ലൂതര്‍ കാര്‍ളി ദേവാലയത്തിലെ യുവജന സംഗമം ലൂതര്‍ കാര്‍ളി ദേവാലയത്തിലെ യുവജന സംഗമം 

ബലഹീനതയുടെ മണ്‍പാത്രങ്ങളെ ബലപ്പെടുത്തിയെടുക്കാം!

സെപ്തംബര്‍ 25 ചൊവ്വ പ്രാദേശിക സമയം രാവിലെ 11.50. എസ്തോണിയ സന്ദര്‍ശനത്തില്‍ ശ്രദ്ധേയമായത് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. രാജ്യത്തെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലുംപെട്ട എസ്തോണിയന്‍ യുവജനങ്ങളെയും കോര്‍ത്തിണക്കിയ സഭൈക്യ സംഗമമായിരുന്നത്. തളീന്‍ നഗരത്തിലെ ചാള്‍സ് ലൂതര്‍ ദേവാലയമായിരുന്നു സംഗമ വേദി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുവജനങ്ങളില്‍ മൂന്നുപേരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം സംവിധാനംചെയ്ത്. സ്ഥലത്തെ ലൂതറന്‍ മെത്രാപ്പോലീത്ത ഉര്‍മാസ് വീല്‍മായുടെ നല്ലവാക്കുകള്‍ക്കും സ്വാഗതാശംസയ്ക്കും പാപ്പാ നന്ദിപറഞ്ഞു. അതുപോലെ അവിടെ സന്നിഹിതരായിരുന്ന മറ്റു സഭകളുടെയും സമുഹങ്ങളുടെയും പ്രതിനിധികള്‍കളെയും പാപ്പാ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്.

സമാധാന നിര്‍മ്മിതി ഒരു കലയാണ്!
കൂട്ടായ്മയും കൂടിക്കാഴ്ചകളും നമുക്ക് നല്ലതാണ്. നമ്മുടെ ആശകളും പ്രത്യാശകളും പങ്കുവയ്ക്കേണ്ടതും ആവശ്യമാണ്. ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ എന്ന നിലയില്‍ ഈ നേര്‍ക്കാഴ്ച ഏറെ സന്തോഷദായകമാണ്. “നിങ്ങള്‍ ഒന്നായിരിക്കേണ്ടതിനും.... അതുവഴി ലോകം വിശ്വസിക്കേണ്ടതിനും...” എന്ന് തന്‍റെ ശിഷ്യന്മാരോട് അന്ത്യത്താഴ വിരുന്നില്‍ മൊഴിഞ്ഞ ക്രിസ്തുവിന്‍റെ വാക്കുകള്‍ ഈ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമാവുകയാണ് (യോഹ. 17, 21). ജീവിതമാകുന്ന തീര്‍ത്ഥാടനത്തില്‍ സഹയാത്രികരാണ് നാം എല്ലാവരും എന്ന അവബോധമുണ്ടെങ്കില്‍, എല്ലാവരും എന്താണ് അന്വേഷിക്കുന്നതെന്നു മനസ്സിലാക്കിയും അത് ഏകദൈവത്തിലുള്ള വിശ്വാസത്തിലൂടെ ആര്‍ജ്ജിക്കേണ്ട സമാധാനമാണെന്നും മനസ്സിലാക്കി, ഭീതിയില്ലാതെ നമ്മുടെ ആശയങ്ങളും ആശകളും പരസ്പരം പങ്കുവയ്ക്കേണ്ടതാണ്. സമാധാന നിര്‍മ്മിതി ഒരു കലയാണെന്നു പറയാം. അതുപോലെ പരസ്പരം വിശ്വാസിക്കാനും ആദരിക്കാനും പഠിക്കുന്നത് ഒരു കലയാണ്. ഒരു നൈപുണ്യമാണത്!
“സമാധാനപാലകര്‍ അനുഗ്രഹീതരാകുന്നു” (മത്തായി 5, 9).  

