ലിത്വാനിയായില്‍ വിമാനമിറങ്ങിയ ഫ്രാന്‍സീസ് പാപ്പായെ പൂച്ചെണ്ടു നല്കി സ്വീകരിക്കുന്ന പാരമ്പര്യ വേഷധാരികളായ കുട്ടികള്‍ 22-09-18 ലിത്വാനിയായില്‍ വിമാനമിറങ്ങിയ ഫ്രാന്‍സീസ് പാപ്പായെ പൂച്ചെണ്ടു നല്കി സ്വീകരിക്കുന്ന പാരമ്പര്യ വേഷധാരികളായ കുട്ടികള്‍ 22-09-18 

പാപ്പാ ലിത്വാനിയായില്‍

പാപ്പായുടെ വിദേശ അപ്പസ്തോലിക പര്യടനം -ഒന്നാം ദിനം- ലിത്വാനിയായില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയഞ്ചാം വിദേശ ഇടയസന്ദര്‍ശനത്തിന് തുടക്കമായി. ശനിയാഴ്ച (22/09/18) രാവിലെ ആരംഭിച്ച ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ വേദികള്‍ ബാള്‍ട്ടിക്ക് നാടുകളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയാണ് യഥാക്രമം.

വത്തിക്കാനില്‍ നിന്ന്

ശനിയാഴ്ച (22/09/18) രാവിലെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ, ഫ്യുമിച്ചിനോയിലുള്ള “ലെയൊണാര്‍ദൊ ദ വിഞ്ചി” അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക്, കാറില്‍ യാത്രയായി. ഇ വിമാനത്താവളം “പോര്‍ത്തൊ സാന്ത റുഫിന” രൂപതയുടെ ഭരണസീമയ്ക്കുള്ളില്‍ വരുന്നതാകയാല്‍ പ്രസ്തുത രൂപതയുടെ മെത്രാന്‍ ജീനൊ റെയാലി പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാന്‍ അവിടെ സന്നിഹിതനായിരുന്നു. ഇതര സഭാപ്രതിനിധികളും വിമാനത്താവളാധികാരികളും അവിടെയുണ്ടായിരുന്നു. പാപ്പാ അവരോടെല്ലാം യാത്ര പറഞ്ഞ് പതിവുപോലെ യാത്രസഞ്ചിയും തൂക്കി വിമാന പടവുകള്‍ കയറി. അല്‍ ഇത്താലിയയുടെ എയര്‍ബസ് 320 ആയിരുന്നു വ്യോമയാനം. റോമിലെ സമയം രാവിലെ 7.30 ന്, ഇന്ത്യയിലെ സമയം രാവിലെ 11 മണിക്ക് ഈ വിമാനം പാപ്പായെയും മാദ്ധ്യമപ്രവര്‍ത്തകരുമുള്‍പ്പെട്ട അനുചരസംഘത്തെയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്നു. മൂന്നു ബാള്‍ട്ടിക്ക് നാടുകളില്‍ ലിത്വാനിയയിയുടെ തലസ്ഥാനമായ വിള്‍നിയൂസിലെ അന്താരാഷ്ട്രവിമാനത്താവളമായിരുന്നു ലക്ഷ്യം. ഈ രണ്ടു വിമാനത്താവളങ്ങള്‍ക്കിടയിലുള്ള 1703 കിലോമീറ്റര്‍ ദൂരം തരണം ചെയ്യുന്നതിന് ആകാശ നൗക 3 മണിക്കൂറോളം എടുത്തു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് ഈ വിമാനം ഇറ്റലിയുടെയും ലിത്വാനയിയായുടെയും വ്യോമ പാതകള്‍ക്കു പുറമെ, ക്രൊവേഷ്യ, ഹങ്കറി, സ്ലൊവാക്യ, പോളണ്ട് എന്നീ നാടുകളുടെയും വ്യോമപാതകള്‍ ഉപയോഗപ്പെടുത്തി. ഓരോ രാഷ്ട്രത്തിന്‍റെയും മുകളിലൂടെ പറക്കവെ അതതു രാജ്യത്തിന്‍റെ തലവന് പാപ്പാ വിമാനത്തില്‍ നിന്ന് ആശംസകള്‍ അയച്ചു.

രാഷ്ട്രത്തലവന്മാര്‍ക്ക് സന്ദേശങ്ങള്‍

ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജൊ മത്തരേല്ലയ്ക്കയച്ച സന്ദേശത്തില്‍ പാപ്പാ അദ്ദേഹത്തിനും ഇറ്റലിയിലെ ജനങ്ങള്‍ക്കു മുഴുവനും സ്നേഹപൂര്‍വ്വം ശുഭാശംസകള്‍ നേര്‍ന്നു.

