തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍ ത്രികാലപ്രാര്‍ത്ഥന ജാലകത്തില്‍  (AFP or licensors)

മനുഷ്യജീവിതത്തിന്‍റെ തീര്‍പ്പ് ദൈവത്തെ പ്രാപിക്കുകയാണ്!

ആഗസ്റ്റ് 15, സ്വര്‍ഗ്ഗാരോപണമഹോത്സവം സ്വര്‍ഗ്ഗാരോപത്തിലൂടെ നസ്രത്തിലെ മറിയം ആര്‍ജ്ജിച്ചെടുത്ത ദൈവികൈക്യത്തെയും സ്വര്‍ഗ്ഗസായുജ്യത്തെയും കുറിച്ച് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥന സന്ദേശത്തിലെ പ്രസക്തഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

മനുഷ്യജീവിതങ്ങള്‍  ദൈവത്തെ പ്രാപിക്കുംവരെ അസ്വസ്ഥമാണ്. സഹോദരങ്ങള്‍ക്കു നന്മചെയ്തു ജീവിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം ദൈവത്തെ ശുശ്രൂഷിക്കുന്നവര്‍ ദൈവികൈക്യം പ്രാപിക്കുമെന്നും, ശരീരത്തിന്‍റെ പുനരുത്ഥാനം പ്രാപിക്കുമെന്നുമുള്ള ക്രിസ്തീയ വെളിപാട് വിശ്വാസത്തിന്‍റെ കാതലാണ്. അങ്ങനെ രൂപാന്തരപ്പെടുന്ന നമ്മുടെ ആത്മാവ് ദൈവത്തെ പ്രാപിക്കുന്നു. ദൈവികകൈക്യത്തില്‍ എത്തിച്ചേരുന്നു.

നസ്രത്തിലെ മറിയം ഒരു സാധാരണ സ്ത്രീയായിരുന്നു. എന്നാല്‍ അവളുടെ ഓരോ ചെറിയ പ്രവൃത്തികളും ക്രിസ്തുവില്‍ കേന്ദ്രീകരിച്ചുള്ളതും ഐക്യപ്പെട്ടവയുമായിരുന്നു. അവള്‍ പ്രാര്‍ത്ഥിച്ചതും, അനുദിന കുടുംബകാര്യങ്ങള്‍ക്കായി വ്യഗ്രതപ്പെട്ടതും, സിനഗോഗില്‍ പോയതും... എല്ലാം ക്രിസ്തുവിങ്കലേയ്ക്കുള്ളൊരു പ്രയാണമായിരുന്നു.

ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് കാല്‍വരിയിലെ അവിടുത്തെ സ്വയാര്‍പ്പണത്തിലാണ്. അവിടെയും മറിയം സന്നിഹിതയായിരുന്നു. ക്രിസ്തുവിനോട് ഐക്യപ്പെട്ട് അവിടുത്തെ സ്വയാര്‍പ്പണത്തില്‍ മറിയവും പങ്കുചേര്‍ന്നു. അങ്ങനെ ക്രിസ്തുവിന്‍റെ മൗതിക രഹസ്യങ്ങളിലെല്ലാം മറിയത്തിന്‍റെ പങ്കാളിത്തം ജീവിതത്തില്‍ ഉടനീളം നമുക്കു വ്യക്തമായി കാണാം. മംഗലവാര്‍ത്തിയില്‍ തുടക്കമിട്ട മറിയത്തിന്‍റെ ആത്മ-ശരീരങ്ങളുടെ ഐക്യമാണ് മെല്ലെ പക്വമാര്‍ജ്ജിച്ച് അത് തന്നിലൂടെ ജാതനായ ദൈവപുത്രന്‍റെ ദിവ്യരഹസ്യത്തിലെ സമ്പൂര്‍ണ്ണ ഐക്യവും സ്വര്‍ഗ്ഗീയ സായുജ്യവുമായി പരിണമിക്കുമെന്ന് പാപ്പാ വ്യക്തമാക്കി.

ഇന്ന് ലോകമെമ്പാടും ക്രൈസ്തവമക്കള്‍ ആചരിക്കുന്ന മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണമഹോത്സവത്തിന്‍റെ പൊരുള്‍, സ്വര്‍ഗ്ഗാരോപണത്തിന്‍റെ അഭൂതപൂര്‍വ്വവും അത്ഭുതകരവുമായ യാഥാര്‍ത്ഥ്യംവഴി മറിയം നേടിയെടുത്ത ദൈവികൈക്യമാണ്. അത് അനുദിന ജീവിത ചെയ്തികളിലൂടെ നസ്രത്തിലെ കന്യക ആര്‍ജ്ജിച്ചെടുത്ത ദൈവികൈക്യമാണ്. ദൈവം തന്‍റെ വിനീത ദാസിയെ കൈപിടിച്ചുയര്‍ത്തി. അതുകൊണ്ടാണ് “സകല ജനതകളും മറിയത്തെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിച്ചത്”  (ലൂക്ക 1, 48).

15 August 2018, 18:27