Cerca

Vatican News
ഫ്രാന്‍സീസ് പാപ്പാ എസ്തോണിയയില്‍ കുട്ടികളുമൊത്ത് 25-09-18 ഫ്രാന്‍സീസ് പാപ്പാ എസ്തോണിയയില്‍ കുട്ടികളുമൊത്ത് 25-09-18  (ANSA)

"എന്‍റെ ഹൃദയമേ, നീ ഉണരൂ"-പാപ്പാ എസ്തോണിയായില്‍

ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ അവസാന വേദിയായ എസ്തോണിയയില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബാള്‍ട്ടിക്ക് നാടുകളില്‍ ഫ്രാന്‍സീസ് പാപ്പായുടെ ചതുര്‍ദിന ഇടസന്ദര്‍ശനത്തിന്‍റെ   സമാപനദിനമായിരുന്നു ചൊവ്വാഴ്ച (25/09/18).  ശനിയാഴ്ച (22/09/18) രാവിലെ ബാള്‍ട്ടിക് നാടുകളില്‍ ആരംഭിച്ച തന്‍റെ ഇരുപത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ സമാപന ദിനം, അതായത്, ഇരുപത്തിയഞ്ചാം തിയതി ചൊവ്വാഴ്ച  പാപ്പാ എസ്തോണിയയ്ക്ക് വേണ്ടി നീക്കിവച്ചു.

എസ്തോണിയയിലെ അപ്പസ്തോലിക പര്യടനത്തിന്‍റെ മുദ്രാവാക്യം “എന്‍റെ ഹൃദയമേ നീ ഉണരൂ” എന്നതാണ്. നവസുവിശേഷവത്ക്കരണത്തിനായി അജപാലനപരമായ അര്‍പ്പണ ബുദ്ധിയോടെ യത്നിക്കാന്‍ സഭയെ ഓര്‍മ്മപ്പെടുത്തുന്ന ഈ വാക്യം ഒരു  ജനപ്രിയ ഗാനത്തിലെ വരിയാണ്.

ലിത്വാനിയയോടു വിട

മൂന്നു ബാള്‍ട്ടിക് നാടുകളില്‍ ഒന്നായ ലിത്വാനിയയുടെ തലസ്ഥാനമായ വിള്‍നിയൂസിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചര്‍ ആയിരുന്നു പാപ്പയുടെ താല്ക്കാലിക വാസസ്ഥാനം ഈ അപ്പസ്തോലികയാത്രാ ദിനങ്ങളില്‍. ആകയാല്‍ തിങ്കളാഴ്ച ലാത്വിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പാപ്പാ അന്നു രാത്രിതന്നെ വിള്‍നിയൂസില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച (25/09/18) എസ്തോണിയയിലലെ സന്ദര്‍ശനം കഴിഞ്ഞ് അവിടെനിന്നു തന്നെ റോമിലേക്കു പുറപ്പെടുന്നതിനാല്‍ എസ്തോണിയയിലേക്കുള്ള യാത്രയ്ക്കു മുമ്പ് ലിത്വാനിയയോ‌ടു വിടചൊല്ലി. വിള്‍നിയൂസിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറിലെ എല്ലാവര്‍ക്കും നന്ദി പറയുകയും ഒരു സമ്മാനം നല്കുകയും ചെയ്തു. ഒരു മരക്കുറ്റിയില്‍ ഇരിക്കുന്ന മുള്‍മുടിചൂടിയ സമീക്ഷകാരിയായ ക്രിസ്തുവിന്‍റെ  തടിയില്‍ തീര്‍ത്ത രൂപമാണ് പാപ്പാ സമ്മാനിച്ചത്. ലിത്വാനിയക്കാരനായ ശില്പി അന്ത്രിയാവൂസ് കത്സിക്കോണിയൊയുടെ 2017 ലെ ഒരു സൃഷ്ടിയാണിത്.

അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരമുള്ള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാറില്‍ എത്തിയ പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാന്‍ ലിത്വാനിയയുടെ പ്രസിഡന്‍റ് ദലിയ ഗ്രിബൗസ്കൈറ്റും ഇതര സര്‍ക്കാര്‍ പ്രതിനിധികളും സഭാപ്രതിനിധികളും ഉണ്ടായിരുന്നു. യാത്രയയപ്പ് വിടവാങ്ങല്‍ ചടങ്ങിനായി ഒരു ചെറിയ വേദിയും സജ്ജീകരിക്കപ്പെട്ടിരുന്നു. 200 പേരടങ്ങിയ സന്നദ്ധസേവകരുടെ ഒരു സംഘം ഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു. ഈ സന്നദ്ധസേവകരില്‍ രണ്ടുപേര്‍ വേദിയിലെത്തി പാപ്പായക്ക് ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ സ്മരണികയായി ഒരു സമ്മാനം നല്കി. തദ്ദനന്തരം സൈനികോപചാരം സ്വീകരിച്ച പാപ്പാ എല്ലാവരോടും വിടചൊല്ലി. തുടര്‍ന്ന് പാപ്പാ എയര്‍ ബാള്‍ട്ടിക്കിന്‍റെ  സി.എസ് 300 (CS300) വ്യോമയാനത്തിലേറി. പ്രാദേശിക സമയം രാവിലെ 8.30ന്, ഇന്ത്യയിലെ സമയം ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക്, വിമാനം എസ്തോണിയായിലെ താല്ലിന്നിലെ വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു. 528 കിലോമീറ്റര്‍ ദൂരം തരണം ചെയ്യുന്നതിന് വ്യോമയാനം 1 മണിക്കൂറും 20 മിനിറ്റും എടുത്തു.

ഈ വ്യോമയാനം ലിത്വാനിയയുടെയും ലാത്വിയയുടെയും മുകളിലൂടെ പറക്കവെ അതാതു രാജ്യത്തിന്‍റെ തലവന് പാപ്പാ ആശംസാ സന്ദേശേം അയച്ചു. ഇരു രാജ്യങ്ങള്‍ക്കും ദൈവം സമൃദ്ധമായ അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായി രാഷ്ട്രത്തലവന്മാരെ പാപ്പാ അറിയിച്ചു.

പാപ്പാ ​എസ്തോണിയയില്‍

എസ്തോണിയയുടെ തലസ്ഥാന നഗരിയാണ് പാപ്പാ വിമാനമിറങ്ങിയ താല്ലിന്‍. 1219 ല്‍ വ്ലാദിമീര്‍ രണ്ടാമന്‍ രാജാവാണ്  ഈ നഗരം സ്ഥാപിച്ചത്. തുറമുഖ പട്ടണമായ ഇത് ആദ്യ കാലം മുതലേ വാണിജ്യപ്രാധാന്യമുള്ള ഒരു കേന്ദ്രമായിരുന്നു.

എസ്തോണിയയിലെ സഭാഘടന

എസ്തോണിയയില്‍ കത്തോലിക്കാസഭയ്ക്ക് രൂപതയില്ല. താല്ലിന്‍ അപ്പസ്തോലിക് സഭാഭരണപ്രദേശം (അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്‍) മാത്രമെയുള്ളു. ഇതിന്‍റെ ഭരണാതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 12 ലക്ഷത്തി 63000 ത്തോളം നിവാസികളില്‍, അതായത്, എസ്തോണിയായിലെ മൊത്ത ജനസംഖ്യയില്‍, കത്തോലിക്കര്‍ 6500 പേര്‍ മാത്രമാണ്. 9 ഇടവകകളിലായി തിരിക്കപ്പെട്ടിരിക്കുന്ന ഇവരുടെ ആദ്ധ്യാത്മികകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് 12 രൂപതാവൈദികരും 2 സന്ന്യസ്തവൈദികരുമുണ്ട്. ഈ അപ്പസ്തോലിക അഡ്മിനിസ്‍ട്രേഷനില്‍ 20 ഓളം സന്ന്യാസിനികളും സേവനമനുഷ്ഠിക്കുന്നു. 3 വിദ്യഭ്യാസ സ്ഥാപനങ്ങളും ഇതിന്‍റെ  കീഴിലുണ്ട്. ഈ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്‍റെ ചുമതല വഹിക്കുന്നത് ബിഷപ്പ് ഫിലിപ്പ് ജോര്‍ദ്ദാന്‍ ആണ്.

