ലോക കുടുബ സംഗമോത്സവത്തില്‍ സാക്ഷ്യമേകുന്ന മുബൈയില്‍ നിന്നുള്ള കുടുംബം. ഡബ്ലിന്‍  2018.08.25 ലോക കുടുബ സംഗമോത്സവത്തില്‍ സാക്ഷ്യമേകുന്ന മുബൈയില്‍ നിന്നുള്ള കുടുംബം. ഡബ്ലിന്‍ 2018.08.25 

ഫ്രാന്‍സീസ് പാപ്പാ കുടുംബോത്സവത്തില്‍

കുടുംബജീവിത സാക്ഷ്യങ്ങളും സംഗീത നൃത്തങ്ങളും ഇഴചേര്‍ന്ന കുടുംബ മഹോത്സവം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഫ്രാന്‍സീസ് പാപ്പാ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലനിലും നോക്കിലുമായി രണ്ടു ദിനങ്ങള്‍ ചിലവഴിക്കുന്നു. കുടുംബങ്ങളുടെ ഒമ്പതാം ആഗോള സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പാ ദ്വിദിന സന്ദര്‍ശന പരിപാടിയുമായി ശനിയാഴ്ച (25/08/18) അയര്‍ലണ്ടില്‍ എത്തിയത്. ചൊവ്വാഴ്ച (21/08/18) ആരംഭിച്ച ഷഡ്ദിന ആഗോളകുടുംബസമാഗമത്തിന്‍റെ അഞ്ചാം ദിവസമായിരുന്നു അന്ന്.

പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെയും കുടുംബ സമ്മേളനത്തിന്‍റെയും സമാപനദിനമായിരുന്ന 26-Ↄ○ തിയതി ഞായറാഴ്ച പാപ്പായു‌ടെ പരിപാടികള്‍ നോക്കിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്ര സന്ദര്‍ശനം, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അങ്കണത്തില്‍ വച്ച് ത്രികാലജപം, ഉച്ചതിരിഞ്ഞ്‍ ഡബ്ലിനിലെ ഫീനിക്സ് പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കായി സമൂഹബലിയര്‍പ്പണം. അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച എന്നിവയായിരുന്നു.

പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യ ദിനമായ ആഗസ്റ്റ് 25-ന് ശനിയാഴ്ച ഉച്ചതിരിഞ്ഞു നടന്ന പരിപാടികളിലൂടെ 

രാവിലെ അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച, ഡബ്ലിന്‍ കോട്ടമന്ദിര സന്ദര്‍ശനം, അവിടെ വച്ച് പൗരാധികാരികളും നയതന്ത്ര പ്രതിനിധികളുമടങ്ങുന്ന സംഘവുമായുള്ള കൂടിക്കാഴ്ച, എന്നിവയ്ക്കു ശേഷം ഡബ്ലിനില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ആസ്ഥാനമായ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ ഉച്ചഭക്ഷണം കഴിച്ച പാപ്പായുടെ അന്ന് ഉച്ചതിരിഞ്ഞുള്ള പരിപാടികള്‍ പ്രോ-കത്തീദ്രലായ സെന്‍റ് മേരീസ് കത്തീദ്രല്‍ സന്ദര്‍ശനം, പാര്‍പ്പിടരഹിതര്‍ക്കായി കപ്പൂച്ചിന്‍ വൈദികരുടെ മേല്‍നോട്ടത്തിലുള്ള അഭയകേന്ദ്ര സന്ദര്‍ശനം, ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബോത്സവത്തില്‍ പങ്കുചേരല്‍ എന്നിവയായിരുന്നു.

