Cerca

Vatican News
ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ .യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍ ,ഒ എസ് ജെ, എന്ന സന്ന്യസ്തസമൂഹത്തിലെ അംഗങ്ങളെ വത്തിക്കാനില്‍ സംബോധന ചെയ്യുന്നു,31-08-18 ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ .യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍ ,ഒ എസ് ജെ, എന്ന സന്ന്യസ്തസമൂഹത്തിലെ അംഗങ്ങളെ വത്തിക്കാനില്‍ സംബോധന ചെയ്യുന്നു,31-08-18  (Vatican Media)

ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് സകലരും ഉപാധികള്‍-പാപ്പാ

വിശുദ്ധ യൗസേപ്പിതാവില്‍ വിളങ്ങിയിരുന്ന പുണ്യങ്ങള്‍ സ്വന്തമാക്കുക, അകമേ താപസരും പുറമേ പ്രേഷിതരും ആയിരിക്കുക, പാപ്പാ വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതരോട്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ദൈവം സകലരെയും, വിശിഷ്യ, ഏറ്റം എളിയവരെയും മാനുഷികമായ യാതൊരു ഒരുക്കവുമില്ലാത്തവരെയും ഉപയോഗപ്പെടുത്തുന്നുവെന്ന സവിശേഷസന്ദേശത്തിന്, സാന്ത്വനദായകമായ സദ്വാര്‍ത്തയക്ക്, ലോകത്തില്‍ സാക്ഷ്യമേകാന്‍ വിളിക്കപ്പെട്ടവരാണ് വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍ എന്ന് മാര്‍പ്പാപ്പാ.

ഒ.എസ്.ജെ എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന, വിശുദ്ധ യൗസേപ്പിതാവിന്‍റെ   സമര്‍പ്പിതര്‍, അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന സന്ന്യാസസമൂഹത്തിന്‍റെ പതിനേഴാം പൊതു സമ്മേളനത്തില്‍ (ജനറല്‍ ചാപ്റ്റര്‍) പങ്കെടുത്ത അമ്പതോളം പേരടങ്ങിയ സംഘത്തെ, സമാപനദിനമായിരുന്ന ശനിയാഴ്ച (31/08/18), വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ആഗസ്റ്റ് 2 മുതല്‍ 31(2018) വരെ ആയിരുന്നു ജനറല്‍ ചാപ്റ്റര്‍

വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിത ശൈലി

നസ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിത ശൈലി തങ്ങളുടെ ജീവിതത്തിലും അപ്പസ്തോല പ്രവര്‍ത്തനത്തിലും അനുകരിക്കുകയെന്ന സവിശേഷ സിദ്ധിയാണ് ഈ സമര്‍പ്പിത ജീവിത സമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ജുസേപ്പെ മരേല്ലൊ സമൂഹാംഗങ്ങള്‍ക്ക് സംവേദനം ചെയ്തിരിക്കുന്ന ദൗത്യത്തില്‍ ആവിഷ്കൃതമായിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

യുവജനങ്ങളിലും ഏറ്റം എളിയവരിലും സവിശേഷ ശ്രദ്ധപതിച്ചുകൊണ്ട് സഭയിലും സഹോദരങ്ങളിലും യേശുവിനെ സേവിക്കുകയെന്ന വീക്ഷണമായിരിക്കട്ടെ ഈ സമൂഹാംഗങ്ങളുടെ മുഖമുദ്രയും ആനന്ദവും എന്ന് പാപ്പാ ആശംസിച്ചു.

വിശുദ്ധ യൗസേപ്പിതാവില്‍ വിളങ്ങിയിരുന്ന എളിമ, കര്‍ത്താവുമായുള്ള ഉറ്റ ബന്ധം, നിശബ്ദത, കര്‍ത്താവിന്‍റെ ഹിതം നിറവേറ്റാനുള്ള തീക്ഷ്ണത, അദ്ധ്വാനശീലം തുടങ്ങിയ പുണ്യങ്ങള്‍ സ്വന്തമാക്കി സഭയിലും ലോകത്തിലും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പാപ്പാ ഈ സമര്‍പ്പിതജീവിത സമൂഹാംഗങ്ങള്‍ക്ക് പ്രോത്സാഹനം പകര്‍ന്നു.