സാമാന്യം നല്ല കറ്റു വീശുന്നുണ്ടായിരുന്ന താല്ലിന്നിലെ വിമാനത്താവളത്തില്‍ വിമാനം നിശ്ചലമായപ്പോള്‍ അതില്‍ നിന്നിറങ്ങി വന്ന പാപ്പായെ സ്വീകരിക്കാന്‍ അന്നാടിന്‍റെ  പ്രസിഡന്‍റ് ശ്രീമതി കെര്‍സ്തി  കല്യുലായിഡ് അവിടെ സന്നിഹിതയായിരുന്നു. വ്യാമയാനപ്പടുവുകള്‍ സാവധാനം തനിച്ചിറിങ്ങി വന്ന പാപ്പായെ പ്രസിഡന്‍റ് ശ്രീമതി കെര്‍സ്തി ഹസ്തദാനം നല്കി സ്വീകരിച്ചു. തുടര്‍ന്ന് പാരമ്പര്യ വേഷധാരികളായിരുന്ന  നാലു ബാലികാബാലന്മാര്‍ ചേര്‍ന്ന് പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിക്കുകയും പാപ്പാ അവരോടു വാത്സല്യത്തോടെ സംസാരിച്ചുകൊണ്ട് തന്‍റെ സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ  ചുവന്ന പരവതാനിയിലൂടെ സാവധാനം മുന്നോട്ടു നീങ്ങി. പ്രസിഡന്‍റ് അവിടെയുണ്ടായിരുന്നവരെ പാപ്പായ്ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. വിശിഷ്‌ടവ്യക്തികള്‍ക്കായുള്ള ശാലായിലേക്കാനയിക്കപ്പട്ട പാപ്പാ അവിടെ എത്തിയപ്പോള്‍ കുട്ടികളുടെ ഒരു ഗായകസംഘം ഗാനമാലപിച്ച് പാപ്പായ്ക്ക് സ്വാഗതമോതി. കയ്യടിച്ച് അവരെ അഭിനന്ദിച്ച പാപ്പാ അവരുടെ അടുത്തെത്തി ഹസ്തദാനം നല്കുകയും തന്‍റെ വാത്സല്യം പ്രകടിപ്പിക്കുകയും അവരുമൊത്തുള്ള ഫോട്ടോയ്ക്ക് നില്ക്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് കാറില്‍ യാത്രയായി. വിമാനത്താവളത്തില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു.

പാപ്പായും എസ്തോണിയയുടെ പ്രസിഡന്‍റും -സൗഹൃദ കൂടിക്കാഴ്ച

പ്രസിഡന്‍റിന്‍റെ മന്ദിരത്തിലെത്തിയ പാപ്പായെ അതിന്‍റെ ചത്വരത്തില്‍ വച്ച് പ്രസിഡന്‍റ്  ശ്രീമതി കെര്‍സ്തി കല്യുലായിഡ് സ്വീകരിച്ചു. തുടര്‍ന്ന് വത്തിക്കാന്‍റെയും എസ്തോണിയയുടെയും ദേശീയഗാനങ്ങള്‍ സൈനികബാന്‍റ് വായിച്ചു. ദേശീയ പതാകയെ വന്ദിക്കുകയും  സൈനികോപചാരം സ്വീകരിക്കുകയും ചെയ്ത പാപ്പായെ പ്രസിഡന്‍റ് അവിടെ സന്നിഹിതരായിരുന്ന സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിസംഘത്തെ പ്രസിഡന്‍റ്  പരിചയപ്പെടുകയും ചെയ്തു.  അതിനുശേഷം പാപ്പാ പ്രസിഡന്‍റിന്‍റെ  ഔദ്യോഗിക വസതിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് പാപായും പ്രസിഡന്‍റും ഒരുമിച്ചുള്ള ഔപചാരിക ഛായഗ്രഹണവേളയായിരുന്നു. തദ്ദനന്തരം പാപ്പാ വിശിഷ്ടരായ സന്ദര്‍ശകര്‍ക്കായുള്ള ഗ്രന്ഥത്തില്‍ ഇങ്ങനെ കുറിച്ചു: “താങ്കള്‍ എനിക്കേകിയ ഉഷ്മള വരവേല്പിന് ഞാന്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. താങ്കള്‍ക്കും  എസ്തോണിയയിലെ ജനങ്ങള്‍ക്കു  മുഴുവനും ഞാന്‍ എന്‍റെ പ്രാര്‍ത്ഥന ഉറപ്പു നല്കുന്നു.സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും അനുഗ്രഹം ദൈവം നിങ്ങളുടെ മേല്‍ വര്‍ഷിക്കട്ടെ” ഇപ്രകാരം കുറിച്ചു ഒപ്പുവച്ചതിനു ശേഷം പാപ്പായും പ്രസിഡന്‍റും  സമ്മാനങ്ങള്‍ കൈമാറുകയും സ്വകാര്യ –സൗഹൃദസംഭാഷണത്തിലേര്‍പ്പെടുകയുംചെയ്തു. പ്രസിഡന്‍റ് സ്വകുടുംബത്തെ പാപ്പായ്ക്ക് പരിചയപ്പെടുത്തി.  അതിനുശേഷം പാപ്പായും പ്രസിഡന്‍റും ഉദ്യാനത്തിലേക്കിറങ്ങി. അവിടെയായരുന്നു രാഷ്ട്ര-പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദി സജ്ജീകരിച്ചിരുന്നത്. ഇരുനൂറോളം പേര്‍ അവിടെ സന്നിഹിതരായിരുന്നു. അവര്‍ കരഘോഷത്തോടെ പാപ്പായെ സ്വാഗതം ചെയ്തു.

