തിരയുക

Vatican News
വത്തിക്കാനില്‍  വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ത്രികാലപ്രാര്‍ത്ഥനയ്ക്കണഞ്ഞ വിശ്വാസികള്‍ 05-08-2018 വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കണഞ്ഞ വിശ്വാസികള്‍ 05-08-2018  (Vatican Media )

ദൈവഹിതം അനുസരിക്കുക-പാപ്പായുടെ ത്രികാലജപ സന്ദേശം

ദൈവവുമായുള്ള ബന്ധം വളര്‍ത്തുക, യേശുവിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

റോമാപുരി വെയിലില്‍ പൊരിയുന്ന ദിനങ്ങളാണെങ്കിലും ഈ ഞായറാഴ്ചയും (05/08/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വിവിധരാജ്യാക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. അര്‍ക്കാംശുക്കളുടെ ശക്തമായ താപത്തില്‍ നിന്ന് രക്ഷനേടുന്നതിന് പലരും കുടകള്‍ ചൂടുകയും തൊപ്പിയണിയുകയും ചെയ്തിരുന്നു. ചത്വരത്തിനും വത്തിക്കാന്‍ നഗരത്തിനും അതിര്‍ത്തികുറിക്കുന്ന മേല്‍ക്കട്ടിയോടുകൂടിയ സ്തംഭാവലികള്‍ക്കിടയില്‍ തണലത്തുനിന്നുകൊണ്ടും വിശ്വാസികളില്‍ ചിലര്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. വത്തിക്കാന്‍ നഗരാതിര്‍ത്തിക്കു പുറത്ത്, ചത്വരത്തിനഭിമുഖമായുള്ള കെട്ടിടങ്ങള്‍ക്കരികെ തണല്‍വിരിച്ചിരുന്നയിടങ്ങളിലും വിശ്വാസികള്‍ പ്രാര്‍ത്ഥയില്‍ പങ്കുചേരുന്നതിന് നില്പുണ്ടായിരുന്നു.

ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ന് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ആനന്ദലഹരിയില്‍ വിശ്വാസികള്‍ സുര്യതാപം മറന്ന്  കൈയ്യടിച്ചും ആരവങ്ങളുയര്‍ത്തിയും  പാപ്പായെ വരവേറ്റു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(05/08/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവദായക അപ്പത്തെയും ദൈവം അയച്ചവനില്‍ വിശ്വസിക്കുകയും ദൈവഹിതം തിരിച്ചറിഞ്ഞ് അതു നിറവേറ്റുകയും ചെയ്യേണ്ടതിനെയുംകുറിച്ച് യേശുനാഥന്‍ തന്നെത്തേടിയെത്തിയ ജനക്കൂട്ടത്തോടു പറയുന്ന ഭാഗം, യോഹന്നാന്‍റെ സുവിശേഷം 6-Ↄ○ അദ്ധ്യായം 24-35 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പാ ഇപ്രകാരം പറഞ്ഞു.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഇക്കഴിഞ്ഞ ഞായറാഴ്ചകളില്‍ ആരാധനാക്രമം അവതരിപ്പിച്ചത് ജനങ്ങളുമായി കണ്ടുമുട്ടുകയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന അലിവുനിറ‍ഞ്ഞ  യേശുവിന്‍റെ രൂപമാണ്. ഇന്നത്തെ സുവിശേഷവിവരണത്തില്‍ (യോഹന്നാന്‍ 6:24-35) കാഴ്ചപ്പാട് മാറുന്നു: യേശു നല്കിയ ഭക്ഷണംകഴിച്ച് വിശപ്പുമാറിയ ഒരുകൂട്ടം ജനങ്ങള്‍ വീണ്ടും അവിടത്തെ അന്വേഷിക്കുകയും അവിടുന്നുമായി കൂടിക്കാഴ്ച നടത്തുത്തുകയും ചെയ്യുന്നു. എന്നാല്‍ ജനങ്ങള്‍ തന്നെ അന്വേഷിച്ചാല്‍ മാത്രം പോരാ, പ്രത്യുത, തന്നെ അറിയണമെന്നും യേശു ആഗ്രഹിക്കുന്നു. ഭൗതികാവശ്യങ്ങള്‍ താല്ക്കാലികമായി നിറവേറ്റപ്പെടുന്നതിനപ്പുറം പോകണം തന്നെക്കുറിച്ചുള്ള അന്വേഷണവും താനുമായുള്ള കൂടിക്കാഴ്ചയും എന്ന് യേശു ആഗ്രഹിക്കുന്നു. യേശു വന്നത് നമുക്ക് കൂടുതലായി എന്തോ നല്കാനും ഭക്ഷ​ണം, വസ്ത്രം, ജോലി, തുടങ്ങിയ അനുദിന ഉത്ക്കണ്ഠകളെ അപേക്ഷിച്ച് ഉപരിവിസ്തൃതമായ ഒരു ചക്രവാളത്തിലേക്ക് നമ്മുടെ അസ്തിത്വത്തെ തുറന്നിടുന്നതിനും വേണ്ടിയാണ്. ആകയാല്‍ ജനസഞ്ചയത്തെ സംബോധനചെയ്തുകൊണ്ട് അവിടന്നു പറയുന്നു: “അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്” (യോഹന്നാന്‍-6,26). അങ്ങനെ അവിടന്ന് ജനങ്ങള്‍ക്ക് ഒരു ചുവടു കൂടെ മുന്നോട്ടുവയ്ക്കാനും അത്ഭുതത്തിന്‍റെ ഗുണഭോക്താക്കളാകുക മാത്രമല്ല അതിന്‍റെ  പൊരുളെന്തെന്ന് സ്വയം ചോദിക്കാനും പ്രചോദനം പകരുന്നു. സ്വര്‍ഗ്ഗീയ പിതാവ് നരകുലത്തിനു പ്രദാനം ചെയ്ത യേശുതന്നെയായ മഹാദാനത്തിന്‍റെ അടയാളമാണ് അപ്പവും മീനും വര്‍ദ്ധിപ്പിച്ച സംഭവം.