ആരും എന്നെ മനസ്സിലാക്കുന്നില്ല
ഈ ദേവാലയത്തിന്‍റെ അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ കുറിച്ചിരിക്കുന്ന സുവിശേഷവാക്യം, അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍ നിങ്ങളെ ഞാന്‍ ആശ്വാസിപ്പിക്കാ (മത്തായി 5, 9). സുവിശേഷത്തിന്‍റെ ഈ ഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്ന മറ്റു കാര്യങ്ങളിലും വ്യക്തികളിലും യുവജനങ്ങളായ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കണ്ടെത്താനാകും. ക്രിസ്തു ഇതു പറയുന്നതിനു തൊട്ടുമുന്‍പ്, സുവിശേഷകന്‍ മത്തായി കുറിക്കുന്നത്, ക്രിസ്തുവിന്‍റെ വാക്കുകള്‍ ദുഷ്ക്കരമാണ്, മനസ്സിലാകുന്നില്ല എന്നു പറഞ്ഞ് ധാരാളം ജനങ്ങള്‍ അകന്നുപോകുന്നു. ഈ വസ്തുത തന്നെ കുണ്ഠിതപ്പെടുത്തുന്നുവെന്ന് മത്തായി ഗുരുവിനോടു മൊഴിയുന്നുണ്ട് (മത്തായി 11, 16-19). യുവജനങ്ങള്‍ക്കും എപ്പോഴും മനസ്സില്‍ ഉയരുന്ന ചിന്തയിതാണ്, മുതര്‍ന്നവരും കാരണവന്മാരും തങ്ങളെ മനസ്സിലാക്കുന്നില്ല, തങ്ങളുടെ ചിന്തകളും ആഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്നില്ല. യുവാക്കള്‍ സന്തോഷചിത്തരായിരുന്നാല്‍ പിന്നെ മുതിര്‍ന്നവര്‍ക്ക് സംശയമാണ്. നിങ്ങള്‍ എന്തിനെക്കുറിച്ചെങ്കിലും ആകാംക്ഷരായോ ആകുലപ്പെട്ടോ ഇരിക്കുകയാണെങ്കില്‍ തീര്‍ന്നു, പിന്നെ അവര്‍ അതിനെ താഴ്ത്തിക്കെട്ടും!

ഭയപ്പെടാതെ, യുവജനങ്ങളെ മനസ്സിലാക്കാം!
സിനഡിന് ഒരുക്കമായി റോമില്‍ നടത്തിയ യുവജനങ്ങളുടെ സിനഡു സമ്മേളനത്തില്‍ നിങ്ങള്‍ പറഞ്ഞൊരു കാര്യം ഓര്‍മ്മയില്‍ വരുന്നു. ഞങ്ങളുടെ വളര്‍ച്ചയില്‍ ഞങ്ങളെ വിധിക്കാതെ, കേള്‍ക്കാനും, സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞുതരാനും മനസ്സിലാക്കാനും കഴിവുള്ള ആരെയെങ്കിലും ആവശ്യമാണ്.. (instrumentum Laboris, 132).

യുവജനങ്ങളെ കേള്‍ക്കുന്നതിനു പകരം സഭയുടെ സ്ഥാപനവത്കൃതമായ സംവിധാനത്തില്‍ ഉപദേശിക്കാനും, താക്കീതു നല്കാനുമൊക്കെയാണു പൊതുവെ താലപര്യം. എന്നാല്‍ യുവജനങ്ങളെ പ്രഥമമായും കേള്‍ക്കാന്‍ സന്നദ്ധരാവണം. അവരെ ക്ഷമയോടെ ശ്രവിച്ച് അവരുടെ ജീവിതാനുഭവങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കണം. എന്നാല്‍ യുവജനങ്ങളെ അമിതമായി സംരക്ഷിക്കുന്ന മനോഭാവം മാറ്റി, അവരുടെ ബലഹീനതകളെപ്പോലും ഭയക്കാതെ, അവയെ അവരെ വളര്‍ത്തേണ്ട ജീവിതാനുഭവങ്ങളുടെ ഭാഗമായി മനസ്സിലാക്കണം. അങ്ങനെ ആ ബലഹീനതയുടെ മണ്‍പാത്രത്തെ ബലപ്പെടുത്തിയും രൂപപ്പെടുത്തിയും, മിനുക്കിയെടുക്കാനും അവരെ സഹായിക്കാനുമാണ് പരിശ്രമിക്കേണ്ടത്....

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2018, 09:33