രാഷ്ട്ര-പൗരാധികാരികളുമായുള്ള കൂടിക്കാഴ്ച

 1918 ഫെബ്രുവരി 24 ന് നടന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ  ശതാബ്ദിയാഘോഷവേളയില്‍ മരിയന്‍ മണ്ണിലേക്ക്, എസ്തോണിയയിലേക്ക് പാപ്പായെ സ്വാഗതം ചെയ്യാന്‍ കഴിയുന്നതിലുള്ള അതിയായ ആനന്ദം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രസിഡന്‍റ് ശ്രീമതി കെര്‍സ്തി കല്യുലായിഡ് തന്‍റെ സ്വാഗത പ്രസംഗം ആരംഭിച്ചത്.

കാല്‍ നൂറ്റാണ്ടുമുമ്പ് എസ്തോണിയ സന്ദര്‍ശിച്ച വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പായുടെ ഒരു കവിതയിലെ രണ്ടുവരികള്‍ പ്രസിഡന്‍റ് ഉദ്ധരിച്ചു:

സ്വാതന്ത്ര്യം നിരന്തരം നേടിയെടുക്കേണ്ടതാണ്, അതു വെറുതെ ആര്‍ജ്ജിച്ചെടുക്കാനാവുന്ന ഒന്നല്ല. സ്വാതന്ത്ര്യം ഒരു ദാനമായി ലഭിക്കുന്നതാണ്. കഠിനാദ്ധ്വാനത്താല്‍ മാത്രമെ അതു കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുള്ളു

കാലാവസ്ഥ വ്യതിയാനം, കുടിയേറ്റം പ്രശ്നം തുടങ്ങിയവയെക്കുറിച്ചും പരാമര്‍ശിച്ച പ്രസിഡന്‍റ് കെര്‍സ്തി, എസ്തോണിയയെപ്പോലുള്ള ചെറു രാജ്യങ്ങള്‍ക്കും ഈ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്ക്കാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പ്രസി‍ഡന്‍റിന്‍റെ വാക്കുകളെ തുടര്‍ന്ന് പാപ്പാ എസ്തോണിയായിലെ മണ്ണിലെ തന്‍റെ  ആദ്യത്തെ പ്രഭാഷണം നടത്തി.

ഈ കൂടിക്കാഴ്ചാനന്തരം പാപ്പായുടെ പരിപാടി അവിടെ നിന്ന് 4 കിലോമീറ്ററിലേറെ അകലെയുള്ള കാര്‍ലി ലൂതറന്‍ ദേവാലയത്തില്‍ യുവജനങ്ങളുമായുള്ള എക്യുമെനിക്കല്‍ കൂടിക്കാഴ്ച ആയിരുന്നു.

കാര്‍ലി ലൂതറന്‍ ദേവാലയം

1862 നും 1870നുമിടയ്ക്ക് പണികഴിപ്പിക്കപ്പെട്ടതും താല്ലിന്നിലെ ഏറ്റവും വലിയതുമാണ് ഈ ദേവാലയം. ഓട്ടോ പീയൂസ് ഹിപ്പീയൂസ് ആയിരുന്നു ഇതിന്‍റെ ശില്പി.

