Cerca

Vatican News
ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍ ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍  (ANSA)

ദൈവമനുഷ്യബന്ധത്തെ ഉലയ്ക്കുന്ന ആചാരങ്ങളും ആര്‍ഭാടങ്ങളും

സെപ്തംബര്‍ 2-‍Ɔο തിയതി ഞായറാഴ്ച. റോമില്‍ തെളിവുള്ള ദിവസമായിരുന്നു. പാപ്പാ ഫ്രാന്‍സിസിനെ കാണാനും ത്രികാലപ്രാര്‍ത്ഥന സന്ദേശം കേള്‍ക്കാനും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആയിരങ്ങള്‍ എത്തിയിരുന്നു. മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ഇരുകരങ്ങളും ഉയര്‍ത്തി പാപ്പാ ജനങ്ങളെ അഭിവാദ്യംചെയ്തു. എന്നിട്ട് സന്ദേശം നല്കി :
ത്രികാലപ്രാര്‍ത്ഥന സന്ദേശം 02-09-18

പാരമ്പര്യങ്ങള്‍ പാലിക്കാത്ത ക്രിസ്തു!
വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ കഴിഞ്ഞയാഴ്ചത്തെ തുടര്‍ഭാഗത്തെ ആധാരമാക്കിയായിരുന്നു പാപ്പാ പങ്കുവച്ച ചിന്തകള്‍. വിശ്വാസികളായ എല്ലാവര്‍ക്കും ഏറെ പ്രസക്തമാകുന്നൊരു കാര്യമാണ് ഇന്നത്തെ സുവിശേഷംഭാഗം അവതരിപ്പിക്കുന്നത് (മത്തായി 7, 1-8, 14-15, 21-23). യേശുവിന്‍റെ ശിഷ്യന്മാര്‍ സമൂഹത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നില്ല, എന്ന ഫരിസേയരുടെയും ചുങ്കക്കാരുടെയും ആരോപണത്തോടെയാണ് വചനഭാഗം ആരംഭിക്കുന്നത്. ലോകത്തിന്ന് പടര്‍ന്നു പിടിച്ചിട്ടുള്ള നിയമത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന രൂപഭദ്രമായ ഔപചാരികയ്ക്ക് (legalistic formalism) എതിരെ ദൈവവചനത്തോട് നമുക്കുണ്ടാകേണ്ട അനുസരണപൂര്‍ണ്ണമായ വിശ്വസ്തതയും വിധേയത്വവും ക്രിസ്തു സുവിശേഷഭാഗത്ത് ചൂണ്ടിക്കാണിക്കുന്നു. ഫരീസേയരും നിയമജ്ഞരും കൊണ്ടുവരുന്ന ആരോപണം ക്രിസ്തുവിന് എതിരെയാണ്. ശിഷ്യന്മാരെ സമൂഹത്തിന്‍റെ പരമ്പരാഗത അനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ അവിടുന്ന് നിഷ്ക്കര്‍ഷിക്കുന്നില്ല, എന്നതാണ് അവരുടെ പരാതി. അതുവഴി അവിടുത്തെ ആധികാരികതയെയും സാമൂഹ്യനിലപാടിനെയും പ്രസക്തിയെയും അവര്‍ ചോദ്യംചെയ്യുകയാണ്.

അനുഷ്ഠാനങ്ങളിലെ കാപട്യം
തുടര്‍ന്നുള്ള ക്രിസ്തുവിന്‍റെ പ്രതികരണം പരസ്യമായിട്ടാണ്. “കപടനാട്യക്കാരേ, നിങ്ങളെക്കുറിച്ച് ഏശയാ പറഞ്ഞിട്ടുള്ളത്, ഈ ജനം എന്നെ അധരങ്ങള്‍കൊണ്ടും സ്തുതിക്കുന്നു! എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ എന്നില്‍നിന്നും അകലെയാണ്. അവര്‍ വ്യാജമായി എന്നെ ആരാധിക്കുന്നു. എന്നിട്ട് ദൈവകല്പനകള്‍ക്കു പകരം മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നു” (6-7). യേശുവിന്‍റെ വാക്കുകള്‍ സുവ്യക്തവും ശക്തവുമാണ്. ക്രിസ്തു അവര്‍ക്കെതിരെ ഉപയോഗിച്ച കപടനാട്യക്കാരേ, എന്ന പ്രയോഗം സുവിശേഷത്തിലെ ശക്തമായ പ്രയോഗങ്ങളില്‍ ഒന്നാണ്. അന്നത്തെ മതാചാര്യന്മാര്‍ക്ക് എതിരായിട്ടാണ് അവിടുന്ന് അത് ഉപയോഗിച്ചത്. സമൂഹത്തിലെ നിയമപണ്ഡിതന്മാരെയും ദേവാലയാചാര്യന്മാരെയും കപടനാട്യക്കാരേ... എന്ന് അവിടുന്ന് അഭിസംബോധനചെയ്തു.