ലൈംഗിക പീഢനത്തിന് ഇരകളായവരുമൊത്തു ഒരു നിമിഷം

ഈ നിശ്ചിത പരിപാടികള്‍ക്കു പുറമെ ഫ്രാന്‍സീസ് പാപ്പാ അയര്‍ലണ്ടിലെ വൈദികരുടെയൊ സമര്‍പ്പിതരുടെയൊ സഭാസ്ഥാപനങ്ങളുടെയൊ ഭാഗത്തുനിന്നുള്ള പീഡനത്തെ അതിജീവിച്ച എട്ടുപേരുമായി കൂടിക്കാഴ്ച നടത്തി. പാപ്പാ അവരുമൊത്തു 1 മണിക്കൂറും 30 മിനിറ്റും ചിലവഴിച്ചുവെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തി. ശ്രീമതി മരീ കോളിന്‍സ്, വൈദികന്‍ പാട്രിക് മക്കഫേര്‍ത്തി, വൈദികന്‍ ജോ മക്ഡൊണാല്‍ഡ്, ഡാമിയന്‍ ഒ ഫാരെല്‍, പോള്‍ ജൂഡ് റെഡ്മണ്ട്, ക്ലാഡാഗ് മെലോണ്‍, ബെര്‍ണദേത്ത് ഫഹി എന്നിവരും പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വ്യക്തിയുമാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഗ്രെഗ് ബര്‍ക്ക് അറിയിച്ചു. അപ്പസ്തോലിക് നണ്‍ഷിയേച്ചര്‍ ആയിരുന്നു വേദി.

സെന്‍റ് മേരിസ് പ്രോ-കത്തീദ്രല്‍ സന്ദര്‍ശനം

ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാപ്പായുടെ ആദ്യ പരിപാടി സെന്‍റ് മേരിസ് പ്രോ-കത്തീദ്രല്‍ സന്ദര്‍ശനമായിരുന്നു. ഡബ്ലിന്‍ നഗരത്തില്‍ കത്തോലിക്കാ നവോത്ഥാനത്തിന്‍റെ  പ്രതീകമായി തലഉയര്‍ത്തി നില്ക്കുന്ന ഏറ്റം പ്രധാനപ്പെട്ട ഒരു ദേവാലയമാണ് ഈ കത്തീദ്രല്‍. അയര്‍ലണ്ടിന്‍റെ രാഷ്ടീയ-മതപരങ്ങളായ സുപ്രധാന സംഭവങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടു നില്ക്കുന്നതാണ് ഈ ദേവാലയത്തിന്‍റെ ചരിത്രം. നെയൊക്ലാസിക് വാസ്തുശൈലിയില്‍ തീര്‍ക്കപ്പെട്ട ഈ ദേവാലയം അയര്‍ലണ്ടിലെ ഏറ്റം മനോഹരങ്ങളായ ദേവാലയങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ജോണ്‍ തോമസ് ട്രോയ‌ുടെ ആഗ്രഹ പ്രകാരം നിര്‍മ്മിക്കപ്പെട്ട ഈ ദേവലായം 1825 നവമ്പര്‍ 14 നാണ് ആശീര്‍വ്വദിക്കപ്പെട്ടത്.

ധന്യന്‍ മാത്ത് താല്‍ബട്ട്

അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 5 കിലോമീറ്ററോളം അകലെയുള്ള കത്തീദ്രലിലേക്കുള്ള യാത്രാമദ്ധ്യേ പാപ്പാ ധന്യന്‍ മാത്ത് താല്‍ബട്ട് (MATT TALBOT)  അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ലൂര്‍ദ്ദ് നാഥയുടെ നാമത്തിലുള്ള ദേവാലയത്തിനുമുന്നില്‍ ഒരു മേശയില്‍ വച്ചിരുന്ന ആ ധന്യന്‍റെ തിരുശേഷിപ്പുകള്‍ക്കുമുന്നില്‍ അല്പസമയം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. ധന്യന്‍ മാത്ത് താല്‍ബട്ട് സൂക്ഷിച്ചിരുന്ന ക്രൂശിത രൂപം, പ്രായശ്ചിത്തപ്രവര്‍ത്തിക്കായി ഉപയോഗിച്ചിരുന്ന ചങ്ങല, അദ്ദേഹത്തിന്‍റെ ഒരു ചിത്രം എന്നിവയായിരുന്നു തിരുശേഷിപ്പുകള്‍. ഈ തിരുശേഷിപ്പുകളില്‍ കുരിശുരൂപം കൈയ്യിലെടുത്തു പാപ്പാ ചുംബിച്ചു.

