Cerca

Vatican News
ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം,12/08/18 ഫ്രാന്‍സീസ് പാപ്പാ ത്രികാലാപ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണം,12/08/18  (Vatican Media)

തിന്മചെയ്യാതിരുന്നാല്‍ പോരാ, നന്മ ചെയ്യണം

തിന്മയെ ചെറുക്കാതിരിക്കുമ്പോള്‍ നാം തിന്മയെ നിശബ്ദമായി ഊട്ടിവളര്‍ത്തുകയാണ്-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ഞായറാഴ്ചയും (12/08/18) വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. പതിവു ജാലകത്തിങ്കല്‍ നിന്നുകൊണ്ടായരുന്നില്ല പാപ്പാ മദ്ധ്യാഹ്ന പ്രാര്‍ത്ഥന ചൊല്ലിയത്. ഇക്കഴി‍ഞ്ഞ ശനി, ഞായര്‍ ദിനങ്ങളില്‍ ഇറ്റലിയിലെ 226 രൂപതകളില്‍ 195 ലും നിന്നെത്തിയിരുന്ന 70000-ത്തിലേറെ യുവതീയുവാക്കളുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ അവരും ഇതരവിശ്വാസികളുമുള്‍പ്പടെ 90000 ത്തോളം പേരുമൊത്തു വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ വച്ചാണ് പ്രാര്‍ത്ഥന ചൊല്ലിയത്. ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്വല്‍ത്തിയേരൊ ബസേത്തി (Gualtiero Bassetti)യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചത്വരത്തില്‍ യുവജനത്തിന്‍റെ  ഭാഗഭാഗിത്വത്തോടെ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലെത്തിയപ്പോള്‍ കരഘോഷത്താലും ആനന്ദാരവങ്ങളാലും ഗാനങ്ങളാലും മുഖരിതമായി അന്തരീക്ഷം. 

അര്‍ക്കാംശുക്കളുടെ ശക്തമായ താപത്തില്‍ നിന്ന് രക്ഷനേടുന്നതിന് പലരും കുടകള്‍ ചൂടുകയും തൊപ്പിയണിയുകയും ചെയ്തിരുന്നു. ബസിലിക്കാങ്കണത്തിലേക്കു നയിക്കുന്ന,  വത്തിക്കാന്‍ നഗരാതിര്‍ത്തിക്കു പുറത്തുള്ള വിശാല വീഥിയായ, “വിയ ദെല്ല കൊണ്‍ചിലിയാസിയൊനെ”യിലും വിശ്വാസികള്‍ നിലയുറപ്പിച്ചിരുന്നു. യുവജനത്തിനിടയിലൂടെ വാഹനത്തില്‍ വലംവെച്ച പാപ്പാ ത്രികാലജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചതിരിഞ്ഞ് 3.30 ന് ചത്വരത്തില്‍ സജ്ജമാക്കപ്പെട്ടിരുന്ന വേദിയിലെത്തി അവിടെ ആസനസ്ഥനയായി. തുടര്‍ന്ന് കര്‍ദ്ദിനാള്‍ ഗ്വല്‍ത്തിയേരൊ ബസേത്തി പാപ്പായെ സ്വാഗതം ചെയ്തു. തദ്ദനന്തരം ഫ്രാന്‍സീസ് പാപ്പാ ത്രികാലജപസന്ദേശം നല്കി.

ഈ ഞായറാഴ്ച(12/08/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍ രണ്ടാം വായന, പൗലോസ് എഫേസോസകാര്‍ക്കെഴുതിയ ലേഖനത്തില്‍, വര്‍ജ്ജിക്കപ്പെടേണ്ട തിന്മകളെക്കുറിച്ചും ദൈവത്തെ അനുകരിക്കേണ്ടതിനെക്കുറിച്ചും പരാമര്‍ശിക്കുന്ന, അദ്ധ്യായം 4, 30 മുതല്‍ അദ്ധ്യായം 5, 2 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം. പാപ്പാ ഇപ്രകാരം പറഞ്ഞു.

സന്ദേശം

പ്രിയ സഹോദരീസഹോദരന്മാരേ, ഇറ്റലിക്കാരായ യുവജനങ്ങളേ, ശുഭദിനം.