ബാള്‍ട്ടിക്ക് നാടുകളുടെ സ്വാതന്ത്ര്യത്തിന്‍റെ ഒന്നാം ശതാബ്ദിയുടെയും വിശുദ്ധ രാണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ അന്നാടുകളില്‍ നടത്തിയ ഇടയ സന്ദര്‍ശനത്തിന്‍റെ  ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെയുമായ ഈ അവസരത്തില്‍ ഫ്രാന്‍സീസ് പാപ്പാ അവിടേക്കു നടത്തു യാത്രാവേളയില്‍ അയച്ച ഈ ആശംസാ സന്ദേശത്തിന് ഇറ്റലിയിലെ ജനങ്ങളുടെയും തന്‍റെയും നാമത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രസിഡന്‍റ് മത്തരേല്ല മറുപടി സന്ദേശം പാപ്പായ്ക്ക് അയക്കുകയും ചെയ്തു.

ക്രൊവേഷ്യ, ഹങ്കറി, സ്ലൊവാക്യ, പോളണ്ട് എന്നീ നാടുകളുടെയും തലവന്മാര്‍ക്കയച്ച പ്രത്യേകം പ്രത്യേകം സന്ദേശങ്ങളിലും പാപ്പാ തന്‍റെ പ്രാര്‍ത്ഥന ഉറപ്പു നല്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകരോട്

വിമാനത്തില്‍ വച്ച് പാപ്പാ, തന്നോടൊപ്പം യാത്രചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഈ അപ്പസ്തോലിക യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് അവരേകുന്ന സേവനങ്ങള്‍ക്ക് പാപ്പാ നന്ദി പ്രകാശിപ്പിച്ചു.

ഈ യാത്രയുടെ വേദികളായ മൂന്നു നാടുകള്‍ക്കും സമാനതകളുണ്ടെങ്കിലും അവ വിഭിന്നങ്ങളാണെന്നും പൊതുവായ ചരിത്രമുണ്ടെങ്കിലും ആ ചരിത്രത്തില്‍ വ്യത്യസ്തകള്‍ കാണാമെന്നും ഈ സമാനതകളും വ്യതിരിക്തതകളും തിരിച്ചറിയുകയെന്ന ശ്രമകരമായ ഒരു ദൗത്യം ഈ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും പാപ്പാ പറഞ്ഞു.

പാപ്പാ ലിത്വാനിയായിലെ വിള്‍നിയൂസ് നഗരവും അതിരൂപതയും

പാപ്പായുടെ ലിത്വാനിയ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം “യേശുക്രിസ്തു-നമ്മുടെ പ്രത്യാശ” ​എന്നതാണ്. പൗലോസ് തിമോത്തേയോസിനെഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യത്തില്‍ നിന്നെടുത്ത വാക്കുകളാണിവ.

ലിത്വാനിയായുയെ തലസ്ഥാന നഗരിയായ വിള്‍നീയൂസ് ഒരു താഴ്വര പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. നേരിസ്, വിള്‍നിയ എന്നീ രണ്ടു നദികളുടെ സംഗമസ്ഥാനവുമാണ് ഈ താഴ്വര. യൂറോപ്പിലെ മനോഹരങ്ങളായ നഗരങ്ങളിലൊന്നാണ് വിള്‍നിയൂസ്.

വിള്‍നീയുസ് അതിരൂപതയുടെ ചരിത്രം പതിനാലാം നൂറ്റാണ്ടു വരെ പിന്നോട്ടു പോകുന്നു. രൂപതയായിരുന്ന അത് അതിരൂപതയായി ഉയര്‍ത്തപ്പെട്ടത് 1925 ഒക്ടോബര്‍ 28നാണ്. 9644 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 8 ലക്ഷത്തി 27000 ത്തില്‍പ്പരം നിവാസികളില്‍ ആറുലക്ഷത്തിലേറെയും കത്തോലിക്കരാണ്. ഈ വിശ്വാസികള്‍ 95 ഇടവകകളിലായി തിരിക്കപ്പെട്ടിരിക്കുന്നു. 137 രൂപതാവൈദികരും നാല്പ്പതോളം സന്ന്യസ്ത വൈദികരും ഇവരുടെ ആദ്ധ്യാത്മികകാര്യങ്ങളില്‍ വിവിധ തലങ്ങളില്‍ ശ്രദ്ധിക്കുന്നു. അമ്പത് സന്ന്യസ്തരും നൂറ്റിയെഴുപതോളം സന്ന്യാസിനികളും ഈ അതിരൂപതയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 5 വിദ്യഭ്യാസ സ്ഥാപനങ്ങളും 34 സാമൂഹ്യസേവന-ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളും ഈ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ആര്‍ച്ച്ബിഷപ്പ് ജിന്തരാസ് ഗ്രുസാസ് ആണ് വിള്‍നിയൂസ് അതിരൂപതയുടെ അദ്ധ്യക്ഷന്‍