1856 മുതല്‍ 1925 വരെ ജീവിച്ചിരുന്ന ധന്യന്‍ മാത്ത് താല്‍ബട്ട് ഒരു മുഴുക്കുടിയനായിരുന്നു. പിന്നീട് ഒരു ഘട്ടത്തില്‍ മദ്യാസക്തിയില്‍ നിന്ന് വിമുക്തനായ അദ്ദേഹം മാനസാന്തരപ്പെട്ട് കഠിനാദ്ധ്വാനിയും പ്രാര്‍ത്ഥനയുടെ മനുഷ്യനുമായി മാറി. ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകള്‍ പോലും അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി നീക്കിവച്ചു.

“കുടിയനായ വിശുദ്ധന്‍” എന്ന പേരിലും ധന്യന്‍ താല്‍ബട്ട് അറിയപ്പെടുന്നു. 1931 ല്‍ മാത്ത് താല്‍ബട്ടിന്‍റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി. 1975 ല്‍ പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്തിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു.

പ്രാര്‍ത്ഥനാനന്തരം ലൂര്‍ദ്ദ് നാഥയുടെ ദേവാലയത്തിനു മുന്നില്‍ നിന്നിരുന്നവരുടെ അടുത്തുചെന്ന് അവരോടു കുശലം പറയുകയും ഹസ്തദാനമേകുകയും ചെയ്ത  പാപ്പാ വീണ്ടും തുറന്ന വാഹനത്തിലേറി കത്തീദ്രിലിലേക്കുള്ള യാത്ര തുടര്‍ന്നു. പാതയോരങ്ങളി‍ല്‍ തന്നെ കാത്തു നിന്നിരുന്നവരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ പാപ്പാ പ്രോകത്തീദ്രലിനു മുന്നില്‍ ഇറങ്ങി, ദേവലായത്തിന്‍റെ  പടവുകള്‍ കയറി വാതില്‍ക്കലെത്തിയ പാപ്പയെ ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ഡിയര്‍മ്യൂഡ് മാര്‍ട്ടിനും അതിരൂപതാ പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു. അതിരൂപതയുടെ ഒരു പ്രതിനിധി വച്ചുനീട്ടിയ വലിയ  കുരിശുരൂപം ചുബിച്ച പാപ്പാ നെറ്റിയില്‍ വിശുദ്ധ ജലം കൊണ്ടു കുരിശുവരയ്ക്കുകയും ജലം തളിക്കുകയും ചെയ്തു. ആ സമയത്ത് ദേവാലായത്തില്‍ സുതുതിഗീതം ഉയരുന്നുണ്ടായിരുന്നു.

പാപ്പാ സെന്‍റ് മേരിസ് പ്രോ-കത്തീദ്രലില്‍

ദേവാലയത്തില്‍ പ്രവേശിച്ച പാപ്പാ സന്നിഹിതരായിരുന്നവരുടെ സമീപത്തുകൂടെ അള്‍ത്താര ലക്ഷ്യം വച്ചു നീങ്ങവെ ഒരു ജോഡി യുവദമ്പതികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിച്ചു. അരികില്‍ ഇരുന്നിരുന്ന പ്രായം ചെയ്യ ഒരു സ്ത്രീയുടെ അടുത്തുചെന്ന് അവരുടെ നെറ്റിയില്‍ കുരിശടയാളം വരച്ച് ആശീര്‍വ്വദിച്ച പാപ്പാ സക്രാരിക്കു മുന്നില്‍ പൂച്ചെണ്ട് വയക്കുകയും അവിടെ ഒരുക്കിയിരുന്ന കസേരയില്‍ ഇരുന്ന് അല്പസമയം പ്രാര്‍ത്ഥിക്കുകയും ചെയ്തു. സക്രാരിക്കു മുന്നില്‍ ഒരു മെഴുകുതിരി ലൈംഗികപീഢനത്തിനികളായവര്‍ക്കു വേണ്ടി കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു.