വിശ്വാസാനുസൃത ജീവിതത്തിന് ആഹ്വാനം

ഇന്നത്തെ രണ്ടാം വായനയില്‍ പൗലോസപ്പസ്തോലന്‍ നമുക്ക് അടിയന്തിരമായ ഒരു ക്ഷണം നല്കുന്നു. അത് ഇതാണ്: “രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ പരിശുദ്ധാരൂപിയെ നിങ്ങള്‍ വേദനിപ്പിക്കരുത്” (എഫേസോസ്,4:30). എന്നാല്‍ എന്നില്‍ ഒരു ചോദ്യമുയരുന്നു: പരിശുദ്ധാത്മാവിനെ എങ്ങനെയാണ് വേദനിപ്പിക്കുക? മാമ്മോദീസായിലും സ്ഥൈര്യലേപനത്തിലും നാം പരിശുദ്ധാരൂപിയെ സ്വീകരിച്ചു. ആകയാല്‍ അവിടത്തെ വേദനിപ്പിക്കാതിരിക്കുന്നതിന് നാം സ്ഥൈര്യലേപന കൂദാശയില്‍ നവീകരിക്കപ്പെട്ട മാമ്മോദീസാവാഗ്ദാനത്തിനനുസൃതം ജീവിക്കേണ്ടത് അനിവാര്യമാണ്. ആ വാഗ്ദാനത്തിനനുസൃതമായിട്ടായിരിക്കണം ജീവിക്കേണ്ടത്. കാപട്യമാര്‍ന്ന ജീവിതമായിരിക്കരുത്. ഇതു നിങ്ങള്‍ ഒരിക്കലും മറക്കരുത്. ക്രൈസ്തവന്‍ ഒരിക്കലും‍ കപടനാട്യക്കാരന്‍ ആകരുത്, അവന്‍ അവന്‍റെ  വിശ്വാസത്തിന് അനുസൃതമായ ജീവിതം നയിക്കണം. മാമ്മോദീസാ വാഗ്ദാനങ്ങള്‍ക്ക് രണ്ടു ഭാവങ്ങളുണ്ട്: തിന്മയെ ത്യജിക്കലും നന്മയെ സ്വീകരിക്കലും.

തിന്മയെ നിരാകരിക്കുകയെന്നാല്‍....

തിന്മയെ തള്ളിക്കളുയകയെന്നാല്‍ പ്രലോഭനങ്ങളോടും പാപത്തോടും സാത്താനോടും “ഇല്ല” എന്നു പറയുകയാണ്. സമൂര്‍ത്തമായിട്ടാണെങ്കില്‍ അതിനര്‍ത്ഥം മരണത്തിന്‍റെ  സംസ്കാരത്തിനോടു “അരുത്” പറയലാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നുണയിലും ചതിയിലും അനീതിയിലും അപരനോടുള്ള നിന്ദയിലും വെളിപ്പെടുത്തപ്പെടുന്ന, വ്യാജമായ ആനന്ദത്തിലേക്കുള്ള പലായനത്തില്‍ ആവിഷ്കൃതമാകുന്നതാണ് ഈ മരണസംസ്കൃതി. ഇവയോടെല്ലാം “ഇല്ല” എന്നു പറയണം. മാമ്മോദീസയിലാണ് പുതുജീവന്‍ നല്കപ്പെട്ടത്. ഈ ജീവന്‍റെ ഉറവിടം പരിശുദ്ധാരൂപിയാണ്. ഭിന്നിപ്പിന്‍റെയും കലഹത്തിന്‍റെയും വികാരങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു പെരുമാറ്റരീതിയെ ഈ ജീവിതം നിരാകരിക്കുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ ഉപദേശിക്കുന്നത് “സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടും കൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍”. (എഫേസോസ് 4:31). ഇങ്ങനെയാണ് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്. ഈ 6 കാര്യങ്ങള്‍, അല്ലെങ്കില്‍ ദുശ്ശീലങ്ങള്‍ ദൈവാരൂപിയുടെ ആനന്ദത്തെ അലോസരപ്പെടുത്തുകയും ഹൃദയത്തെ വിഷലിപ്തമാക്കുകയും ദൈവത്തിനും അയല്‍ക്കാരനും എതിരായ ശാപവചസ്സുകളിലേക്കു നയിക്കുകയും ചെയ്യുന്നു.