ലിത്വാനിയയും ഇന്ത്യയും തമ്മില്‍ 2 മണിക്കൂറും 30 മിനിറ്റും സമയവിത്യാസമുണ്ട്. ഇന്ത്യ ലിത്വാനിയയെക്കാള്‍ ഇത്രയും സമയം മുന്നിലാണ്.

പാപ്പാ ലിത്വാനിയായില്‍

പ്രാദേശിക സമയം രാവിലെ 11.30 ന് ഇറങ്ങുമെന്നു കരുതിയിരുന്ന വ്യോമയാനം നിശിചതസമയത്തേക്കാള്‍ അലപം മുമ്പ് വിള്‍നിയൂസില്‍ എത്തിച്ചേര്‍ന്നു.

വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ ലിത്വാനിയായുടെ പ്രസിഡന്‍റ്,  അവിവാഹിതയായ, ദലീയ ഗ്രിബൗസ്കൈറ്റും, ഇതര പൗരാധികാരികളും അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ലോപെസ് ക്വിന്താന പേദ്രൊയും സഭാ പ്രതിനിധികളും, വമാനത്താവളത്തിനു പുറത്ത് ചെറിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. തനിച്ചു വിമാനപ്പടവുകള്‍ ഇറങ്ങിയ പാപ്പായെ ലിത്വാനിയായുടെ പ്രസിഡന്‍റ് ദലീയ ഗ്രിബൗസ്കൈറ്റ് ഹസ്തദാനം നല്കി സ്വീകരിച്ചു. തുടര്‍ന്നു പാരമ്പര്യവേഷധാരികളായ രണ്ടുകുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടു നല്കുകയും പാപ്പാ അവര്‍ക്ക് ചെറു ഉപഹാരങ്ങളേകുകയും ചെയ്തു. തുടര്‍ന്ന്  സൈനികബഹാന്‍ഡ് വത്തിക്കാന്‍റെയും ലിത്വാനിയായുടെയും ദേശീയഗാനങ്ങള്‍ വാദനം ചെയ്തു.

സൈനികോപചാരം സ്വീകരിച്ച പാപ്പാ തദ്ദനന്തരം ചുവന്ന പരവതനിയിലൂടെ സാവാധനം നടന്നു നീങ്ങവെ പ്രസിഡന്‍റ് ദലിയ സര്‍ക്കാര്‍ പ്രതിനിധികളെ പാപ്പായ്ക്ക് പരിചയപ്പെടുത്തി. വിമാനത്താവളത്തിലെ അനൗപാചാരികസ്വാഗത-സ്വീകരണച്ചടങ്ങിനു ശേഷം പാപ്പാ അവിടെ നിന്ന് 7 കിലോമീറ്ററിലേറെ അകലെയുള്ള രാഷ്ട്രപതിമന്ദിരത്തിലേക്ക് കാറില്‍ യാത്രയായി.

ലിത്വാനിയയുടേ ചരിത്രം ആദ്യമായി ദേശീയ ഭാഷയില്‍ രചിച്ച ദൗക്കാന്തസിന്‍റെ  നാമത്തിലുള്ള ചത്വരത്തില്‍ സ്ഥിതിചെയ്യുന്ന നെയൊക്ലാസിക് വാസ്തു ശൈലിയില്‍ തീര്‍ക്കപ്പെട്ടരിക്കുന്ന അതിമനോഹരമായ ഒരു മന്ദിരമാണ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി. പലപ്രാവശ്യം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുള്ള ഈ മന്ദിരം വിള്‍നിയൂസിലെ മെത്രാന്‍റെ അരമനയായും ഒരു കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു.

പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച

പ്രസിഡന്‍റിന്‍റെ ഔദ്യോഗികവസതിയിലെത്തിയ പാപ്പാ കാറില്‍ നിന്നിറങ്ങിയപ്പോള്‍ പ്രസിഡന്‍റ് ദലീയ ഗ്രിബൗസ്കൈറ്റ് പാപ്പായെ സ്വീകരിച്ച് മന്ദിരത്തിനകത്തേക്കാനയിച്ചു. അകത്തു പ്രവേശിച്ച പാപ്പായും പ്രസിഡന്‍റും ഔപചാരികമായി ഹസ്തദാനം നല്കുകയും ഒരുമിച്ചുള്ള ഔദ്യാഗിക ഛായഗ്രഹണത്തിന് നില്ക്കുകയും ചെയ്തു. തുടര്‍ന്ന് വിശിഷ്ടവ്യക്തികളായ സന്ദര്‍ശകര്‍ക്കായുള്ള പുസ്തകത്തില്‍ പാപ്പാ ഏതാനും വരികള്‍ കുറിച്ചു. തുടര്‍ന്നു പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള സ്വാകാര്യ കൂടിക്കാഴ്ചായായിരുന്നു.