യേശു ജീവന്‍റെ യഥാര്‍ത്ഥ അപ്പമാണ്. ഈ അപ്പം ശരീരരങ്ങളെ മാത്രമല്ല, ഏറ്റം അഗാധമായ വിശപ്പിനെ ശമിപ്പിക്കാനാകുന്ന ആത്മീയ ഭോജനമേകി, ആത്മാവുകളെയും തൃപ്തിപ്പെടുത്തുന്നു. ക്ഷണികമായതല്ല, മറിച്ച്, നിത്യം നിലനില്ക്കുന്നതായ അപ്പം സമ്പാദിക്കാനാണ് അവിടന്ന് ജനക്കൂട്ടത്തെ ക്ഷണിക്കുന്നത്. ഇത് യേശു അനുദിനം നമുക്കേകുന്ന ആഹാരമാണ്. അവിടത്തെ വചനവും ശരീരവും രക്തവുമാണ് ഈ ഭോജ്യം. കര്‍ത്താവിന്‍റെ ക്ഷണം ജനസഞ്ചയം ശ്രവിക്കുന്നു, എന്നാല്‍, നമുക്കും പലപ്പോഴും സംഭവിക്കുന്നതുപോലെ, അതിന്‍റെ അര്‍ത്ഥം  എന്തെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ അവിടത്തോടു ചോദിക്കുന്നു: “ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം?”  (വാക്യം 28). അപ്പം വര്‍ദ്ധിപ്പിച്ചതുപോലുള്ള ഇതര അത്ഭുതങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടി കല്‍പ്പനകള്‍ പാലിക്കണമെന്ന് അവിടന്ന് തങ്ങളോട് ആവശ്യപ്പെടും എന്നാണ് യേശുവിന്‍റെ  ശ്രോതാക്കള്‍ വിചാരിക്കുന്നത്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്മേല്‍ ദാസരും യജമാനനും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് മതത്തെ നിയമങ്ങളുടെ പാലനമായി ഇകഴ്ത്തുന്ന പൊതുവായ ഒരു പ്രലോഭനമാണിത്. താന്‍ ഏല്പിച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാലേ യജമാനന്‍റെ പ്രീതി ദാസന്മാര്‍ക്കു  ലഭിക്കുകയുള്ളു. ഇതു നമുക്കെല്ലാം അറിവുള്ള കാര്യമാണ്. അതുകൊണ്ട്, ദൈവത്തെ തൃപ്തിപ്പെടുത്താന്‍ എന്തെല്ലാം ചെയ്യണമെന്ന് യേശുവില്‍ നിന്നറിയാന്‍ ജനക്കൂട്ടം ആഗ്രഹിക്കുന്നു. എന്നാല്‍ യേശു നല്കുന്നത് അപ്രതീക്ഷിതമായ ഒരു ഉത്തരമാണ്: “ഇതാണ് ദൈവഹിതാനുസാരമുള്ള പ്രവൃത്തി- അവിടന്ന് അയച്ചവനില്‍ വിശ്വസിക്കുക” (വാക്യം 29). ഈ വാക്കുകള്‍ ഇന്ന് നമ്മോടുമുള്ളതാണ്: കാര്യങ്ങള്‍ ചെയ്യുന്നതിലല്ല പ്രത്യുത ദൈവം അയച്ചവനില്‍ വിശ്വസിക്കുന്നതിലാണ് ദൈവഹിതാനുസാരമുള്ള പ്രവൃത്തി. അതിനര്‍ത്ഥം നമുക്കു യേശുവിലുള്ള വിശ്വാസം ദൈവഹിതാനുസാരമുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കും. നമ്മള്‍ യേശുവിനോടുള്ള സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധത്തിലായാല്‍  സഹോദരങ്ങളുടെ നന്മയ്ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയുള്ള സുവിശേഷ പരിമളം പരത്തുന്ന സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കും.

