തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍ ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍   (ANSA)

ക്രിസ്തു കാട്ടിത്തരുന്ന ആന്തരിക സൗഖ്യദാനത്തിന്‍റെ വഴികള്‍

സെപ്തംബര്‍ 9-Ɔο തിയതി ഞായറാഴ്ച മധ്യാഹ്നത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആയിരിങ്ങള്‍ സമ്മേളിച്ചിരുന്നു. പതിവുപോലെ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. കരങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്തു. എന്നിട്ട് സന്ദേശം നല്കി. സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രകടനപരതയില്ലാതെയുള്ള സൗഖ്യദാനം
ഊമനും ബധിരനുമായ മനുഷ്യനെ ഈശോ അത്ഭുതകരമായ സുഖപ്പെടുത്തിയ സംഭവമാണ് നാം ഞായറാഴ്ച സുവിശേഷത്തില്‍ ശ്രവിച്ചത് (മര്‍ക്കോസ് 7, 31-35). കരങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ജനങ്ങള്‍ ഊമനും ബധിരനുമായ മനുഷ്യനെ  ഈശോയുടെ പക്കല്‍ കൊണ്ടുവന്നു. എന്തു ചെയ്യുന്നതിനും മുന്‍പേ, അവിടുന്ന് ആദ്യം അയാളെ ആള്‍ക്കൂട്ടത്തില്‍നിന്നും മാറ്റിനിറുത്തി. ഇവിടെയും മുന്‍പെന്നപോലെ വളരെ വിവേചനത്തോടെയാണ് ക്രിസ്തു പ്രവര്‍ത്തിക്കുന്നത്. ജനങ്ങളെ പ്രീതിപ്പെടുത്താനോ, അവരുടെ കൈയ്യടി നേടാനോ ഒന്നും ചെയ്യുന്നില്ല. അവിടുത്തെ ലക്ഷ്യം അതൊന്നുമല്ല. നന്മചെയ്യേണ്ടത് നിശ്ശബ്ദമായിട്ടാണെന്ന് അവിടുന്നു നമ്മെ പഠിപ്പിക്കുകയാണ്. അവിടുത്തെ ചെയ്തികളില്‍ കൊട്ടും കുരവയും, കൊട്ടിഘോഷിക്കലൊന്നുമില്ല. എല്ലാം പ്രകടനപരതയില്ലാതെ നിശബ്ദതയില്‍ ചെയ്യാനാണ് ക്രിസ്തു ആഗ്രഹിക്കുന്നത്.

ദൈവാനുഗ്രഹത്തിന്‍റെ അടയാളങ്ങള്‍
ക്രിസ്തു ജനക്കൂട്ടത്തില്‍നിന്നും മാറിനിന്ന് തന്‍റെ വിരലുകള്‍ ബധിരനും ഊമനുമായവന്‍റെ ചെവിടുകളില്‍വച്ചു. തന്‍റെ തുപ്പല്‍കൊണ്ട് അവന്‍റെ നാവില്‍ സ്പര്‍ശിച്ചു. ദൈവമായ ക്രിസ്തുവിന്‍റെ മാനുഷികതയും, മനുഷ്യാവതാരവും വെളിപ്പെടുത്തുന്ന അടയാളങ്ങളാണിവ. മനുഷ്യജീവിതത്തിന്‍റെ യഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവിടുന്നു പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നുവെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍. മര്‍ത്ത്യാവതാരമാര്‍ന്ന അവിടുന്ന് അപരന്‍റെ വേദനയറിഞ്ഞ്, വളരെ മാനുഷികമായ ധാരണയോടെ ബധിരനും ഊമനുമായവനോട് ഇടപഴകുന്നു. എന്നാല്‍ പിതാവായ ദൈവവുമായിട്ടുള്ള തന്‍റെ ഐക്യത്തിലാണ് ഈ അത്ഭുതം നടക്കുന്നതെന്ന് ജനം മനസ്സിലാക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ അവിടുന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണുകളുയര്‍ത്തുന്നു. എന്നിട്ട് ഒരു നെടുവീര്‍പ്പോടെ നിര്‍ണ്ണായകമായ ഒരു വാക്ക് മൊഴിഞ്ഞു, “എഫാത്താ” effatà  തുറക്കപ്പെടട്ടെ! ഉടനെ അയാള്‍ സുഖപ്പെട്ടു – അയാളുടെ ചെവികള്‍ തുറക്കപ്പെട്ടു, നാവിന്‍റെ കുരുക്കഴിഞ്ഞു. അത്ഭുതകരമായി അയാള്‍ക്കു ലഭിച്ച സൗഖ്യം ചുറ്റുമുള്ളവരോടും ലോകത്തോടുമുള്ള ഒരു തുറവായിരുന്നു, ദൈവസ്നേഹത്തിന്‍റെ പ്രഘോഷണമായിരുന്നു!