ഈ സൗഹൃദ സംഭാഷണത്തിനു ശേഷം പ്രസിഡന്‍റ് ദാലിയ പാപ്പായെ രാഷ്ട്രപതിമന്ദിരത്തിനു മുന്നിലുള്ള ചത്വരത്തിലേക്കാനയിച്ചു. രാഷ്ട്രപൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചാവേദി സജ്ജീകരിച്ചിരുന്നത് അവിടെ ആയിരുന്നു. സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു. പാപ്പാ വേദിയിലേക്കാഗതനായപ്പോള്‍ അവിടം കരഘോഷത്താല്‍ മുഖരിതമായി.

തുടര്‍ന്ന് പ്രസിഡന്‍റ് ദലീയ ഗ്രിബൗസ്കൈറ്റ് പാപ്പായെ സ്വാഗതം ചെയ്തു.

പ്രത്യാശയാലും ത്യാഗത്താലും അതിജീവിച്ച ഒരു നാട്ടിലേക്ക് പാപ്പായെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്‍റ് പറഞ്ഞു. ലിത്വാനിയ രാഷ്ട്രത്തിന്‍റെ പുനരുദ്ധാരണത്തിന്‍റെ ശതാബ്ദിയ്ക്കുള്ള അമുല്യ സമ്മാനമാണ് പാപ്പായുടെ ഈ സന്ദര്‍ശനമെന്ന് പ്രസിഡന്‍റ്  ദലീയ വിശേഷിപ്പിച്ചു.

റഷ്യയുടെ സൈന്യം ലിത്വാനിയയില്‍ നിന്ന് പിന്‍വാങ്ങിയ ഉടനെ, അതായത്,25 വര്‍ഷം  മുമ്പ്, വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ അവിടെ എത്തിയതും പ്രസിഡന്‍റ്  അനുസ്മരിച്ചു. സ്വാന്ത്ര്യത്തെ സ്നേഹിക്കുന്ന ഒരു നാടിന് എന്തു നേടാനാകും എന്ന സുപ്രധാനമായ ഒരു സന്ദേശം ആ സന്ദര്‍ശനം വഴി വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ ലോകത്തിനു നല്കിയെന്ന് പ്രസിഡന്‍റ് ദലീയ പറഞ്ഞു.

കാരുണ്യത്തിന്‍റെ വാതില്‍ എന്നും തുറന്നുകിടക്കുന്നതും ദാരിദ്ര്യവും സഹനവും കുറയുകയും അനുകമ്പ വര്‍ദ്ധമാനമാകുകയും ചെയ്യുന്നതുമായ ഒരു ലോകത്തിന്‍റെ  നിര്‍മ്മിതിക്കായി ഫ്രാന്‍സീസ് പാപ്പയേകുന്ന ആഹ്വാനം ലിത്വാനിയായിലെ യുവജനത്തോടു ചേര്‍ന്ന് തങ്ങള്‍ ശ്രവിക്കുന്നുവെന്നും പ്രസിഡന്‍റ് ദലീയ ഉറപ്പു നല്കി. പാപ്പായുടെ വചനവിത്തുകള്‍ പ്രത്യാശയുളവാക്കുകയും ഫലംപുറപ്പെടുവിക്കുകയും ചെയ്യട്ടെയെന്ന് പറഞ്ഞ പ്രസിഡന്‍റ്, പാപ്പായുടെ ജീവിതയാത്രയില്‍ ആരോഗ്യവും സ്ഥൈര്യവും ധൈര്യവും ഉണ്ടാകട്ടെയെന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ആശംസിച്ചുകൊണ്ടാണ് സ്വാഗതവാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്ന് പാപ്പാ ലിത്വാനിയായിലെ തന്‍റെ കന്നി പ്രഭാഷണം നടത്തി.

ഈ കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ 1കിലോമീറ്ററിലേറെ അകലെയുള്ള അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് കാറില്‍ യാത്രയായി. അവിടെ ആയിരുന്ന പാപ്പായുടെ ഉച്ചഭക്ഷണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2018, 13:32