തിരയുക

പോള്‍ ആറാമന്‍ പാപ്പാ  റോമിലേ "വി.മരിയ ജോനുവ ചേളി"  ഇടവകസന്ദര്‍ശനവേളയില്‍ , 26-03-1967 പോള്‍ ആറാമന്‍ പാപ്പാ റോമിലേ "വി.മരിയ ജോനുവ ചേളി" ഇടവകസന്ദര്‍ശനവേളയില്‍ , 26-03-1967 

മഹാനായ പോള്‍ ആറാമന്‍ പാപ്പാ

വിശ്വശാന്തിക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്ന പാപ്പാ, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

താന്‍ ഏറെ സ്നേഹിച്ച സഭയ്ക്കും വിശ്വശാന്തിക്കും വേണ്ടി വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ സ്വര്‍ഗ്ഗത്തിലിരുന്നു പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ.

അഞ്ചാം തിയതി ഞായറാഴ്ച (05/08/18) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അവസാനത്തിലാണ് പാപ്പാ ഇക്കൊല്ലം (2018) ഒക്ടോബര്‍ 14 ന് വിശുദ്ധപദത്തിലേക്കു ഉയര്‍ത്തപ്പെടാന്‍ പോകുന്ന പോള്‍ ആറാമന്‍ പാപ്പാ മരണമ‌ടഞ്ഞിട്ട് ആഗസ്റ്റ് 6 ന് 40  വര്‍ഷം പൂര്‍ത്തിയാകുന്നത് അനുസ്മരിച്ചുകൊണ്ട് ഇതു പറഞ്ഞത്.

1978 ആഗസ്റ്റ് 6 ന് ആയിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

ഏറെ ആദരവോടും കൃതജ്ഞതയോടും കൂടെയാണ് ആധുനികയുഗത്തിലെ മഹാനായ ആ പാപ്പായെ നാം ഓര്‍ക്കുന്നതെന്നും ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു.

സംക്ഷിപ്ത ജീവിത നാള്‍വഴി

ഉത്തര ഇറ്റലിയിലെ കൊണ്‍ചേസിയൊ എന്ന സ്ഥലത്ത് 1897 സെപ്ററംബര്‍ 26 നായിരുന്നു പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ച ജൊവാന്നി ബാത്തിസ്ത എന്‍റിക്കൊ അന്തോണിയൊ മരിയ മൊന്തീനീയുടെ ജനനം.

1920 മെയ് 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹത്തെ പന്ത്രണ്ടാം പീയൂസ് പാപ്പ 1954 നവമ്പര്‍ 1 ന് ആര്‍ച്ചുബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്തു. മെത്രാഭിഷേകം അക്കൊല്ലം തന്നെ ഡിസമ്പര്‍ 12 നായിരുന്നു.

1958 ഡിസമ്പര്‍ 15 ന് ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പാ മൊന്തീനിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. പിന്നീട് 1963 ജൂണ്‍ 21 ന് ജൊവാന്നി ബാത്തിസ്ത മൊന്തീനി റോമിന്‍റെ 262-Ↄമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ആറാമന്‍ എന്ന നാമം സ്വീകരിച്ച കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം 1963 ജൂണ്‍ 30 നായിരുന്നു.

സഭയില്‍ വിപ്ലവാത്മകമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായക്ക് പഞ്ചഭൂഖണ്ഡങ്ങളിലും ഇടയസന്ദര്‍ശനത്തിനെത്തിയ ആദ്യത്തെ പാപ്പാ, വിമാനയാത്രചെയ്ത പാപ്പാമാരില്‍ പ്രഥമന്‍ എന്നീ സ്ഥാനങ്ങളുമുണ്ട്. ഇന്ത്യില്‍ ആദ്യമായി പാദമൂന്നിയ പാപ്പായും വാഴ്ത്തപ്പെട്ട പോള്‍ ആറാമനാണ്.

“ഹുമാനെ വീത്തെ”

ജനസംഖ്യാപെരുപ്പപ്രശ്ന പരിഹൃതിക്ക് കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സന്താനോല്പാദനത്തെ ദാമ്പത്യധര്‍മ്മാനുഷ്ഠാനമായി അവതരിപ്പിച്ചുകൊണ്ട് “ഹുമാനെ വീത്തെ” അഥവാ, “മനുഷ്യജീവന്‍” എന്ന വിവാദപരമായ ചാക്രികലേഖനം പോള്‍ ആറാമന്‍ പാപ്പാ പുറപ്പടുവിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയായ ഒരു വേളയുമാണിത്.

1968 ജൂലൈ 25 നാണ് “ഹുമാനെ വീത്തെ” പ്രസിദ്ധീകൃതമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2018, 08:32