കുടുംബങ്ങള്‍ക്കൊരു  വീഡിയോ സന്ദേശം കുടുംബങ്ങള്‍ക്കൊരു വീഡിയോ സന്ദേശം 

പക്വമാര്‍ജ്ജിക്കേണ്ട സഭയുടെ സുവിശേഷ കാരുണ്യത്തെക്കുറിച്ച്

കുടുംബജീവിതത്തെ സംബന്ധിച്ച ഗ്രന്ഥം, “കുടുംബവും വിവാഹമോചനവും : സത്യത്തിന്‍റെ സംരക്ഷണവും കാരുണ്യവും” എന്ന ഗ്രന്ഥത്തിന്‍റെ മുഖപ്രസ്താവത്തിലാണ് ഇന്നും കാലികമായി ഉള്‍ക്കൊള്ളേണ്ട ക്രിസ്തുവിന്‍റെ കാരുണ്യത്തെക്കുറിച്ച് പാപ്പാ കുറിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“സ്നേഹത്തിന്‍റെ ആനന്ദ”ത്തിനൊരു വ്യാഖ്യാനം
കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്‍റെ തീരുമാനങ്ങള്‍ ക്രോഡീകരിച്ച് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “സ്നേഹത്തിന്‍റെ ആനന്ദം,” Amoris Laetitiae
എന്ന അപ്പസ്തോലിക പ്രബോധനത്തിനു വ്യാഖ്യാനമെന്നോണം സ്റ്റീഫന്‍ വാള്‍ഫോര്‍ഡ് എഴുതിയ ഗ്രന്ഥമാണ് “കുടുംബവും വിവാഹമോചനവും : സത്യത്തിന്‍റെ സംരക്ഷണവും കാരുണ്യവും”. സെന്‍റ് പോള്‍സാണ് പ്രസാധകര്‍ (St. Paul’s International Publications). 2017-ല്‍ പുറത്തുവന്നിട്ടുള്ളതാണ് സ്റ്റീവന്‍ വാര്‍ഡ് ഫോര്‍ഡിന്‍റെ ഗ്രന്ഥം.

ഇംഗ്ലണ്ടുകാരനായ കത്തോലിക്ക ദൈവശാസ്ത്ര പണ്ഡിതനാണ് സ്റ്റീഫന്‍ വാള്‍ഫോര്‍ഡ്. ഭാര്യ പാവുളയും 5 മക്കളുമായി സതാംടണില്‍ വസിക്കുന്നു. വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവും അറിയപ്പെട്ട കത്തോലിക്കാ പ്രസിദ്ധീകരണങ്ങളുടെ ലേഖകനുമാണ്. സകുടുംബം പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പിയനിസ്റ്റും സംഗീതാദ്ധ്യാപകനുമാണ്.

പാപ്പായുടെ ആമുഖത്തിലെ ചിന്തകള്‍
സഭയുടെ സുദീര്‍ഘമയൊരു പഠനയാത്രയുടെ പരിണിത ഫലമാണ് “സ്നേഹത്തിന്‍റെ ആനന്ദം,” Amoris Laetitiae എന്ന അപ്പസ്തോലിക പ്രബോധനം. മെത്രന്മാരുടെ രണ്ടു സിനഡുകള്‍, അതിനോടു ബന്ധപ്പെട്ട ദേശീയ പ്രാദേശിക സമിതികള്‍, സന്ന്യാസസഭകളും സ്ഥാപനങ്ങളും, കത്തോലിക്ക യൂണിവേഴ്സിറ്റികള്‍, അല്‍മായ പ്രസ്ഥാനങ്ങള്‍ എന്നിവ ഈ പഠനയാത്രയില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ആഗോളസഭ മുഴുവനും പ്രാര്‍ത്ഥിച്ചു, ചിന്തിച്ചു, അവരവരുടേതായ ചെറുതും വലുതമായ സംഭാവനങ്ങള്‍ പ്രബോധനത്തിന്‍റെ പൂര്‍ത്തീകരണത്തിനു നല്കി സഹായിച്ചിട്ടുമുണ്ട്. രണ്ടു സിനഡുകളുടെയും തീര്‍പ്പുകള്‍ ഈ പ്രബോധനത്തില്‍ ഉള്‍ചേര്‍ന്നിട്ടുണ്ട്.

പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സമര്‍പ്പണം
കൂടാതെ സഭയെ സത്യസന്ധമായി ശുശ്രൂഷിക്കുന്നതിനുള്ള പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ദൈവതിരുമനസ്സിനായുള്ള അന്വേഷണം തന്‍റെ ഭാഗത്തിനിന്നും ഉണ്ടായിട്ടുള്ളതായി പാപ്പാ ആമുഖത്തില്‍ കുറിച്ചിട്ടുണ്ട്. ധ്യാനത്തിലൂടെയും ആശയങ്ങള്‍ പലരുമായും പങ്കുവ്ച്ചു, പ്രാര്‍ത്ഥിച്ചും വിവേചിച്ചുമാണ് നഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

പ്രബോധനം പൂര്‍ണ്ണമായി വാക്കണം!
പാപ്പാ കത്തില്‍ കുറിച്ച ഏറ്റവും ശ്രദ്ധേയമായ കാര്യം, തന്‍റെ പ്രബോധനം ശരിയായി മനസ്സിലാക്കണമെങ്കില്‍ അത് ആദ്യന്ത്യം വായിക്കണം
എന്ന വസ്തുതയാണ്. ജീവല്‍ബന്ധിയായതും, ഏറെ പ്രായോഗികമായതുമായ തീരുമാനങ്ങളുടെയും പഠനം പുരോഗമിക്കുന്നതും അതിന്‍റെ പരിസമാപ്തിയില്‍ എത്തുന്നതും പടിപടിയായ ദൈവശാസ്ത്ര ചിന്തകള്‍ കൂട്ടിയിണക്കിയാണ്. അതിനാല്‍ ഈ പ്രബോധനത്തോട് ഒരു സമഗ്രവീക്ഷണമുള്ളവര്‍ക്കെ അതിന്‍റെ സത്തയും അരൂപിയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുകയുള്ളൂ. പാപ്പാ വ്യക്തമാക്കി.

സഭയുടെ പക്വമാര്‍ജ്ജിക്കേണ്ട വ്യാഖ്യാനാധികാരം
കുടുംബ ജീവിതത്തിന്‍റെ വിവിധ പ്രതിസന്ധികളില്‍ സ്നേഹത്തിന്‍റെ ആനന്ദം എന്ന പ്രബോധനത്തെ സമ്പൂര്‍ണ്ണ പ്രശ്നപരിഹാരിണിയായി കാണരുത്. മറിച്ച് ദൈവിക കാരുണ്യത്തിന്‍റെ വെളിച്ചത്തില്‍ ജീവിത പ്രശ്നങ്ങളെ സമീപിക്കാനും അവയ്ക്ക് പ്രതിവിധി കാണാനുമുള്ള കാലികമായ സഭയുടെ ശ്രമമാണിത്. കുടുംബങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ക്കൊപ്പം കുട്ടികളുടെ രൂപീകരണവും വിദ്യാഭ്യാസവും, വിവാഹത്തിനുള്ള ഒരുക്കം, വിഷമങ്ങളില്‍ അകപ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ എന്നിവ സഭയില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രബോധനാധികാരത്തിന്‍റെ വെളിച്ചത്തില്‍ത്തന്നെയാണ് അമോരിസ് ലെത്തീത്സിയെ... സ്നേഹത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലിക പഠനം വ്യാഖ്യാനിച്ചിരിക്കുന്നത് (Magesterial hermeneutics). ഈ വ്യാഖ്യാനാധികാരം കാലം നീങ്ങുമ്പോള്‍ അഖണ്ഡിതമായി പക്വമാര്‍ജ്ജിക്കേണ്ടതും വളരേണ്ടതുമാണ്, മറിച്ച് നിസംഗത ഭാവിക്കേണ്ടതോ, നിയമള്‍ ഉദ്ധരിച്ച് നോക്കിനില്ക്കേണ്ടതോ ആയ കാര്യമല്ല.

ചിരസമ്മതമായ തൊമിസ്റ്റിക് നിലപാടുകളും!
ധാര്‍മ്മിക നിലപാടുപാലിക്കേണ്ടിടങ്ങളില്‍ വിശുദ്ധ തോമസ് അക്വീനാസിന്‍റെ ചിരസമ്മതമായ സിദ്ധാന്തങ്ങള്‍തന്നെയാണ് കൈക്കൊണ്ടിട്ടുള്ളത്.
പാപ്പാ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. “സ്നേഹത്തിന്‍റെ ആനന്ദ”ത്തെ (Amoris Laetitiae) പ്രായോഗികമായി വ്യാഖ്യാനിച്ചും ആധുനികകുടുംബങ്ങളെ പിന്‍തുണച്ചും അനുദിനജീവിത്തില്‍ ദൈവോത്മഖമായി മുന്നേറാന്‍ സഹായിക്കുന്ന ഗ്രന്ഥത്തിന്‍റെ രചയതാവ്, സ്റ്റീഫന്‍ വാള്‍ഫോര്‍ഡിനെയും കുടുംബത്തെയും അഭിനന്ദിച്ചും അനുഗ്രഹിച്ചും കൊണ്ടാണ് പാപ്പാ ആമുഖം ഉപസംഹരിക്കുന്നത്.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2018, 09:44