തിന്മയെ തള്ളിക്കളഞ്ഞാല്‍ പോരാ, നന്മ പ്രവര്‍ത്തിക്കണം

നല്ലക്രൈസ്തവനാകുന്നതിന് തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ മാത്രം പോരാ; നന്മയെ ഉള്‍ക്കൊള്ളുകയും  നന്മചെയ്യുകയും വേണം. അതുകൊണ്ടു തന്നെ പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം തുടരുന്നു: ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍” (എഫേസോസ് 4:32) പലപ്പോഴും ചിലര്‍ പറയുന്നത് കേള്‍ക്കാം:”ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല” എന്ന്. അങ്ങനെ, വിശുദ്ധനാണെന്ന് സ്വയം കരുതുന്നു. ശരിതന്നെ, എന്നാല്‍ നീ നന്മ ചെയ്യുന്നുണ്ടോ? തിന്മ ചെയ്യാത്ത നിരവധിപ്പേരുണ്ട്. അതുപോലെ തന്നെ നന്മ ചെയ്യാത്തവരുമുണ്ട്. അവരുടെ ജീവിതം നിസ്സംഗതയിലും നിര്‍വ്വികാരതയിലും മന്ദോഷ്ണതയിലും കടന്നുപോകുന്നു. ഈ മനോഭാവം സുവിശേഷവിരുദ്ധമാണ്. യുവജനമായ നിങ്ങളുടെ പ്രകൃതിക്കും വിരുദ്ധം തന്നെ. പ്രകൃത്യാ നിങ്ങള്‍ ഊര്‍ജ്ജസ്വലരാണ്, അത്യുത്സാഹികളും ധീരരുമാണ്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ, ഉണ്ടെങ്കില്‍ നമുക്കു ഒത്തൊരുമിച്ചു ആവര്‍ത്തിക്കാം: “തിന്മ ചെയ്യാതിരിക്കുന്നത് നല്ലതാണ്, എന്നാല്‍ നന്മ ചെയ്യാതിരിക്കുന്നത് തിന്മയാണ്". ഇത് വിശുദ്ധ ആല്‍ബര്‍ട്ട് ഹുര്‍ത്താദൊയുടെ വാക്കുകളാണ്.

നന്മയുടെ വക്താക്കളാകുക

ഇന്നു ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നത് നന്മചെയ്യുന്നതില്‍ നായകരാകാനാണ്. നന്മ ചെയ്യുന്നതില്‍ നായകരാകുക. തിന്മ പ്രവര്‍ത്തിക്കാതിരുന്നാല്‍ എല്ലാം ശരിയായി എന്നു കരുതരുത്; ചെയ്യാമായിരുന്ന നന്മ പ്രവര്‍ത്തിക്കാതിരിക്കുന്നവര്‍ തെറ്റുകാരാണ്. പകയില്ലാത്തതുകൊണ്ടായില്ല പൊറുക്കണം. വിദ്വേഷം പുലര്‍ത്താതിരുന്നാല്‍ പോരാ ശത്രുക്കള്‍ക്കായി പ്രാര്‍ത്ഥിക്കണം. പിളര്‍പ്പിന് കാരണമാകാതിരുന്നാല്‍പ്പോരാ, അശാന്തിയുള്ളിടത്ത് ശാന്തി കൊണ്ടുവരണം. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാതിരുന്നാല്‍ പോരാ മറിച്ച് പരദൂഷണം കേള്‍ക്കുമ്പോള്‍ അതിനു തടയിടാന്‍ കഴിയണം. ജല്പനങ്ങള്‍ തടയുക. അത് നന്മ പ്രവര്‍ത്തിക്കലാണ്. തെറ്റിനെ എതിര്‍ത്തില്ലെങ്കില്‍ നാം അതിനെ നിശബ്ദമായി ഊട്ടിവളര്‍ത്തുകയാണ്. തിന്മ പടരുന്നിടത്ത് ഇടപെടേണ്ടത് ആവശ്യമാണ്. എന്തെന്നാല്‍ പൗലോസപ്പസ്തോലന്‍റെ  അനുശാസനത്തിനനുസൃതം “സ്നേഹത്തില്‍ ജീവിച്ചുകൊണ്ട്” (എഫേസോസ് 5:2) തിന്മയെ ചെറുക്കുന്ന ധീരരായ ക്രൈസ്തവരുടെ അഭാവമുള്ളിടത്താണ് തിന്മ പടരുന്നത്.

