തിരയുക

 പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍നിന്ന് 

വൈവിധ്യങ്ങളിലും കൂട്ടായ്മ വളര്‍ത്താം!

25-‍Ɔ‍മത് അപ്പോസ്തിലകയാത്രയുടെ ഭാഗമായി, ലിത്വാനിയയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് രണ്ടാമത്തെ ബാള്‍ടിക് രാജ്യമായ ലാത്വിയ സന്ദര്‍ശനം ആരംഭിച്ചു. പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ നല്കിയ ഔദ്യോഗിക സ്വീകരണത്തിന് മറുപടിയായി നല്കിയ പ്രഭാഷണത്തിലെ പ്രധാനപ്പെട്ട ചിന്തകള്‍ താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യാതനകളില്‍ വളര്‍ന്ന ജനത
പ്രിയ പ്രസിഡന്‍റ്, ഭരണകര്‍ത്താക്കളേ, നയതന്ത്രപ്രതിനിധികളേ, പൗരപ്രമുഖരേ, മതനേതാക്കളേ, ലാത്വിയയിലെ ജനങ്ങളേ....!
“ദൈവമേ, അങ്ങ് എന്‍റെ വിലാപം ആനന്ദമായി മാറ്റിയല്ലോ!” (സങ്കീര്‍ത്ത. 30, 12). സങ്കീര്‍ത്തകന്‍റെ വാക്കുകള്‍ ലാത്വിയന്‍ ജനതയുടെ ചരിത്രത്തില്‍ ഏറെ അന്വര്‍ത്ഥമാണ്. സാമൂഹികവും രാഷ്ട്രിയും സാമ്പത്തികവും ആദ്ധ്യാത്മികവുമായ ഏറെ സംഘട്ടനങ്ങള്‍ നിങ്ങള്‍ നേരിടുകയും, അവയെ മറികടന്ന് ഇന്ന് ബാള്‍ടിക് പ്രദേശത്തെ ഒരു പ്രമുഖ ജനതയായി ലാത്വിയ മാറിയിട്ടുണ്ട്. ഇന്ന് ഈ നാട് സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും, സഹവര്‍ത്തിത്വത്തിന്‍റെയും നാടാണ്. തനിമയാര്‍ന്ന നിങ്ങളുടെ സംഗീതവും സംസ്ക്കാരവും രാജ്യാതിര്‍ത്തികള്‍ക്ക് അതീതവുമാണ്.

മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള അവബോധവും സ്വാതന്ത്ര്യവും
നിങ്ങള്‍ ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദി സമൂഹജീവിതത്തിന് ഏറെ ഫലപ്രദവും പ്രചോദനാത്മകവുമാണ്. സ്വാതന്ത്ര്യത്തിന്‍റെ വില നന്നായി അറിഞ്ഞവരാണു നിങ്ങള്‍. സ്വാതന്ത്ര്യയജ്ഞത്തെ പ്രചോദിപ്പിച്ച സ്വര്‍ഗ്ഗംപൂകിയ സേന്താ മൗരിനയെ നന്ദിയോടെ അനുസ്മരിക്കാം. മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ആത്മീയ അവബോധമാണ് സ്വാതന്ത്ര്യലബ്ധിക്കും ഈ നാടിന്‍റെ നവനിര്‍മ്മിതിക്കും പ്രേരണയായത്. ഇന്നിന്‍റെ അസംബന്ധവാദവും  (Reductionism) വംശീയതയും (Racism) പാര്‍ശ്വവത്ക്കരണം  (Marginalization) എന്നിവ വെടിഞ്ഞ്, ഐക്യദാര്‍ഢ്യം കാരുണ്യം പരസ്പരസഹായം എന്നിവയില്‍ അടിയുറച്ചൊരു രാഷ്ട്രം വളര്‍ത്താനുള്ള ആത്മീയമായ കരുത്തുണ്ടെന്നു ലാത്വയന്‍ ജനത തെളിയിച്ചു കഴിഞ്ഞു.

വൈവിധ്യങ്ങളിലെ കൂട്ടായ്മ
ഇവിടെ ഇന്ന് കത്തോലിക്കാ സഭയും ഇതര ക്രൈസ്തവസഭകളും കൈകോര്‍ത്ത് ഈ നല്ലകാര്യങ്ങള്‍ ചെയ്യുന്നുവെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്. വൈവിധ്യങ്ങളിലും കൂട്ടായ്മ വളര്‍ത്താമെന്നാണ് നിങ്ങള്‍ തെളിയിക്കുന്നത്. ഉപരിപ്ലവമായ വ്യത്യാസങ്ങളും കലഹങ്ങളും മറന്ന് അപരനിലെ ആഴമായ അന്തസ്സ് കാണാനുള്ള വിശാലഹൃദയവും ഉള്‍ക്കാഴ്ചയുമാണ് ഈ നാടിനെ വളര്‍ത്തിയത്. നമ്മുടെ വ്യക്തി താല്പര്യങ്ങള്‍ക്ക് അപ്പുറം അപരനെയും സമൂഹങ്ങളെയും കാണാനായാല്‍ പരസ്പര ധാരണയും സമര്‍പ്പണവും വളര്‍ന്ന് ഐക്യദാര്‍ഢ്യം ഫലദായകമാകുമെന്നത് ഉറപ്പാണ്. വൈവിധ്യങ്ങളെ ശത്രുതയായി കാണുന്ന ലോകത്ത് അതിനെ ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കണ്ണുകളാല്‍ കാണാന്‍ സാധിച്ചതാണ് ലാത്വിയന്‍ ജനതയുടെ വിജയം. പണ്ടെന്നപോലെ ഇന്നും നിങ്ങളിലെ കൂട്ടായ്മയും സഹോദര്യവും വളര്‍ത്താന്‍ സുവിശേഷം അനുദിനജീവിതത്തില്‍ നിങ്ങള്‍ക്കു പ്രകാശമാവട്ടെ!

സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ട നിധിയും സമ്മാനവും!
സ്വാതന്ത്ര്യത്തിന്‍റെ ആഘോഷം പഠിപ്പിക്കുന്നത് അതു വിലപ്പെട്ട സമ്മാനമാണെന്നാണ്. ഒപ്പം അതെന്നും ഒരു രാജ്യത്തെ ജനങ്ങള്‍ ഓരോരുത്തരും ചേര്‍ന്ന് ഒരുമയോടെ സംരക്ഷിക്കേണ്ട അമൂല്യമായ നിധിയുമാണ്. സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദിയാഘോഷം യാഥാര്‍ത്ഥ്യമാകാന്‍ കഴിഞ്ഞയാതനകളുടെ ഓര്‍മ്മകളില്‍ ഊന്നിനിന്ന് പ്രത്യാശയോടെ ഭാവിയിലേയ്ക്ക് ഉറ്റുനോക്കാനാവട്ടെ.

ജീവന്‍റെ സംരക്ഷണപാതയിലും ജീവനെ പരിപോഷിക്കുന്ന വിധത്തിലും ഭാവിയിലേയ്ക്കുള്ള നൂതനവഴികള്‍ തുറക്കാനും വെല്ലുവിളികളെ നേരിടാനും ലാത്വിയന്‍ ജനതയ്ക്കു സാധിക്കട്ടെ! ഈ ഉദ്യമത്തില്‍ ഈ നാട്ടിലെ ജനതയെയും ഭരണകര്‍ത്താക്കളെയും നിങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും ദൈവം നയിക്കട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2018, 08:43