പൊതുകൂടിക്കാഴ്ച വേദി പൊതുകൂടിക്കാഴ്ച വേദി 

ദൈവജനത്തിന്‍റെ നന്മയ്ക്കായി അജപാലനസമൂഹം ഒരുമയോടെ നില്ക്കണം!

ഒരു രാജ്യത്തെ അജപാലന സമൂഹം മുഴുവനും ദൈവജനത്തിന്‍റെ നന്മയ്ക്കായി ഒത്തൊരുമിച്ചു നില്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ചിലിയിലെ മെത്രാന്‍ സംഘത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച കത്തില്‍നിന്ന്...!

- ഫാദര്‍ വില്യം നെല്ലിക്കല്‍

സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ക്കെതിരെ തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മെത്രാന്‍ സംഘമാണ് പ്രഖ്യാപനം (Declaration of the subject of Pedophilia) പ്രസിദ്ധപ്പെടുത്തിയത്. അതിനെ അഭിനന്ദിച്ചുകൊണ്ട്, ചൊവ്വാഴ്ച ആഗസ്റ്റ് 7-നു അയച്ച കത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഇതര ദേശീയ സഭകള്‍ക്ക് മാതൃകയാക്കാവുന്നതും, സഭാനിര്‍മ്മിതിയെ ക്രിയാത്മകമായി തുണയ്ക്കുന്നതുമായ പ്രഖ്യാപനമാണിത്. ഒപ്പം ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തുറവുള്ള നിലപാടും അത് വ്യക്തമാക്കുന്നുവെന്ന് സമിതിയുടെ പ്രസിഡന്‍റും ചിലിയിലെ മിലിട്ടറി ചാപ്ലിനുമായ ആര്‍ച്ചുബിഷപ്പ് സാന്തിയാഗോ സില്‍വ റേത്തേമാലസിന് അയച്ച കത്തില്‍ പാപ്പാ ഫ്രാന്‍സിസ് ശ്ലാഘിച്ചു. സഭാസേവകരുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുട്ടികളുടെ ലൈംഗിക പീ‍ഡനക്കേസുകള്‍ ഇല്ലാതാക്കുന്നതിനും അവ തടയുന്നതിനും സഹായകമാകുന്ന വിധത്തില്‍ എടുത്തിട്ടുള്ള പ്രഖ്യാപനത്തിലെ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ളതും വ്യക്തവുമാണ്. അടുത്തകാലത്ത് കത്തോലിക്കാ വൈദികരുമായി ബന്ധപ്പെട്ട് ചിലിയില്‍ ഉണ്ടായ കുട്ടികളുടെ പീഡനക്കേസുകളുടെ വെളിച്ചത്തില്‍ ഈ പ്രഖ്യാപനം നിര്‍ണ്ണായകവും കുറ്റകൃത്യത്തിന്‍റെ എല്ലാവശങ്ങളെയും കണക്കിലെടുത്തു കൊണ്ടുള്ളതുമാണെന്ന് സ്പാനിഷില്‍ കുറിച്ച സന്ദേശത്തില്‍ പാപ്പാ സ്നേഹപൂര്‍വ്വം അറിയിച്ചു.

ഒരു രാജ്യത്തെ അജപാലന സമൂഹം മുഴുവനും ദൈവജനത്തിന്‍റെ നന്മയ്ക്കായി ഒത്തൊരുമിച്ചു നിലകൊണ്ടുവെന്ന വസ്തുതയാണ് ഈ പ്രഖ്യാപനത്തിനു പിന്നില്‍ കാണുന്നത്. അത് ചിലിയിലെ സഭ അഭിമാനത്തോടെ കാണേണ്ടതുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അതിനായി മെത്രാന്മാര്‍ എടുത്ത ധ്യാനാത്മകമായ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും അഭിനന്ദനാര്‍ഹവുമാണെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2018, 19:32