പ്രിയ യുവജനമേ, ഈ ദിനങ്ങളില്‍ നിങ്ങള്‍ ഏറെ സഞ്ചരിച്ചു. സ്നേഹത്തില്‍ നീങ്ങാന്‍ നിങ്ങള്‍ പരിശീലനം നേടിക്കഴിഞ്ഞു. നിങ്ങള്‍ ഉപവിയില്‍ ചരിക്കുക. “യുവജനങ്ങളും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ അടുത്ത സമ്മേനത്തിലേക്ക് നാം നടന്നടുക്കുകയാണ്. ”തിന്മയോടു വിസ്സമതവും നന്മയോടു സമ്മതവും പറയാന്‍  പരിശുദ്ധ കന്യകാമറിയം അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്താല്‍ നമ്മെ സഹായിക്ക‌ട്ടെ.  

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, “കര്‍ത്താവിന്‍റെ മാലാഖ”എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

കൃതജ്ഞതാപ്രകാശനം

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ റോമാക്കാരും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിരുന്നവരുമായ തീര്‍ത്ഥാടകരെ പ്രത്യേകം അഭിവാദ്യം ചെയ്തു.

ഇറ്റലിയിലെ വിവിധ രൂപതകളില്‍ നിന്ന് തങ്ങളു‍ടെ മെത്രാന്മാരോടുകൂടെ റോമിലെത്തിയ യുവജനം നല്കിയ ക്രിസ്തീയ സാക്ഷ്യത്തിന് പാപ്പാ നന്ദി പ്രകാശിപ്പിച്ചു.

ഈ യുവജനങ്ങളോടു കൂടുതല്‍ അടുത്തു നില്ക്കുന്നവരായ വൈദികരോട് നന്ദി വാക്കു പറയാന്‍ താന്‍ ശനിയാഴ്ച (11/08/12) നടന്ന ജാഗര പ്രാര്‍ത്ഥനാവേളയില്‍ വിട്ടുപോയത് ഖേദപൂര്‍വ്വം അനുസ്മരിച്ച പാപ്പാ അവര്‍ക്കു നന്ദി പറഞ്ഞു. യുവജനങ്ങള്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിന് ക്ഷമ ആവശ്യമാണെന്നു സൂചിപ്പിച്ച പാപ്പാ വൈദികര്‍ കാണിച്ച ക്ഷമയ്ക്കും അവരോ‍ടു പ്രത്യേകം കൃതജ്ഞത പ്രകടിപ്പിച്ചു. ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തോടും പാപ്പാ നന്ദി അറിയിച്ചു.

സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്തോഷത്തിന് സാക്ഷ്യമേകുക

സ്വന്തം സമൂഹങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ കണ്ടുമുട്ടുന്ന തങ്ങളുടെ സമപ്രായക്കാര്‍ക്ക് തീര്‍ത്ഥാടനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയുമായിരുന്ന ഈ ദിനങ്ങളി‍ല്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്തോഷത്തിന് സാക്ഷ്യമേകാന്‍ യുവജനത്തിന് പാപ്പാ പ്രചോദനം പകര്‍ന്നു.  

തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും ശുഭ ഞായറും മടക്കയാത്രയും ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്ന്, ഇറ്റാലിയന്‍ ഭാഷയില്‍ “അരിവെദേര്‍ച്ചി” എന്നു പറയുകയും ചെയ്തുകൊണ്ട് വേദിയില്‍ നിന്ന് പിന്‍വാങ്ങി.

13 August 2018, 13:01