പ്രാര്‍ത്ഥനാജീവിതവും പ്രേഷിതപ്രവര്‍ത്തനവും

“അകമേ താപസരും പുറമേ പ്രേഷിതരും”, അല്ലെങ്കില്‍, “ഭവനത്തിനകത്ത് പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവരും പുറത്ത് പ്രേഷിതരും” ആയരിക്കുകയെന്നതാണ് വിശുദ്ധ ജുസേപ്പെ മരേല്ലൊ നല്കിയരിക്കുന്ന മുദ്രാവാക്യവും ജീവിതപരിപാടിയും എന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഭൗതികവസ്തുക്കള്‍ സ്വന്തമാക്കിവയ്ക്കുന്നതിനെ വാഴ്ത്തുകയും അപകടകരമായ കുറുക്കുവഴികളിലൂടെയുള്ള ആനന്ദം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഉപരിപ്ലവതയാര്‍ന്ന ഒരു സംസ്കൃതിയ്ക്കു മുന്നില്‍ കരുത്തും ഒപ്പം ആര്‍ദ്രതയുമുള്ള പക്വതയാര്‍ന്ന ഒരു വ്യക്തിത്വം രൂപപ്പെടുത്താനും ആത്മശക്തിയുള്ളവരാകാനും യുവതയ്ക്ക് പ്രചോദനം പകരാന്‍ പാപ്പാ പ്രോത്സാഹനമേകി.

യേശുക്രിസ്തുവിനെക്കുറിച്ചു യുവജനത്തോടു സംസാരിക്കുകയാണ് മഹാനന്ദമെന്ന് പ്രസ്താവിച്ച പാപ്പാ സുദൃഢമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗം ഇതാണെന്ന് ഉദ്ബോധിപ്പിച്ചു.

ഒ.എസ്.ജെ സമൂഹം

1878 മാര്‍ച്ച് 14 നാണ് യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍ എന്ന സന്ന്യാസ സമൂഹം ഇറ്റലിയിലെ ആസ്തിയില്‍ സ്ഥാപിതമായത്. കേരളത്തില്‍, വരാപ്പുഴ അതിരൂപതയില്‍ ഇതേ നാമത്തില്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സമൂഹം 1980 കളില്‍ ഇറ്റലിയിലെ ഈ സമൂഹത്തില്‍ ലയിപ്പിക്കപ്പെടുകയുണ്ടായി. ഇറ്റിലക്കും ഭാരതത്തിനും പുറമെ ഫിലിപ്പീന്‍സ്, നൈജീരിയ, മൊസാംബിക്, പോളണ്ട്, സ്പെയിന്‍, എല്‍സാല്‍വദോര്‍, പെറു, ബൊളീവിയ, ബ്രസീല്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളിലും ഈ സമൂഹം പ്രവര്‍ത്തനനിരതമാണ്.

മലയാളിയും കൂനമ്മാവു സ്വദേശിയുമായ വൈദികന്‍ ജോണ്‍ ആന്‍റണി ആട്ടുള്ളില്‍ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍ എന്ന സമൂഹത്തിന്‍റെ വികാര്‍ ജനറലായി രണ്ടാവട്ടവും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണത്തെ ജനറല്‍ ചാപ്റ്ററിലായിരുന്നു ഈ തിരഞ്ഞെടുപ്പ്.

ഈ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പോളണ്ടു സ്വദേശിയായ വൈദികന്‍ യാന്‍ പെല്‍ചാര്‍സ്കി (Jan Pelczarski) ആണ്.

31 August 2018, 12:58