പ്രാര്‍ത്ഥനാന്തരം ഫ്രാന്‍സീസ് പാപ്പാ അള്‍ത്താരയക്കു മുന്നില്‍ ഒരുക്കിയിരുന്ന വേദിയില്‍ ആസനസ്ഥനായി. ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ഡിയര്‍മ്യൂ‍ഡ മാര്‍ട്ടിന്‍ പാപ്പായെ സ്വാഗതം ചെയ്തു.  തദ്ദനന്തരം വൃദ്ധ ദമ്പതികള്‍ സംസാരിച്ചു.

സാക്ഷ്യങ്ങളും ചോദ്യങ്ങളുമായി.........

മുത്തശ്ശീമുത്തച്ഛന്മാരായ തങ്ങള്‍ 50 വര്‍ഷമായി വിവാഹജീവിതം നയിച്ചുവരികയാണെന്നും തങ്ങള്‍ക്ക് ജീവിതം ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും അുസ്മരിച്ച അവര്‍ വിവാഹജീവിതം ഒരു വെല്ലുവിളിയാണെന്ന സന്ദേശം യുവതയ്ക്ക് നല്കി.

ഹ്രസ്വമായിരുന്ന ഈ വാക്കുകളെ തുടര്‍ന്ന് ഇരുവരും പാപ്പായെ സമീപിക്കവെ പാപ്പാ എഴുന്നേറ്റ് അവര്‍ക്കഭിമുഖമായി ചെന്ന് ഹസ്തദാനം നല്കുകയും  അവരോടു കുശലം പറയുകയും ചെറുസമ്മാനങ്ങള്‍ നല്കുകയും ചെയ്തു.

അടുത്തത്, അടുത്തുതന്നെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കാന്‍ പോകുന്ന യുവജോഡികളുടെ ഊഴമായിരുന്നു.

ആജീവനാന്ത സമര്‍പ്പണം,  വിവാഹമെന്ന വ്യവസ്ഥാപിത ചട്ടക്കൂട് ആവശ്യമില്ല സ്നേഹം വൈക്തികമാണ് എന്നു വാദിക്കുന്ന യുവ സുഹൃത്തുക്കളോട് വിവാഹത്തില്‍ അടങ്ങിയിരിക്കുന്ന ആജീവനാന്ത സമര്‍പ്പണത്തിന്‍റെ മൂല്യത്തെയും  വിവാഹമെന്ന കൂദാശയാകുന്ന സവിശേഷ ദാനത്തെയും കുറിച്ച് എന്താണ് പറയേണ്ടത് എന്നതായിരുന്നു അവരുടെ ചോദ്യം.

ഈ ചോദ്യാനന്തരം ഈ യുവാവും യുവതിയും പാപ്പായുടെ അടുത്തു ചെല്ലുകയും  പാപ്പാ എഴുന്നേറ്റ് അവര്‍ക്ക് ഹസതദാനമേകുകയും അവര്‍ക്ക് സമ്മാനം നല്കുകുയം ചെയ്തു.

വിവാഹതരായിട്ട് ഒരു മാസം മാത്രം പിന്നിട്ട .യുവദമ്പതികളായിരുന്നു തുടര്‍ന്ന്  സംസാരിച്ചത്.

സന്താന സൗഭാഗ്യമെന്ന ദാനത്താല്‍ ദൈവം തങ്ങളെ അനുഗ്രഹിക്കുന്ന ഒരു ദിനം പ്രാര്‍ത്ഥനാപൂര്‍വ്വം പാര്‍ത്തിരിക്കുന്ന തങ്ങള്‍ മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ എപ്രകാരം ഒരുങ്ങണം എന്നതായിരുന്നു ഈ യുവമിഥുനങ്ങളുടെ ചോദ്യം. ക്രിസ്തുവിനെ അറിയുകയെന്ന സവിശേഷ ദാനം ഇന്ന് അനേകം യുവതീയുവാക്കള്‍ക്ക് ലഭിക്കുന്നില്ല എന്ന വസ്തുതയും അവര്‍ അനുസ്മരിച്ചു.

