തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ , പൊതുകൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 26-09-18 ഫ്രാന്‍സീസ് പാപ്പാ , പൊതുകൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ 26-09-18  (ANSA)

ബാള്‍ട്ടിക് യാത്ര-പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ബാള്‍ട്ടിക്ക് നാടുകളി‍ല്‍ തന്‍റെ ദൗത്യം സുവിശേഷത്തിന്‍റെ സന്തോഷവും കാരുണ്യത്തിന്‍റെ വിപ്ലവവും വീണ്ടും പ്രഘോഷിക്കുക എന്നതായിരുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ട്ടിക്ക് നാടുകളില്‍ ചതുര്‍ദിന സന്ദര്‍ശനം നടത്തി ചൊവ്വാഴ്ച(25/09/18) രാത്രി വത്തിക്കാനില്‍ തിരിച്ചെത്തിയ ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ചയും (26/09/18) പ്രതിവാര പൊതുദര്‍ശനം അനുവദിച്ചു. ഈ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വവിവധരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. യൂറോപ് ശര്തക്കാലത്തിലേക്കു കടന്നിരിക്കുന്നതിനാല്‍ താപനില സാരമായി താഴ്ന്നു തുടങ്ങിയരിക്കുന്നു. രാവിലെ നല്ല കുളിരനുഭവപ്പെടുന്നുണ്ടായിരുന്നു. പതിവുപോലെ പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലെത്തിയപ്പോള്‍ കരഘോഷവും ആനന്ദാരവങ്ങളും ഉയര്‍ന്നു. പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ നീങ്ങി. അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പാപ്പാ തൊട്ടുതലോടി ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സങ്കീര്‍ത്തനം 126

കര്‍ത്താവ് പ്രവാസികളെ സിയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായത്തോന്നി.2 അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി; കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങല്‍ ചെയ്തിരിക്കുന്നുവെന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.3 കര്‍ത്താവ് ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.4 നെഗെബിലെ ജലപ്രവാഹങ്ങളെയന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കേണമേ!5 കണ്ണീരോടെ വിതയ്ക്കുന്നവര്‍ ആനന്ദാഘോഷത്തോടെ കൊയ്യട്ടെ!6 വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലെത്തും” (സങ്കീര്‍ത്തനം 126:1-6)   

ഈ സങ്കീര്‍ത്തനം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇക്കഴിഞ്ഞ 22 ശനിയാഴ്ച മുതല്‍ 25 ചൊവ്വാഴ്ച വരെ താന്‍ ബാള്‍ട്ടിക്ക് നാടുകളില്‍ നടത്തിയ അപ്പസ്തോലിക പര്യടനം പുനരവലോകനം ചെയ്തു.

പ്രഭാഷണ സംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഞാന്‍ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ നാടുളില്‍ അപ്പസ്തോലിക യാത്ര നടത്തി. ഈ ബാള്‍ട്ടിക്ക് നാടുകളുടെ സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ചായിരുന്നു ഈ ഇടയസന്ദര്‍ശനം. ഈ നൂറു വര്‍ഷങ്ങളി‍ല്‍ പകുതിയും, ആദ്യം നാസികളുടെയും, പിന്നീട്, സോവ്യറ്റു യൂണ്യന്‍റെയും ആധിപത്യനുകത്തിന്‍ കീഴിലായിരുന്നു ഈ നാടുകള്‍. ഏറെ സഹനങ്ങള്‍ അനുഭവിച്ച ജനതകളാണിത്. അതു കൊണ്ടു തന്നെ കര്‍ത്താവിന്‍റെ സവിശേഷകടാക്ഷം അവര്‍ക്കു   ലഭിച്ചു. ഇക്കാര്യം എനിക്കുറപ്പാണ്. എനിക്കേകിയ അതിവിശിഷ്ടമായ വരവേല്പ്പിന് ഈ മൂന്നു രാജ്യങ്ങളുടെയും പ്രസിഡന്‍റ്ന്മാരോടും പൗരാധികാരികളോടും ഞാന്‍ നന്ദി പറയുന്നു. അതോടൊപ്പം തന്നെ മെത്രാന്മാരോടും സഭാപരമായ ഈ പരിപാടി ഒരുക്കുന്നതിനും സാക്ഷാത്ക്കരിക്കുന്നതിനും സഹകരിച്ച സകലരോടും ഞാന്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നു.

