തിരയുക

ഫ്രാന്‍സീസ് പാപ്പാ സ്വന്തം ചിത്രം നോക്കുന്നു, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പൊതുദര്‍ശനം അനുവദിച്ചപ്പോള്‍ 08-08-18 ഫ്രാന്‍സീസ് പാപ്പാ സ്വന്തം ചിത്രം നോക്കുന്നു, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പൊതുദര്‍ശനം അനുവദിച്ചപ്പോള്‍ 08-08-18 

അടിമകളാക്കുന്ന വിഗ്രഹങ്ങള്‍-പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം

വിജയം, അധികാരം, പണം എന്നിവ വന്‍ വിഗ്രഹങ്ങള്‍- പാപ്പാ

വേനല്‍ച്ചൂട് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്ന ദിനങ്ങളാണ് റോമില്‍. താപനിലയില്‍ ചെറിയൊരു കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഈ ബുധനാഴ്ചയും(08/08/18) അത്യുഷ്ണം അനുഭവപ്പെട്ടു. ആകയാല്‍ ഫ്രാ‍ന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോ‍ള്‍ ആറാമന്‍ ശാലയായിരുന്നു ഇത്തവണയും.

വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയില്‍ സന്നിഹിതരായിരുന്നു. ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആനന്ദാരവങ്ങളോടുംകൂടെ വരവേറ്റു.

പാപ്പാ പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനസഞ്ചയത്തിനിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“7 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.8 ഞാന്‍ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തില്‍ നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ദൈവം ഇതാ എന്ന് അവര്‍ പറഞ്ഞിരിക്കുന്നു”  (പുറപ്പാട് 32:7-8)

ഈ വിശുദ്ധഗ്രന്ഥഭാഗം പാരായണംചെയ്യപ്പെട്ടതിനുശേഷം, ജനസഞ്ചയത്തെ സംബോധനചെയ്ത പാപ്പാ ഇപ്രകാരം പറഞ്ഞു.

പ്രഭാഷണസംഗ്രഹം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

പത്തുകല്പനകളെ അധികരിച്ചുള്ള വിചിന്തനം നാം  വിഗ്രഹാരാധനയെക്കുറിച്ചുള്ള പഠനവുമായി തുടരുകയാണ്. വിഗ്രഹാരാധനയെക്കുറിച്ചു കഴിഞ്ഞയാഴ്ച പരാമര്‍ശിച്ചുരുന്നവല്ലോ. വളരെ പ്രധാനപ്പെട്ട ഒരു വിഷയമാകയാല്‍ വീണ്ടും ഒരു പരിചിന്തനം ഇതെക്കുറിച്ചു തന്നെ നാം നടത്തുകയാണ്. നാം ഇപ്പോള്‍ വായിച്ചുകേട്ട പുറപ്പാടു ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്ന, ഏറ്റം മികച്ചതായി കാണപ്പെടുന്ന വിഗ്രഹം, സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടി, അതെക്കുറിച്ചാണ് നമ്മുടെ ചിന്തകള്‍. ഈ സംഭവത്തിന് കൃത്യമായ ഒരു പശ്ചാത്തലമുണ്ട്. ദൈവത്തില്‍ നിന്ന് പ്രബോധനങ്ങള്‍ സ്വീകരിക്കാന്‍ മലയിലേക്കു കയറിയ മോശയെ ജനങ്ങള്‍ കാത്തിരിക്കുന്ന മരുഭൂമി.

മരുഭൂമി

എന്താണ് ഈ മരുഭൂമി? സന്ദിഗ്ദാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും വാഴുന്ന ഒരിടം. മരുഭൂമി ശൂന്യമാണ് അല്ലേ? അവിടെ ജലമില്ല, ഭക്ഷണമില്ല, വിശ്രമസ്ഥലമില്ല. അനിശ്ചതാവസ്ഥയില്‍ കഴിയുന്നതും അലംഘനീയമായ യാതൊരുറപ്പും ഇല്ലാത്തതുമായ മനുഷ്യജീവന്‍റെ പ്രതീകമാണ് മരുഭൂമി. ഈ സുരക്ഷിതത്വരാഹിത്യം യേശു സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നതായ, അടിസ്ഥാനാവശ്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ ഉളവാക്കുന്നു. “എന്തു ഭക്ഷിക്കും? എന്തു പാനം ചെയ്യും? എന്തു ധരിക്കും?  (മത്തായി 6,31). ഇവയാണ് പ്രാഥമികമായ ആശങ്കകള്‍. മരുഭൂമി ഈ ഉത്ക്കണ്ഠകള്‍ ജനിപ്പിക്കുന്നു.