എക്യുമെനിക്കല്‍ യുവജന സമാഗമം

എക്യുമെനിക്കല്‍ യുവജനകൂടിക്കാഴ്ചയ്ക്കെത്തിയ പാപ്പായെ കാര്‍ലിന്‍ ദേവാലയത്തിന്‍റെ ഇടയനായ ലൂതറന്‍ ആര്‍ച്ചുബിഷപ്പ് സ്വീകരിച്ചു. ഒരു സംഘം കുട്ടികള്‍ ചേര്‍ന്ന് പാപ്പായ്ക്ക് പൂച്ചെണ്ടു നല്കുകയും പാപ്പാ അവര്‍ക്ക് ചെറു ഉപഹാരങ്ങളെകുകയും ചെയ്തു. ദേവാലയത്തിനു മുന്നില്‍ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ ദേവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ പശ്ചാത്തലത്തലത്തില്‍ ദൈവസ്തുതി ഗീതം ഉയരുന്നുണ്ടായിരുന്നു. അള്‍ത്താരയ്ക്കു മുന്നില്‍ ഒരുക്കിയ വേദിയിലെത്തിയ തന്നെ കയ്യടിച്ച് വരവേറ്റ സമുഹത്തെ പാപ്പാ മന്ദസ്മിതത്തോടെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് കത്തോലിക്ക ലൂതറന്‍ സമൂഹങ്ങളുടെ പ്രതിനിധികളായി ഒരു യുവതിയും ഒരു യുവാവും പാപ്പായെ സ്വാഗതം ചെയ്തു.  ഇവരുടെ സ്വാഗതവചനങ്ങളെ തുടര്‍ന്ന് എസ്തോണിയന്‍ ഭാഷയിലുള്ള ഒരു ഗാനമായിരുന്നു. ലൂതറന്‍, ഓര്‍ത്തഡോക്സ്, കത്തോലിക്ക എന്നീ സഭാവിഭാഗങ്ങളുടെ പ്രതിനിധികളുടെ സാക്ഷ്യമായിരുന്നു അടുത്തത്. മൂന്നു പ്രതിനിധികളും സാക്ഷ്യം നല്കിയതിനെ തുടര്‍ന്ന് പാപ്പാ ഒരു വിചിന്തനം നടത്തി.  പാപ്പായുടെ പ്രഭാഷണത്തിനു ശേഷം ഗാനം, എസ്തോണിയായിലെ സഭകളുടെ സമിതിയുടെ പ്രസിഡന്‍റിന്‍റെ ലഘു പ്രഭാഷണം, താല്ലിന്നിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്‍റെ നന്ദിപ്രകാശനം എന്നിവയോടെ കൂടിക്കാഴ്ചാ പരിപാടി അവസാനിച്ചു.

ഈ എക്യുമെനിക്കല്‍ യുവജന കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ ബ്രിജിറ്റയിന്‍ സന്ന്യാസിനികളുടെ ആശ്രമത്തിലേക്കു പോയി. 8 കിലോമീറ്റര്‍ അകലെ പിരീത്ത എന്ന സ്ഥലത്താണ് ഈ കന്യാസ്ത്രിമഠം സ്ഥിതിചെയ്യുന്നത്. ഈ ആശ്രമത്തിലായിരുന്നു പാപ്പായ്ക്കും അനുചരര്‍ക്കുമായി ഉച്ചവിരുന്നു ഒരുക്കിയിരുന്നത്.

തിങ്കളാഴ്ച (24/09/18) ഉച്ചതിരിഞ്ഞ് ലാത്വിയായിലെ റീഗയില്‍ നടന്ന ഇടയസന്ദര്‍ശന പരിപാടികള്‍

ലാത്വിയായുടെ തലസ്ഥാനമായ റീഗയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള അഗ്ലോണയില്‍ ദൈവമാതാവിന്‍റെ നാമത്തിലുള്ള അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്ര സന്ദര്‍ശനവും ദേവാലയാങ്കണത്തില്‍ ദിവ്യപൂജയും ആയിരുന്നു പാപ്പായുടെ പരിപാടികള്‍.

