേക്കു പോയി. യാത്ര കാറിലായിരുന്നു.

കൗനാസ് നഗരവും അതിരൂപതയും

ലിത്വാനിയയിലെ രണ്ടാമത്തെ പ്രധാന നഗരമാണ് കൗനാസ്. നേരിസ്, നെമുനാസ് എന്നീ നദികളുടെ സംഗമസ്ഥാനത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 3 ലക്ഷത്തി 75000 നിവാസികളുണ്ട് ഈ നഗരത്തില്‍.

1417 ല്‍ സ്ഥാപിതമായ കൗനാസ് രൂപത 1926 ഏപ്രില്‍ 4 ന് അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. 8750 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 6 ലക്ഷത്തി അമ്പതിനായിരത്തിലേറെ ജനങ്ങളില്‍ 5 ലക്ഷത്തിലേറെയും കത്തോലിക്കരാണ്. തൊണ്ണൂറിലേറെ ഇടവകകളുള്ള ഈ അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്ന രൂപതാവൈദികര്‍ നൂറും സന്ന്യസ്ത വൈദികര്‍ ഇരുപതും ആണ്. 20 സന്ന്യസ്ത സഹോദരരും നൂറ്റിയെണ്‍പതോളം സന്ന്യാസിനികളും ഈ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 8 വിദ്യഭ്യാസ സ്ഥാപനങ്ങളും മുപ്പതിലേറെ ഉപവിപ്രവര്‍ത്തന സാമൂഹ്യസേവന കേന്ദ്രങ്ങളും ഈ അതിരൂപതയ്ക്കുണ്ട്. ആര്‍ച്ചുബിഷപ്പ് ലിയോഞ്ചിനാസ് വിര്‍ബാലാസ് ആണ് അതിരൂപതാദ്ധ്യക്ഷന്‍.

കൗനാസിലെ സാന്തക്കോസ് മൈതാനിയില്‍ ആയിരുന്നു വെണ്മായര്‍ന്നതും ലളിതവുമായ ബലിവേദി ഒരുക്കിയിരുന്നത്. പശ്ചാത്തലത്തില്‍ വലിയൊരു ക്രൂശിതരൂപവും അള്‍ത്താരയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അള്‍ത്തരയ്ക്ക് മുന്നില്‍ വലത്തുവശത്തായി പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഒരു ചിത്രം പ്രതിഷ്ഠിച്ചിരുന്നു. ഒരുലക്ഷത്തോളം പേര്‍ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ച് സാധാരണകാലത്തിലെ ഇരുപത്തിയഞ്ചാം ഞായറാഴ്ചത്തെ ദിവ്യപൂജയായിരുന്നു അര്‍പ്പിക്കപ്പെട്ടത്.

പ്രവേശന ഗീതം ഉയര്‍ന്നപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി ബലിവേദിയലെത്തി. അള്‍ത്താരയെ വണങ്ങിയ പാപ്പാ ധൂപാര്‍പ്പണം നടത്തി. തദ്ദനന്തരം പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ദിവ്യബലി ആരംഭിച്ചു. അനുതാപ ശുശ്രൂഷയ്ക്കും വിശുദ്ധഗ്രന്ഥവായനകള്‍ക്കും ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.

ദിവ്യബലിയുടെ അവസാനം കൗനാസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ലിയൊഞ്ചിനാസ് വിര്‍ബലാസിന്‍റെ കൃതജ്ഞതാവചസ്സുകളെ തുടര്‍ന്ന് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവിചിന്തനം നടത്തി. വിചിന്തനാനന്തരം ത്രികാലപ്രാര്‍ത്ഥന നയിച്ച പാപ്പാ തുടര്‍ന്ന് സമാപനാശീര്‍വ്വാദം നല്കി.

വിശുദ്ധ കുര്‍ബ്ബാനാനന്തരം പാപ്പാ തിരുവസ്ത്രങ്ങള്‍ മാറിയതിനു ശേഷം അതിമെത്രാസനമന്ദിരത്തിലേക്കു പോയി. അവിടെയായിരുന്നു പാപ്പായ്ക്ക് ഉച്ചവിരുന്നു ഒരുക്കിയിരുന്നത്. അവിടെ എത്തിയ പാപ്പാ ലിത്വാനിയായിലെ മെത്രാന്‍സംഘവുമൊത്തു ഉച്ചഭക്ഷ​ണം കഴിച്ചു.

23 September 2018, 14:12