തിരയുക

ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

ചിലി, പീഢനത്തിനിരകളായവരോടു പാപ്പായുടെ സവിശേഷ കരുതല്‍

ചിലിയില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും പീഢിപ്പിച്ചവരുടെയും കാര്യത്തില്‍ പ്രാദേശിക സഭ നടത്തുന്ന നീക്കള്‍ പാപ്പാ നിരീക്ഷിക്കുന്നു

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തെക്കെ അമേരിക്കന്‍ നാടായ ചിലിയില്‍ സഭയിലെ അജപാലകരുടെ ലൈംഗിക ചൂഷണത്തിനിരകളായവര്‍ക്ക് നീതിപൂര്‍വ്വകമായ ഉത്തരമേകാനും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ടാക്കാനും പ്രാദേശിക കത്തോലിക്കാമെത്രാന്മാര്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്രദ്ധാപൂര്‍വ്വം  നിരീക്ഷിക്കുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ ഉപവക്ത്രി, പലോമ ഗര്‍സീയ ഒവഹേരൊ (Paloma García Ovejero).

ചിലിയിലെ സാന്‍ ബെര്‍ണ്ണാര്‍ദൊ രൂപതയുടെ മെത്രാന്‍ ഹുവാന്‍ ഇഞ്ഞാസിയൊ ഗൊണ്‍സാലെസിനെയും ലൈംഗിക ചൂഷണം തടയുന്നതിനും ചൂഷണത്തിനിരകളായവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള ചിലിയിലെ ദേശിയ സമിതിയുടെ അദ്ധ്യക്ഷയായ അന്ന മരിയ ചേലിസ് ബ്രൂണറ്റിനെയും വെള്ളിയാഴ്ച (10/08/18) രാവിലെ വത്തിക്കാനില്‍ തന്‍റെ വാസയിടമായ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ഫ്രാന്‍സീസ് പാപ്പാ സ്വികരിച്ചതിനെ അധികരിച്ചു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് പലോമ ഇതു വെളിപ്പെടുത്തിയത്.

ചിലിയില്‍ മെത്രാന്മാരും വൈദികരും സമര്‍പ്പിതരുമുള്‍പ്പെടുന്ന വിഭാഗത്തില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്ന് ലൈംഗികപീഢനം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ പ്രശ്നത്തെ നേരിടുന്നതിനും അത്തരം ലൈംഗികപീഢനങ്ങള്‍ ആവര്‍ത്തിക്കപ്പെടാതരിക്കുന്നതിനും അന്നാട്ടിലെ മെത്രാന്‍ സംഘം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചു അറിയുന്നതിനും അഭിപ്രായങ്ങള്‍ കൈമാറുന്നതിനുമാണ് പാപ്പാ ഇവരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

ചൂഷണത്തിനിരകളായവരുടെ സഹനങ്ങളും അവര്‍ക്ക് സാന്ത്വനം പകരുകയും ചൂഷണത്തിന് പരിഹാരമുണ്ടാക്കുകയും ചെയ്യേണ്ടതും ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നുവെന്നും പലോമ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2018, 12:45