വിഗ്രഹാരാധന: സ്വയം പ്രതിഷ്ഠിക്കുന്നതിനുള്ള ഒരു മറ

വിഗ്രഹാരാധനയക്ക് പ്രേരകമായ എന്തൊ ഒന്നു ഈ മരുഭൂമിയില്‍ സംഭവിക്കുന്നു. എന്തുകൊണ്ട്? മലയില്‍ നിന്നിറങ്ങിവരാന്‍ മോശ താമസിച്ചതാണ് കാരണം.  (പുറപ്പാട് 32,1) മോശ 40 ദിവസം മലയിലായിരുന്നു. ജനങ്ങളുടെ ക്ഷമ നശിച്ചു. മോശ ആരായിരുന്നു എന്നത് ജനം വിസ്മരിച്ചു. മോശ നേതാവായിരുന്നു, തലവനായിരുന്നു, വിശ്വസിക്കാവുന്ന വഴികാട്ടിയായിരുന്നു, ഇപ്പോള്‍ ഇവയെല്ലാം അപ്രസക്തമായിരിക്കുന്നു.  ആ വേളയില്‍ ജനം തിരിച്ചറിയാനും ലക്ഷ്യം ഉറപ്പിക്കാനും തങ്ങള്‍ക്കു സാധിക്കുന്നു ദൃശ്യനായ ഒരു ദൈവത്തെ ആവശ്യപ്പെടുന്നു. ഇത് ജനങ്ങള്‍ വീണുപോകുന്ന കെണിയാണ്. അവര്‍ അഹറോനോടു പറയുന്നു: “ഞങ്ങളെ നയിക്കാന്‍ ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക”. ഞങ്ങള്‍ക്ക് ഒരു തലവനെ തരിക, ഒരു നേതാവിനെ തരിക (പുറപ്പാട് 32,1) സന്ദിഗ്ദാവസ്ഥയില്‍നിന്ന്, മരുഭൂമിയിലെ അനിശ്ചിതാവസ്ഥയില്‍ നിന്നു ഓടിയൊളിക്കാന്‍ മനുഷ്യപ്രകൃതി സ്വയം നിര്‍മ്മിച്ച ഒരു മതത്തെ അന്വേഷിക്കുകയാണ്. ദൈവം നമുക്കു ദൃശ്യനായിത്തീര്‍ന്നില്ലെങ്കില്‍ നമ്മള്‍ നമ്മുടെ ഹിതാനുസാരമുള്ള ഒരു ദൈവത്തെ ഉണ്ടാക്കും. സ്വന്തം സുരക്ഷിതത്വങ്ങളില്‍ നിന്ന് പുറത്തുകടത്തുന്ന ഒരു വിളിയുണ്ടാകുന്നതിനുള്ള സാധ്യത വിഗ്രഹങ്ങള്‍ക്കു മുന്നില്‍ അപകടത്തിലാകുന്നില്ല കാരണം വിഗ്രഹങ്ങള്‍ക്ക് വായുണ്ടെങ്കിലും സംസാരിക്കുന്നില്ല (സങ്കീര്‍ത്തനം 115,5). ഇതില്‍ നിന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കും സ്വന്തം കരവേലകളെ സ്തുതിച്ചുകൊണ്ട് യാഥാര്‍ത്ഥ്യത്തിന്‍റെ കേന്ദ്രസ്ഥാനത്ത് അവനവനെ പ്രതിഷ്ഠിക്കുന്നതിനുള്ള മറയാണ് വിഗ്രഹം എന്ന്.

വിഗ്രഹം നമ്മെ അടിമകളാക്കുന്നു

ജനങ്ങളുടെ ആവശ്യത്തെ എതിര്‍ക്കാന്‍ കഴിയാതെ അഹറോന്‍ സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കുന്നു. പുരാതന സമീപ പൗരസ്ത്യദേശത്ത് കാളക്കുട്ടിക്ക് രണ്ടര്‍ത്ഥങ്ങളുണ്ട്. ഒരുവശത്ത് ഫലസമൃദ്ധിയെയും മറുവശത്ത് വീര്യത്തെയും ശക്തിയെയും അതു സൂചിപ്പിക്കുന്നു. അതു സ്വര്‍ണ്ണം കൊണ്ടുള്ളതായിരുന്നു എന്നത് സമ്പന്നതയുടെയും വിജയത്തിന്‍റെയും അധികാരത്തിന്‍റെയും ധനത്തിന്‍റെയും പ്രതീകമാണ്. വിജയം അധികാരം പണം എന്നിവയാണ് വന്‍ വിഗ്രഹങ്ങള്‍. അവ എന്നുമുള്ള പ്രലോഭനങ്ങളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചു മോഹിപ്പിക്കുകയും എന്നാല്‍ അടിമയാക്കുകയും ചെയ്യുന്ന എല്ലാവിധ അഭിലാഷങ്ങളുടെയും പ്രതീകമാണ് സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടി. വിഗ്രഹം എന്നും അടിമയാക്കും.

