തിരയുക

പാപ്പാ മൊന്തീനി പാപ്പാ മൊന്തീനി 

സഭയുടെ സഞ്ചാരപഥത്തെ തെളിയിച്ച പാപ്പാ!

ഒക്ടോബര്‍ 14-ന് മറ്റ് 6 വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം വിശുദ്ധ പദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്താന്‍ പോകുന്ന പോള്‍ ആറാമന്‍ പാപ്പായുടെ പോസ്റ്റുലേറ്റര്‍, ഫാദര്‍ അന്തോണിയോ മരേസ്സോ വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

മനുഷ്യവ്യക്തിയെ ദൈവത്തിന്‍റെ പ്രതിച്ഛായായി കണ്ട പുണ്യാത്മാവാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായെന്ന്, നാമകരണ നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍ ഡൊമീനിക്കന്‍ വൈദികന്‍, അന്തോണിയോ മരാസ്സോ പ്രസ്താവിച്ചു.   ആഗസ്റ്റ് 6-Ɔο തിയതി വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ മരാസ്സോ സഭയുടെ സമര്‍ത്ഥനായ പാപ്പാ പോള്‍ ആറാമനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കിയത്.

ആധുനികയുഗത്തിലേയ്ക്കുള്ള സഭയുടെ ഭൂമിയിലെ സഞ്ചാരപഥത്തെ തെളിയിച്ചിയിച്ച “വലിയ ഇടയനാ”യിരുന്നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ. ദൈവത്തിന്‍റെ സൃഷ്ടിയും പ്രതിച്ഛായയുമായ മനുഷ്യനെ സകലത്തിന്‍റെയും കേന്ദ്രസ്ഥാനത്തു നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുണ്യശ്ലോകനായ പാപ്പായുടെ നീക്കങ്ങള്‍.   മനുഷ്യവ്യക്തിയെ ഏത് വിനീതാവസ്ഥയില്‍നിന്നും കൈപിടിച്ചുയര്‍ത്തുകയും താങ്ങി എടുക്കുകയും ചെയ്യേണ്ടതാണ്. കാരണം തന്‍റെ പ്രതിച്ഛായയില്‍ ആയിരിക്കാന്‍ വിളിക്കപ്പെട്ടവനാകയാല്‍ മനുഷ്യന് നിശിതമായ അന്തസ്സും അവകാശങ്ങളുമുണ്ടെന്ന് പാപ്പാ പ്രബോധിപ്പിച്ചിരുന്നു. മനുഷ്യരോട് കാരുണ്യം കാട്ടേണ്ടത് അവനെ വിധിച്ചുകൊണ്ടല്ല, മറിച്ച് മനസ്സിലാക്കിക്കൊണ്ടാണെന്നും ഒരു വൈദികനായിരുന്നപ്പോള്‍ മുതല്‍ പാപ്പാ പഠിപ്പിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നതായി ഫാദര്‍ മരാസ്സോ പറഞ്ഞു.

വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പായുടെ കാലവിയോഗത്തെ തുടര്‍ന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നടപടിക്രമങ്ങള്‍ ഏറ്റെടുത്ത പോള്‍ ആറാമന്‍ പാപ്പാ “മാനവികതയുടെ നല്ല സമറിയക്കാരനാ”യ സഭയെയാണ് സൂനഹദോസിന്‍റെ എല്ലാ പ്രമാണരേഖകളിലും പ്രതിഫലിപ്പിക്കുന്നത്. നിഷേധാത്മകമായ നിലപാടുകള്‍ക്കു പകരം, മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കുന്ന സഭയുടെ ക്രിയാത്മകവും നവവുമായ അജപാലന ശൈലിയാണ് അതില്‍ ലോകം കണ്ടത്. 

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 15 വര്‍ഷക്കാലം ആഗോളസഭയെ നയിച്ചു. വടക്കെ ഇറ്റലിയിലെ ബ്രേഷ്യ-കൊണ്‍ചേസ്യോ നഗരത്തില്‍ 1897-ലായിരുന്നു ജനനം. 1920-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1954-മുതല്‍ 1963-വരെ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു. ജോണ്‍ 23-Ɔമന്‍ പാപ്പാ 1958-ല്‍ കര്‍ദ്ദിനാള്‍ പദവി നല്കി. 1963-ലാണ് കര്‍ദ്ദിനാള്‍ ജൊവാന്നി ബത്തീസ്താ മൊന്തീനി പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഭാരതമണ്ണില്‍ കാലുകുത്തിയ ആദ്യത്തെ പത്രോസിന്‍റെ പിന്‍ഗാമിയാണ് പോള്‍ ആറാമന്‍ പാപ്പാ.  1964-ല്‍ മുമ്പൈ അതിരൂപത ആതിഥ്യം നല്കിയ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2018, 07:54