ബാള്‍ട്ടിക്ക്നാടു സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം

വിശുദ്ധ രണ്ടാം ജോണ്‍പാള്‍മാര്‍പ്പാപ്പായുടെ കാലത്തില്‍ നിന്നേറെ മാറിയിരിക്കുന്ന ഒരു സാഹചര്യത്തിലാണ് എന്‍റെ ഈ സന്ദര്‍ശനം നടന്നത്. ആകയാല്‍ എന്‍റെ ദൗത്യം സുവിശേഷത്തിന്‍റെ സന്തോഷവും ആര്‍ദ്രതയുടെ, കാരുണ്യത്തിന്‍റെ വിപ്ലവവും വീണ്ടും പ്രഘോഷിക്കുക എന്നതായിരുന്നു. കാരണം ജീവിതത്തിന് അര്‍ത്ഥവും പൂര്‍ണ്ണതയും നല്കാന്‍ സ്നേഹത്തിന്‍റെ, എന്നും ദൈവത്തില്‍ നിന്നു വരുന്ന സ്നേഹത്തിന്‍റെ,  അഭാവത്തില്‍ സ്വാതന്ത്ര്യത്തിന് സാധിക്കില്ല. പരീക്ഷണവേളയില്‍ ശക്തിപകരുന്നതും വിമോചനത്തിനായുള്ള പോരാട്ടത്തിന് ജീവനേകുന്നതുമായ സുവിശേഷം, സ്വാതന്ത്ര്യത്തിന്‍റെ സമയത്ത് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും അനുദിനയാത്രയില്‍ പ്രകാശവും, സാധാര​ണ ജീവിതത്തിന് സ്വാദേകുകയും മന്ദോഷ്ണതയും സ്വാര്‍ത്ഥതകളും കാരണമാകുന്ന ദുഷിക്കലില്‍ നിന്ന് പരിരക്ഷിക്കുകയും ചെയ്യുന്ന ഉപ്പും ആണ്.

ലിത്വാനിയായില്‍ കത്തോലിക്കരാണ് ഭൂരിപക്ഷമെങ്കില്‍ ലാത്വിയയിലും എസ്തോണിയയിലും സിംഹഭാഗവും ലൂതറന്‍ സഭാനുയായികളും ഓര്‍ത്തഡോക്സ്കാരുമാണ്. എന്നാല്‍ നിരവധിപ്പേര്‍ മതാത്മകജീവതിത്തില്‍ നിന്ന് ഏറെ അകലെയാണ്. ആകയാല്‍ വെല്ലുവിളി സകലക്രൈസ്തവരുടെയും കൂട്ടായ്മയെ ശക്തിപ്പെടുത്തുകയാണ്. കടുത്ത പീഢനങ്ങളുടെ കാലത്ത് രൂപപ്പെട്ടതാണ് ഈ ഐക്യം. വാസ്തവത്തില്‍ എക്യുമെനിക്കല്‍ മാനം ഈ യാത്രയില്‍ അന്തര്‍ലീനമായിരുന്നു. റീഗയിലെ കത്തീദ്രലില്‍ നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയിലും താല്ലിനില്‍ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ എക്യുമെനിക്കല്‍ മാനം ആവിഷ്കൃതമായിരുന്നു.

മൂന്നു രാജ്യങ്ങളുടെയും അധികാരികളെ സംബോധന ചെയ്യവെ ഞാന്‍ രാഷ്ട്രങ്ങളുടെ സമൂഹത്തിന് വിശിഷ്യ, യുറോപ്പിന് ഈ നാടുകള്‍ നല്കുന്ന സംഭാവനകള്‍, മാനവിക-സാമൂഹ്യ മൂല്യങ്ങളുടെ സംഭാവനകള്‍ എടുത്തു കാട്ടി. വൃദ്ധജനങ്ങളുടെയും യുവജനങ്ങളുടെയും തലമുറകള്‍ തമ്മിലുള്ള സംവാദത്തിന് ഞാന്‍ പ്രചോദനം പകര്‍ന്നു. വിള്‍നിയൂസില്‍ വച്ച് യുവജനങ്ങളുമായും റീഗയില്‍ വച്ച് വൃദ്ധജനങ്ങളുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.‌