ദൈവത്തെ മറയ്ക്കുന്ന ആഘോഷങ്ങള്‍
സമൂഹത്തിലെ തെറ്റുകള്‍ തിരുത്തുകയാണ് യേശുവിന്‍റെ ലക്ഷ്യം. അപ്പോള്‍ തെറ്റെന്താണ്? ദൈവഹിതവും അവിടുത്തെ കല്പനകലും പാടെ തകിടം മറിച്ച് മാനുഷികാചാരങ്ങളുടെയും സാമൂഹ്യപാരമ്പര്യങ്ങളുടെയും ആഘോഷങ്ങളുടെയും പിറകെ പോകുന്നതാണ്, അന്നത്തെ സാമൂഹിക തിന്മയായി ക്രിസ്തു ചൂണ്ടിക്കാട്ടിയത്. അവരുടെ തെറ്റുകളുടെ കാഠിന്യം മൂലമാണ് യേശു ഇത്ര ശക്തമായി പ്രതികരിച്ചത്. കാരണം ദൈവ-മനുഷ്യബന്ധത്തെ ഉലയ്ക്കുന്നതായിരുന്നു അന്നത്തെ പൊള്ളയായ സാമൂഹ്യപാരമ്പര്യങ്ങളും അനുഷ്ഠാനുങ്ങളും. യഥാര്‍ത്ഥമായ ആത്മീയതയെയും മതാത്മക ജീവിതത്തെയും നശിപ്പിക്കുന്നതായിരുന്നു അത്. കാപട്യവു നുണയും സത്യത്തെ ഇല്ലായ്മ ചെയ്യുന്ന പ്രതിഭാസമാണ്.

ദൈവത്തെ വീണ്ടെടുക്കാം!
ഇങ്ങനെയുള്ള അര്‍ത്ഥശൂന്യമായ ആചാരങ്ങളില്‍നിന്നും ആഘോഷങ്ങളില്‍നിന്നും പിന്മാറാനാണ് ക്രിസ്തു ഇന്നു നമ്മോടും ആവശ്യപ്പെടുന്നത്. സത്യമായും വിശ്വാസാനുഭവത്തിന്‍റെ സത്ത എന്തെന്ന് വിവേചിച്ചറിയാന്‍ അവിടുന്നു നമ്മെ വീണ്ടും വീണ്ടും ക്ഷണിക്കുന്നു. അത് ദൈവസ്നേഹവും സഹോദരസ്നേഹവുമാണ്. അതിനെ ഇന്നിന്‍റെ പൊള്ളയായ ആചാരാനുഷ്ഠാനങ്ങളുടെയും, നിയമത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന നൈയ്യാമിക മനസ്ഥിതിയുടെയും കാപട്യത്തില്‍നിന്നും മോചിപ്പിക്കണമെന്നും ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു.

യാക്കോശ്ലീഹായുടെ രണ്ടാം വായനയിലെ വചനവും ഇന്നത്തെ സുവിശേഷഭാഗത്തെ ശാക്തീകരിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഒരു മതം അല്ലെങ്കില്‍ വിശ്വാസം എന്താണെന്ന്  ശ്ലീഹ തന്‍റെ ലേഖനത്തില്‍ വളരെ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തിലുള്ള മതാത്മകജീവിതം ക്ലേശങ്ങള്‍ അനുഭവിക്കുന്ന അനാഥരയെും വിധവകളെയും സംരക്ഷിക്കുന്നതിലാണ്, അല്ലാതെ ലോകത്തിന്‍റെ ഗതിവിഗതികളില്‍ മുഴുകി ജീവിക്കുന്നതിലല്ലെന്ന് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു (യാക്കോ. 1, 27). അനാഥരെയും വിധവകളെയും സന്ദര്‍ശിക്കുക എന്നു പറയുന്നത് മറ്റുള്ളവരോടു വിശിഷ്യ സമൂഹത്തില്‍ ഏറ്റവും പാവങ്ങളും പരിത്യക്തരുമായവരോട് കരുണയും സ്നേഹവും കാണിക്കണമെന്നാണ്. കാരണം അവര്‍ ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവരും ദൈവത്തിന്‍റെ പ്രത്യേക പരിപാലനയും കരുതലും ലഭിക്കുന്നവരുമാണ്. അതിനാല്‍ നാമും അതുപോലെ പ്രവര്‍ത്തിക്കണമെന്നാണ് ഇന്നത്തെ വചനം ആവശ്യപ്പെടുന്നത്.

