വിശുദ്ധ ഡോമിനിക് ഗുസ്മാന്‍, ഡൊമീനിക്കന്‍ സമൂഹത്തിന്‍റെ സ്ഥാപകന്‍ വിശുദ്ധ ഡോമിനിക് ഗുസ്മാന്‍, ഡൊമീനിക്കന്‍ സമൂഹത്തിന്‍റെ സ്ഥാപകന്‍ 

വിശുദ്ധ ഡോമിനിക് ഗുസ്മാന്‍

വിശുദ്ധ ഡോമിനിക്, ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസന്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശുദ്ധ ഡോമിനിക് ഗുസ്മാന്‍ ക്രിസ്തുവിന്‍റെയും അവിടത്തെ സഭയുടെയും വിശ്വസ്ത ദാസന്‍ എന്ന് മാര്‍പ്പാപ്പാ.
ബുധനാഴ്ച (08/08/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയില്‍ വച്ച് പ്രതിവാര പൊതുദര്‍ശനം അനുവദിച്ച് ഫ്രാന്‍സീസ് പാപ്പാ അതിന്‍റെ അവസാനം വിവിധ ഭാഷാക്കാരെ യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധനചെയ്യവെ, അനുവര്‍ഷം ആഗസ്റ്റ് 8ന് ഡൊമീനിക്കന്‍ സമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ഡോമിനിക് ഗുസ്മാന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ മാതൃക നമുക്കേവര്‍ക്കും പ്രചോദനമാകട്ടെയെന്ന് പാപ്പാ തദ്ദവസരത്തില്‍ ആശംസിച്ചു.

ജനനം
സ്പെയിനിലെ കലെറുവേഗ എന്ന സ്ഥലത്ത് 1170 ല്‍ ആയിരുന്നു വിശുദ്ധ ഡോമിനിക് ഗുസ്മാന്‍റെ ജനനം. ഫെലിചെ ദി ഗുസ്മാന്‍, ജൊവാന്ന ദ ആത്സ ദമ്പതികളായിരുന്നു മാതാപിതാക്കള്‍.

പൗരോഹിത്യവും പ്രഭാഷകസമൂഹസ്ഥാപനവും

അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്ന് ഒരു വൈദികനായിത്തീര്‍ന്ന വിശുദ്ധ ഡോമിനിക്ക് പിന്നീട്, പ്രഭാഷക ദൗത്യം സവിശേഷതയായുള്ള ഡൊമീനിക്കന്‍ സന്ന്യാസസമൂഹം സ്ഥാപിക്കുകയും 1221 ഡിസമ്പര്‍ 22ന് ഹൊണോറിയൂസ് ത്രിദീയന്‍ പാപ്പാ ഈ സമൂഹത്തിന് അംഗീകാരം നല്കുകയും ചെയ്തു. വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ സമകാലീനനായിരുന്നു വിശുദ്ധ ഡോമിനിക്ക്. പതിമൂന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവലോകത്തെ സ്വാധീനിച്ച പുണ്യാത്മക്കളാണ് ഇരുവരും.

മരിയന്‍ ദര്‍ശനം
വിശുദ്ധ ഡോമിനിക്കിന് പരിശുദ്ധകന്യകാമറിയത്തിന്‍റെ ദര്‍ശന സൗഭാഗ്യമുണ്ടാകുകയും ദൈവമാതാവ് അദ്ദേഹത്തിന് ജപമാല നല്കുകയും ചെയ്തതായി വിശ്വസിച്ചുപോരുന്നു. മരിയഭക്തിയുടെ പ്രത്യക്ഷ അടയാളമായ ജപമാലയുടെ പ്രചാരണത്തിനു അദ്ദേഹത്തിനു പ്രചോദനം ഈ ദര്‍ശനമായിരുന്നു.

മരണവും വിശുദ്ധപദപ്രഖ്യാപനവും
1221 ആഗസ്റ്റ് 6 ന് ഇറ്റലിയിലെ ബൊളോഞ്ഞയില്‍ വച്ച് വിശുദ്ധ ഡോമിനിക്ക് മരണമടഞ്ഞു. 1234 ജൂലൈല്‍ ഗ്രിഗറി ഒമ്പതാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധ ഡോമിനിക് ഗുസ്മാന്‍റെ പൂജ്യാവശിഷ്ടം ബൊളോഞ്ഞയിലെ കത്തീദ്രലില്‍ സൂക്ഷിക്കപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2018, 08:54