തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഡബ്ലിനിലേക്കു പുറപ്പെടുന്നു- വ്യാമയാനത്തിന്‍റെ വാതില്ക്കല്‍ 25-08-18 ഫ്രാന്‍സീസ് പാപ്പാ ഡബ്ലിനിലേക്കു പുറപ്പെടുന്നു- വ്യാമയാനത്തിന്‍റെ വാതില്ക്കല്‍ 25-08-18  (ANSA)

പാപ്പാ ഡബ്ലിനിലേക്ക്

സുവിശേഷാനന്ദത്തിന്‍റെ സന്ദേശവുമായി പാപ്പാ കുടുംബമഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഡബ്ലിനിലേക്ക്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലനിലേക്ക് യാത്രയായി.

കുടുംബങ്ങളുടെ ഒമ്പതാം ആഗോള സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ അപ്പസ്തോലിക യാത്ര. പാപ്പാ ഇറ്റലിക്കു പുറത്തു നടത്തുന്ന ഇരുപത്തിനാലാമത്തെ ഇടയസന്ദര്‍ശനമാണിത്. ചൊവ്വാഴ്ച (21/08/18) ആരംഭിച്ച ഷഡ്ദിന കുടുംബസംഗമത്തില്‍ സംബന്ധിക്കുന്ന കുടുംബങ്ങളോടൊത്തു, ഡബ്ലിനിലും നോക്കിലുമായി, പാപ്പാ രണ്ടു ദിവസം  ചിലവഴിക്കും. ആഗോളകുടുംബസമാഗമത്തിന്‍റെ അഞ്ചാം ദിവസമാണ് പാപ്പാ ഡബ്ലിനില്‍ എത്തിയിരിക്കുന്നത്.

ഡബ്ലിനും ഇന്ത്യയും തമ്മിലുള്ള സമയവിത്യാസം നോക്കുകയാണെങ്കില്‍ ഇന്ത്യ 4 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. അയര്‍ലണ്ടില്‍ ഉച്ചയ്ക്ക് 12 മണിയാണെങ്കില്‍ ഇന്ത്യയില്‍ വൈകുന്നേരം 4.30 ആയിരിക്കും എന്നു സാരം.

തന്‍റെ ഇയസന്ദര്‍ശനത്തിന്‍റെ ആദ്യ ദിനമായ ആഗസ്റ്റ് 25-ന് ശനിയാഴ്ച  പാപ്പായുടെ ഔദ്യോഗിക പരിപാടികള്‍, രാഷ്ട്രത്തലവനുമായുള്ള കൂടിക്കാഴ്ച, ഡബ്ലിന്‍ കോട്ടമന്ദിര സന്ദര്‍ശനം, അവിടെ വച്ച് പൗരാധികാരികളും നയതന്ത്ര പ്രതിനിധികളുമടങ്ങുന്ന സംഘവുമായുള്ള കൂടിക്കാഴ്ച, താല്കാലിക കത്തീദ്രലായി പ്രവര്‍ത്തിക്കുന്ന, അഥവാ, പ്രോ-കത്തീദ്രലായ സെന്‍റ് മേരീസ് കത്തീദ്രല്‍ സന്ദര്‍ശനം, പാര്‍പ്പിടരഹിതര്‍ക്കായി കപ്പൂച്ചിന്‍ വൈദികരുടെ മേല്‍നോട്ടത്തിലുള്ള അഭയകേന്ദ്ര സന്ദര്‍ശനം, ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബോത്സവത്തില്‍ പങ്കുചേരല്‍ എന്നിവയാണ്. 

കുടുംബ സമ്മേളനത്തിന്‍റെ ആറാം ദിവസവും സമാപനദിനവുമായ 26-Ↄ○ തിയതി ഞായറാഴ്ച പാപ്പാ നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അങ്കണത്തില്‍ വച്ച് ത്രികാലജപ സന്ദേശം നല്കുകയും മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുകയും ചെയ്യും. ഉച്ചതിരിഞ്ഞ്‍ ഡ്ബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കായി സമൂഹബലിയര്‍പ്പിക്കും. വൈകുന്നേരം പാപ്പാ അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് വത്തിക്കാനിലേയ്ക്കു മടങ്ങുകയും ചെയ്യും.

ശനിയാഴ്ച (25/08/18) പ്രാദേശിക സമയം രാവിലെ 7.30 ഓടെ ( ഇന്ത്യയിലെ സമയം 11 മണിയോടെ) ഫ്രാന്‍സീസ് പാപ്പാ റോമിലെ രാജ്യാന്തരവിമാനത്താവളത്തിലേക്ക് കാറില്‍ യാത്രയായി. വത്തിക്കാനില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ റോമിനു പുറത്തുള്ള ഫ്യുമിച്ചീനൊ എന്ന സ്ഥലത്താണ് ലെയൊണാര്‍ദൊ ദ വിഞ്ചി എന്നു പേരുള്ള ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ വിമാനത്താവളം പോര്‍ത്തൊ സാന്ത റുഫീന രൂപതാതിര്‍ത്തിക്കുള്ളില്‍ വരുന്നതിനാല്‍ പ്രസ്തുത രൂപതയുടെ മെത്രാന്‍ ജീനൊ റെയാലി പാപ്പായെ യാത്രയയ്ക്കാന്‍ അവിടെ സന്നിഹിതനായിരുന്നു.

അല്‍ ഇത്താലിയായുടെ എയര്‍ബസ്സ് 320 ആയിരുന്നു പാപ്പായുടെ യാത്രയ്ക്ക് ഒരുക്കിയിരുന്ന വ്യോമയാനം. എല്ലാവരോ‌‌ടും യാത്ര പറഞ്ഞ പാപ്പാ പതിവുപോലെ യാത്രാസഞ്ചിയും പിടിച്ച് വ്യോമയാന പടവുകള്‍ കയറി.

പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് വിമാനം 1890 കിലോമീറ്റര്‍ വ്യോമദൂരം അകലെയുള്ള ഡബ്ലിനിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അപ്പോള്‍ റോമില്‍ സമയം രാവിലെ 8.15, ഇന്ത്യയില്‍ 11.45 ആയിരുന്നു.

25 August 2018, 10:26