മതാത്മക ജീവിതത്തിലെ കാപട്യം
ഈ ലോകത്തിന്‍റേതായ ശൈലികളില്‍ മുഴുകി നാം മലീമസമാക്കപ്പെടരുതെന്ന് ഈശോ നമ്മോടു ആഹ്വാനംചെയ്യുമ്പോള്‍, യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നു ജീവിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നത്. അല്ല! ഇവിടെ അതൊരു ബാഹ്യമായ മനോഭാവമല്ല, മറിച്ച് ആന്തരികവും സത്താപരവുമായ മനോഭാവവും ചൈതന്യവുമാണ്. അതായത് ഏറെ ജാഗ്രത ആവശ്യപ്പെടുന്നതാണ് ഈ മനസ്ഥിതി. കാരണം, ലോകത്തിന്‍റേതായ സാധാരണ ഗതിവിഗതികളില്‍ നമ്മുടെ ചിന്താധാരയും പ്രവൃത്തികളും പെട്ടുപോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും നമ്മില്‍നിന്നും ആവശ്യപ്പെടുന്നുണ്ട്. അതായത് ലോകത്തിന്‍റെ മായവലയത്തിലും ആര്‍ത്തിയിലും അഹങ്കാരത്തിലും നാം പെട്ടുപോകരുത്. എന്നാല്‍, മതാത്മകജീവിതം നയിക്കുന്നു എന്നു പറയുകയും വ്യര്‍ത്ഥതയിലും ആര്‍ത്തിയിലും ആഹങ്കാരത്തിലും മുഴുകി ജീവിക്കുകയും ചെയ്തുകൊണ്ട് മറ്റുള്ളവരെ വിധിക്കുകയും കുറ്റംപറയുകയും ചെയ്യുന്നവര്‍ കപടനാട്യക്കാരാണ്!  

ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന വചനം

ഈ വചനത്തെ എങ്ങനെ നാം ഉള്‍ക്കൊള്ളുന്നുവെന്ന് ആത്മശോധനചെയ്യാം. ദേവാലയത്തില്‍ ദിവ്യബലിമദ്ധ്യേ നാം വചനം ശ്രവിക്കുന്നു, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍! അശ്രദ്ധമായും പേരിനുവേണ്ടിയും മാത്രാമാണ് നം വചനം ശ്രവിക്കുന്നതെങ്കില്‍ അത് നമ്മെ സഹായിക്കാന്‍ പോകുന്നില്ല. വചനം തുറന്ന മനസ്സോടും തുറന്ന ഹൃദയത്തോടുംകൂടി, ഒരു നല്ല വിളനിലംപോലെയാണ് സ്വീകരിക്കേണ്ടത്. അപ്പോള്‍ അത് വചനവിത്തു സ്വീകരിച്ചു വളര്‍ന്ന്, ജീവിതത്തില്‍ ഫലമണിയും. ദൈവവചനത്തെ, അതുകൊണ്ടാണ് നല്ല നിലത്തുവീണ ഗോതമ്പുമണിപോലെയെന്നു ക്രിസ്തു ഉപമിച്ചത്. യഥാര്‍ത്ഥമായ മനുഷിക പരിശ്രമംകൊണ്ട് ഫലമണിയിക്കേണ്ട വിത്താണു വചനം. അതിനാല്‍ നമ്മുടെ ഹൃദയത്തെയും ജീവിതത്തെയും വിശുദ്ധീകരിക്കുന്ന ഘടകംതന്നെയാണ് ദൈവവചനം.  അത് ദൈവവുമായും സഹോദരങ്ങളുമായും നമ്മെ അനുദിനജീവിതത്തില്‍ കൂട്ടിയിണക്കുകയും, കാപട്യത്തില്‍നിന്നു നമ്മെ മോചിക്കുകയും ചെയ്യുന്നു.

സഹോദരീസഹോദരന്മാര്‍ക്ക് നന്മചെയ്തുജീവിക്കാനും. നിര്‍മ്മലമായ മനസാക്ഷിയോടെ..., ദൈവസ്നേഹത്തിനു സാക്ഷികളായി... കാപട്യമില്ലാതെ ജീവിക്കാനും പരിശുദ്ധ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!

03 September 2018, 17:07