അപ്പത്തെക്കുറിച്ചു ഉല്‍ക്കണ്ഠയുള്ളവരാകേണ്ടതുണ്ടെങ്കില്‍ അതിനേക്കാളൊക്കെ സുപ്രധാനമാണ് താനുമായുള്ള ബന്ധം വളര്‍ത്തുകയും, സത്യത്തിനും, നീതിക്കും, സ്നേഹത്തിനും വേണ്ടിയുള്ള നമ്മുടെ വിശപ്പു ശമിപ്പിക്കുന്നതിനെത്തിയ ജീവന്‍റെ  അപ്പമായ തന്നിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് മറക്കാതിരിക്കാന്‍ കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നു. റോമിലെ മേരി മേജര്‍ ബസിലിക്കയുടെ പ്രതിഷ്ഠാതിരുന്നാള്‍ ആചരിക്കപ്പെടുന്ന ഇന്ന്, പരിശുദ്ധ മറിയം, ഈ ബസിലിക്കയില്‍ വണങ്ങപ്പെടുന്ന, റോമന്‍ ജനതയുടെ രക്ഷ, അഥവാ സാളൂസ് പോപൊളി റൊമാനി” വിശ്വാസയാത്രയില്‍ നമുക്കു താങ്ങായിരിക്കുകയും നമ്മുടെ ജീവിതത്തെ സംബന്ധിച്ച ദൈവിക പദ്ധതിക്ക് നമ്മെത്തന്നെ സന്തോഷത്തോടെ വിട്ടുനല്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യട്ടെ

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായെ പ്രത്യേകം അനുസ്മരിച്ചു.

40 വര്‍ഷം മുമ്പ്, അതായാത് 1978 ആഗസ്റ്റ് 5 ന് തന്‍റെ അവസാന മണിക്കൂറുകള്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ജീവിക്കുകയായിരുന്നുവെന്ന് ആഗസ്റ്റ് 6-ന് അദ്ദേഹം മരണമടഞ്ഞതിനെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ  പറഞ്ഞു. അടുത്ത ഒക്ടോബര്‍ 14 ന് വിശുദ്ധ പദത്തിലേക്കുയുര്‍ത്തപ്പെടാന്‍ പോകുന്ന പോള്‍ ആറാമന്‍ പാപ്പായെ നമ്മള്‍ ഏറെ വണക്കത്തോടും കൃതജ്ഞതയോടും കൂടെ ഓര്‍ക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. താന്‍ ഏറെ സ്നേഹിച്ച സഭയ്ക്കുവേണ്ടിയും ലോകത്തിന്‍റെ സമാധാനത്തിനുവേണ്ടിയും പോള്‍ ആറാമന്‍ പാപ്പാ സ്വര്‍ഗ്ഗത്തില്‍ നിന്ന് മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ആധുനികയുഗത്തിലെ  മഹാനായ ഈ പാപ്പായ്ക്ക് നമുക്ക് കരഘോഷത്തോടെ ആദരവര്‍പ്പിക്കാം.

ഈ വാക്കുകള്‍ക്കു ശേഷം പാപ്പാ റോമാക്കാരും വിവിധരാജ്യക്കാരുമായ തീര്‍ത്ഥാടകരെ, കുടുംബങ്ങളെയും ഇടവകസമൂഹങ്ങളെയും സംഘടനകളെയും വിശ്വാസികളെയും അഭിവാദ്യം ചെയ്തു. മൊറാവിയയിലെ വെലെഹാര്‍ഡിലും സ്പെയിനിലെ ലോര്‍ക്കയിലും നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെയും നോവൊളിക്കാരായ യുവതീയുവാക്കളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു.    

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും നന്ദിയര്‍പ്പിക്കുകയും ചെയ്തു കൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

06 August 2018, 13:07