ലിത്വാനിയയില്‍ വച്ച് വൈദികരും സമര്‍പ്പിതരും സെമിനാരിവിദ്യാര്‍ത്ഥികളുമൊത്തു നടത്തിയ കൂടിക്കാഴ്ചയും സുപ്രധാനമായിരുന്നു. ദൈവത്തില്‍ കേന്ദ്രീകൃതരായിരിക്കുക, അവിടത്തെ സ്നേഹത്തില്‍ വേരുറച്ചു നില്ക്കുക. ഇക്കാര്യത്തില്‍ ഉദാത്ത സാക്ഷ്യമേകിയിട്ടുള്ളവരും ഇന്നും നല്കുന്നവരുമായ, പ്രായം ചെന്ന, നിരവധി വൈദികരും സന്ന്യാസിസ്ന്ന്യാസിനികളുമുണ്ട്. നിന്ദനങ്ങളേല്‍ക്കുകയും തടവുകാരക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തവര്‍ എത്രയേറെയാണ്... അവര്‍ വിശ്വാസത്തില്‍ ഉറച്ചു നിന്നു. നിണസാക്ഷികളുടെ മാതൃക പിന്‍ചെല്ലുന്നതിന് അവരുടെ ഓര്‍മ്മ കാത്തുസൂക്ഷിക്കാന്‍, അവരെ മറക്കാതിരിക്കാന്‍ ഞാന്‍ ഉപദേശിക്കുകയുണ്ടായി.

കുരുതികഴിക്കപ്പെട്ട യഹൂദര്‍

ലിത്വാനിയയില്‍ കുരുതികഴിക്കപ്പെട്ട യഹൂദര്‍ക്ക് ഞാന്‍ വിള്‍നിയൂസില്‍ ആദരവര്‍പ്പിച്ചു. ആധിപത്യങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും മ്യൂസിയവും ഞാന്‍ സന്ദര്‍ശിച്ചു. തടവറകളും പീഢന മുറികളും സര്‍ക്കാര്‍ വിമതര്‍ വധിക്കപ്പെട്ട ഇടങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. അവിടെ രാത്രികളില്‍ ശരാശരി 40 പേര്‍ വീതം കൊല്ലപ്പെടുമായിരുന്നു. മനുഷ്യന്‍റെ പൈശാചികത ഏതറ്റം വരെ പോകും എന്നു കാണുന്നത് ഹൃദയഭേദകം തന്നെയാണ്.

മൂന്നു ദിവ്യബലികളിലും, അതായത്, ലിത്വാനിയയിലെ കൗനാസിലും ലാത്വിയയിലെ അഗ്ലോണയിലും എസ്തോണിയായിലെ താല്ലിനിലും അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബ്ബനായില്‍, ആ നാടുകളില്‍ പ്രയാണം ചെയ്യുന്ന, ദൈവത്തിന്‍റെ വിശുദ്ധ ജനം നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനോടുള്ള സമ്മതം നവീകരിച്ചു; എന്നും സ്വന്തം മക്കളുടെ, വിശിഷ്യ, കൂടുതല്‍ യാതനകള്‍ അനുഭവിക്കുന്നവരുടെ, അമ്മയായി പ്രത്യക്ഷപ്പെടുന്ന മറിയത്തോടുകൂടിയാണ് അതു ചെയ്തത്. മാമ്മോദീസായുടെ കൃപ ദൈവം ഹൃദയത്തില്‍ ഉണര്‍ത്തുന്ന തിരഞ്ഞെടുക്കപ്പെട്ട ജനവും പുരോഹിത ജനവും വിശുദ്ധ ജനവും എന്ന നിലയിലാണ് ഈ നവീകരണം നടത്തിയിരിക്കുന്നത്.

ലിത്വാനിയയിലെയും കൗനാസിലെയും ലാത്വിയയിലെയും നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. നന്ദി.    

                              പാപ്പാ

                           

ഈ വാക്കുകളില്‍ പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, ഭിഷഗ്വരന്മാരും നിണസാക്ഷികളുമായ കോസ്മ, ഡാമിയന്‍ എന്നീ വിശുദ്ധരുടെ ഓര്‍മ്മ സഭ, അനുവര്‍ഷം സെപ്റ്റംബര്‍ 26 ന് ആചരിക്കുന്നത് അനുസ്മരിച്ചു. രോഗികള്‍ക്ക് അക്ഷീണം സൗജന്യ ചികിത്സയേകി ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ച ഈ വിശുദ്ധരില്‍ നിന്നു പഠിക്കാന്‍ പാപ്പാ അവരെ ഉപദേശിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

26 September 2018, 13:12