ഈ യുവദമ്പതികളും പാപ്പായുടെ അടുത്തെത്തിയപ്പോള്‍ അവരോടു കുശലം പറയുകയും അവര്‍ക്കും സമ്മാനം നല്കുകയും ചെയ്തു.

തദ്ദനന്തരം പാപ്പാ മറുപടി പ്രസംഗം നടത്തി. പ്രഭാഷണാനന്തരം പാപ്പായും അവിടെ സന്നിഹിതാരായിരുന്നവരുമൊരുമിച്ച് ഇംഗ്ലീഷില്‍ പ്രാര്‍ത്ഥന ചൊല്ലുകയും അതിന്‍റെ അവസാനം പാപ്പാ അപ്പസ്തോലികാശീര്‍വ്വാദം നല്കുകയും ചെയ്തു.

ഈ കൂടിക്കാഴ്ചാന്തരം പാപ്പാ ദേവാലയത്തിനു പുറത്തേക്കു നീങ്ങവേ ഒരു ഗാനം അകമ്പടിയായി.

സെന്‍റ് മേരീസ് പ്രോ-കത്തീദ്രലില്‍ നിന്ന് പാപ്പാ നേരെ പോയത് അവിടെ നിന്നു 3 കിലോമീറ്റര്‍ അകലെയുള്ള പാര്‍പ്പിട രഹിതര്‍ക്കായുള്ള ഭവനത്തിലേക്കാണ്.

പാര്‍പ്പിടരഹിതര്‍ക്കായുള്ള ഭവന സന്ദര്‍ശനം

കപ്പൂച്ചിന്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന “കപ്പൂച്ചിന്‍ ഡേ സെന്‍റര്‍ ഫോര്‍ ഹോംലെസ് പീപ്പ്ള്‍” 48 വര്‍ഷം മുമ്പ് കെവിന്‍ ക്രോവ്ലി എന്ന കപ്പൂച്ചിന്‍ വൈദികന്‍ സ്ഥാപിച്ചതാണ്.

ആഗോളസാമ്പത്തിക പ്രതിസന്ധി അയര്‍ലണ്ടിനെയും ബാധിച്ചിതിനാല്‍ പാര്‍പ്പിടരഹിതരും, ദരിദ്രകുടുംബങ്ങളും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ ഈ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി 2017 ല്‍ ഈ കേന്ദ്രം നാലുലക്ഷത്തോളം സേവനങ്ങള്‍ ലഭ്യമാക്കി. അനുദിന ഭക്ഷണം നല്കല്‍, വസ്ത്ര വിതരണം, ശുചിമുറി ലഭ്യമാക്കല്‍, വൈദ്യസഹായം തുടങ്ങിയവയാണ് ഈ സേവനങ്ങള്‍