ദൈവത്തില്‍ ആശ്രയിക്കുക

എല്ലാം സംഭവിക്കുന്നത് സര്‍വ്വോപരി ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാനുള്ള, നമ്മുടെ സുരക്ഷിതത്വം അവിടുന്നില്‍ അര്‍പ്പിക്കാനുള്ള, നമ്മുടെ ഹൃദയാഭിലാഷങ്ങള്‍ക്ക്   യഥാര്‍ത്ഥ ആഴമേകുന്നതിന് അവിടത്തെ അനുവദിക്കാനുള്ള കഴിവില്ലായ്മയില്‍ നിന്നാണ്. ദൈവത്തിലുള്ള ആശ്രയം നമ്മെ ബലഹീനതയിലും അനിശ്ചതത്വത്തിലും സന്ദിഗ്ദാവസ്ഥയിലും താങ്ങിനിറുത്തും.

ബലഹീനതയുടെ വാതിലിലൂടെ ദൈവത്തിന്‍റെ രക്ഷ കടന്നുവരും

സമ്പന്നനായിരുന്നിട്ടും നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്ന യേശുക്രിസ്തുവിനെ നാം സ്വീകരിക്കുമ്പോള്‍ ഒരുവന്‍ മനസ്സിലാക്കും, സ്വന്തം ബലഹീനത തിരിച്ചറിയുക എന്നത് മനുഷ്യജീവിതത്തിലെ ദുരന്തമല്ല, പ്രത്യുത, യഥാര്‍ത്ഥത്തില്‍ ശക്തനായാവന് സ്വയം തുറന്നു കൊടുക്കുന്നതിനുള്ള വ്യവസ്ഥയാണെന്ന്. അപ്പോള്‍ ബലഹീനതയുടെ വാതിലിലൂടെ ദൈവത്തിന്‍റെ രക്ഷ കടന്നുവരും. സത്യദൈവത്തെ തന്‍റെ ഏക കര്‍ത്താവായിരിക്കുന്നതിന് അനുവദിക്കുന്നതില്‍ നിന്നാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യം ജന്മംകൊള്ളുന്നത്.

ക്രൈസ്തവരായ നാം ക്രൂശിതനായ ക്രിസ്തുവിനെയാണ് നോക്കേണ്ടത്. അവിടന്ന് ബലഹീനനായിരുന്നു, നിന്ദിക്കപ്പെട്ടു, ഒന്നും ഇല്ലാത്തവനായി. എന്നാല്‍ ദൈവത്തിന്‍റെ  യഥാര്‍ത്ഥ വദനം, ആവിഷ്ക‍തമാകുന്നത് അവിടുന്നിലാണ്. വെട്ടിത്തിളങ്ങുന്ന കാപട്യമല്ല സ്നേഹത്തിന്‍റെ മഹത്വമാണത്. ദൈവമായിരുന്ന ഒരു മനുഷ്യന്‍റെ ബലഹീനതയാലാണ് നാം സൗഖ്യമക്കപ്പെട്ടത്.... ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ല, മറിച്ച്, സ്വര്‍ഗ്ഗീയപിതാവുമായുള്ള സമാഗമവേദിയും ഉന്നതത്തില്‍ നിന്നുള്ള പുതിയ ശക്തിയുടെ ഉറവിടവുമാണ്..... നന്ദി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പ്രഭാഷണാനന്തര അഭിവാദ്യങ്ങള്‍

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം ആഗസ്റ്റ് 8ന് ഡൊമീനിക്കന്‍ സമൂഹത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ഡോമിനിക് ഗുസ്മാന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

ക്രിസ്തുവിന്‍റെയും അവിടത്തെ സഭയുടെയും വിശ്വസ്തദാസനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മാതൃക നമുക്കേവര്‍ക്കും പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ആഗസ്റ്റ് ഒമ്പതിന്, വ്യാഴാഴ്ച, യൂറോപ്പില്‍ കുരിശിന്‍റെ വിശുദ്ധ ത്രേസ്യ ബെനെദേത്തയുടെ, അഥവാ, എഡിറ്റ് സ്റ്റെയിനിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.

യഹൂദ കുടുംബത്തില്‍ ജനിക്കുകയും പിന്നീട് കത്തോലിക്കവിശ്വാസം സ്വീകരിച്ച് സമര്‍പ്പിതജീവിതം നയിക്കുകയും ചെയ്ത ഈ വിശുദ്ധ നിണസാക്ഷിയാണ്.

വിശ്വാസാനുസൃത ജീവിതം നയിക്കുകയും സത്യസന്ധതയോടും സ്നേഹത്തോടും കൂടെ ദൈവത്തെ അന്വേഷിക്കുകയും ചെയ്ത കുരിശിന്‍റെ വിശുദ്ധ ത്രേസ്യ ബെനെദേത്ത നാസികളുടെ യഹൂദവിരുദ്ധ നടപടികള്‍ക്കിരയായ രക്തസാക്ഷിയാണെന്ന് പാപ്പാ അനുസ്മരിച്ചു.

യൂറോപ്പിന്‍റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥയായ ഈ വിശുദ്ധയോട് പാപ്പാ യൂറോപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2018, 13:22