ലാത്വിയായിലെ സുപ്രധാനമായ ഈ ദേവാലയം പണികഴിപ്പിക്കപ്പെട്ടിരിക്കുന്നത് സൗഖ്യദായക ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന നീരുറവയുള്ള ഒരു പ്രദേശത്താണ്. സ്വര്‍ഗ്ഗാരോപിത നാഥയുടെ തിരുന്നാള്‍ ദിനമായ ആഗസ്റ്റ് 15 ന്, പ്രത്യേകിച്ച്, തീര്‍ത്ഥാടകര്‍ ഈ നീരുറവയില്‍ നിന്ന് ജലം ശേഖരിക്കുക പതിവാണ്. 1700 ല്‍ ഡൊമീനിക്കന്‍ വൈദികരാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. റെത്സെക്നെ അഗ്ലോണ രൂപതയുടെ അതിര്‍ത്തിക്കുള്ളിലാണ് ഈ ദേവാലയം. ബിഷപ്പ് യാനിസ് ബുളിസ് ആണ് രൂപതാദ്ധ്യക്ഷന്‍. അവിടെ എത്തിയ പാപ്പായെ  ബിഷപ്പ് യാനിസ് ബുളിസും പാരമ്പര്യ വേഷമണിഞ്ഞിരുന്ന രണ്ടു കുട്ടികളും ചേര്‍ന്ന് സ്വീകരിച്ചു. പാപ്പാ വിശ്വാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ നീങ്ങി. ദേവാലയത്തിനടുത്തെത്തിയ പാപ്പാ സങ്കീര്‍ത്തിയില്‍ പോയി പൂജാവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിവേദിയിലെത്തി. ധൂപാര്‍പ്പണത്തിനു ശേഷം പാപ്പാ ത്രിത്വൈക സ്തുതിയോടെ വിശുദ്ധകൂര്‍ബ്ബാന ആരംഭിച്ചു. സഭയുടെ അമ്മയായ മറിയത്തിന് സമര്‍പ്പിതമായിരുന്നു ദിവ്യബലി. അനുതാപശുശ്രുഷയെ തുടര്‍ന്നു നടന്ന വിശുദ്ധഗ്രന്ഥഭാഗ പാരയണത്തിനു ശേഷം പാപ്പാ വചനവിശകലനം നടത്തി. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ്  ലാത്വിയായിലെ മെത്രാന്‍ സംഘത്തിന്‍റെ തലവാനയ ബിഷപ് യാനിസ് ബുലിസ് പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു.

തുടര്‍ന്ന് പാപ്പാ മെത്രാന് ഒരു കാസ സമ്മാനിക്കുകയും മെത്രാനും മറ്റൊല്ലവര്‍ക്കും, അന്നാടിന്‍റെ പ്രസിഡന്‍റിനും ഇതര പൗരാധികാരികള്‍ക്കും കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. മരിയന്‍ മണ്ണിലെ, ലാത്വിയായിലെ ദൈവമാതാവായ പരിശുദ്ധ മറിയത്തിന് ഒരു സവിശേഷ ജപമാല താന്‍ സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ പാപ്പ പരിശുദ്ധ കന്യക എല്ലാവരെയും  സദാ സംരക്ഷിക്കുകയും തുണയ്ക്കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിച്ചു. തദ്ദനന്തരം സമാപനാശീര്‍വ്വാദം നല്കിയ പാപ്പാ ബലിവേദിയില്‍, അള്‍ത്താരയില്‍ നിന്ന് ഏതാനും വാരകള്‍ അകലെ, ഒരു വശത്തായി പ്രതിഷ്ഠിച്ചിരുന്ന പരിശുദ്ധ മറിയത്തിന്‍റ ചിത്രത്തില്‍ ജപമാല ചാര്‍ത്തി.

വിശുദ്ധകുര്‍ബ്ബാനനാനന്തരം പാപ്പാ ലാത്വിയയോടു വിട പറഞ്ഞു. പാപ്പയെ യാത്രയയ്ക്കാന്‍ ലാത്വിയയുടെ പ്രസിഢന്‍റ് റെയ്മോണ്ട്സ് വെയോനിസും സര്‍ക്കാര്‍ സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു. സൈനികോപചാരം സ്വീകരിച്ച പാപ്പാ എല്ലാവരോടും വിടചൊല്ലി ഹെലിക്കോപ്റ്ററില്‍ കയറി. പ്രാദേശിക സമയം രാത്രി 7 മണിയോടെ ഹെലിക്കോപ്റ്റര്‍ ലിത്വാനിയയുടെ തലസ്ഥാനമായ വിള്‍നിയൂസ് ലക്ഷ്യം വച്ച് പറന്നുയര്‍ന്നു.

25 September 2018, 13:30