പേപ്പല്‍ വാഹനത്തില്‍ ഈ കേന്ദ്രത്തിലെത്തിയ പാപ്പായെ 10 കപ്പൂച്ചിന്‍ വൈദികര്‍ ചേര്‍ന്നു സ്വീകരിച്ച് അകത്തേക്കാനയിച്ചു. ആ ഭവനത്തിനകത്തുണ്ടായിരുന്ന കുട്ടികളും പ്രായംചെന്നവരുമുള്‍പ്പടെയുള്ള നൂറോളം പേര്‍ കരഘോഷത്തോടെ പാപ്പായെ വരവേറ്റു. പാപ്പാ അവരുടെ പക്കല്‍ സാന്ത്വനവാക്കുകളും സാന്ത്വന സ്പര്‍ശവുമായി എത്തി. അവരെ ശ്രവിച്ചു, അവര്‍ക്ക് ആശ്വാസം പകര്‍ന്നു. തൊട്ടു തലോടി. അവിടെ ഒരു കസേരയില്‍ ആസനസ്ഥനായ പാപ്പായ്ക്ക് ഈ കേന്ദ്രത്തിന്‍റെ ചുമതലയുള്ള വൈദികന്‍ സ്വാഗതമോതി. തങ്ങളുടേത് സമൂഹത്തില്‍ പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും കുടുംബമാണെന്ന്  പറഞ്ഞ അദ്ദേഹം തുടക്കത്തില്‍ അനുദിനം 50 പേര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നലകിപ്പോന്നിരുന്നിടത്ത് ഇന്ന്  ദിനം പ്രതി 800 ഭക്ഷണം നല്കുന്ന അവസ്ഥയില്‍ എത്തിയെന്ന് അനുസ്മരിച്ചു. ആരും വിശപ്പനുഭവിക്കരുത് എന്നതാണ് തങ്ങളുടെ പ്രധാന ചിന്തയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരെ ആശ്ലേഷിച്ചുകൊണ്ടുള്ള മുന്നേറ്റത്തിന് പാപ്പായ്ക്ക് തങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായവും അദ്ദേഹം ഉറപ്പുനല്കി.

ഈ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പാ അവരെ സംബോധന ചെയ്തു. 

തന്‍റെ പ്രഭാഷണാനന്തരം പാപ്പാ എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കി. ഈ ഭവനത്തിന് ഫ്രാന്‍സീസ് അസീസ്സിയുടെ ഒരു വര്‍ണ്ണനാചിത്രം പാപ്പാ സമ്മാനിച്ചു. അല്പ സമയം കൂടി അവരോടൊത്തു ചിലവഴിച്ച പാപ്പാ അവിടെ നിന്ന് അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് പോയി.

പാപ്പാ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ 

അടുത്ത പരിപാടി രാത്രി  ഡബ്ലിനിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ കുടുംബോത്സവം ആയിരുന്നു. ഗാനങ്ങളും നൃത്തങ്ങളും സാക്ഷ്യങ്ങളും പ്രാര്‍ത്ഥനയും കോര്‍ത്തിണക്കിയതായിരുന്നു ഈ ഉത്സവം.

ക്രോക് പാര്‍ക്ക് സ്റ്റേഡിയം യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളി‍ല്‍ ഒന്നാണ്. 82300 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം കലോത്സവങ്ങള്‍, കായികമത്സരങ്ങള്‍, സമ്മേനളങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക്  വേദിയാകാറുണ്ട്. 2012 ജൂണില്‍ അമ്പതാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ  സമാപന ദിവ്യബലിയുടെ വേദിയുമായിരുന്നു ഈ സ്റ്റേഡിയം. അന്നു 35 നാ‌ടുകളില്‍ നിന്നായി 75000ത്തിലേറെ വിശ്വാസികള്‍ ഈ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു.

ഫ്രാന്‍സീസ് പാപ്പാ പ്രാദേശികസമയം രാത്രി 8.30 ഓടെ സ്റ്റേഡിയത്തില്‍ എത്തി. പാപ്പാ, സ്റ്റേഡിത്തിനകത്തു, ചെറിയ തുറന്ന വാഹനത്തില്‍ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് വേദിയിലേക്കു നീങ്ങിയപ്പോള്‍ അന്തരീക്ഷത്തില്‍ ഗാനത്തിന്‍റെ അലകളുയര്‍ന്നു.

ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പ് ഡിയര്‍മ്യൂഡ് മാര്‍ട്ടിനൊപ്പം വേദിയില്‍ ആസനസ്ഥനായ പാപ്പായെ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ അയര്‍ലണ്ടിലെയും ലോകത്തിന്‍റെ  ഇതരഭാഗങ്ങളിലെയും കുടുംബങ്ങളുടെ നാമത്തില്‍ സ്വാഗതം ചെയ്തു.

