തിരയുക

Vatican News
യുവാക്കളായ ഈശോസഭാംഗങ്ങള്‍ക്കൊപ്പം യുവാക്കളായ ഈശോസഭാംഗങ്ങള്‍ക്കൊപ്പം  (ANSA)

സ്വാതന്ത്ര്യമില്ലാത്ത വ്യക്തിക്ക് നിലനില്പില്ല

ആഗസ്റ്റ് 1-Ɔο തിയതി ബുധനാഴ്ച : വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് തൊട്ടുമുന്‍പ് യൂറോപ്യന്‍ വംശജരും യുവാക്കളുമായ 29 ഈശോസഭാംഗങ്ങളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് തത്സമയം നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം ഇവിടെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിവേചനത്തിന്‍റെ  സ്വതന്ത്രമായ അദ്ധ്യാത്മികത
ഈശോ സഭയുടെ അദ്ധ്യാത്മികതയില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാന്‍ സാധ്യമല്ല. ഓരോ വ്യക്തിയും പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ വിവേചിച്ചെടുക്കുന്നതാണ് ഈശോസഭാംഗങ്ങളുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍. പ്രേഷിതദൗത്യത്തിനായി സ്വാതന്ത്ര്യത്തോടെ സമര്‍പ്പിക്കുന്നത് ഈശോസഭയുടെ സവിശേഷതയും തനിമയുമാണ്. ദൈവം ഓരോ വ്യക്തിയെയും പ്രചോദിക്കുകയും അവര്‍ അതിന് അനുസൃതമായി തങ്ങളുടെ ജീവിതവഴികള്‍ തിരഞ്ഞെടുക്കുകയും, അതിനായി സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ചെയ്യുന്നു. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ നാനാത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന ഏകത്വമാണിത്. പാപ്പാ ഫ്രാന്‍സിസ് ഈശോസഭയുടെ സ്വതന്ത്രമായ ഈ ആത്മീയ വിവേചനരീതിയെ പിന്‍തുണച്ചുകൊണ്ട് വിശദീകരിച്ചു.

അനുസരണയും സ്വാതന്ത്ര്യവും
അനുസരണയെന്നു പറയുന്നത് അതിനാല്‍ ഓരോ സഭാംഗത്തിന്‍റെയും വ്യക്തിഗത സ്വാതന്ത്യത്തില്‍നിന്നും വിവേചനത്തില്‍നിന്നും ഉരുത്തിരിയുന്ന തിരഞ്ഞെടുപ്പും സമര്‍പ്പണവുമാണ്. ഈ ഉത്തരവാദിത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിലും പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ തിരഞ്ഞെടുപ്പിലും ഏറെ തനിമയും മനോഹാരിതയുമുണ്ട്. അതിനാല്‍ സ്വാതന്ത്ര്യമില്ലാതെ ഒരു ഈശോസഭാംഗത്തിന് സന്തോഷത്തോടെ ജീവിക്കാനാവില്ല. പാപ്പാ സമര്‍ത്ഥിച്ചു.

നന്മയ്ക്കുള്ള ധൈര്യം ദൈവകൃപയാണ്!
ആശയങ്ങളുടെ വ്യതിരിക്തതയും, പ്രതിസന്ധികളും, വെല്ലുവിളികളും സമൂഹത്തില്‍ എവിടെല്ലാമുണ്ടോ, അവിടെയൊക്കെ ഈശോസഭാംഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പോള്‍ ആറാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുണ്ട്. ഒരു ഈശോസഭാംഗം ധൈര്യപൂര്‍വ്വം പ്രതിസന്ധികളിലും പ്രയാസങ്ങളിലും മുന്നേറണമെന്നു പറയുമ്പോള്‍ അത് ബോധമില്ലാത്തതും കൂസലില്ലാത്തതുമായ ഒരു “അന്ധമായ പോക്ക”ല്ല. ജീവിതതിരഞ്ഞെടുപ്പിനും സ്വതന്ത്രപൂര്‍ണ്ണമായ വ്യക്തിഗത വിവേചനത്തിനും, വെല്ലുവിളികളിലേയ്ക്ക് ചൂഴ്ന്നിറങ്ങാനുമുള്ള ധൈര്യം ദൈവം തരുന്ന കൃപയാണെന്ന് മുന്‍ ജനറല്‍ ഫാദര്‍ പെദ്രോ ആരൂപ്പെ തന്‍റെ അവസാനത്തെ പ്രഭാഷണത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ ക്രിസ്തുവില്‍ നങ്കൂരമിട്ട് ഭയപ്പെടാതെ ഇന്നിന്‍റെ പ്രതിസന്ധികളെ നേരി‌ട്ടു ജീവിക്കണമെന്ന് യൂറോപ്പിലെ യുവാക്കളായ ഈശോ സഭാസഹോദരങ്ങളെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

02 August 2018, 19:11