Vatican News
നിയമവിദഗ്ദ്ധരുടെ കൂട്ടായ്മ നിയമവിദഗ്ദ്ധരുടെ കൂട്ടായ്മ  (Vatican Media)

മതപീഡനത്തിനെതിരെ രാഷ്ട്രാധികാരികള്‍ കണ്ണടയ്ക്കരുത്!

ആഗസ്റ്റ് 22-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ തന്നെ കാണാനെത്തിയ കത്തോലിക്കരായ ഒരു സംഘം നിയമവിദഗ്ദ്ധരുമാ നടത്തിയ അനൗപചാരികമായ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

നിയമവിദഗ്ദ്ധരുടെ കൂട്ടായ്മ
“മതസ്വാതന്ത്ര്യവും മനസ്സാക്ഷിയും” എന്ന വിഷയവുമായി ഇറ്റലിയിലെ ഫ്രെസ്ക്കാത്തയില്‍ ആഗസ്റ്റ് 23-26-വരെ സംഗമിക്കാന്‍ പോകുന്ന കത്തോലിക്കരും വിവിധ രാജ്യക്കാരുമായ നിയമവിദഗ്ദ്ധരാണ് പാപ്പായെ കാണാന്‍ വത്തിക്കാനില്‍ എത്തിയത്. അവര്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഔദ്യോഗിക തലത്തില്‍ നിയമത്തിന്‍റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് (International Catholic Legislators Network). മതപീഡനത്തെക്കുറിച്ച് പാപ്പാ അവരോടു സംസാരിച്ചു.

മനുഷ്യാന്തസ്സും മതസ്വാതന്ത്ര്യവും
മതസ്വാതന്ത്ര്യവും മനസ്സാക്ഷിയും മൗലികവും കാലികവുമായ വിഷയമാണ്. മതസ്വാതന്ത്ര്യം ഇന്ന് എവിടെയും ലംഘിക്കപ്പെടുന്നുണ്ട്. അതിനു കാരണം, സമൂഹത്തിലെ വ്യാജമായ മതാത്മകതയും ആത്മീയതയും മതമൗലികവാദവുമായി പൊന്തിനില്ക്കുന്നതുകൊണ്ടാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍, മനുഷ്യാന്തസ്സിനെക്കുറിച്ച് ഒരു സുപ്രധാനമായ പ്രഖ്യാപനം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മതസ്വാതന്ത്ര്യത്തെയും മനുഷ്യാന്തസ്സിനെയും ബന്ധപ്പെടുത്തി 1965-ല്‍ പ്രബോധിപ്പിച്ചിട്ടുള്ളത് (Dignitatis Humanae) പാപ്പാ സംഘത്തെ ഓര്‍പ്പിച്ചു. അക്കാലഘട്ടത്തില്‍തന്നെ ഭരണസംഹിത അനുവദിക്കുന്നതു പ്രകാരം പ്രാര്‍ത്ഥിക്കാനും മതപരമായി സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യം നല്കാതിരുന്ന രാഷ്ട്രങ്ങളെക്കുറിച്ച് സഭയ്ക്ക് ആശങ്കകളുണ്ടായിരുന്നു. അവര്‍ മതാത്മക ജീവിതം ക്ലേശപൂര്‍ണ്ണമാക്കിയിരുന്നു. പാപ്പാ അനുസ്മരിച്ചു.

പീഡനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്നവര്‍
ഇന്ന് അതേ നിലപാടു തുടരുന്ന രാഷ്ട്രങ്ങള്‍ പലതുമുണ്ട്. ക്രൈസ്തവരും അതുപോലുള്ള വിവിധ മതന്യൂനപക്ഷങ്ങളും മതമൗലികവാദികളാല്‍ ഏറെ ഖണ്ഡിക്കപ്പെടുകയും അവരുടെ സാമൂഹ്യജീവിതം ദുസ്സഹമാവുകയും ചെയ്യുന്നുണ്ട്. വിശ്വാസജീവിതത്തോടുള്ള അസഹിഷ്ണുതാഭാവം മെല്ലെ വളര്‍ന്ന് രാഷ്ട്രാധികാരികളുടെ വിദ്വേഷത്തിന്‍റെയും ക്രൂരമായ അതിക്രമങ്ങളുടെയും വിവേചനത്തിന്‍റെയും പീഡനങ്ങളുടെയും നിലപാടായി ധാരാളം രാജ്യങ്ങളില്‍ ഇന്ന് പരിണമിച്ചിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ മതമൗലികവാദവും വിവേചനവും അസഹിഷ്ണുതയും നേരിടുമ്പോള്‍ വാക്കിലും മനോഭാവത്തിലും മതമൗലികവാദത്തെയും മൗലികവാദികളെയും ചെറുക്കേണ്ട സാഹചര്യങ്ങളിലാണ് പലപ്പോഴും എത്തിച്ചേരുന്നത്. പാപ്പാ ചൂണ്ടിക്കാട്ടി.

“പ്രകാശമേകുന്ന പ്രതികരണം…”
എന്നാല്‍ ക്രൈസ്തവരുടെ പ്രതികരണം സുവിശേഷ ശൈലിയായിരിക്കട്ടെ, “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശവും, ഉപ്പും ഉറയുമാണ്” (മത്തായി 5, 14), പ്രത്യേകിച്ച് രാഷ്ട്രീയ ഉത്തരവാദിത്ത്വങ്ങളുള്ള നിയമസഭാംഗങ്ങളും നിയമ നിര്‍മ്മാതാക്കളുമായവര്‍ക്കുള്ള ദൗത്യം സമൂഹത്തിലെ ‘പുളിമാവാകുക’ എന്ന സുവിശേഷ രീതിതന്നെയാണ് (മത്തായി 13, 33). പാപ്പാ നിയമസഭാംഗങ്ങളുടെ സംഘത്തെ ഉദ്ബോധിപ്പിച്ചു. പൊതുനന്മയ്ക്കായി ചെയ്യുന്ന സേവനങ്ങള്‍ മനുഷ്യരുടെ മതസ്വാതന്ത്ര്യത്തിന്‍റെ വളരെ സങ്കീര്‍ണ്ണമായ നന്മയ്ക്കും നീതിക്കും ഉപകരിക്കട്ടെ... എന്ന ആശംസയോടെയാണ് പാപ്പാ തന്‍റെ ഹ്രസ്വപ്രഭാഷണം ഉപസംഹരിച്ചത്. 

23 August 2018, 10:07