കര്‍ദ്ദിനാള്‍ ഫാരെലിന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് കുട്ടികളുടെ വാദ്യസംഗീതത്തിന്‍റെ  അകമ്പടിയോടെ പാപ്പായക്കു മുമ്പില്‍ 4 കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഒരു നൃ‍ത്തമായിരുന്നു. നൃത്തം കഴി‍ഞ്ഞപ്പോള്‍ പാപ്പാ അവരെ അടുത്തുവിളച്ച് തലോടി അഭിനന്ദിച്ചു.. തുടര്‍ന്ന് മുതിര്‍ന്നവരുടെ ഒരു നൃത്തമയിരുന്നു. തദ്ദനന്തരം സ്നേഹത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ഗാനാവിഷ്ക്കാരവും. പശ്ചാത്തലത്തില്‍ സ്നേഹത്തിന്‍റ പ്രതീകമായ ഹൃദയത്തിന്‍റെ രൂപം ചുവന്ന വര്‍ണ്ണത്തില്‍ തെളിയുന്നുണ്ടായിരുന്നു.

ഈ കലാപ്രകടനങ്ങള്‍ക്കു ശേഷം കുടുംബങ്ങളു‌ടെ സാക്ഷ്യമായിരുന്നു. ഇന്ത്യന്‍ കുടുംബമായിരുന്നു ആദ്യ സാക്ഷ്യമേകിയത്. മുംബൈയില്‍ നിന്നുള്ള നിഷയും ഭര്‍ത്താവ് തെഡും മൂന്നുമക്കളുമടങ്ങിയ കുടംബമായിരുന്നു സാക്ഷ്യം നല്കിയത്

അവരുടെ ജീവിതത്തിന്‍റെ സംക്ഷിപ്ത വിവരണമേകുന്ന ചലച്ചിത്ര ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിന്‍റെ അവസാനം പാപ്പായുടെ പക്കലെത്തിയ ആ കുടുംബത്തെ പാപ്പാ സമ്മാനം നല്കി ആശീര്‍വ്വദിച്ചു. തുടര്‍ന്ന്, ഗാനം, ഇറാക്കിലെ കുടുംബത്തിന്‍റെ  സാക്ഷ്യം, ഒരു അയര്‍ലണ്ടുസ്വദേശനിയുടെ സാക്ഷ്യം, അയര്‍ലണ്ടിലെ ഒരു കുടുംബത്തിന്‍റെ സാക്ഷ്യം, ഗാനം, ബുര്‍ക്കിനൊ ഫാസൊയിലെ ഒരു കുടുംബത്തിന്‍റെ  സാക്ഷ്യം, ഗാനം എന്നീ ക്രമത്തില്‍ പരിപാടി മുന്നേറി.

തദ്ദനന്തരം ഫ്രാന്‍സീസ് പാപ്പാ കുടുംബങ്ങളെ സംബോധന ചെയ്തു. സന്ദേശം അവസാനിച്ചതിനെ തുടര്‍ന്നു  പാപ്പാ കുടുംബങ്ങളുടെ ലോക സമ്മേളനത്തിനു വേണ്ടി ഇംഗ്ലീഷില്‍ പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനയുടെ അവസാനം പാപ്പാ ആശീര്‍വ്വാദം നല്കിയതോടെ കുടുംബോത്സവത്തിനും സമാപനമായി.

ഏവര്‍ക്കും ശുഭരാത്രിയും നല്ലൊരു നിദ്രയും ആശംസിച്ച പാപ്പാ അടുത്ത ദിവസം കാണാം എന്നു പറഞ്ഞുകൊണ്ട് സാവധാനം വേദിയില്‍ നിന്നിറങ്ങി ചെറിയ കാറില്‍ കയറി. എല്ലാവരെയും അഭിവാദ്യം ചേയ്തുകൊണ്ട് പാപ്പാ കാറില്‍ നീങ്ങവേ ഗാനവും കരഘോഷവും ഇടകലര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2018, 15:29