S Ignazio di Loyola S Ignazio di Loyola 

ഈശോസഭയുടെ ആസ്ഥാനത്തേയ്ക്ക് പാപ്പായുടെ മിന്നല്‍ സന്ദര്‍ശനം

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാള്‍ ആഘോഷിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ഈശോ സഭയുടെ ജനറലേറ്റിലെത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജൂലൈ 31 ചൊവ്വാഴ്ച വിശുദ്ധ ഇഗ്നേഷ്യസിന്‍റെ തിരുനാളില്‍ പ്രാദേശിക സമയം മദ്ധ്യാഹ്നം 11.30-ന് റോമിലെ ഈശോസഭാ ആസ്ഥാനത്ത് പാപ്പാ ഫ്രാന്‍സിസ് എത്തിയത് സമൂഹത്തിലെ ഈശോസഭാംഗങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ്.  വത്തിക്കാനില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയാണ് റോമിലെ ഈശോസഭയുടെ ആസ്ഥാനം. സ്വീകരണമുറിയിലെ ബെല്ലടിച്ച് ഏതൊരു സന്ദര്‍ശകനെപ്പോലെയും കയറിച്ചെന്ന പാപ്പായെ കണ്ട് തെല്ലൊന്ന് അമ്പരന്നു. സ്ഥലത്തുണ്ടായുടെ സഭയുടെ ജനറല്‍ സുപ്പീരിയര്‍, ഫാദര്‍ അര്‍ത്തുരൊ സോസ ഉള്‍പ്പെടെ 50-ല്‍ അധികമുണ്ടായിരുന്ന കൂരിയയിലെ ​സഹോദരങ്ങള്‍ ചേര്‍ന്ന് പാപ്പായെ അനൗപചാരികമായും സന്തോഷത്തോടെയും വരവേറ്റു.

സമൂഹത്തിന്‍റെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ ഒരു സഭാസഹോദരനായി മാത്രം പങ്കെടുത്ത പാപ്പാ കപ്പേളയുടെ പിന്നിലിരുന്ന് സമൂഹപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. തുടര്‍ന്ന് എല്ലാവര്‍ക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. പ്രാദേശിക സമയം 1.30-ന് എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ടും, തിരുനാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും തന്‍റെ ചെറിയ കാറില്‍ കയറി വത്തിക്കാനിലേയ്ക്ക് മടങ്ങി. അള്‍ത്താര ശുശ്രൂഷകരുടെ രാജ്യാന്തര സമ്മേളനവും, മറ്റു അനുദിന പരിപാടികളും നടക്കുന്നതിന് ഇടയിലാണ് തന്‍റെ ഈശോസഭാ സഹോദരങ്ങളെ കാണാനും തിരുനാള്‍ ആശംസകള്‍ അര്‍പ്പിക്കാനും സമയം കണ്ടെത്തിയത്.

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ 31-Ɔമത്തെ പിന്‍ഗാമിയായ സുപ്പീരിയര്‍ ജനറല്‍ അര്‍ത്തൂരോ സോസയുമായി കാറില്‍ കയറും മുന്‍പ് 10 നിമിഷത്തിലേറെ സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെട്ടതൊഴികെ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം ലളിതവും ഹോദരതുല്യവുമായിരുന്നെന്ന്, സഭയുടെ വക്താവ് ഫാദര്‍ ഫ്രെഡറിക് ഫോര്‍നോസ് പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2018, 10:23