തിരയുക

ജനോവ ഹൈവെ പാലം തകര്‍ന്നു ജനോവ ഹൈവെ പാലം തകര്‍ന്നു 

ജനോവ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം

ആഗസ്റ്റ് 15-Ɔο തിയതി ബുധനാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവിലും അധികം തീര്‍ത്ഥാടകരും സന്ദര്‍ശകരും സന്നിഹിതരായിരുന്നു. സ്വര്‍ഗ്ഗാരോപണത്തിരുനാളായിരുന്നല്ലോ. ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം പതിവുള്ള ആശംസകള്‍ക്ക് ആമുഖമായിട്ടാണ് ജനോവ ദുരന്തത്തെക്കുറിച്ച് പാപ്പാ ജനങ്ങളെ അനുസ്മരിപ്പിച്ചതും ദുഃഖം രേഖപ്പെടുത്തിയതും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഇന്നു ലോകത്ത് സംഭവിക്കുന്ന മാനുഷിക ദുരിതങ്ങളെ ഓര്‍ത്ത് മാനവകുലത്തിന്‍റെ സമാശ്വാസകയും നിത്യസഹായിനിയുമായ മറിയത്തിന്‍റെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കണമെന്ന് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മാനവകുലത്തിന്‍റെ ആകുലതകളും ആശങ്കകളും സ്വര്‍ഗ്ഗാരോപിതയായ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കാമെന്നു പറഞ്ഞ പാപ്പാ, ഇറ്റലിയുടെ വടക്കു പടിഞ്ഞാറന്‍ നഗരമായ ജനോവയിലെ  ദേശീയപാതയിലുള്ള  വലിയ പാലം ഇടിഞ്ഞുവീണ ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. അനുസ്മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. 35-പേര്‍ മരണമടയുകയും അനേകര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്. മരണമടഞ്ഞവരുടെ ആത്മാക്കളെയും വേദനിക്കുന്ന കുടുംബാംഗങ്ങളെയും, മുറിപ്പെട്ട അനേകരെയും കന്യകാംബികയുടെ മദ്ധ്യസ്ഥതയില്‍ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. എന്നിട്ട് ജനങ്ങള്‍ക്കൊപ്പം നന്മനിറഞ്ഞ മറിയമേ, എന്ന ജപം ചൊല്ലിയശേഷം മരിച്ചവര്‍ക്കും വേദനിക്കുന്നവര്‍ക്കുമായി അല്പസമയം മൗനമായി പ്രാര്‍ത്ഥിച്ചു.

തുടര്‍ന്ന് ഏവര്‍ക്കും സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ ജാലകത്തില്‍നിന്നും വിടവാങ്ങിയത്.                                                                        

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2018, 18:57