വിശുദ്ധ യാക്കോശ്ലീഹായുടെ ദേവാലയത്തില്‍ വിശുദ്ധ യാക്കോശ്ലീഹായുടെ ദേവാലയത്തില്‍ 

തിന്മയ്ക്കെതിരെ നന്മ വളര്‍ത്തുകയാണ് ഉത്തമം!

ലാത്വിയ സെപ്തംബര്‍ 24 തിങ്കള്‍ - റീഗാ നഗരത്തിലെ പുരാതനമായ ലൂതറന്‍ ഭദ്രാസന ദേവാലയത്തിലെ സഭൈക്യ പ്രാര്‍ത്ഥനയെ തുടര്‍ന്ന് അവിടെനിന്ന് ഒരു കി.മീ. അകലെയുള്ള വിശുദ്ധ യാക്കോശ്ലീഹായുടെ കത്തോലിക്ക ദേവാലയവും അവിടത്തെ ജനങ്ങളെയും പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുകയുണ്ടായി. ഇടവകമദ്ധ്യസ്ഥനായ അപ്പസ്തോലനായ വിശുദ്ധ യാക്കോബിന്‍റെ ചിന്തകള്‍ പാപ്പാ വ്യാഖ്യാനിച്ചു നല്കി:

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തുവിന്‍റെ ബന്ധുവായ ശ്ലീഹ
ക്രിസ്തുവിന്‍റെ ബന്ധുവെന്നു സുവിശേഷം കാട്ടിത്തരുന്ന വിശുദ്ധ യാക്കോസ്ലീഹായുടെ, വിശുദ്ധ ജെയിംസിന്‍റെ  “ദൃഢചിത്തരായിരിക്കാം!” എന്ന വാക്കുകളോടെയാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്.

നിങ്ങള്‍ പ്രതിസന്ധികളിലൂടെയാണ് വളര്‍ന്നത്. യുദ്ധം, രാഷ്ട്രീയ അടിമത്വം, പീഡനങ്ങള്‍, നാടുകടത്തല്‍ എല്ലം നിങ്ങള്‍ മറികടന്നു. അവസാനം നാസി ഭരണവും സോവ്യറ്റ് മേല്‍ക്കോയ്മയും നിങ്ങള്‍ മറികടന്നു. നിങ്ങളുടെ വിശ്വാസവിളക്ക് കെട്ടുപോകാതെ നിങ്ങള്‍ കാത്തുപാലിച്ചു. നിങ്ങള്‍ നല്ലയുദ്ധം ചെയ്തു. ഓട്ടം പൂര്‍ത്തിയാക്കി. വിശ്വാസം സംരക്ഷിച്ചു (2തിമോത്തി. 4, 7).

പഴയ തലമുറയെ മറക്കരുത്!
വിശ്വാസ ജീവിതത്തില്‍ ആവശ്യമായ സ്ഥിരതയെക്കുറിച്ച് യാക്കോശ്ലീഹാ പ്രബോധിപ്പിക്കുന്നു (യാക്കോബ് 1, 2-4). പണ്ട് പ്രതസന്ധികളില്‍ നിങ്ങളുടെ അദ്ധ്വാനം ഫലപ്രാപ്തമായെങ്കില്‍, ഇന്നു പതറരുത്, സ്ഥിരതയോടെ ഫലപ്രാപ്തിക്കായി പരിശ്രമിക്കണം. ഈ നാടിന്‍റെ സ്വാതന്ത്ര്യത്തിനായി നിങ്ങള്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചവരാണ്. എന്നാല്‍ ഇന്നത്തെ തലമുറ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ പഴയ തലമുറക്കാരെ അസ്വാതന്ത്ര്യത്തിന്‍റെ അവജ്ഞയുടെയും മറവില്‍ ആഴ്ത്തുന്നുവെങ്കില്‍, മറുനാട്ടുകാരെപ്പോലെ മനുഷ്യരെ വാക്കുകളില്‍ ആദരിക്കുകയും അനുദിനജീവിതത്തില്‍ പ്രവൃത്തികൊണ്ട് അവരെ സൗകര്യാര്‍ത്ഥം മറന്നുകളയുകയും ചെയ്യുകയാണ് (സുവിശേഷ സന്തോഷം, 234).
ഇവിടെയും ശ്ലീഹാ പറയുന്നത് ഉറച്ചുനില്ക്കാനാണ്. തിന്മയ്ക്കെതിരായ ശക്തിയായി ഈ ജീവിതയാത്രയില്‍ നമുക്കു ചെയ്യാവുന്നത്... നന്മയായിട്ടുള്ളത് ജീവിതത്തില്‍ വളര്‍ത്തിയെടുക്കുക, ആദ്ധ്യാത്മകത ജീവിതത്തില്‍ മെല്ലെ മെല്ലെ വളര്‍ത്തിയെടുക്കുക.പിന്നെ സ്നേഹത്തില്‍ ജീവിക്കുക (സുവിശേഷ സന്തോഷം163).   

സ്നേഹം ക്ഷമിക്കുന്നു!
വിശുദ്ധ യാക്കോശ്ലീഹ തന്‍റെ ലേഖനം ഉപസംഹരിക്കുന്നത്, ക്ഷമയുള്ളവരായിക്കണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് (5, 7). തിന്മയെ മറികടക്കാന്‍ പോരുന്ന ഏകശക്തിയെ ക്ഷമയുള്ള സ്നേഹമെന്നും, ക്ഷമാപൂര്‍ണ്ണമായ പ്രത്യാശയെന്നും മൂലത്തില്‍ ഒറ്റവാക്കുകൊണ്ട് അദ്ദേഹം ചിത്രീകരിക്കുന്നു. അതിനാല്‍ നിരാശയ്ക്കോ ദുഃഖത്തിനോ കീഴ്പ്പെടരുത്. നിങ്ങളുടെ മാന്യത, അതിലും ഉപരിയായി പ്രത്യാശ നിങ്ങള്‍ കൈവെടിയരുത്! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2018, 10:12