ക്രിസ്തു നല്കുന്ന ആന്തരികമായ തുറവ്
തന്‍റെ അത്ഭുതചെയ്തിയുടെ സൂത്രവാക്യം ക്രിസ്തുതന്നെ നമുക്ക് വെളിപ്പെടുത്തി തരുന്നു! എഫാത്താ, തുറക്കപ്പെടട്ടെ! ഒറ്റവാക്കുകൊണ്ടാണ് അവിടുന്ന് ആ മനുഷ്യന് കേള്‍വിയും സംസാരശേഷിയും നല്കിയത്. ജീവിതത്തില്‍ ക്രിസ്തു പ്രയോഗിച്ച എഫേത്ത, തുറക്കുക! എന്ന വചനത്തിന്‍റെ പ്രയോക്താക്കളാകാം. നമ്മുടെ സഹോദരങ്ങളുടെ വേദനയിലും കഷ്ടതയിലും, സ്വാര്‍ത്ഥത മറന്നും, ഹൃദയം തുറന്നും അവരുടെ സഹായത്തിന് നാം എത്തുന്നതാണ്... ഈ “എഫേത്താ”.  ക്രിസ്തു കാട്ടിത്തരുന്ന സൗഖ്യദാനത്തിന്‍റെ തുറവാണിത്! ക്രിസ്തു വന്നത് മനുഷ്യന്‍റെ ഹൃദയാന്തരാളങ്ങള്‍ തുറക്കാനും, അതുവഴി ദൈവവും മനുഷ്യരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും, അതിനുള്ള വഴികള്‍ പൂര്‍ണ്ണമായും നമുക്കു തുറന്നുതരാനുമായിരുന്നു. ദൈവം മനുഷ്യാവതാരം ചെയ്തത് പാപത്താന്‍ ഊമരും ബധിരരുമായവരുടെ ഉള്ളു തുറക്കാനാണ്. അങ്ങനെ ദൈവത്തെ കേള്‍ക്കാനും, സ്നേഹത്തിന്‍റെ വിളി കേള്‍ക്കാനും, സ്നേഹത്തിന്‍റെ ഭാഷ സംസാരിക്കാനും, അത് ജീവിതത്തില്‍ കരുണയും ഔദാര്യവുമായി പ്രകടമാക്കാനും ഈ സുവിശേഷ സംഭവം നമ്മെ ക്ഷണിക്കുന്നു.

ദൈവസ്നേഹത്തോട് സമ്പൂര്‍ണ്ണവിധേയത്വവും തുറവും കാട്ടിയ  പരിശുദ്ധ കന്യകാനാഥ, ക്രിസ്തുവിന്‍റെ ‘എഫേത്താ’യുടെ അത്ഭുതങ്ങള്‍ വിശ്വാസപൂര്‍വ്വം അനുദിന ജീവിതത്തില്‍ അനുഭവിക്കാന്‍ ഇടവരുത്തട്ടെ! അതുവഴി സഹോദരങ്ങളുമായി ഐക്യത്തിലും സ്നേഹത്തിലും ജീവിക്കാനും നമുക്കു സാധിക്കട്ടെ! ഈ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

10 September 2018, 17:41